കുങ്കുമസന്ധ്യകള്‍

Pagerank

2015, ഡിസംബർ 29, ചൊവ്വാഴ്ച

ഹേ..ഡിസംബർ,വിതുമ്പുന്നതെന്തേ ?


ഹേ,ഡിസംബർ...
മരണശയ്യയിൽ കിടന്നു
വിതുമ്പുന്നതെന്തേ ?

തകർന്ന കുഞ്ഞു കന്യാചർമ്മങ്ങൾ
പടർത്തിയ ചോരച്ചുവപ്പുകളിൽ നിന്ന്
സ്ത്രീകൾ ഒറ്റയ്ക്കു  സഞ്ചരിക്കുന്ന
നിർഭയ സഞ്ചാരപഥങ്ങൾ
സ്വപ്നം കണ്ട മഹാനിലേയ്ക്കുള്ള
ദൂരമളക്കുകയാണോ ?

ജീവിത്യാഗങ്ങൾക്ക്
കയ്യടിക്കാൻ മറന്ന നാട്ടിൽ
ഇരുട്ടടിയുടെ ചമ്മട്ടിപ്രഹരമേറ്റു
വീണ്ടും വീണ്ടും രക്തസാക്ഷികളാകേണ്ടി
വന്നവരുടെ ഗതികേട് ഓർത്താണോ ?

ശൈത്യ നിദ്രയിൽ നിന്ന്
കൊക്കൂണ്‍ പൊട്ടിച്ചു വരുന്ന
വരണ്ട തത്വശാസ്ത്രങ്ങൾ
ജീവവായുവിൽ വിഷം ചീറ്റുന്നത് കണ്ടാണോ ?

മഹിതചിന്തകളുടെ
താളിയോലക്കെട്ടുകളിൽ
വിഷലിഖിതങ്ങൾ ചേർത്ത്
വില്പനയ്ക്ക് വെച്ചവന്റെ
മുന്നിലെ ആൾക്കൂട്ടത്തെ കണ്ടാണോ ?

കള്ളന്മാരുടെ കയ്യടക്കത്തിൽ
കാലിയായ  ഖജനാവുകൾ
വറുതിപ്പാട്ടുകൾ പാടുമ്പോൾ
താളം പിടിക്കുന്ന ദുർബലന്റെ
ദുർവിധിയോർത്ത് സങ്കടപ്പെടുകയാണോ ?

ഹേ...ഡിസംബർ
സമാധാനിക്കുക..
ഉരുണ്ടു കൂടിയ
ഭീതിദ മേഘങ്ങൾക്കു പിറകിൽ
നിർമ്മലാകാശമുണ്ട്

ഏവർക്കും പുതുവത്സരാശംസകള്‍

2015, ഡിസംബർ 10, വ്യാഴാഴ്‌ച

ശ്ലഥബിംബങ്ങൾ

കാലമേ
മറന്നു വെച്ച ഒരു വസ്തുവായി
സമയശൂന്യ സമസ്ഥിതങ്ങളിൽ
എന്നെ ഉപേക്ഷിക്കുക...

സ്ഥലകാലമാനങ്ങളിലെ
മരുപ്പച്ചകൾക്കായുള്ള അലച്ചിലുകൾ
മകുടിയൂതി വരുത്തിയ
കരിമൂർഖ ദംശനങ്ങൾ.
കത്തുന്ന അറിവിന്റെ തീജ്വാലകളിൽ
ബോധമണ്ഡലം വേവുന്ന      
തകർന്ന ദേശത്തിന്റെ
ശ്ലഥബിംബസ്മാരകം  ഞാൻ

ശരത്കാല മരങ്ങളിൽ
വിറകൊള്ളുന്ന  ഇലകൾ
അസ്തിത്വഭാരമിറക്കാൻ
നിശൂന്യസ്ഥലികളെ
ആവാഹിക്കുകയാണ്

പാൽനിലാവ് കുടിച്ചു വറ്റിച്ചു
പകൽ  ഉറഞ്ഞു തുള്ളുമ്പോൾ
വന്ധ്യ മേഘങ്ങളിൽ നിന്ന്
മരണം പെയ്യുമ്പോൾ
രാത്രിക്കൂട്ടിലടച്ചു
വെളിച്ചത്തെ കൊല്ലാൻ
അവൻ വരും ....

2015, ഡിസംബർ 6, ഞായറാഴ്‌ച

വാക്കുകൾ

ചില വാക്കുകളുണ്ട്
നാക്കുകളിൽ കിടന്നു ചീഞ്ഞ്
പേരും പൊരുളും നഷ്ടപ്പെട്ടു
പേപ്പട്ടികളെപ്പോലെ
തെരുവിൽ അലയുന്നവ

ചില വാക്കുകളുണ്ട്
മൗനങ്ങളുടെ വിശുദ്ധഭാഷണം
കട്ടുകേൾക്കാൻ വരുന്നവ .
വാക്കുകൾ വ്യഭിചരിക്കുന്നിടത്ത്
മൗനങ്ങൾ കേറി വരാറില്ല

ചില വാക്കുകളുണ്ട്
നിഷ്കളങ്കമായവ
ആകാരംകൊണ്ട് സുന്ദരമല്ലാത്തവ
ദോഷൈകദൃക്കുകളുടെ കണ്ണിൽ
കുറ്റപത്രം ചാർത്തി വെക്കപ്പെട്ടവ

ചില വാക്കുകളുണ്ട്
നേർത്ത മഞ്ഞു പോലെ..
മൗനത്തിൽ നിന്ന് വേർപ്പെടുത്താനാവാത്തവ
മൗനങ്ങളെ അനശ്വരമാക്കാനായി മാത്രം
പിറവി കൊണ്ടവ

ചില വാക്കുകളുണ്ട്
പൊരുൾ നഷ്ടപ്പെടാതെ
പൊരുതി മുന്നേറുന്നവ...

ഗാനം


ചില സൗഹൃദങ്ങൾ


ഒരു വൃക്ഷത്തിന്റെ ഗദ്ഗദങ്ങൾ


ദൃശ്യം
2015, നവംബർ 24, ചൊവ്വാഴ്ച

ദൃശ്യം

മരണതീരത്തിലേയ്ക്കുള്ള
അഭയാർഥി പ്രവാഹം പോലെ
മദ്യശാലയിലേയ്ക്ക്
നീളുന്ന  ക്യൂ

പെയ്തുതീർന്ന യൗവനങ്ങളുടെ കഥ
പറഞ്ഞു ചിരിക്കുന്നു
ഓവുപാലത്തിനടിയിലെ
ഉടഞ്ഞ കുപ്പികൾ

അടുക്കളയിലെ
കണ്ണീരുപ്പു കലർന്ന ആധികൾ
നൃത്തം വെയ്ക്കുന്നു
സർക്കാർ ഖജനാവിൽ

വിഷദ്രാവകം വിറ്റ്
വിഷക്കാറ്റ് വിതച്ചതിന്റെ
പങ്കുപറ്റി ഏമ്പക്കം വിടുന്നു
ചില്ലുകൂട്ടിലെ മാതൃകകൾ

2015, നവംബർ 23, തിങ്കളാഴ്‌ച

കുമ്പസാരം
ശാരികേ,ചോരച്ചുവപ്പിനാൽ തീർത്തു,നാം
മേൽക്കുമേൽ കൂട്ടിവെച്ചോർമ്മകൾ കുന്നുപോൽ        
സ്മൃതിനാശം വന്നുഭവിക്കും വരേയ്ക്കുമീ  
കരളിലെരിയുന്ന കനലുകൾ മായുമോ ?

ശാരികേ,നാംകണ്ട സ്വപ്നത്തിൻ വിത്തുകൾ
വീണു മുളച്ചെത്ര പച്ചിലക്കാടുകൾ
ആകാശ വീഥിയിലവനീർത്തി ശാഖികൾ 
ആതിഥ്യസ്നേഹം നുകർന്നേറെ പക്ഷികൾ 

ശാരികേ,നാം പണ്ടു നട്ടൊരു ബീജകം
ഇന്ന് വിഷവാതം ചിന്തുന്ന പാദപം
വേരുകൾ നീരുള്ള വൻകരകൾ തേടി
നേരുകൾ,ക്കുള്ളിലെ,യർബുദമായ് മാറി

ശാരികേ,നിർമിച്ചു സ്വർഗ്ഗം നാം ഭൂമിയിൽ
വൈരുദ്ധ്യമെന്ന പോലെത്തി നരകവും
മോഹങ്ങൾ നട്ടു നനച്ചു വളർന്നതിൽ
ഏറെയും വാസനയില്ലാത്ത പൂവുകൾ

ശാരികേ,നാം കടം കൊണ്ടൊരീ ജന്മവും
നിഷ്ഫലമായി കടന്നങ്ങു  പോകുമോ ?      
എങ്കിലും,ധന്യർ നാ,മിത്തിരിയെങ്കിലും
സത്ഫലമേകാൻ കഴിഞ്ഞവർ,മാനികൾ2015, നവംബർ 15, ഞായറാഴ്‌ച

മഴുമൂർച്ചകളിലേയ്ക്കു വളരുന്ന മരജന്മം

തൂലിക ഫേസ് ബുക്ക്‌ ഗ്രൂപ്പ് നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനാർഹമായ കവിത


ഒരോ  മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്

ഓരോ മരത്തിനും ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു  തലവെച്ചു  കൊടുത്ത്
യാതനാനുഭവത്തിന്റെ 
വാർഷികവലയമുറിവുകൾ  തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ 
തണൽവൃക്ഷങ്ങളെക്കുറിച്ച്...
അപ്പോൾ,ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്നു
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്...
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്..
തലോടാൻ വന്ന
സാന്ത്വനവാതങ്ങളെക്കുറിച്ച് ..

വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന  ജീവൻ
മഴുമൂർച്ചകൾകൾക്കുള്ളതായിരുന്നു
...

2015, നവംബർ 10, ചൊവ്വാഴ്ച

കടലിനോട് പറയാൻ...കടലിനോട് പറയാൻ...


കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
ഗതിയടഞ്ഞു വഴിമറന്ന
പുഴമനസ്സിൻ ഗദ്ഗദങ്ങൾ

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
മരുകരങ്ങൾ പിഴുതെറിഞ്ഞ
മധുരമോഹ മലർദലങ്ങൾ

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
ശ്രുതിയകന്നു ലയമുടഞ്ഞു
മൃതിയടഞ്ഞ പ്രണയരാഗം

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
മിഴിയടഞ്ഞു മതിതളർന്നു
നിണമണിഞ്ഞ സ്മൃതിപഥങ്ങൾ

കടലിനെ കാണുമ്പോൾ
ചൊല്ലുകെൻ കാറ്റേ നീ
ഇവിടുറങ്ങുന്നൊരു പുഴതൻ
ശിഥിലസ്വപ്നശതങ്ങൾ തൻജഡം

2015, നവംബർ 3, ചൊവ്വാഴ്ച

ആത്മഹത്യ ചെയ്തവർ നാം

ഗാന്ധിഹത്യയുടെ പാപഭാരങ്ങൾ
രാഷ്ട്രഭക്തിയുടെ
കിന്നരിക്കുപ്പായമണിഞ്ഞു
പശുപ്പുറത്തേറി വരുന്നു

വിഭജനത്തിന്റെ
ചോരപ്പുഴയിൽ
ഉറ്റവരെ ഉപക്ഷിച്ചു കടന്നവർ
രക്ഷാമന്ത്രം അയച്ചു  തരുന്നു

പ്രത്യയശാസ്ത്രങ്ങളുടെ ശവപ്പറമ്പിൽ
'പിറക്കാത്ത പുതുപ്പിറവിക്കായ്' 
ബലിയർപ്പിക്കപ്പെട്ടവരുടെ
ദീനരോദനങ്ങൾ

കല്‍ത്തുറുങ്കിലെ ജീവിതത്തിനു
ആയുഷ്കാലമാണോ  എന്നറിയാൻ
മൗനത്തിൽ മറമാടിയ
നാക്കുജ്യോത്സ്യങ്ങളെ തേടരുത് നാം

മോചനഗാഥകളുടെ
തനിയാവർത്തനങ്ങളിൽ  മനം മടുത്തു
പ്രജ്ഞയുടെ ബലിക്കല്ലിൽ തലയടിച്ചു
എന്നേ ആത്മഹത്യ ചെയ്തവർ നാം

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ചോര കൊണ്ടൊരു അശ്വമേധം

പണ്ടേ ഭയപ്പെട്ടതാണു ഞാൻ,ഭീകര-
സത്വമെൻ വാതിലിൽ വന്നിട്ടു  മുട്ടുന്നു..
വേണം ചുടുചോര മോന്തിക്കുടിക്കുവാൻ
ആർഷമഹിമകൾക്കശ്വമേധം തീർക്കാൻ !

സ്വാഗതമോതിയ നാക്കുകളേ നിങ്ങൾ
കൊട്ടിഘോഷിച്ചതന്നേതേതു പൈതൃകം?
തെരുവിൽ ലഭിയ്ക്കുന്നൊരു കൊച്ചുപാവ തൻ
വില പോലുമില്ലാത്ത മർത്യജന്മം,കഷ്ടം !

ചെഞ്ചോരയാലൊരു 'അച്ചാദിൻ'തീർക്കുമ്പോൾ
ചോരക്കറകൾ സ്വയം വാളായ് മാറിടും ...

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഇന്നു ഞാൻ,നാളെ നീ

വിഷം കുടിച്ചു
നീലിച്ച പുഴയിൽ,
ശേഷിച്ച മീനുകളുടെ
മഞ്ഞിച്ച കണ്ണുകളിലെ
പ്രാണപ്പിടച്ചിലുകൾ മൊഴിയുന്നു
ഇന്നു ഞാൻ നാളെ നീ...

നരങ്ങി മൂളിയോടുന്ന
ശവവണ്ടിയിലെ 
ജീർണ്ണിച്ച കുന്നിന്റെ മൃതദേഹം
പിന്നിലൊരു വാചകം
ഉപേക്ഷിക്കുന്നു
ഇന്നു ഞാൻ നാളെ നീ...

വാൾമൂർച്ചകൾ
വൃക്ഷ,കാണ്ഡ,ഞരമ്പുകൾ 
ഛേദിക്കുമ്പോൾ
തീക്ഷ്ണാനുഭവത്തിന്റെ
വാർഷിക,വലയ,വേവുകൾ പകർന്ന
മനുഷ്യന്റെ
അശുഭ,ജന്മപത്രികാ,സുവിശേഷമറിഞ്ഞു
വിറ കൊള്ളുന്ന ശാഖികൾ
നാളെത്തെ ജീവനുകൾക്കായ്
ഉണക്കിലകളിൽ കുറിക്കുന്നത്:
ഇന്നു ഞാൻ നാളെ നീ...

തേടി വന്ന വെടിയുണ്ടയ്ക്ക്
ജീവനർപ്പിക്കാൻ വേണ്ടി
പിടഞ്ഞു പ്രാണനെ കൊഴിക്കുന്ന
മാനിന്റെ കണ്ണിലെ ദയനീയത
വിളിച്ചു പറയുന്നു
ഇന്നു ഞാൻ നാളെ നീ...

സ്വാർത്ഥതൃഷ്ണകൾ
കറുപ്പിച്ച കൈകൾ
വെളുപ്പിച്ച ഭൂമിയും
നരപ്പിച്ച ആകാശവും
വെളിപാട് പുസ്തകത്തിൽ
ആണയിടുന്നു
ഇന്നു നീ...നാളെ..?!2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിനക്കറിയാമോ..!

നിനക്കറിയാമോ..?
എനിക്കൊരു വീടുണ്ടായിരുന്നു !
രണ്ടറ്റം കീറിയ ഓലപ്പായിൽ
അരവയറുമായി
മലർന്നു കിടക്കുമ്പോൾ
ഗ്രീഷ്മസൂര്യന്റെ വികൃതികൾ
തുളകൾ വീഴ്ത്തിയ
ഓലത്തടുക്കുകൾക്കിടയിലൂടെ
നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കിയിരുന്ന
ഒരു വീട്നിനക്കറിയാമോ..?
എനിക്കൊരു നാടുണ്ടായിരുന്നു!
മലയിറങ്ങി  വന്ന വെണ്‍മേഘങ്ങൾ
വൃക്ഷശാഖികളിൽ അടയിരുന്ന്
വിരിയിച്ചെടുത്ത കുളിർ നിശ്വാസങ്ങളേറ്റ് 
ഞെട്ടിയുണർന്നു പൊട്ടിച്ചിരിക്കുന്ന
കതിർക്കുലകൾ സുപ്രഭാതം നേർന്നിരുന്ന
ഒരു നാട്

നിനക്കറിയാമോ..?
എനിക്കൊരു ബാല്യമുണ്ടായിരുന്നു !
സ്നേഹവും  ഒരിറ്റു കണ്ണീരുമല്ലാതെ മറ്റൊന്നും
ഉമ്മാക്ക് വിളമ്പാനില്ലാത്ത നേരങ്ങളിൽ,
രാജന്റെ അമ്മ വിളമ്പിയ
കഞ്ഞീം പുഴുക്കും കഴിച്ച്,
ജോസഫിന്റെ അമ്മ
സ്നേഹത്തിൽ ചുട്ടെടുത്ത കേക്കും നുണഞ്ഞു,
മൂവരും പോയി നേർച്ചച്ചോറുണ്ട്
നായാടിക്കുന്നിന്റെ മേളിൽ
നാട്ടുപ്രമാണികളായി വാണിരുന്ന
ബാല്യം

നിനക്കറിയാമോ..?
എനിക്കൊരു മൂര്‍ദ്ധാവുണ്ട് !
അരിമണി വറത്തതും ചായേം തന്നു
ഓത്തുപള്ളീലേയ്ക്ക് വിടുമ്പോൾ,
മൂട് പിഞ്ഞിയ ട്രൗസ്സർ കണ്ടു
സൂചി വാങ്ങാൻ അഞ്ചു നയാപൈസ
കോന്തലയിൽ തെരഞ്ഞു തളർന്ന
ഉമ്മയുടെ കണ്ണുകളിൽ  നിന്നു
ചുടുനീരുറ്റി  വീണു പൊള്ളിയ
മൂര്‍ദ്ധാവ്


നിനക്കറിയാമോ..?
വലിയ മോൻ പിണക്കത്തിലാണ്
എ സി തണുപ്പ് പോരാത്രേ...
രണ്ടാമത്തെയാൾക്ക് വയറുവേദന
അമിത ഭക്ഷണാത്രേ കാരണം...
മൂന്നാമത്തെയാൾ ലോകചരിത്രം പഠിക്കുകയാണ്
തൊട്ടയൽവാസിയുടെ പേർ അറിയില്ലാത്രേ...

നിനക്കറിയാമോ..?
എനിക്കുണ്ടായിരുന്നു പലതും...പലതും

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഈ വാഹനത്തിൽ ആരും സുരക്ഷിതരല്ല

രാവും പകലും
തിരിച്ചറിയാനാകാത്ത നേരം

വാഹനം നിയന്ത്രിക്കുന്നവൻ
അന്ധത മറയ്ക്കാൻ
കണ്ണട ധരിച്ചവൻ

ദുർഘട പാതയിലൂടെ
അത് തെന്നി നീങ്ങുകയാണ്.
കാണാക്കുഴികളുണ്ട് മുന്നിൽ .
വീഴാൻ കാത്തു കിടക്കുന്ന
പൂതലിച്ച മരങ്ങളുണ്ട്
വഴിയോരങ്ങളിൽ

കുലീന വസ്ത്രധാരികൾ
വാഹനത്തിൽ ഇരുന്നു മയങ്ങുകയാണ്.
അവരുടെ നിറസ്വപ്നങ്ങളിൽ
അവർ മാത്രം

നിലക്കുന്നവരാകട്ടെ
ഇരിപ്പിടം നിഷേധിക്കപ്പെട്ടവർ .
ഉറക്കം അന്യമായവർ .
ഉണർവിലും
ശവംതീനികൾ വേട്ടയാടുന്നവർ .
വാടിയ കിനാക്കളുടെ ഭാണ്ഡങ്ങളും പേറി
തൂങ്ങി നിന്നാടുന്ന ജീവനുകൾ .
അവർക്കിത് വെറും യാത്രയല്ല,
പിടിയൊന്നു വിട്ടാൽ
ജീവൻ  ഊർന്നു പോകാനിടയുള്ള
ഒരു വലിയ അഭ്യാസം

ഈ വാഹനത്തിൽ
ആരും സുരക്ഷിതരല്ല

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

മരിച്ചവരൊന്നും മരിച്ചവരല്ല

വർഷങ്ങൾക്കു ശേഷം
വീട്ടുപറമ്പിലൂടൊന്നു
നടക്കാനിറങ്ങിയതാണ്

'മേപ്പോട്ടു നോക്കി നടന്നു
കാലേ മുള്ള് കൊള്ളണ്ടാട്ടോ'
ഇല്ലിവേലി കെട്ടിയ കിണർക്കരയിൽ
കുനിഞ്ഞു നിന്ന് പുല്ലു പറിക്കുന്ന
അമ്മയുടെ കരുതൽശാസനകൾ

അതു  കേട്ടിട്ടാകണം
മരക്കൊമ്പിലിരുന്ന്
'ചിലും...ചിലും'
പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്
അണ്ണാരക്കണ്ണന്മാർ 

