കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പ്രിയ ബുദ്ധൻ ...മടങ്ങി പോകുക


വിട്ടിറങ്ങാന്‍ കൊട്ടാരപ്രലോഭനങ്ങളില്ല
ഉപേക്ഷിക്കാന്‍ സുന്ദരി ഭാര്യയില്ല,കുഞ്ഞില്ല
പ്രതീക്ഷിക്കാന്‍ കിരീടത്തിളക്കമില്ല,ചെങ്കോല്‍ഗര്‍വ്വില്ല
ആളുന്ന വിഷയാഗ്നിയില്‍ ചാടി തൃഷ്ണാപീഢകള്‍ തന്‍
പൊള്ളലേറ്റു പിടയുന്ന കായമില്ല,മനസ്സില്ല
അനുഗമിക്കാന്‍ ആള്‍ക്കൂട്ടം പിന്നിലില്ല

ജീവിതമുരുട്ടി കൊണ്ടുപോകാന്‍
തീ തുപ്പുന്ന പകലുകള്‍
സൂര്യന്‍ ചെരിഞ്ഞ നേരം
തളര്‍ച്ചയാറ്റാന്‍ കൊതുകുത്തും കടത്തിണ്ണകള്‍
ജഠരാഗ്നിയില്‍ വെന്തിട്ടും വെണ്ണീറാകാചിന്തകള്‍
പെയ്യുന്ന വെയിലെല്ലാം കുടിച്ചു വറ്റിക്കുന്നോര്‍
തേടണം ബോധി തന്‍ തണലെന്നോ ?
യന്ത്രഗര്‍ജ്ജനങ്ങള്‍ കേട്ടു പുണ്ണായ കാതുകള്‍
കേള്‍ക്കണം കാട്ടാറിന്‍ ഗീതമെന്നോ ?

ദുഷ്ടരാം ആത്മാക്കളെ ആവാഹിച്ചിരുത്തി
പണിത അധികാര ഖഡ്ഗത്തിന്‍ കീഴെ
പഴകി പുളിച്ചു നിസ്സംഗതയായി ഭയം !
കാലം ഘനീഭവിച്ച വഴികളില്‍
മരണം പതിയിരിക്കുന്ന ഇരുളടഞ്ഞ കുഴികളില്‍
നിസ്സംഗതയിട്ടു മൂടി സമയശൂന്യരഥത്തിലേറണം

ഗോളങ്ങളിലേയ്ക്കു കുതിയ്ക്കുന്ന
പുരോഗതിയുടെ മിന്നലാട്ടത്തില്‍
തെളിയാതെ പോകുന്ന കാഴ്ചകളുണ്ട്‌;
ആമാശയത്തില്‍ നിന്നുയര്‍ന്നു പട്ടടയിലൊതുങ്ങുന്ന
നിഴലുകളുടെ നെടുവീര്‍പ്പുകള്‍

അതുകൊണ്ട്
പ്രിയ ബുദ്ധൻ ....മടങ്ങി പോകുക
 മോക്ഷം കിട്ടിയോര്‍ക്കല്ല മോക്ഷം വേണ്ടൂ 
അങ്ങേയ്ക്ക് തെറ്റിയിരിക്കുന്നു...
ഇനിയൊരു ദിക്കില്‍ നിന്ന്
ആരും വരേണ്ടതില്ലാത്തവരിലേയ്ക്ക്
ഇനിയൊരു നക്ഷത്രം
വഴി കാട്ടേണ്ടതില്ലാത്തവരിലേയ്ക്ക്
വഴി തെറ്റി വന്നതാണ് നിങ്ങള്‍
ഞങ്ങളെന്നേ നിര്‍വ്വാണം പ്രാപിച്ചവര്‍..!

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കാലമാപിനി

കാലം
സർവ്വചരാചരങ്ങൾക്കുമായി
ഭാഗിക്കപ്പെട്ടിരിക്കുന്നു.
കാലമാപിനികൾ മുതുകിൽ പേറുന്നു
സ്ഥാവരജംഗമങ്ങൾ.
ഒരു മാപിനി നിലയ്ക്കുമ്പോൾ
ഒരു തുള്ളി കാലം
ഭ്രമണം തെറ്റി വീഴുന്നു .
അപ്പോൾ
നക്ഷത്രങ്ങൾ തിളങ്ങാത്ത
ചന്ദ്രപ്രഭ തെളിയാത്ത
ചീവിടുകൾ കരയാത്ത
രാത്രി ആഗതമാകുന്നു.
കാലത്തിന്റെ കാൽപാടുകൾ നോക്കി
പിറകെ വരുന്നവരെ
മരിച്ചവർ എന്ന് അടയാളപ്പെടുത്തുന്നു

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

നിങ്ങളൊക്കെ മരിച്ചവരോ...

