കുങ്കുമസന്ധ്യകള്‍

Pagerank

2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മതിഭ്രമത്തിന്റെ കടലാഴങ്ങൾ


മതിഭ്രമത്തിൻ കടലാഴത്തിൽ നിന്നൊരു
യൗവനം പ്രണയത്തിൻ ചട്ടിയിൽ  വേവുന്നു

നിറമിഴിക്കോണിലെ മുത്തുകണങ്ങളിൽ
ഒരു ശിഷ്ടജന്മത്തിൻ കഥകൾ വിരിയുന്നു

പ്രണയം തളിർക്കുന്ന യൗവന വാടികൾ
പഞ്ചാഗ്നി മദ്ധ്യേയുരുകുന്നു,വാടുന്നു

പ്രലോഭനത്തിൻ പറുദീസയിൽ ആരാലും
കാണാതിരിക്കുമ്പോൾ അറിയുന്നു ഞാനെന്നെ

ഭ്രാന്തന്റെ മാറാപ്പിലഴുകി ദ്രവിച്ചുള്ള
കീറത്തുണിയാണീ മോഹന മൂല്യങ്ങൾ

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

രാത്രിയുടെ ഉടുതുണി അഴിഞ്ഞപ്പോൾ

ഉടുതുണിയഴിഞ്ഞു വീണ
രാത്രിയുടെ നാണം മറക്കാൻ
പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി
അത് കണ്ടു കിളികൾ
ബഹളം വെച്ചപ്പോൾ
ഒരു ഇളിഭ്യ ചിരിയോടെ
സൂര്യൻ എത്തി നോക്കി

2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ഓന്തുകൾ ചുവക്കുന്നതിന്റെ രഹസ്യംവർണ്ണം പൊടുന്നനെ മാറ്റുവാൻ കഴിയുന്ന 
ഓന്തൊരു വിസ്മയജീവി തന്നെ !

ആണ്ടുകൾക്കപ്പുറം ബാല്യത്തിൻ വഴികളിൽ
ചോര കുടിക്കുന്ന ഓന്തിനെ പേടിച്ചു
പൊക്കിളും പൊത്തി നടന്നിട്ടുണ്ട് ...
അന്നൊരു സൌഹൃദം ചൊന്നതാണിക്കാര്യം
ഇന്നതിൽ പതിരില്ലെന്നറിയുന്നു ഞാൻ

നോക്കുന്നിടങ്ങളിലെല്ലാം ഞാൻ കാണുന്നു
ചോരയൂറ്റുന്നൊരു ഓന്തുകൂട്ടങ്ങളെ
കാഴ്ച ചെന്നെത്തുന്ന മുക്കിലും ദിക്കിലും
ഓന്തിന്റെ ചെഞ്ചോരക്കണ്ണുകൾ മാത്രമാം

പച്ചയണിഞ്ഞു കൊണ്ടോന്തുകൾ നമ്മളെ
വല്ലാതെയങ്ങനെ മോഹിപ്പിക്കും
ചോരയൂറ്റിക്കൊണ്ടു ചെന്നിറമാകുന്ന-
തറിയില്ലൊരിക്കലും വിഡ്ഢികൾ നാം

ഓന്തുകൾ നമ്മളെ പിന്തുടർന്നീടുന്നു
സ്നേഹ ബന്ധങ്ങളായെന്നുമെന്നും
കനക പീഠങ്ങളിലള്ളിപ്പിടിച്ചവ
ആഘോഷമാക്കുന്നു രുധിരപാനം

കാണാം അവകളെ കാട്ടിലും മേട്ടിലും
ചുടുനിണമൊഴുകിടും പച്ച ഞരമ്പിലും
മാധ്യമഭീമന്റെ തൂലികത്തുമ്പിലും
അധികാര ഗർവിന്റെ നാക്കിലും നോക്കിലും