പൊടുവണ്ണിക്കൊമ്പിൽ കെട്ടിയ
ഊഞ്ഞാലിൽ നിന്ന് താഴെ വീണു
കരയുന്ന കുഞ്ഞുപെങ്ങളെ കണ്ടു
വീട്ടുകാരെ വിളിച്ചറിയിക്കുകയാണ് കാക്ക

കൂട്ടം തെറ്റി വന്നു
ഇല്ലിക്കൂട്ടിൽ കരഞ്ഞിരിക്കുന്ന
ചെമ്പോത്തിൻക്കുഞ്ഞിനെ
ഒന്നും രണ്ടും പറഞ്ഞു
സമാധാനിപ്പിക്കുകയാണ് പൂത്താംങ്കിരികൾ

ഉറങ്ങിക്കിടക്കുന്ന പൂക്കളെ
വിളിച്ചുണർത്തുന്നു പൂമ്പാറ്റക്കുസൃതികൾ.
പരിഭവിച്ചു മുഖം കോട്ടിയ പൂക്കളെ കണ്ടു
കുലുങ്ങിച്ചിരിക്കുന്ന മരങ്ങളിൽ നിന്ന്
കൊഴിഞ്ഞു വീഴുന്നു മഞ്ഞിലകൾ

ഒരു നേർത്ത കാറ്റിന്റെ
ആർദ്രമായ തലോടലേറ്റ്
ഒരായിരം പൂത്തുമ്പികൾ
ആകാശത്തേയ്ക്കു കുതിയ്ക്കുന്നു
വസന്താഗമനമറിയിക്കാൻ

മരിച്ചവരൊന്നും തിരിച്ചു വരില്ലെന്ന്
വെറുതെ പറയുന്നതായിരിക്കണം..!

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

നിഴൽപ്പേടികൾ

ഇനിയെന്റെ നെഞ്ചു നീ കുത്തിപ്പിളർക്കുക
ഹൃദ്രക്തമൂറ്റി  നീ  നക്കിക്കുടിക്കുക
ശേഷിച്ച ചോരകൊണ്ടോർമ്മകൾ കഴുകുക
സച്ചരിതങ്ങൾക്ക് പട്ടട കൂട്ടുക
ഭൂതത്തിൽ നിന്നുണ്മ ചേറിക്കളയുക
ശിഷ്ട നുണകൾക്ക്‌  രൂപം പടയ്ക്കുക

ഒന്നിച്ചു കളിച്ചു വളർന്നവർ നാം
ഒരു പാത്രത്തിലൊന്നിച്ചുണ്ണിയോർ നാം
ഒരു പാവിരിച്ചൊന്നിച്ചുറങ്ങിയോർ  നാം
എന്നിട്ടുമേന്തേയെൻ    സോദരാ....ഇന്നു നിൻ
നിഴൽ പോലുമെന്നെ   ഭയപ്പെടുത്തുന്നുവോ...!

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

മാലാഖയും ചെകുത്താനും


'മൂല്യമുള്ള ഒരു കൂട്ടം സാധനങ്ങൾ ഭൂമിയിൽ നിന്നും കൊണ്ടു വരിക'
എന്നതായിരുന്നു ദൈവത്തിന്റെ കല്പന .

മാലാഖ ഭൂമിയിൽ വന്നപ്പോൾ, ആദ്യം കണ്ടത് ചെകുത്താനെ.
മാലാഖയുടെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയപ്പോൾ
ചെകുത്താൻ സഹായിക്കാമെന്നേറ്റു .
അവൻ ദൈവത്തിന്റെ ശത്രുവായിരുന്നെങ്കിലും
മാലാഖയുടെ ശത്രുവായിരുന്നില്ല.
മാത്രമല്ല,ഭൂമിയുടെ പൊക്കിൾക്കൊടി  വരെ കണ്ടവനാണ് .

ചെകുത്താൻ മാലാഖയുടെ മുന്നിൽ കാഴ്ച വെച്ചത് ഇതൊക്കെയാണ് :

ഒരു രാത്രിയ്ക്ക് ലക്ഷങ്ങൾ വിലയുള്ള നക്ഷത്രവേശ്യയുടെ നക്ഷത്രക്കണ്ണുകൾ.
മനുഷ്യന്റെ സ്വച്ഛന്ദവികാരങ്ങളുടെ കൂമ്പുകളരിഞ്ഞ
എകാധിപതിയുടെ കുലീന ചിരി .
ജഠരാഗ്നിയുടെ വിഷാദശ്രുതികളെ പരിഹസിച്ചു   കടന്നു വരുന്ന  ഒരു അജീർണ്ണ ഏമ്പക്കം.
ജീവന്റെ തളിർക്കൂമ്പുകൾ കരിച്ചു കളഞ്ഞ ദുഷ്ടബുദ്ധിയുടെ കറുത്ത തലച്ചോറ് .
പിന്നെ,മതം മനുഷ്യനെ കശാപ്പു ചെയ്യാനുള്ള മരുന്നാക്കിയവരുടെ ചുവന്ന ചിഹ്നങ്ങൾ.

ചെകുത്താന്റെ സഹായങ്ങൾ നിരസിച്ച മാലാഖ തേടിപ്പിടിച്ചത്:

കാമറക്കണ്ണുകൾ കാണാതെ,വിശക്കുന്ന കുഞ്ഞിന്റെ വായിലേയ്ക്ക്
അപ്പം നീട്ടിയ വെളുത്ത കൈകൾ .
അപ്പോൾ,ആ കുഞ്ഞിന്റെ കണ്‍ക്കോണിൽ വിരിഞ്ഞ ആർദ്രതയുടെ മുത്തുമണികൾ.
പകൽ മുഴുവൻ ഓടി നടന്നു തളർന്നു,രാത്രി ഒന്നു നടു നിവർത്തുമ്പോഴും
മക്കളെക്കുറിച്ചോർത്ത് ഉരുകുന്ന അമ്മയുടെ കുഴിഞ്ഞ കണ്ണിലെ ആധി.
പലായനത്തിന്റെ തത്വശാസ്ത്രമറിയാതെ,വഴിയിൽ കണ്ട പൂവിനോടും പുൽച്ചാടിയോടും
കിന്നാരം പറയുന്ന കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കത.
പിന്നെ,നിരാലംബന്റെ മൗനപ്രാർത്ഥനകൾ അടക്കം ചെയ്ത ഒരു മണ്‍കുടവും.

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

നിങ്ങളെന്തു ബാക്കിയാക്കി...

കല്ലാലുള്ള ഹൃത്തുള്ളോരേ,
ഹൃദയ കണ്‍പാർക്കൂ നിങ്ങൾ !

വിജനമാം തെരുവിന്റെ
ഇരുണ്ടൊരാ കോണില്‍നിന്നും
കിനാക്കളിൽ നിണംവീണ
പച്ചയായ മനുഷ്യന്റെ
വിലാപങ്ങൾ ഉയരുന്നു...

നിങ്ങളെന്തു ബാക്കിയാക്കി:

മൂളിമൂളി പറക്കുന്ന
യന്ത്രപ്പക്ഷി കൂട്ടങ്ങളെ

വട്ടമിട്ടു പറക്കുന്ന
ശവംത്തീനി   പക്ഷികളെ

പടപട ശബ്ദത്തോടെ
നടക്കുന്ന  ബൂട്ട്സുകളെ

കുടുകുടു ശബ്ദത്തോടെ
ശവംന്നീക്കും വണ്ടികളെ

കനവിന്റെ ഓർമ്മഭാണ്ഡം
പേറിയോടും ക്കൂട്ടങ്ങളെ

വിങ്ങിവിങ്ങി കരയുന്ന
നിസ്സഹായർ  കുരുന്നുകൾ

മാറത്തടിച്ചലറുന്ന
വിധവകള്‍ ഹതാശയര്‍
.
നീറി നീറി ഒടുങ്ങിടും
അര്‍ദ്ധപ്രാണജീവനുകൾ

തുച്ചമായ നേട്ടങ്ങൾക്കായ്
കാലത്തിന്റെ ചുമർകളിൽ
പലതും വരയ്ക്കും നിങ്ങൾ
ചിലതു തുടയ്ക്കും നിങ്ങൾ

നിങ്ങൾ വെട്ടി മാറ്റീടുന്നു
നിങ്ങളെ താൻ,ഓർത്തീടുക...

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

കാലമാപിനികൾ മുതുകിൽ പേറി...

കാലം
സർവ്വചരാചരങ്ങൾക്കുമായി
പലതുള്ളികളായി ഭാഗിക്കപ്പെട്ടിരിക്കുന്നു.
കാലമാപിനികൾ മുതുകിൽ പേറി
സ്ഥലരാശികളിൽ അലയുന്നു
സ്ഥാവരജംഗമങ്ങൾ.
ഒരു മാപിനി നിലയ്ക്കുമ്പോൾ
ഒരു പകൽ ഭ്രമണം തെറ്റി ചിതറി വീഴുന്നു.
ചുറ്റും പരന്നു കിടക്കുന്ന
കാലത്തിന്റെ ജഡത്തുള്ളികൾ
നക്കിയെടുത്തു ഭീതിദമാകുന്നു  രാത്രി .
നക്ഷത്രങ്ങൾ തിളങ്ങാത്ത
ചന്ദ്രപ്രഭ തെളിയാത്ത
ചീവിടുകൾ കരയാത്ത
രാത്രി ആഗതമായാൽ
അറിയുക
നിങ്ങളെ പിന്നിലുപേക്ഷിച്ചു
കാലം കടന്നു കളഞ്ഞിരിക്കുന്നു.

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

പരിപാലകൻ (നുറുങ്ങു കവിതകൾ)


എല്ലാം സ്വന്തമെന്നായിരുന്നു വിചാരം
പരിപാലകനായിരുന്നു എന്ന് കാലം 
ഇനി,ജീവൻ വിലയായി കൊടുത്ത്
ഇത്തിരി മണ്ണ് വാങ്ങണം
ശവപ്പറമ്പിലെ ഒഴിഞ്ഞ കോണിൽ

ജീവിതം

രാത്രിയിൽ നിന്നും
രാത്രിയിലേയ്ക്കൊരു യാത്ര
ഇടയ്ക്കൊരു അവ്യക്ത പകൽ


കർമ്മഫലം

വന്നതു  കണ്ടു ചിരിച്ചതല്ലേ
പോകുന്നതു കണ്ടു കരഞ്ഞോളൂ
കർമ്മഫലം


പേപ്പട്ടികൾ

അവൾ തെരുവിൽ
നാക്കും നീട്ടി പേപ്പട്ടികൾ
കൊല്ലാതെ ഇങ്ങനെ വിട്ടാൽ....