പകലാണെന്നു സമയം ആണയിടുന്നു
വെളിച്ചമൊട്ടു കാണാനില്ല താനും
സൂര്യനെ ആരോ മറച്ചിരിക്കുന്നു
പകലിനെ കടത്തിക്കൊണ്ടു പോയിരിക്കുന്നു.
മഹാന്ധകാര പ്രളയം..!
പുഴുക്കുകാറ്റിനു ശവഗന്ധം
സ്വാസ്ഥ്യം പടിയിറങ്ങിപ്പോയ വഴികളിലൂടെ
കൊമ്പുകുലുക്കി കേറിവരുന്നു ഭയങ്ങൾ.
സത്യത്തിന്റെ ചുടലപ്പറമ്പിൽ
നുണകളുടെ പട്ടാഭിഷേകം.
ഞാൻ നടക്കുന്നത്...അതോ നീന്തുകയാണോ,
ചോരപ്പുഴയിലൂടെയാണ്
അതിൽ എന്റെ ചോരയുണ്ട്...
ദിഗന്തങ്ങളെ  നടുക്കുന്ന നിലവിളികൾ
അതിൽ എന്റെ നിലവിളിയുണ്ട്...
എനിക്കറിയാനാവുന്നില്ല
നിങ്ങളൊക്കെ മരിച്ചവരോ
അതോ,ഉറങ്ങുന്നവരോ....
ഇനി,ഞാൻ മരിച്ചവനെന്നു വരുമോ..!

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

യാത്ര

ഒടുവിൽ
ശബ്ദത്തിനു പ്രവേശനമില്ലാത്ത
മൗനമുറഞ്ഞു മലകളായ
ഏതോ തീരത്തിലെത്തി നിൽക്കുന്നു ഞാൻ...
തിരിഞ്ഞു നോക്കാനാകുന്നുണ്ട്
തിരിച്ചു പോകാനാകുന്നില്ല
വഴികൾ നരച്ചു കിടക്കുന്നു പിന്നിൽ ...

ഓർത്തെടുക്കാനാകുന്നുണ്ട്:
മഞ്ഞിച്ചു  പോയ ചിത്രങ്ങൾ
നാക്കിലേയ്ക്ക് ഇറ്റിറ്റുവീണ തേൻത്തുള്ളികൾ
നീട്ടപ്പെട്ട സുഗന്ധികൾ
കണ്ണീർ തുടച്ച കരുതലുകൾ

ഓർത്തെടുക്കാനാകുന്നുണ്ട്:
ചിരിയിട്ടു മൂടിവെച്ച ചതിക്കുഴികൾ
ചതിയിട്ടു വറത്തു തന്ന വിഷക്കായകൾ
തലോടാൻ വന്നു
തലയറുക്കാൻ തക്കം പാർത്ത വാത്സല്യങ്ങൾ
വിഷവിത്തു പാകി
ഭയം മുളപ്പിച്ച ദീപസ്തംഭങ്ങൾ

അയാൾ,എല്ലായിടത്തും ഉണ്ടായിരുന്നു
അദൃശ്യനെങ്കിലും സാന്നിദ്ധ്യമറിഞ്ഞിരുന്നു
മാടി വിളിച്ചപ്പോഴൊക്കെ
ഓടിയൊളിക്കുകയായിരുന്നു

ഒടുവിൽ
ശബ്ദത്തിനു പ്രവേശനമില്ലാത്ത
മൗനമുറഞ്ഞു മലകളായ
ഏതോ തീരത്തിലെത്തി നിൽക്കുന്നു ഞാൻ...
അയാൾ എനിക്കു ദൃശ്യപ്പെടുന്നു
അയാളിലേക്കുള്ള
നീണ്ട യാത്രയിലായിരുന്നു  ഞാൻ...