പെറ്റുപെരുകുന്നു ഓന്തുകൾ നമ്മൾ തൻ
കണ്ഠനാഡിക്കും അടുത്തെന്നറിയുക

2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ചില പറയാത്ത കഥകൾ

വ്യാഘ്രത്തിന്റെ
ദംഷ്ട്രങ്ങളിൽ നിന്നും ഇറ്റിറ്റു വീഴുന്ന
ചെഞ്ചോരത്തുള്ളികൾക്ക്
ആയുധമില്ലാതെ
പടക്കളത്തിൽ പോരാടേണ്ടി വന്ന
ഒരു പാഴ് ജന്മത്തിന്റെ കഥ പറയാനുണ്ട് ...
യന്ത്രത്തിന്റെ ദംഷ്ട്രങ്ങൾ
ആഴ്ന്നിറങ്ങി തകർത്ത
നെഞ്ചിൻക്കൂടിനെ കുറിച്ചാണ്
തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുന്ന
അവൾക്കു പറയാനുള്ളത് ...
എന്നാൽ
വസന്തം ദാനമായി കൊടുത്ത
സ്നേഹജ്യോതിസ്സിനെ  കുറിച്ചാണ്
പൂനിലാവിൽ തിളങ്ങുന്ന
പുൽച്ചാടിയുടെ
വൈഡൂര്യ കണ്ണുകൾക്ക്‌ പറയാനുള്ളത് ...
തലക്കു മീതെ വട്ടമിട്ടു പറക്കുന്ന
കഴുകന്റെ തിളങ്ങുന്ന കണ്ണുകൾ
നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്
ഒന്നും തിരച്ചറിയാൻ കഴിയാത്തതാണ്
നമ്മുടെ വിജയം
അഥവാ
പരാജയം

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

മരുവിൽ ഉദിച്ച പൊൻതാരകം


അജ്ഞാനാന്ധകാര ഘോരവനങ്ങളിൽ
അന്തമെഴാത്ത തമസ്സിൻ ഗുഹകളിൽ
അജ്ഞരാണന്നോരറിവേതുമില്ലാതെ
അലയുന്നു, കാട്ടാളർ, നിഷ്കൃപന്മാർ !
അക്ഷര ശൂന്യരാം ആട്ടിയർ ...
അവരന്നം തേടുന്ന നാടോടികൾ ...
പൊള്ളും മരുഭൂവിൽ ജീവനോടെ
പെണ്‍ ജന്മങ്ങളെത്ര കുഴിച്ചു മൂടി !
കൊല്ലും കൊലയും പതിവു പോലെ
തുച്ഛമാം ഗോത്രവഴക്കിനാലേ ...
ഇച്ഛകൾക്കൊത്തു നടന്നു പാരിൽ
കേവല സൃഷ്ടികൾ നശ്വരന്മാർ !
അശാന്തി തൻ പർവ്വങ്ങൾ തച്ചുടക്കാൻ
ശാന്തി തൻ പൂനിലാപൊയ്ക തീർക്കാൻ
പരിവർത്തനത്തിൻ ചരിതമേകാൻ 
മാനവ മോചന മന്ത്രവുമായ്
സൈകതഭൂവിലുദിച്ചുയർന്നു
വിപ്ലവ ദൂതുമായ്‌ പൊൻതാരകം ...!
ആ മരുഭൂവിലുദിച്ച പൊൻതാരക-
തേജസ്സിനാലേ ഇരുളെല്ലാം മാഞ്ഞു പോയ്‌ !
വ്യാധിതഹൃദയങ്ങൾ വെണ്ണിലാ വനികയായ്
നന്മ തൻ പൂന്തേനൊഴുക്കിയെങ്ങും...
അനുസ്യൂതമൊഴുകുന്നു ശാന്തി തൻ ദൂതുമായ്
മരുവിലുദിച്ചോരാ താരക പൊൻപ്രഭ
കാല കല്ലോലിനിക്കൊപ്പമനന്തമായ് ...!