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ശവപ്പറമ്പിലെ കോണ്‍ക്രീറ്റ് കൂടുകള്‍

ഓർമ്മകളുടെ രാത്രിയിൽ
തവളകളും ചീവിടുകളും കരയുന്നു
വഴി തെറ്റിപ്പോയ കാറ്റിന്റെ സ്മരണയ്ക്കായി
മേനിയിൽ വിരിയുന്നു വിയർപ്പുമണികൾ
നട്ടപ്പാതിരയ്ക്ക് പടിയിറങ്ങി പോയ
ഉറക്കത്തിന്റെ തിരിച്ചുവരവും കാത്ത്
കോണ്‍ക്രീറ്റ് കൂട്ടിൽ വേവുമ്പോൾ
അടിയിലെ  വലിയ ശവക്കുഴികൾ 
തുറന്നു വരുന്നു....

കാറ്റിനോടു  ഒന്നും രണ്ടും പറഞ്ഞു
പൊട്ടിച്ചിരിക്കുന്ന കതിർക്കുലകളെ
സ്വപ്നം  കണ്ടു തേങ്ങിയുണരുന്നു
പാടത്തിന്റെ ആത്മാവ്

ആട്ടിൻപറ്റത്തെ കാവലേൽപ്പിച്ച്
ഒന്ന് മയങ്ങുമ്പോൾ
നെറുകയിൽ മണ്ടിക്കളിച്ചു ഉണർത്തുന്ന
കുസൃതിക്കാറ്റിനോട്‌ പിണങ്ങുന്നതായി
സ്വപ്നം കണ്ടുണരുന്നു
കുന്നിന്റെ ആത്മാവ്

വിഷച്ചോറ് തിന്നു
വിഷം തുപ്പി മരിച്ചവർക്ക്
അഞ്ജലികൾ അർപ്പിച്ച് കൊണ്ട്
ഏതോ നെല്ലറയുടെ അസ്ഥിത്തറയിൽ നിന്ന്
വിലാപത്തിന്റെ നാടൻ ശ്രുതികളുയരുന്നു

ഭൂമിയുടെ കണ്ണീരിൽ മുങ്ങി
അവസാന ജീവനും മായുന്നത് വരെ
വീണ്ടുവിചാരത്തിന്റെ വാതായനങ്ങൾ
അടഞ്ഞു തന്നെ കിടക്കുമെന്ന്
ഉണ്മയുടെ വെളിപാട്പുസ്തകം പറയുമ്പോൾ
ബോധത്തിന്റെ പച്ചഞരമ്പുകളിൽ
അണകെട്ടി നൃത്തമാടുന്നു
കോണ്‍ക്രീറ്റ് രൂപങ്ങൾ !2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഹിമബിന്ദു പിരിയുമ്പോള്‍


അവളുടേത്‌ ആത്മഹത്യയായിരുന്നോ..?

തൂവെള്ള സാരിയണിഞ്ഞു
സത്യ,സമത്വ സ്വാതന്ത്ര്യങ്ങളുടെ
സുഗന്ധവാഹികൾ തലയിൽ ചൂടി
കൊലുസ്സുകളിൽ,ഭാഷകളുടെ
വെള്ളിമണിക്കിലുക്കങ്ങളുമായി
നിഷ്കളങ്കതയുടെ
നേർത്ത ചിരിയൊഴുക്കുമായി
അവൾ ചെന്നു കേറിയത്‌
ചെകുത്താന്റെ കൊട്ടാരത്തിൽ
രാപാർക്കാനായിരുന്നു !
അതിൽ പിന്നെയാണ്
അധികാര,അഴിമതി അരാജകത്വത്തിന്റെ
കറുത്ത കുഞ്ഞുങ്ങളെ പ്രസവിച്ചു
മടുത്ത മനസ്സുമായി
അവൾക്കു ആത്മഹത്യ ചെയ്യേണ്ടി വന്നത്
അത് കൊലപാതകമായിരുന്നോ ?
മുറുമുറുപ്പുണ്ട് .
ഉത്തരവാദി ഞാൻ..?  നീ..?

2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ഘടികാരം വിൽപനക്കാരന്‍

അവസാനത്തെ ഘടികാരവും
ചുമന്നു നടക്കുകയാണ് ഞാന്‍!

ഗ്രാമങ്ങളും പട്ടണങ്ങളും താണ്ടി
കുന്നുകളും മലകളും കേറി
ബാക്കിയെല്ലാം വിറ്റു തീര്‍ന്നപ്പോള്‍
കയ്യിലുണ്ടായിരുന്നത് 
അന്യം നിന്ന രാജവംശത്തിന്റെ
എടുക്കാനാണയങ്ങള്‍

മൂല്യം നശിക്കാത്ത കാശിന്
ഇതെങ്കിലുമൊന്നു വിറ്റിട്ടു വേണം
വിശ്രമിക്കാന്‍

ഒരു ചെറു പൈതലിന്റെ കണ്ണീരു വാങ്ങിയോ
പീടികത്തിണ്ണയില്‍ ചുരുണ്ടു കിടക്കുന്ന
ഭ്രാന്തന്റെ വിശപ്പ്‌ വാങ്ങിയോ
അശരണന്റെ  നെടുവീര്‍പ്പു വാങ്ങിയോ 
നിസ്സഹായന്റെ ഭയം വാങ്ങിയോ
ഞാനിതു വില്‍ക്കും

എന്താണ് ഈ  കാണുന്നത് !!
ഞാന്‍ ഘടികാരം ചുമക്കുകയായിരുന്നില്ല
അത് എന്നെ ചുമക്കുകയായിരുന്നു...

എന്നെ താഴെയിറക്കി
ഘടികാരം നടന്നു  പോകുന്നു.....

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

സൂര്യൻ ഉദിക്കാതിരിക്കില്ല...

പ്രജ്ഞയുടെ പടിവാതിൽ
തകർത്തു വരുന്നു
അന്ധകാരത്തിന്റെ പ്രചണ്ഡവാതങ്ങൾ

വെളിപാടിന്റെ അവസാന
അണുവും നക്കിത്തുടച്ചു
തലയോട്ടിക്കുള്ളിലെ ഘനാന്ധകാരത്തിൽ
മുട്ടയിട്ടു പെരുകുന്നു പിശാചുക്കൾ

ആവർത്തനങ്ങളുടെ
രസവാദവിദ്യകൾ
നുണകളുടെ ഗൂഢ ലോഹത്തുണ്ടുകളെ  
സത്യത്തിന്റെ മഞ്ഞ ലോഹങ്ങളാക്കി മാറ്റുന്നു

പച്ചച്ചോര ചൊരിഞ്ഞും ഉയിരു കൊടുത്തും
വെട്ടിത്തെളിച്ച ചരിത്രവീഥികൾ
വിഷലിപ്തമായ
കറുത്ത മഷിയിൽ മുങ്ങി മരിക്കുന്നു

മുനിഞ്ഞു കത്തുന്നൊരു
വഴിവിളക്കു പോലുമില്ലാത്ത
ഇരുൾ പെറ്റു കിടക്കുന്ന പാതകളിലൂടെ
പ്രാണനും ചുമന്നിഴയുന്നു ജീവിതങ്ങൾ

സമശീതോഷ്ണ മുറികളിലിരുന്നു
രചിക്കപ്പെടുന്ന തിരക്കഥകളുടെ
വിധിഭാണ്ഡം പേറുന്നവരേ
കാത്തിരിക്കുക....
ഈ രാത്രി പുലരാതിരിക്കില്ല....
ഒരു സൂര്യൻ ഉദിക്കാതിരിക്കില്ല....

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

തുറക്കുക...ഹൃദയത്തിന്റെ കണ്ണുകൾ


ആ ദിവ്യ തേജസിൽ നിന്നുമുയിർക്കൊണ്ട
ഈ ചെറുദീപമലഞ്ഞിടുന്നു
നൂൽബന്ധ മറ്റു,മലക്ഷ്യമായാകാശ-
വീഥിയിൽ ചുറ്റിടും പട്ടം പോലെ

കത്തും ചെറുതിരി മുറ്റും ഇരുട്ടിനെ
തീർത്തും മറയ്ക്കാനശക്തമല്ലോ
എത്ര മറയ്ച്ചാലുമായിരുൾക്കാടുകൾ
മാര്‍ഗ്ഗങ്ങളൊക്കെയടയ്ക്കും ന്യൂനം

എല്ലാം തികഞ്ഞാലും ശൂന്യത കുന്നുപോല്‍
എന്തിനോ പിന്നെയുമര്‍ത്ഥനകള്‍
സ്വന്തം ഗ്രഹത്തേയ്ക്കണയുവാനെപ്പോഴും 
ആഗ്രഹിച്ചിടും പരദേശികള്‍

ആ മഹദ്ചൈതന്യ പൊന്‍ദ്യുതി  വക്കില്‍ നി-
ന്നിറ്റിറ്റു  വീണാത്മാവിന്‍ കണങ്ങള്‍
അപ്രഭവത്തിലേയ്ക്കെത്തുവാന്‍ കേഴുന്നു
ഇപ്രാണിക്കൂട്ടങ്ങള്‍ മൂകമായി

ആ ദിവ്യ പ്രണയത്തിന്‍ മാരിവില്‍വര്‍ണ്ണങ്ങള്‍
കൈകൊട്ടി മാടി വിളിച്ചിടുന്നു
പ്രണയത്തേന്‍ തേടിയലയും ശലഭത്തെ
അഗ്നിവര്‍ണ്ണങ്ങള്‍ വിളിക്കും പോലെ

കണാക്കര തേടി പൊട്ടിപ്പൊളിഞ്ഞൊരു
നൗകയില്‍ ജീവന്‍ തളയ്ച്ചിടുന്നു
ആഴിതന്‍ ആഴങ്ങള്‍ക്കുള്ളിലനവദ്യ-
സുന്ദര മുത്തുണ്ട്,പവിഴമുണ്ട്

കൊട്ടിയടയ്ക്കുക കണ്ണുകള്‍,കാതുകള്‍
മനസ്സിന്റെ കാതുമടയ്ച്ചിടുക 
മെല്ലെ തുറക്കുക ഹൃദയത്തിന്‍ കണ്ണുകള്‍
ശാശ്വതപ്രേമം നുകര്‍ന്നിടുക


2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

എനിക്കൊന്നു ഗർജ്ജിക്കണം

മൗനത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ
ഒളിപ്പിച്ചു വെയ്ക്കാറുണ്ട്‌
സാഗര ഗർജ്ജനങ്ങൾ

തുരുമ്പിച്ച ദ്വാരങ്ങളിലൂടെ
ഊർന്നിറങ്ങുന്ന ശബ്ദവീചികളുടെ
ആലക്തികപ്രഹരങ്ങളിൽ
പിടയാറുണ്ട് ചിലരൊക്കെ

വെപ്പുചിരികൾക്കുള്ളിൽ
പ്രജനനം നടത്തുന്ന വിഷബീജങ്ങളും
സത്യത്തിന്റെ ഒച്ചുവേഗത്തിൽ
പൊതിഞ്ഞ നുണകളും
മൂന്നാം കണ്ണിന്റെ
സഹനസീമകളെ ഉല്ലംഘിക്കുമ്പോൾ
സ്വയം തീർത്ത തടവറ പൊളിച്ചു
ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ
എനിക്കൊന്നു ഗർജ്ജിക്കണം
 

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പുസ്തക പ്രകാശനം

പ്രിയരേ....’തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത്’ എന്ന എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം DGM MES മമ്പാട് കോളേജിന്റെ സുവര്ണ്ണ ജൂബിലിയോടനുബന്ധിച്ചു നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വെച്ചു ഗായകനും കവിയുമായ ശ്രീ.വി.ടി മുരളി നിര്‍വഹിച്ചു .എന്റെ പ്രിയ അദ്ധ്യാപകന്‍ പ്രൊ.സീതിക്കോയ പുസ്തകം ഏറ്റു വാങ്ങി.ചടങ്ങില്‍ എം.പി പി വി അബ്ദുല്‍ വഹാബ്,മുന്‍ പ്രിന്സിപ്പല്‍ മാമ്മുക്കോയ,മുന്‍ പ്രിന്സിപ്പല്‍ ഒ പി എ റഹ്മാന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു .