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

അപ്പനും മകനും

കാലു കയക്കുന്നടാ മകനേ... 
നടന്നു തളര്‍ന്നു അപ്പന്‍.
നടക്കൂ പതുക്കേ...നീ ചെറുപ്പം,
ഇരുമ്പു കരിമ്പാക്കും പ്രായം.
വാടിയ രക്തമൊഴുകുന്ന
ഈ പഴങ്കൂടിന്റെ
അലകും തട്ടും വേറിട്ടു പോയ്‌.
വിണ്ട ഉപ്പൂറ്റികളില്‍    
പൊടിയുന്നു രക്തം.
പിന്നിട്ട പാതകളില്‍
യാതനയുടെ ചോരപ്പാടുകള്‍.
വേര്‍പ്പിന്റെയുപ്പു പുരണ്ടൊരു ജീവിതം   
കിടക്കുന്നു പിന്നില്‍ മാറാലയും മൂടി.  
കല്ലിലും മുള്ളിലുമെത്ര നടന്നതാ പണ്ട്...
തോറ്റു പോയിട്ടുണ്ട് കരിമ്പാറകള്‍ .
വെയിലുമ്മ വെച്ചു കറുത്തു ദേഹം
മണ്ണുമ്മ വെച്ചു തേഞ്ഞു പാദം
കാമിനിയായിരുന്നു അവള്‍ 
പ്രണയോപഹാരമായവള്‍ തന്ന അന്നം
മൂക്കുമുട്ടെ തിന്നു കൊഴുത്തു മക്കളഞ്ചാറെണ്ണം.
ചെളി പുരണ്ടു ചുളിഞ്ഞ ജീവിതം
വെയിലില്‍ വിയര്‍ത്തു വെന്ത കിനാക്കളോടൊപ്പം
ജരാനരകളുടെ കൂട്ടിലടച്ചു കാലം...
ചിറകു മുളച്ചവര്‍ മുളച്ചവര്‍
നന്ദികേടിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍
അവസാന സന്തതി,നീ മാത്രം കൂടെ നിന്നു.
ഊറ്റി കഴിഞ്ഞിരിക്കുന്നു
വിയര്‍പ്പിന്റെ അവസാന തുള്ളിയും.
നന്ദിയുണ്ട് മകനേ...നീയിറങ്ങിയില്ല.
പകരം ഞാന്‍ ....
അപ്പന്റെ നല്ലപ്പം കാലത്ത്
കെറുവിച്ചൊരു പോക്കു പോയതാ
നിന്റെ അമ്മ; വരാത്ത പോക്ക്.
മനം നൊന്തു കാലിടറിയപ്പോള്‍
കുത്തിപ്പിടിച്ചിരുന്ന ഊന്നുവടി
ഒളിപ്പിച്ചു വെച്ചു കോമാളി കാലം.
തനിച്ചായിരുന്നു പിന്നീട്...ഇനിയും
മകനേ..കൂടെവന്നു കായം തളര്‍ത്തേണ്ടാ..
കുറച്ചൂടെ നടന്നാല്‍ കിട്ടും ബസ്സ്‌.
വയസ്സന്മാരെ കൂട്ടിയിട്ടേക്കണ
പൊരേന്റെ അഡ്രസ്സ് താ....
ഉമ്മറക്കസേരയില്‍ ചടഞ്ഞിരുന്ന ചുമ
ഓര്‍മ്മകളായി വന്നു കുത്താതിരിക്കട്ടേ...
മഞ്ഞിലകള്‍ ചൂടി
മുറ്റത്തെന്നെ മാത്രം കാത്തിരിക്കുന്ന മാവിന്‍റെയും 
ഉമ്മറത്തിണ്ണയില്‍ വാലാട്ടി കിടക്കാറള്ള നന്ദിയുടേയും
ഓര്‍മ്മകളിലെ വിരുന്നുകാരനാകും ഞാന്‍.
ശൂന്യതയിലേയ്ക്കെറിഞ്ഞു കളിക്കാന്‍
നെടുവീര്‍പ്പുകളെമ്പാടും
അപ്പന്നു കൂട്ടായുണ്ടല്ലോ...

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ആത്മശകടം

കാത്തിരിപ്പിന്റെയീ താവളത്തില്‍
അണയാന്‍ തുടങ്ങും വിളക്കിന്‍ കീഴെ
നിഴലും വെളിച്ചവും വാശിയാലേ
തുടരുന്നു ചതുരംഗക്കളി മത്സരം

കാത്തിരിപ്പിന്റെയീ താവളത്തില്‍
കരളിൽക്കിനാവിൻ തുടിപ്പുമായി
കണ്ണിൽ പ്രതീക്ഷതൻ നാളവുമായ്
കാത്തിരിപ്പാണിവർ..കാത്തിരിപ്പ് !

