കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

മണങ്ങളുടെ അടച്ച പുസ്തകം

അമ്മിഞ്ഞ മണത്തിൽ 
കൈകാലിട്ടടിച്ചത് 
പശുപ്പാൽ മണത്തിൽ 
പിച്ച വെച്ചത് 
വെറ്റില മണത്തിൽ 
കഥകളുടെ മാന്ത്രികലോകത്തിലേയ്ക്കു 
നടന്നു പോയത് 
കണ്ണിമാങ്ങാ മണത്തിൽ 
നിഷ്കളങ്കതയുടെ 
കനവപ്പം ചുട്ടത് 
പനിനീർ മണത്തിൽ 
സ്വപ്നത്തിരമാലകൾ കൊണ്ടു 
ഊഞ്ഞാൽ കെട്ടിയത് 
മുല്ലപ്പൂ മണത്തിൽ 
മണിയറയിൽ 
മധുരം പെയ്തത് 
എല്ലാം 
ഇനിയൊരിക്കലും തുറക്കാനാകാത്ത 
മണങ്ങളുടെ 
ഓർമ്മപുസ്തകത്തിലെ 
ജീവനുള്ള അദ്ധ്യായങ്ങൾ ...
മുന്നോട്ടു കുതിക്കുന്ന വാഹനത്തിന്റെ 
പിന്നോട്ടു പായുന്ന ലതാദികൾ-
ഓർമ്മയുടെ മണങ്ങൾ ..
ഇപ്പോൾ 
അന്യതാ ബോധത്തിന്റെ 
പുഴുക്കു മണമാണ് 
അലയുന്ന കാറ്റിലെങ്ങും 
മുന്നിൽ തുറക്കുന്നു 
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത 
മണത്തിന്റെ പുതുവഴികൾ 

12 അഭിപ്രായങ്ങൾ:

  1. മണങ്ങളുടെ
    മദ്ധ്യത്തിൽ
    മരുവുന്ന
    മർത്ത്യൻ
    മരണമെതത്തുമ്പോൾ
    മണമറിയാതെ
    മറയുന്നു
    മനോഹരമായിരിക്കുന്നു
    മണങ്ങളെപ്പറ്റിയുള്ള
    ഈ വരികൾ
    ആശംസകൾ
    ​ഫിലിപ്പ് ഏരിയൽ

    മറുപടിഇല്ലാതാക്കൂ
  2. മണങ്ങള്‍ സ്മരണകളാണ്
    മറക്കാനാവാത്ത സ്മരണകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഓരോരോ സന്ദര്‍ഭങ്ങളിലും ജീവിതമെന്ന ഗ്രന്ഥത്തില്‍നിന്ന് പുറത്തുവരുന്ന ഓര്‍മ്മകളുടെ ഗന്ധം!
    നന്നായിട്ടുണ്ട് വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...