പുസ്തകം ലഭിക്കാന്‍ ബന്ധപ്പെടുക:
Child age
Education&publication
Kolathur,Kozhikode-673315
Email :childage04@gmail.com
&Sky books
Online store-www.puzha.com
2015, ജൂലൈ 27, തിങ്കളാഴ്‌ച

അറിയാതെ പോയത്

കണ്ഠനാഡിയ്ക്കടുത്ത്
വാസമുറപ്പിച്ചിട്ടും
'വരൂ'
എന്നൊരാജ്ഞ കേൾക്കേണ്ടി വന്നു
ഇത്ര നാളും
കൂടെയുണ്ടായിരുന്നു എന്നറിയാൻ

ലൗകിക വ്യവഹാരത്തിന്റെ
മായിക പ്രഭ
നമ്മുക്കിടയിൽ
മറ തീർത്തതാകണം  

എത്ര പെട്ടന്നാണ്
ആ കരസ്പർശത്തിൽ
അഹങ്കാരങ്ങളുടെ വെണ്‍നുരമാളികകൾ
നിലം പൊത്തിയത്

സ്നേഹിതാ...
അറിഞ്ഞിരുന്നില്ല
എന്തിനോ വേണ്ടി ചുമന്ന
നിഷ്ഫല ഭാരക്കെട്ടുകൾ
അഴിച്ചു വെക്കുമ്പോഴുള്ള ആശ്വാസം

പിച്ചും പേയും


നമ്മുക്കു വേണ്ടി
ഒഴിഞ്ഞു കിടക്കുന്ന
അദൃശ്യ സിംഹാസനങ്ങള്‍ ഉണ്ട്
നാറുന്ന വ്യവസ്ഥിതികളോട് കലഹഹിച്ചു
നീറുന്ന മനസ്സുമായ് ഇറങ്ങുമ്പോള്‍
അവിടെ കേറിയിരിക്കുക
ശുനകന്മാരായിരിക്കും
മൂക്ക് പൊത്താന്‍ വരട്ടെ
വരൂ ..
നമ്മുടെ ഇരിപ്പിടങ്ങള്‍
നായകള്‍ക്ക് കാഷ്ഠിക്കാന്‍
വിട്ടു കൊടുക്കുന്നത്
വലിയ പാതകം
അര്‍ഹരുടെ ഒഴിഞ്ഞുപോക്കുകള്‍
അനര്‍ഹരുടെ പ്രജനനത്തിന്
സമശീതോഷ്ണ കാലാവസ്ഥകള്‍
സൃഷ്ടിക്കുന്നു
സത്യമേവ ജയതേ ...

2015, മേയ് 23, ശനിയാഴ്‌ച

ഓര്‍ത്തു വെക്കാന്‍

കൊഴിഞ്ഞു വീണിസ്സമൃദ്ധിതന്‍ കൊടുങ്കാറ്റില്‍
ജീവനില്‍ പരിമളം തൂവിയ സ്നേഹപ്പൂക്കള്‍
ഒലിച്ചു പോയി സുഭിക്ഷതതന്‍ പേമാരിയില്‍
തനിച്ചല്ല നാമെന്നോതിയ വാക്കിന്റ പൊരുളുകള്‍
കെട്ടുപോയ്‌ വെളിച്ചം പകര്‍ന്ന വഴിവിളക്കുകള്‍
പെട്ടുപോയ്‌ മര്‍ത്യനിരുളിന്‍ കാണാക്കഴങ്ങളില്‍
ചൂട്ടും മിന്നിയാരും വരാനില്ലയീ നിലവിളികള്‍-
വീണുകറുത്ത ശവഗന്ധം വമിക്കുമീ പാതകളില്‍
നേര്‍ത്തു വരുന്നു കാലത്തിന്റെ ചിറകടികള്‍
ഓര്‍ത്തു വെക്കാമിനി മണ്ണടിഞ്ഞ വസന്തങ്ങള്‍

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

കാറ്റിനു ഒരു ആമുഖം

പെട്ടന്നു നിശ്ചലമാകുന്നു  കാറ്റ്
പെറുക്കിക്കൂട്ടി പറത്തിക്കൊണ്ടു വന്നതെല്ലാം
'പടേ'ന്നു താഴേക്കു  വീഴുന്നു

കിളരം വെച്ച മോഹങ്ങളുടെ
ദുർബലവേരുകളെ കുറിച്ചോർക്കാതെ
അതിന്റെ മൗനശാസനങ്ങൾക്കു
മനസ്സു കൊടുക്കാതെ
ചിതറി കിടക്കുന്നതെല്ലാം
പെറുക്കിയെടുത്തു കുതിക്കുന്നു
മറ്റൊരു കാറ്റ്

കറുത്തതും വെളുത്തതുമായ
തനിയാവർത്തനങ്ങളുടെ
മുഷിപ്പിക്കുന്ന ഏടുകൾ
വേഗത്തിൽ മറിച്ചു മറിച്ചു പോകുന്നു
അക്ഷമയോടെ കാലം

എല്ലാ കൊടുങ്കാറ്റും
ഉള്ളിൽ പേറുന്നുണ്ട്
മെലിഞ്ഞ കാറ്റിന്റെ
നേർത്ത നിശ്വാസങ്ങൾ

2015, ഏപ്രിൽ 8, ബുധനാഴ്‌ച

വാലൊരു വിനയാകുമ്പോൾ


കൊടുമുടിയുടെ ഉച്ചിയിലെത്തുമ്പോൾ
ഇന്നലെകളിലെ ഘനാന്ധകാരത്തിലേയ്ക്കു
നീണ്ടു കിടക്കുന്ന വാലൊരു ശല്യമാകും
വാലറ്റത്തു നിന്നും
പൊട്ടിയൊലിക്കുന്ന വൃണം
നാറാൻ തുടങ്ങുമ്പോൾ
വാലിനെ തന്നെ നിഷേധിക്കും
കറുത്ത അദ്ധ്യായങ്ങൾ
ഇറുത്തു മാറ്റുമ്പോഴാണ്
തുറന്ന പുസ്തകങ്ങൾ ജനിക്കുന്നത്
നാടിനു മറവിരോഗം ബാധിച്ചാലും
പ്രതിഷ്ഠകളുടെ തിരുനെറ്റികളിൽ
കാലം മായ്ക്കാതെയിടുന്ന
ചില കറുത്ത പൊട്ടുകളുണ്ടാകും..

2015, മാർച്ച് 25, ബുധനാഴ്‌ച

ആഗ്നേയശിലകൾ ഉണ്ടാകുന്നത്..

അഭിനയമികവുകൾക്കു മാത്രം
പച്ചപ്പരവതാനി
വിരിക്കുന്ന ഇടങ്ങളിൽ
വേഷപ്പകർച്ചകളുടെ
രസതന്ത്രമറിയാത്തവൻ
ജീവനിൽ ഒട്ടിയ
തിളയ്ക്കുന്ന ബോധത്തിന്റെ
ദ്രവശില ഉരുകി
ഒരു ആഗ്നേയശിലയായ് മാറുന്നു.
നിതാന്തമൗനത്തിന്റെ കൊക്കൂണിനുള്ളിൽ
ഒരിക്കലും പുറത്തു വരാത്ത
ഒരു പ്യൂപയായി
ശിഷ്ടദിനങ്ങൾ എണ്ണി തീർത്തു
അടിയറവു പറഞ്ഞു
യുഗമൗനങ്ങളിലേയ്ക്കു ഒരു മടക്കം...
മൗനത്തിന്റെ  മഹാമേരുക്കൾ
ചിലപ്പോൾ
ആയിരം നാവുള്ള വ്യാളികളായ്
തീ തുപ്പാറുണ്ട് ...

2015, മാർച്ച് 21, ശനിയാഴ്‌ച

അഗ്നിഭാഷ

അഗ്നിക്കറിയാവുന്നത്
ഒരേയൊരു ഭാഷ മാത്രം
അഗ്നിഭാഷ .
കറുത്ത നിശ്വാസങ്ങളിലൂടെ പടരും
വെളുത്ത പ്രതലങ്ങളിൽ കരി വീഴ്ത്തും
ഹൃദയങ്ങളിൽ ചാവുനിലങ്ങൾ പണിയും

നാക്കിൻതുമ്പിൽ നിന്നും
തെറിച്ചുവീഴുന്ന തീ ലാർവകൾ
ഇരുണ്ട സ്ഥലികളിൽ വിരിയും
അശാന്തിയുടെ കാറ്റിൽ പടരും
ഹൃദയങ്ങളിൽ  അരക്ഷിതത്വത്തിന്റെ
മലയിടുക്കുകൾ തീർക്കും

മരുന്നുകൾക്കു  ഉണക്കാനാകാത്ത  മുറിവുകളുണ്ട്‌!
മുറിവുകൾ ഉണ്ടാകാതെ നോക്കണമെങ്കിൽ
പ്രജ്ഞയിൽ നിലാവിന്റെ നീരൊഴുക്കു വേണം
ജനാധിപത്യത്തിന്റെ പച്ചമരത്തണൽ
അഗ്നിയുത്പാദകർക്കുള്ളതല്ല..