ബ്രഹ്മാണ്ഡപൊരുളിന്റെ ഇരുളില്‍ നിന്ന്
കാലം കടക്കാത്തുരുത്തില്‍ നിന്ന്
ശോകഹർഷത്തിന്‍  രവങ്ങളോടെ
കുതിച്ചുകൊണ്ടെത്തി,ക്കിതച്ചു നിന്നീടുന്നു
ആത്മാവിന്‍ ശകടമീ, കാത്തിരിപ്പില്‍...

ബ്രഹ്മരഹസ്യത്തിന്‍ വാതില്‍ തുറക്കുന്നി-
റങ്ങി വരുന്നു നിർദ്ദോഷമാം നിലവിളി
കാത്തിരിപ്പിന്‍ കൺകള്‍ മെല്ലേ നിറയുന്നു
ആനന്ദഹർഷമോടാനായിച്ചീടുന്നു

മറ്റൊരു വാതില്‍ തുറക്കുന്നു, കാണുന്ന
കണ്ണുകള്‍ പെയ്യുന്നു സങ്കടവർഷങ്ങൾ
പുറപ്പാടിന്നായ്‌പ്പുത്തന്‍ വസ്ത്രമണിഞ്ഞവര്‍
കേറുന്നു,പിന്നില്‍ നിലയ്ക്കാത്ത ഗദ്ഗദം

ആദി,മദ്ധ്യാന്ത,മനന്തതയ്ക്കപ്പുറം
അന്തമില്ലാത്തൊ,രനാദിപ്പൊരുള്‍,ത്തേടി
മെല്ലേ ശകടം ചലിച്ചു തുടങ്ങുന്നു...
ചൂളം വിളിച്ചു കുതിച്ചു മുന്നേറുന്നു...
സമയത്തിന്‍ തപ്തനിശ്ശൂന്യ,പഥങ്ങളില്‍ 
മായുന്നു,വിട്ടേച്ചൊരിത്തിരിയോർമ്മകൾ 

കാലം പിറകില്‍ ചലനം തുടരുന്നു
കാത്തിരിപ്പിൻക്കഥ  വീണ്ടും തുടങ്ങുന്നു
കണ്ണീരിന്‍ കർക്കിടകം  പെയ്യുന്നു,വപ്പോഴും
കനവായി ശരത്കാല സന്ധ്യതന്‍ ശോഭകള്‍ !
വന്നിറങ്ങുന്നോർക്കണിയിക്കും പൂമാല
യാത്ര പോകുന്നോർക്ക്‌  അശ്രുമാല

അപ്പോഴും തുടരുന്നു കളിമത്സരം
നിഴലും വെളിച്ചവും വാശിയാലേ...
ആപൽക്കരം തന്നെ കരുജീവിതം
ചതുരംഗപ്പലകതൻ  ബന്ധനത്തിൽ..!
അതു തന്നെ ജീവിതം മധുരമാക്കും
കരു തന്റെ ജീവിതം ധന്യമാക്കും !!
**************************
കെ ടി എ ഷുക്കൂർ മമ്പാട്