2013, സെപ്റ്റംബർ 11, ബുധനാഴ്‌ച

ഗാന്ധിത്തലകൾ

ഗാന്ധിത്തലകൾക്കൊപ്പം
ഒരപേക്ഷ
ഉപേക്ഷയരുത്
****************************************
സൂര്യൻ കടലിൽ ചാടി ആത്മഹത്യ ചെയ്തത്
ചന്ദ്രനെ ചിരിപ്പിക്കാനായിരുന്നു
സൂര്യന്റെ അവസാന ഭാവങ്ങൾ കണ്ടിരുന്നോ ?
****************************************
'കഥയുടെ ആമുഖം' മുതലൊന്നും ഞാൻ
'എന്റെ ഇഷ്ടങ്ങൾക്കൊത്തല്ല' എഴുതിയത്
'അവസാന അദ്ധ്യായവും' അതുപോലെയാവട്ടെ
****************************************
തണലേകിയിരുന്ന മരം
ഇലകൾ  പൊഴിച്ചപ്പോൾ
വിശ്രമം മതിയാക്കി അയാൾ യാത്ര തുടർന്നു

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

അവകാശ സമരം


കട്ടിലിൽ മൂട്ടകളുടെ കൊലവിളി
'തട്ടി' ഞാനൊന്നിനെ;അപ്പോൾ,
'അവകാശ സമരം സിന്ദാബാദ്'
************************************
കാലം പ്രഹേളികയുടെ തമോഗർത്തങ്ങളിൽ
അഗ്നി ചിറകുകൾ വീശുമ്പോളാണ്
പശ്ചിമാംബരം ചുവന്നു തുടുക്കുന്നത്
*************************************
പൂവ് വിടർന്നു പരിലസിച്ചപ്പോൾ
പുകഴ്ത്താനെത്ര നാവുകൾ ..!
അറിഞ്ഞില്ലാരും;ദലങ്ങളടർന്നത്‌

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ജനിമൃതികൾ

                             
                                       ജനനം
            കരഞ്ഞുകൊണ്ട്‌..ചിരിപ്പിച്ചുകൊണ്ട്..
            കനലുകളിൽ  പൊള്ളിയ  പാദങ്ങളും
    അഗ്നിനിജിഹ്വയിൽ വെന്തുരുകിയ ഹൃദയവുമായി
                                 മരണം


                              പൂവ്
        ദലങ്ങളടർത്തിയെടുത്തു കാലപ്രവാഹം !
വണ്ടുകൾ അപരിചിതത്വത്തിന്റെ മേലങ്കിയണിഞ്ഞു
    ആറ്റു  നോറ്റു  വളർത്തിയ  ചെടിക്ക്  മാത്രം
                            നോവ്‌


                          കനവുകൾ
   മിഥ്യാസമുദ്രത്തിലൂടെ കടലാസ്സുതോണിയേറി
      ശാന്തിതീർത്ഥം  തേടിയൊരു   യാത്ര..
 അനന്ത നിഷ്ഫല യാത്രക്കൊടുവിൽ കാത്തിരിക്കുന്നു
                         അഴലുകൾ


                         പദാർത്ഥം
           കൊത്തിയെടുത്ത  ശില്പസൃഷ്ടി
              പദാർത്ഥ  ഗുണ  മേളിതം
പദാര്‍ത്ഥാതീത ഗുണങ്ങളതിനന്യമെന്നതൊരു
                       യാഥാർത്ഥ്യം


                       ഇല്ലായ്മ
     ചുമന്നുകൊണ്ടൊരു പരിഭവയാത്ര
    എല്ലാം നേടി വിരമിച്ചവരുണ്ടോ ?
അറിയുന്നവനറിയുന്നു.. അറിയാത്തവർക്ക്
                      വല്ലായ്മ


                        ദുഃഖം
          മേഘാവൃതമായ ആകാശം !
ഈറൻമേഘങ്ങളിൽ അപൂർവ്വമായി തിളങ്ങുന്ന
   മായിക മഞ്ജുള മഴവിൽ മുകുളങ്ങളാണ്
                   സന്തോഷം