കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2017, ഓഗസ്റ്റ് 27, ഞായറാഴ്‌ച

കാടിന്റെ ആധികൾ


കാടോളം പോന്ന കരുത്തിന്റെ
കനൽക്കണ്ണിൽ പെടാതെ
കുഞ്ഞുമൃഗങ്ങൾ ഇപ്പോഴുമുണ്ട്

കാട്ടിലെ ഗർജ്ജനങ്ങൾ
അവരെ പേടിപ്പെടുത്താറുണ്ടെങ്കിലും
കണ്ണിൽ പെടാത്തത്രയും
ചെറുതായതുകൊണ്ട് മാത്രം
സുരക്ഷിതരാണവർ

കാട്ടിലെ കണക്കെടുപ്പിലൊന്നും
പെട്ടില്ലെങ്കിലും
കാടിന്റെ മനസ്സാണവർ

അവരെ മാത്രം ഓർത്തോർത്തു
തേങ്ങുന്നത് കൊണ്ടാകണം
കാടിന്റെ മൗനസംഗീതത്തിന്
ഇത്രമാത്രം മധുരം

വലിയ പോരുകൾക്കിടയിൽ
പെട്ടുപോയാൽ
ചതഞ്ഞരഞ്ഞു പോയേക്കാവുന്ന
ചെറുതുകളെ ഓർത്താകണം
അതിന്റെ ആധികൾ

2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

വാലുമുറിയൻ പല്ലി



ജീവൻ ഇറുത്തെടുക്കാൻ
വന്നവർക്കു മുന്നിൽ
ആദ്യം മുറിഞ്ഞുവീണത്
വാലായിരുന്നു

ഉത്ഥാനപതനങ്ങളുടെ ചോരപ്പാടുകൾ
ദുരന്തങ്ങളിൽ പതറാത്ത കരുത്ത്
പൂക്കാലത്തിന്റെ ഓർമ്മകൾ
എല്ലാം വാലായ് ചുമക്കുകയായിരുന്നു

പിടയ്ക്കുന്ന സത്യത്തെ
അവർ അഗ്നിയിൽ എരിച്ചു
ചരിത്രമായിരുന്നു അത്


വാലിന്റെ  വെള്ളിവെളിച്ചമില്ലെങ്കിൽ
ഇരുൾ മൂടിയ കാട്ടുവഴികൾ
നടന്നു തീർക്കാൻ ആവില്ലെന്ന്
ആദ്യം മനസ്സിലാക്കിയത്
അവരായിരുന്നു

വാലറ്റ പല്ലി
എത്ര സത്യം ചിലച്ചാലും
സത്യമാണെന്ന് തോന്നുകയേ ഇല്ല

ഭൂതകാലം മുറിഞ്ഞു പോയതിനെ
രൂപപ്പെടുത്തിയെടുക്കാൻ
എളുപ്പമാണ്
കുശവൻ മൺപാത്രം
നിർമ്മിച്ചെടുക്കുന്നത് പോലെ...