2015, മാർച്ച് 17, ചൊവ്വാഴ്ച

ജ്ഞാനവൃക്ഷം(നുറുങ്ങുകൾ)

ശിശിരത്തിന്റെ പട്ടടയിൽ നിന്നുയിർകൊണ്ടു
ഗ്രീഷ്മത്തിന്റെ മടിയിൽ തല വെച്ചു മരിച്ചു
ആർക്കോ വേണ്ടി പിറന്നൊരു വസന്തം
******************************

പ്രപഞ്ചനിഗൂഢതകളിലേയ്ക്കു ചില്ലകൾ പടർത്തി
സ്വപ്നങ്ങളുടെ ബലിപീഠത്തിൽ നിന്നും കിളിർത്ത
പരമാർത്ഥങ്ങളുടെ ജ്ഞാനവൃക്ഷം
******************************

വസന്തം വന്നിട്ടും പൂവിരിഞ്ഞിട്ടും
പൂക്കാലമാറിയാതെ പോയ
പൂമ്പാറ്റജന്മം

2015, മാർച്ച് 14, ശനിയാഴ്‌ച

അവനെന്റെ ശത്രു

സംഘട്ടനം തന്നെയീ ജീവിത-
മെനിയ്ക്കവനുമായെന്നും...
ചിലപ്പോളവനെനിയ്ക്കെജമാനന്‍
മറ്റു ചിലപ്പോളടിമയും!

'കായേന്റെ' സിരകളിലുറഞ്ഞു തുള്ളിയ
ഉന്മാദവിഭ്രമായെന്നില്‍ പെയ്തിറങ്ങി
തിമിരക്കാഴ്ചകളേകി,ചരിത്രനഗരികളിൽ
ചോരകൊണ്ടു ചോദ്യാവലി തീർപ്പിച്ചവൻ

പകയുടെ തീജ്വാലകളിലെന്നെ
രക്തസ്നാനം ചെയ്യിച്ചു ക്രോധാലുവാക്കി
പിന്നെ,ദിഗന്തങ്ങൾ നടുങ്ങും
രണഭേരിമുഴക്കങ്ങളിൽ
ചരിത്രപഥങ്ങളിലൂടലഞ്ഞുറഞ്ഞു തുള്ളിച്ചു
ചോരക്കൊയ്ത്തിനെൻ പിന്നിൽ നിന്നു
തളരാതെ ചൂട്ടു പിടിച്ചു...

ഒടുവിലൊരു നാൾ
തപിക്കുന്നൊരെൻ ബോധങ്ങളിലേയ്ക്കു
ബോധിക്കാറ്റേകിയ കുളിർമയിൽ
കുടിച്ചു വറ്റിച്ച ചെന്നിണോർമ്മകൾ
നിരർത്ഥകതയുടെ അനാദിമധ്യാന്തശൂന്യത
വിടർത്തുമ്പോൾ
ശത്രുവാണവനെന്നൊരു വെളിപാടിന്റെ
ആലക്തിക പ്രഹരമേറ്റു വീഴുന്നു ഞാൻ

ജീവൽനദികളുടെ കടൽലക്ഷ്യങ്ങളെ
അണകെട്ടി നിർത്തിയോൻ ഞാൻ
ഏതു പാപനാശിനിയിൽ കഴുകുമീ
പാപപങ്കിലമാർന്ന ജന്മച്ചുമടു ഞാൻ...

2015, മാർച്ച് 11, ബുധനാഴ്‌ച

മരണമില്ലാത്ത നിലവിളികൾ

ഓർമ്മകളുടെ,
വെള്ളവും വെളിച്ചവുമില്ലാത്ത
പൊട്ടക്കിണറാഴങ്ങളിൽ
ഉപേക്ഷിക്കപ്പെട്ട
നിലവിളികളും പ്രത്യാശകളും
ദഹിക്കാതെ കിടക്കുന്നതു കൊണ്ടാകാം
ഇടയ്ക്കിടെ തേട്ടി തേട്ടി വരുന്നു
പുളിച്ച നാറ്റവുമായ്...
മറക്കുന്തോറും ജീവൻ നുരഞ്ഞു വരുന്ന
മരണമില്ലാത്ത നിലവിളികളുണ്ട്
ഓർമ്മകളുടെ കിഴുക്കാംതൂക്കുകളിൽ
രക്ഷകനേയും കാത്തു...
ഞാനെന്ന ആലക്തികബോധത്തെ
കല്പനയുടെ മിന്നൽകൈകൾ
തോണ്ടി തോണ്ടിയെടുക്കുന്നതു വരെ
ചില മുറിവുകളിലൊക്കെ മുളകു തേച്ചു
രസിച്ചു കൊണ്ടിരിക്കും
മുറിവേറ്റു പിടയുന്ന വേട്ടമൃഗത്തെ നോക്കി
ആർത്തട്ടഹസിക്കുന്ന വേടൻമനസ്സുമായ് കാലം..

2015, മാർച്ച് 1, ഞായറാഴ്‌ച

ആത്മാവുള്ള നിഴലുകള്‍


ശരീരചേഷ്ടകള്‍ അനുകരിക്കും
ശബ്ദമില്ലെന്നേയുള്ളൂ  
പറയുന്നതേറ്റു പറയും
സന്തോഷസന്താപങ്ങളില്‍ പങ്കു ചേരും
കഠിനപാതകള്‍ താണ്ടുമ്പോള്‍
ജിജ്ഞാസുവായി മുന്നില്‍ നടക്കും
മറ്റു ചിലപ്പോള്‍
അനുസരണയുള്ള  ഒരു പട്ടിയെ പോലെ
കിതച്ചു കൊണ്ടു പിന്തുടരും

ഓര്‍മ്മയുടെ തേഞ്ഞ വരമ്പില്‍ നിന്നും
എന്നോ ഒപ്പം കൂടിയതാവണം
'വയ്യെന്നു' ഇതു വരെ പറഞ്ഞിട്ടില്ല
തളര്‍ച്ചയറിയിച്ചിട്ടില്ല
സ്വപ്നങ്ങളുണ്ടെന്നോ
ഇല്ലെന്നോ പറഞ്ഞിട്ടില്ല

നിഴലുകളങ്ങിനെയാണ്
നോവുകളൊക്കെ മറന്നു
സ്വന്തത്തെ മറന്നു
ദര്‍പ്പണജന്മം ഏറ്റു വാങ്ങുന്നവ
എത്ര ചവിട്ടിയാലും
തിരിഞ്ഞു കടിക്കാത്തവ
'കുഴിമാടം വരെ കൂടെ കാണും'
എന്നൊരു പ്രതിജ്ഞ
അതിന്റെ നിതാന്തമൗനങ്ങളില്‍
തിളയ്ക്കുന്നുണ്ടാകും

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

വൃത്തങ്ങളാകുന്ന നേർവഴികൾ

എല്ലാ നേർവഴികളും
ഒടുവിൽ
തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുന്ന
വെറും വൃത്തങ്ങളാകുന്നു..
നടന്നു തളർന്നു
കുട്ടിക്കാലത്തിലേയ്ക്കു
തിരിച്ചു പോകുന്ന വൃദ്ധനെ പോലെ..
ജനിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലേയ്ക്കു
മരിച്ചവർ തിരിച്ചു പോകുന്നതു  പോലെ..
ആകാശ സഞ്ചാരം കഴിഞ്ഞു
സമുദ്രത്തിലേയ്ക്കു മടങ്ങിയെത്തും ജലം പോലെ..
അതു കൊണ്ടാണ്
ആപേക്ഷികതയുടെ മൂടുപടമണിഞ്ഞ സത്യങ്ങൾ
വിളിച്ചു പറയുന്നതൊന്നും സത്യങ്ങളല്ലാതാകുന്നതും
അവ പറയാത്തതു മാത്രം സത്യങ്ങളാകുന്നതും
തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തുമ്പോൾ
വഴി മാത്രമാണ്  അവസാനിക്കുന്നത്..
ലക്ഷ്യങ്ങൾ പൂവണിയുമ്പോൾ 
വഴികൾ അപ്രസക്തമാകുന്നു ...

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

പുന:പ്രതിഷ്ഠ

അറിയാമായിരുന്നു
തിരിച്ചു വരുമ്പോഴേക്കു
എല്ലാം എന്നെ ഉപേക്ഷിച്ചു പോകുമെന്ന്
അതു കൊണ്ടായിരുന്നു
കുറച്ചു മുല്ലപ്പൂവും ചെമ്പകവും
രണ്ടു ചക്കയും
ചക്കയിട്ടപ്പോൾ കിട്ടിയ
തത്തയും കുയിലും അണ്ണാറക്കണ്ണനും
ചെമണ്‍ നിരത്തിൽ നിന്നിത്തിരി മണ്ണും
ലഗ്ഗേജിന്റെ കൂടെ കൊണ്ടു പോയത്...
ഇനി  മനസ്സിലെ  പച്ച പറമ്പിനെ
കോണ്‍ക്രീറ്റ് മലകളിലേയ്ക്കു ആവാഹിച്ചിരുത്തി
അവയെല്ലാം പുന:പ്രതിഷ്ഠിക്കണം

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഉറക്കം

ഉണരാത്ത ഒരുറക്കമുറങ്ങും മുമ്പേ
എത്ര വട്ടം ഉറങ്ങിയുണരണം ?
എത്ര വട്ടം ഉറക്കം നടിക്കണം ?
സ്വാര്‍ത്ഥതയുടെ വിഷവേരുകൾ
ആഴ്ന്നിറങ്ങി തരിശാക്കിയ ബോധത്തിൽ
അഴലിന്റെ പുഴുക്കൾ തിളയ്ക്കുന്നു..
ഭോഗക്കൊതികളുടെ കരിമ്പുകപ്പടലങ്ങൾ
കടത്തി വിടാത്ത വെളിച്ചവും തേടി
ഇനിയെത്ര നാൾ ...

2015, ഫെബ്രുവരി 15, ഞായറാഴ്‌ച

ഓർമ്മകൾ പടിയിറങ്ങുമ്പോൾ

ഏകനായെന്നെയീ തീരത്തു വിട്ടേച്ചു
നിർദ്ദയം വിട്ടകന്നോടുന്നു ഓർമ്മകൾ..
അഴലിൻ വിഷദംശമേറ്റു പിടഞ്ഞപ്പോ-
ളേകിയെനിക്കവ  സാന്ത്വന തൈത്തണൽ

ശിരസ്സൊന്നു ശക്തിയിൽ മുട്ടിയാൽ തകരുന്ന
ചിൽകൂടു മാത്രമാം ഞാനെന്നൊരുണ്മ,ഹാ !
ദുർബ്ബലമായൊരണക്കെട്ടിന്നുള്ളിലൊ-
തുങ്ങാൻ മടിക്കും  ജലമാണ് ഓർമ്മകൾ

തൊട്ടടുത്തെത്തും നിമിഷമെൻ, ഭാവിയ-
തൊട്ടുമാറിയാതെ നട്ടം തിരിയുവോൻ
സ്വന്തം പുറഭാഗം കണ്ടിട്ടില്ലിതു വരെ
എങ്കിലും തിരയുന്നു നക്ഷത്രരാശികൾ !

