കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, മേയ് 30, തിങ്കളാഴ്‌ച

ഭ്രാന്ത്...

ഹരിശ്രീ' കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കവിത .


ചില ഭ്രാന്തുകൾ ഗതികേടുകളാണ്

മാനവും കൊത്തി അവൻ പറന്നപ്പോൾ
മാവിൽ കെട്ടിത്തൂങ്ങിയവൾക്ക് ഭ്രാന്തെന്ന്
മാനാഭിമാനികളുടെ നാട്ടുചർച്ചകൾ

വിശപ്പ്‌ തീണ്ടി ചത്തവർക്ക് ഭ്രാന്തെന്ന്
'വിശപ്പി'ല്ലാ നിഘണ്ടു ചുമക്കുന്നവർ

ചില ഭ്രാന്തുകൾ കരുതലുകളാണ്

കൂടെയുരുകിയ,വെറ്റിലച്ചുവയുള്ള നെടുവീർപ്പുകൾക്ക്
പുരയിടോം പറമ്പും തീറെഴുതിവെച്ച്,
മുറ്റത്തെ മാവും മുറിച്ചോണ്ട്,
ഉമ്മറക്കസേരയിലിരുന്ന ചുമ പോയപ്പോൾ
വേർപ്പിന്റെയുപ്പിൽ വിരിഞ്ഞവർ പ്രാകി-ഭ്രാന്തൻ

ഇറുത്തു മാറ്റിയ പച്ചത്തുടിപ്പുകൾ
നാക്കുനീട്ടി തിരിച്ചുവരുമെന്ന് പറഞ്ഞ ഭ്രാന്തൻ,
വറ്റിയ തൊണ്ടക്കുഴികളും ഒഴിഞ്ഞ കുടങ്ങളുമായി
തെക്കുവടക്ക് പായുന്നവരെക്കണ്ടു മുഴുഭ്രാന്തനായി

ചില ഭ്രാന്തുകൾ വിപ്ലവങ്ങളാണ്

ഇരുട്ടുവിഴുങ്ങിയ പ്രാക്തനവഴികളെ വെടിഞ്ഞ്
നവ രജതസഞ്ചാരപഥങ്ങൾ വെട്ടിത്തുറന്ന്
പ്രചണ്ഡവാതങ്ങളെ തടഞ്ഞു നിർത്തി
കാലഗഹ്വരങ്ങളിൽ പതിയിരിക്കുന്ന
ഘനാന്ധകാരത്തെക്കുറിച്ച് താക്കീതേകി
ദിഗ്വിജയം മുഴക്കി...തേർതെളിച്ചങ്ങനെ...

ഭ്രാന്ത് വരമാണ്;ഭ്രാന്തൻ പുണ്യാത്മാവും.!
********************************************
കെ ടി എ ഷുക്കൂർ മമ്പാട്

7 അഭിപ്രായങ്ങൾ:

  1. ഭ്രാന്തുകളില്‍ ചിലവ കരുതലുകളും,വിപ്ലവങ്ങളുമാണ്.
    നല്ല കവിത
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എനിക്കെന്തേ ഇവിടെ വരാന്‍ പ്രഥമവും പ്രധാനവുമായി ഓര്‍മ്മയില്‍ കടന്നു വരാത്തത് ?!ഇവിടെയാണല്ലോ ഞാനാദ്യമെത്തെണ്ടത്...ഷുക്കൂറിന്റെ പോസ്റ്റുകള്‍ fb-യില്‍ വായിച്ചു മുഴുകിയതാണോ ....അതോ ഷുക്കൂറിന്റെ ലിങ്ക് കണ്‍ മറഞ്ഞതോ ...?പ്രിയ സുഹൃത്തേ ഈ വീഴ്ച്ച ഒരു sorry പറച്ചിലില്‍ ഒതുങ്ങില്ല ...അതിനാല്‍ മാപ്പ് !
    ഭ്രാന്തെന്ന കവിത ഉള്‍കൊള്ളുന്ന സംഭീതിത 'കാലാവസ്ഥ'വല്ലാത്ത ഘന വേദനയാണ്....ഭ്രാന്തിന്റെ ചങ്ങലക്കിലുക്കം ഇനിയുമിയുമങ്ങു ഗോണ്ടനാമോ തടവറ വരെ,ഭീകര ഹത്യകളില്‍ പിടയുന്ന കിളുന്തു ജീവന്‍ വരെ ...നിശിത വിശപ്പിന്റെ നിശകളില്‍ മാനം തകരുന്ന മണിക്കിലുക്കങ്ങള്‍ വരെ.ശക്തന്‍ അശക് തന്റെ ജീവന്റെ കൂമ്പുകളില്‍ കൈ വെക്കുന്നതു വരെ ....ഈ കാലഘട്ടം ഒരായിരം വിമോചകരെ തേടുന്നു .....

    മറുപടിഇല്ലാതാക്കൂ
  3. പുതിയ പോസ്റ്റിട്ടാല്‍ പ്രിയ സുഹൃത്തേ,എനിക്കൊരു ലിങ്ക് തരാന്‍ മറക്കരുതേ ....

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ e-mail subscribe ചെയ്തിട്ടുണ്ട് ..അതു മതി ..

    മറുപടിഇല്ലാതാക്കൂ
  5. ഇക്കാ സ്നേഹം ...ഓർമ്മയ്ക്ക്‌ ...മുഖ പുസ്തകത്തിൽ ഇടുന്നത് തന്നെ ഇവിടെയും ഇടുന്നത് ..മുഖപുസ്തകത്തിൽ നിന്നാണ് എനിക്ക് ഏറെ പ്രോത്സാഹനങ്ങൾ കിട്ടിയിട്ടുള്ളത് ..ബ്ലോഗ്ഗിൽ വായിച്ചു പോകുന്നവർ ഏറെയാണ്.കമന്റ് ഇടാൻ മടിയാണ് പലർക്കും .എന്നാലും സന്തോഷം .നന്ദി ഇക്കാ പ്രോത്സാഹനങ്ങൾക്ക് ..സ്നേഹം

    മറുപടിഇല്ലാതാക്കൂ
  6. ഭ്രാന്താണ് സമൂഹത്തിന് ,കവിയ്ക്ക് സത്യം വിളിച്ച് പറയേണ്ടി വരുന്നു

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...