ഒന്നുമേ ശാശ്വതമല്ലെന്നറിവിന്റെ
മുറിവേറ്റു പിടയുന്ന ജ്ഞാനി ഞാനായിടാം
ഒന്നും കരുതാതെ വന്നു,ഞാൻ പോകുമ്പോൾ
കൂട്ടിനു, കാണാത്ത കർമ്മത്തിൻ ഭാണ്ഡങ്ങൾ

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

വരുന്നമ്മേ...ചാപിള്ളയായ്

കുഞ്ഞേ പിറക്കുക..
ഈ ഈറ്റുനോവറിയുക
നിനക്കായ് ഒളിപ്പിച്ചു വെച്ചിട്ടുണ്ടിടനെഞ്ചിൽ
സ്നേഹം ചുരത്തുന്നൊരു കാരുണ്യക്കടൽ
അലിവിന്റെ അമ്മിഞ്ഞപ്പാലിനോടൊപ്പം
അറിവിന്റെ തേൻക്കുടങ്ങളും..
വസന്തത്തിന്റെ പൊൻ ചിറകുകൾ
നിനക്കായ് പൊഴിക്കുന്നു
സ്നേഹത്തിന്റെ മൃദുതൂവലുകൾ
സ്വപ്നങ്ങളുടെ ഏദന്‍നിലാവുകളിൽ
മധുരം പെയ്യാൻ
ആ പൂ പാദങ്ങൾ വന്നില്ലെങ്കിൽ
ഈ ജന്മം നിഷ്ഫലം !

അമ്മേ..
കരുണ വറ്റിയ നരച്ച തീരങ്ങളിൽ
ചിതലരിച്ച നീതിബോധങ്ങൾക്കു കീഴെ
ഇരുൾവനങ്ങളിലെ നിഴൽനൃത്തങ്ങൾക്കു നടുവിലെ
പച്ചമാംസ ഭോഗക്കൊതികൾക്കു
ചവച്ചിറക്കി ഏമ്പക്കം വിടാനാണോ
ഞാൻ വരേണ്ടത് ..?!
അഴലിന്റെ ആകാശശൂന്യതകളിൽ
നോവിന്റെ ആഴമളക്കാൻ വിധക്കപ്പെട്ട
(അ)ശുഭ ഗ്രഹങ്ങൾ -പെണ്‍ജന്മങ്ങൾ..
നിദ്രയിലായ നീതിശാസ്ത്ര പുസ്തകത്തിലേയ്ക്കു
ഇറ്റിറ്റു വീഴുന്ന
അമ്മയുടെ ചുടുകണ്ണീരിനു മുന്നിലും
സുരക്ഷിതയല്ലല്ലോ ഞാൻ..
അതു കൊണ്ടു..വരുന്നമ്മേ
വെറും ചാപിള്ളയായ്..!

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

മകളേ..സൂക്ഷിക്കുക

മകളേ..ജാഗരൂകയാവുക..
പിന്തുടരുന്ന ചുവന്ന കണ്ണുകളെ സൂക്ഷിക്കുക
നഗ്നത വടിച്ചെടുത്തു പച്ചനോട്ടാക്കി മാറ്റുന്ന
ലഹരിദേവന്റെ വൈറസ്ബാധകളെ കരുതുക
ഇളം മാംസത്തിന്റെ രുചിയറിഞ്ഞ
വെളുത്ത തലച്ചോറിനുള്ളിലെ
കറുത്ത ഭൂതങ്ങൾക്കു
ദീപസ്തംഭമാകാതിരിക്കുക
മകളേ..ചുവടുകൾ കരുതലോടെ വേണം!
കണ്ണുകൾക്കു ഗോചരമല്ലാത്ത വിഷബോംബുകൾ
പൊട്ടിത്തെറിയും കാത്തു കിടക്കുന്നുണ്ട്..
മുന്നിൽ വരുന്ന വെപ്പുചിരികളൊക്കെ
വിഷപ്പാമ്പുകളുടെ മാളങ്ങളെന്നറിയുക..
ഇറച്ചിയുടെ വിപണിമൂല്യമാണ്
കശാപ്പുകാരന്റെ  ഉന്നമെന്നറിയാതെ
ദുരന്തങ്ങളെ പെറ്റുകൂട്ടാതിരിക്കുക
മകളേ..ഞാൻ പഴഞ്ചൻ
എങ്കിലും,ശത്രുക്കൾ പതിയിരിക്കുന്ന
കടവുകളറിയുന്ന മുതുമാൻ ...

2015, ഫെബ്രുവരി 8, ഞായറാഴ്‌ച

ചിത്രങ്ങൾ പറയാതെ പോകുന്നത്

നിലം പൊത്താറായ കൂട്ടിൽ
ശൂന്യതയിലേയ്ക്കു വാ പിളർത്തി
കുഞ്ഞു വിശപ്പുകൾ ..
അവയുടെ ശൂന്യമായ ആമാശയങ്ങൾക്കു
തള്ളക്കിളിയോടു മാത്രം സംവദിക്കാനാവുന്ന
ഒരു പ്രാക്തനഭാഷയുണ്ട്
ചിത്രങ്ങളിലൊന്നും പതിയാത്ത ഭാഷ!

മൊണാലിസയുടെ
ഹൃദയാന്തരാളത്തിലെ ഗഹനശൂന്യതയിൽ
ഉറഞ്ഞു പോയ ജീർണ്ണിച്ച ശവക്കല്ലറകളിലെ
ഉറക്കു കുത്തിയ സ്വപ്നജഡങ്ങളെ കുറിച്ചും
അവരുടെ കണ്‍കളിലെ
വറുതിയുടെ കനൽപെയ്ത്തുകളെ കുറിച്ചും
ചിത്രം പറഞ്ഞു തരുന്നില്ല..

ചിത്രങ്ങളങ്ങിനെയാണ്
ഒരു മുഹൂർത്തത്തിലെ
നിശ്ചലഭാവത്തോടു മാത്രം കൂറുപുലർത്തുന്നവ!
മരിച്ച ഭാവത്തിൽ നിന്നും
ശുഭാശുഭങ്ങളുടെ ജന്മപത്രിക
നെയ്യുന്നു ലോകം..
ചിത്രങ്ങൾ പറയാതെ പോകുന്നത്
ലോകം കാണാതെ പോകുന്നു
കാഴ്ചവട്ടങ്ങളിൽ മാത്രം അടയിരിക്കുക
എന്നത് കണ്ണിന്റെ പരിമിതിയാണ്
നോട്ടങ്ങൾ ഹൃദയങ്ങളിലേയ്ക്കെത്താതെ
പോകുന്നതും അതു കൊണ്ടാകാം..

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

മണ്ണിലെ ശാപങ്ങൾ

മജ്ജയൂറ്റിക്കുടിച്ചു വളർന്ന മക്കൾ
ചിറകു മുളച്ചപ്പോൾ
നിന്നെയുപേക്ഷിച്ചു
സുഖാലസ്യത്തിലേയ്ക്കു പറന്നകലുന്നത്..

നിന്റെ പുരുഷായുസ്സിന്റെ തപ്തമേനിയിൽ
വിരിഞ്ഞ വിയർപ്പുതുള്ളികൾ
നക്കിക്കുടിച്ചു തടിച്ചുകൊഴുത്ത ഭരണാധികാരി
ഒരിക്കലും നിന്നെ അറിയാതെ പോകുന്നത്..

പിച്ച വെച്ച മണ്ണിൽ,
സന്തോഷ,സന്താപങ്ങളനുഭവിച്ചു
ഉണ്ടുറങ്ങിയ മണ്ണിൽ
സംശയമുനകളേറ്റു  നിന്റെ ഹൃദ്രക്തം പൊടിയുന്നത്..2015, ജനുവരി 29, വ്യാഴാഴ്‌ച

പലരിൽ ചിലർ

ചിലരുണ്ട്..
ഒരുമിച്ചു ഉണ്ടുറങ്ങുമ്പോഴും
മെയ്യും മെയ്യും ഒന്നാണെന്നു ആണയിടുമ്പോഴും
മനസ്സിൽ നിന്നും മനസ്സിലേയ്ക്കുള്ള
രാത്രിദൂരമളക്കാനുള്ള
അളവുകോലു പോലുമില്ലാത്ത
ഒറ്റപ്പെട്ട തുരുത്തുകൾ

ചിലരുണ്ട്..
വ്യർത്ഥമായ ശാരീരികചേഷ്ടകൾക്കു ചുറ്റും
ഭ്രമണം ചെയ്യാത്ത ശുഭഗ്രഹങ്ങൾ
മനസ്സിൽ നിന്നും മനസ്സിലേയ്ക്കു
ദൂരമില്ലെന്നു വിശ്വസിക്കുന്നവർ
അപരന്റെ,മറ്റൊരാൾക്കും കേൾക്കാത്ത
മൗനരാഗങ്ങൾ
സദാ പിടിച്ചെടുക്കുന്ന സ്വീകരണികൾ

ചിലരുണ്ട്..
ജീവിച്ചിരുന്നപ്പോൾ
മറ്റുള്ളവരുടെ പച്ചമാംസം തിന്നു
ഏമ്പക്കം വിട്ടിരുന്നവർ
മരിച്ചിട്ടും  ഓർമ്മസൂചി കൊണ്ട്
പുണ്ണിൽ കുത്തി വേദനിപ്പിക്കുന്നവർ

2015, ജനുവരി 26, തിങ്കളാഴ്‌ച

ഓന്തുകൾക്കു വംശനാശം സംഭവിച്ചിട്ടില്ല

കുഞ്ഞുന്നാളിൽ
ഓന്തുകളെ പേടിയായിരുന്നു
ചോര കുടിച്ചാണത്രേ അവ ചുവക്കുന്നത്
ചോര കുടിക്കാതിരിക്കാൻ
പൊക്കിളും പൊത്തി നടന്നിട്ടുണ്ട്..
കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്..

ഇന്നു
മരങ്ങളിലൊന്നും കാണാറില്ല
നിറം മാറുന്ന ഓന്തുകളെ..
അധികാര ഗർവിന്റെ  നാക്കിലും വാക്കിലും
മാധ്യമഭീമന്റെ തൂലികത്തുമ്പിലും
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കിടയിലും
അവ സുസുഖം വാഴുന്നു

സുഹൃത്തേ..
ചോരയൂറ്റിക്കുടിച്ചു
ഓന്തുകൾ കൊഴുക്കുന്നതല്ല ദുരന്തം
നമ്മുടെ കണ്ഠനാഡിയ്ക്കടുത്തു
അവ പെറ്റുപെരുകിയിട്ടും
അറിയാതെ പോകുന്നതാണ് ദുരന്തം

2015, ജനുവരി 22, വ്യാഴാഴ്‌ച

ആയിരം ചോദ്യങ്ങൾക്കു ഒരുത്തരം

അനുഭവത്തീപ്പൊള്ളി വെന്തൊരിപ്പാദങ്ങൾ
ഇനിയും പഠിച്ചില്ല പാതകൾ താണ്ടുവാൻ
അഴലിന്റെയാഴമളന്നൊരെൻ ഹൃദയമേ
ശോകശൈത്യങ്ങളിൽ വിറകൊൾവതെന്തു നീ

സ്വപ്‌നങ്ങൾ വ്യർത്ഥമാം ദർപ്പണക്കാഴ്ചകൾ
എത്രയോ കാതമകലെയാഥാർത്ഥ്യങ്ങൾ
എങ്കിലും,സ്വപ്നങ്ങളെല്ലാം നിലയ്ക്കുന്ന
നിമിഷമേ...നിൻപേരു മരണമെന്നാകുന്നു

ഓർമ്മ തൻ  ജീർണ്ണിച്ച ചുവരുകൾക്കപ്പുറം
മാറാലകൾ  മൂടിയനുഭവച്ചിന്തുകൾ
ഒന്നും വരില്ലയീ കൂരിരുൾ വീഥിയിൽ
കൈപിടിച്ചെന്നെ നയിക്കുവാൻ സുസ്മിതം

എല്ലാം  ഗ്രഹിച്ചു ഞാനൊന്നും ഗ്രഹിച്ചീല
എന്നറിവിൻ മുറിവിൽചോര പൊടിയുന്നു
അരങ്ങിലന്നാടിയ ആട്ടങ്ങളൊക്കെയും
നാട്ട്യങ്ങളെന്നു ചിലയ്ക്കുന്നൊരു സത്യം

ജീവിത,തത്വത്തിന്നർത്ഥ,തലങ്ങളെ
തേടിയീ ജന്മം മുഴുവനലഞ്ഞു ഞാൻ
മരണമേ..നിൻ കരമാത്മാവിലിഴയുന്ന
വേളയൊരായിരം ചോദ്യങ്ങൾക്കുത്തരം!

2015, ജനുവരി 20, ചൊവ്വാഴ്ച

മനസ്സ്

വേഗതയുടെ കാര്യത്തിൽ
കണ്ണിനെ പലപ്പോഴും തോൽപ്പിച്ചു
അതിന്റെ പരിധിയും പരിമിതിയും
ബോദ്ധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്‌ മനസ്സ്
എത്ര പെട്ടെന്നാണ്
പ്രകാശ വർഷങ്ങൾക്കപ്പുറത്തേയ്ക്കു
മനസ്സ് എത്തിച്ചേരുന്നത്
എന്നിട്ടും നീ പറയുന്നു
കാഴ്ചവട്ടങ്ങൾക്കപ്പുറത്താകുമ്പോൾ
പരസ്പരബന്ധം വിച്ഛേദിക്കപ്പെട്ട
ദ്വീപുകളാണു നമ്മെളെന്ന്
നിനക്കെന്നും
കണ്ണുകളിലും അതിന്റെ  മായക്കാഴ്ചകളിലും
മാത്രമായിരുന്നു വിശ്വാസം

2015, ജനുവരി 19, തിങ്കളാഴ്‌ച

ചില സൗഹൃദങ്ങൾ

ഹൃദയത്തിലിടം നൽകിയിട്ടും
കരൾ  പാതി നൽകിയിട്ടും
കൂടൊഴിഞ്ഞ സൗഹൃദങ്ങൾ

ഹൃദയം കൊട്ടിയടച്ചിട്ടും
കരൾ മറയ്ച്ചു വെച്ചിട്ടും
വിട്ടകലാത്ത ഉപകാരസ്മരണകൾ

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുമ്പോൾ
വാലാട്ടി കൊണ്ടു വരാറുണ്ട്
തിരിച്ചറിയാത്ത ചില നന്ദികൾ

പൂവു തന്നു
പൂന്തോട്ടം തിരിച്ചു വാങ്ങുന്നവരുടെ ലോകത്ത്
'ഉപാധികളില്ലാത്ത' സ്നേഹവും
'കണക്കുകൾ' ഇല്ലാത്ത ജീവിതവ്യവഹാരങ്ങളും
അർത്ഥശൂന്യം

2015, ജനുവരി 17, ശനിയാഴ്‌ച

ജീവന്റെ തിരിനാളം

ഒരു കാറ്റിലണയാതെ
കുതിർമഞ്ഞിലലിയാതെ
മഴയിൽ കുതിരാതെ
വെയിലിൽ വിയർക്കാതെ
കാത്തു പോരുന്നു നീ
ഈ കുഞ്ഞു തിരിനാളം!
ജീവന്റെയീത്തിരി
കത്തിച്ചതും നീയേ..
ഒടുവിലൊരു നാൾ
കെടുത്തുന്നതും നീയേ..2015, ജനുവരി 14, ബുധനാഴ്‌ച

പെരുകിയ ബുദ്ധിയും പെരുകാത്ത വിവേകവും


 മുക്കാൽ ഭാഗം
മലിനജലമുള്ള ഗ്രഹത്തിൽ
പെറ്റു പെരുകിയ ബുദ്ധി
വിദൂരഗ്രഹങ്ങളിൽ തിരയുന്നു
ജല സാന്നിധ്യം
***********************************
അർഹതയുള്ളവയുടെ അതിജീവനം
മാംസഭോജികളുടെ ആഗമനം
ചെന്നിണത്തിന്റെ ബീഭത്സത
***********************************
കുടുംബത്തിന്റെ അത്താണിയായതു കൊണ്ട്
എല്ലാവർക്കും ഇഷ്ടം 'ബുദ്ധിയെ'
സ്ഥാനത്തും അസ്ഥാനത്തും
തത്വം പറഞ്ഞതു കൊണ്ട്
എന്നും കുടുംബത്തിനു  പുറത്തായിരുന്നു
വിവേകം 

2015, ജനുവരി 13, ചൊവ്വാഴ്ച

തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത്


ആത്മജ്ഞാനത്തിന്റെ ഓസോണ്‍ പാളികളിൽ
ആത്മരതികളുടെ തുളകൾ വീണിരിക്കുന്നു
പ്രദർശനപരതയുടെ മാരകരശ്മികൾ
ഭൂതലത്തെ നക്കി തുടയ്ക്കുന്നു
മകനേ...
ഉള്ളിലെ സങ്കടങ്ങളുടെ മറാ പുണ്ണുകൾ
നിന്റേതു മാത്രമായിരിക്കട്ടേ
പ്രദർശിപ്പിക്കരുത്
ശത്രുവിനെ സന്തോഷിപ്പിക്കരുത് !
അന്യന്റെ തകർച്ചകൾ
ആഘോഷിക്കപ്പെടുന്ന ലോകത്തു
മൂല്യങ്ങൾ തിരയേണ്ടതു
ആക്രിക്കൂനകളിലാണ് !
അലങ്കാര കപ്പലുകൾക്കു മാത്രം
വഴി കാണിക്കുന്ന ദീപ്തസ്തംഭങ്ങൾ
അരാജകത്വത്തിന്റെ പ്രചണ്ഡവാതങ്ങൾക്കു
പച്ചക്കൊടി കാണിക്കുകയാണ്
മകനേ...
നിന്റെ മൗനനിലവിളികൾ
നിരീക്ഷണത്തിന്റെ ഇമവെട്ടങ്ങളിലൂടെ
അദൃശ്യമായ
അന്യ ചിത്ത ജ്ഞാനമാപിനിയിലൂടെ
തന്നിലേയ്ക്കു പരാവർത്തനം ചെയ്തു
വേദനകൾക്കെല്ലാം
ഒരേ മണവും രുചിയുമെന്നു തിരിച്ചറിഞ്ഞു
ഓർക്കാപ്പുറത്തു വന്നു തലോടുന്നവനാണ്
ഉറ്റമിത്രം
മകനേ...
ശത്രുവാരെന്നും
മിത്രമാരെന്നും
കണ്ടു പിടിക്കാനുള്ള ഉപകരണം
ഇല്ലാതെ പോകുന്നതല്ല ദുരന്തം
നിന്റെ രക്തം ഊറ്റിയാണ്
ശത്രു കൊഴുക്കുന്നതെന്ന തിരിച്ചറിവ്
ഇല്ലാതെ പോകുന്നതാണ് ...

2015, ജനുവരി 12, തിങ്കളാഴ്‌ച

വഴിമുടക്കികളെ സന്തോഷിപ്പിച്ചവൻ


ഇരുൾ മൂടിയ പാതകളിൽ
വഴിയറിയാതുഴറിയപ്പോൾ
കരൾനൊന്തു നീറിയപ്പോൾ
സ്നേഹം തെളിച്ചു വഴി കാട്ടിയവരുണ്ട്
മുള്ളു പാകി ദ്രോഹിച്ചവരുണ്ട്‌
ഒന്നാമത്തെ കൂട്ടർ
നന്ദി പോലും വാങ്ങാതെ
വേദനയോടെ നടന്നു മറഞ്ഞു...
ഞാനെന്നും സന്തോഷിപ്പിച്ചതു
വഴിമുടക്കികളെയായിരുന്നല്ലോ..!

2015, ജനുവരി 7, ബുധനാഴ്‌ച

വാക്കുകളുടെ പുതു പിറവിയും കാത്ത്


പറഞ്ഞു പോയ
പതിരായ വാക്കുകളുടെ
തീരത്തു നിൽക്കുമ്പോഴും
ഉള്ളിൽ അലയടിക്കുന്നുണ്ട്
പറയാതെ പോയ
വാക്കുകളുടെ മഹാസമുദ്രം

അകാലത്തു പിടഞ്ഞു മരിച്ച
വാക്കുകളുടെ ചിതാഭസ്മവും പേറി
ഉള്‍ച്ചൂടിനെ  കൂട്ടുപിടിച്ചൊരു
യാത്രയല്ലിത്
മൗനത്തിന്റെ
മേഘപടലങ്ങൾക്കുള്ളിൽ നിന്നും
നാമ്പു നീട്ടാൻ വെമ്പുന്ന
പുതു മുകുളങ്ങളുടെ
ആത്മാവിന്റെ അടയാളം
തേടിയുള്ള യാത്രയാണിത്

പ്രായോഗിക ജീവിതത്തിന്റെ
പരുക്കൻ തലങ്ങളിൽ തട്ടി
മൃതിയടഞ്ഞ വാക്കുകളുടെ
ശവപ്പറമ്പിനെ ചുറ്റുന്ന
മൗനത്തിന്റെ മതിലിൽ കേറിയിരുന്നു
ഇനിയും പിറക്കാത്ത നക്ഷത്രങ്ങളെ
താരാട്ടുകയാണു ഞാൻ ...