2016, ജൂലൈ 31, ഞായറാഴ്‌ച

ലില്ലിപ്പൂക്കളെ സ്നേഹിച്ച പെൺകുട്ടി

4 pm ന്യൂസിന്റെ സസ്നേഹം ആഴ്ചപ്പതിപ്പിൽ വന്ന കഥ





പ്രവാസിക്കു മാത്രം മനസ്സിലാകുന്ന ആർദ്രവും,ശോകമൂകവുമായ താളമുണ്ട് രാത്രികൾക്ക് .
ജീവന്റെ പച്ച ഞരമ്പുകളിലൂടെ ഇഴയുന്ന പുഴുക്കു നീറ്റലുകൾ കടന്നു വരാറുള്ള ചില രാത്രികളിൽ വിളിപാടകലെ നിന്ന് കൊഞ്ഞനം കുത്താറുണ്ട് ഉറക്കം.
എത്തും പിടിയുമില്ലാത്ത ചിന്തകളുടെ ഏകാന്ത തുരുത്തുകളിലൂടെ തനിയെ നടന്നപ്പോൾ സമയബോധം തട്ടിയുണർത്തി .
രാത്രി രണ്ടു മണി .
ഇനിയും ഉറങ്ങിയില്ലെങ്കിൽ ....രാവിലെ ആറു മണിയ്ക്ക് എഴുന്നേൽക്കാനുള്ളതാണ്.
പുറത്തു നിഗൂഢവൃത്താന്തവുമായി ഒരു പൊടിക്കാറ്റ് അലഞ്ഞു നടപ്പുണ്ട് ..
ബ്ലാങ്കെറ്റു കൊണ്ട് മൂടി,മെല്ലെ കണ്ണടച്ചു ,ഉറക്കത്തെ മാത്രം ധ്യാനിച്ച്‌ കിടന്നപ്പോൾ മൊബൈൽ റിംഗ് ചെയ്യുന്നു ..
കിടന്നു കൊണ്ട് തന്നെ ഞാൻ മൊബൈൽ എടുത്തു .
'ഹലോ ,ആരാണ്' ?
'ഞാനാണ്, മിലാന '
ഈ രാത്രിയിൽ മിലാന എന്തിനു വിളിക്കുന്നു .ഇവൾക്കും ഉറക്കമില്ലേ..!എനിക്കു ജിജ്ഞാസയായി .
'എന്താണ് മിലാന കാര്യം ?'
'നാളെ....നാളെ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകില്ല ! '
പതറിയ ശബ്ദത്തോടെ മൊബൈൽ നിലയ്ക്കുന്നു .
അതിന്റെ ഒരായിരം പ്രതിദ്ധ്വനികൾ എന്റെ കൊച്ചു മുറിയിൽ അലയടിക്കുന്നു.
ഞാൻ തരിച്ചിരുന്നു .ആദ്യമായിട്ടാണ് അവളിൽ നിന്ന് ഇങ്ങനെ .ഇവൾക്കു ഇതെന്തു പറ്റി ?
മരുഭൂമിയിലെ ആദ്യ നാളുകള്‍.
വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍ .അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും ,ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് അവളെ കണ്ടു മുട്ടാന്‍ ഇടയാക്കിയതും .പതിയെ വളർന്നു വന്ന ഒരു സൌഹൃദം എത്ര പെട്ടന്നാണ് വേരോടിയതും ,സൌഹൃദത്തിന്റെ അദൃശ്യ നൂലുകളാല്‍ ആത്മാക്കള്‍ ബന്ധനത്തിലായതും ..
പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ് നമ്പറും ,ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും അവൾ കൈക്കലാക്കി . അത്ര വിശ്വാസമായിരുന്നല്ലോ അവളെ .
ഫോണ്‍ വിളികള്‍ ,ഇ മെയില്‍ സന്ദേശങ്ങള്‍-വിലക്കിയിരുന്നു ഞാന്‍ പലപ്പോഴും .ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍.നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍ .അവൾക്കു നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന യൂറോയുടെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോഴൊക്കെ അവൾ പറയുമായിരുന്നു : ‘ ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശെന്നും, അല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണെന്നും ‘ .നാളെകളെക്കുറിച്ചുള്ള ചിന്തകളല്ല;കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചായിരുന്നു അവളുടെ വേവലാതി മുഴുവന്‍ .ആയുസ്സില്‍ നിന്നും തുള്ളിത്തെറിച്ചുക്കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍..അന്യമാകുന്ന നിമിഷങ്ങളെ സ്നേഹിച്ചവള്‍ ...
ലില്ലി താഴ് വാരങ്ങളിലൂടെ വട്ടമിട്ടു പറന്നുക്കൊണ്ടിരുന്ന ഒരു പൂമ്പാറ്റയായിരുന്നു അവൾ .പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക.പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മോള്‍ .മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന..ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന..പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന ...കവിത ഇഷ്ടപ്പെട്ടിരുന്ന ... വിശേഷണങ്ങൾ ഏറെ .
ഓർമ്മകളുടെ ശാദ്വല തീരങ്ങളെ നിത്യശ്യാമളമാക്കുന്ന സൌഹൃദപ്പൊൻപ്പൂക്കൾ ആവോളം വിരിയിച്ചെടുത്തു ഞങ്ങൾ .
ദേശഭാഷകൾക്കതീതമായി,ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേയ്ക്ക് പടർന്ന ഈ ദിവ്യവികാരത്തിന്റെ തിരുശേഷിപ്പുകൾ മായ്ക്കുവാൻ കാലമേറെ കഷ്ടപ്പെടാതിരിക്കില്ല !
എല്ലാം പറഞ്ഞിരുന്നു അവൾ .പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും, പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ .അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ-കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളർന്നത് . ഉക്രെയിന്‍-ബലാറസ് അതിർത്തിയിലെ ചെർണോബിൽ ആണവ റിയാക്ടര്‍ ചോർന്നപ്പോൾ ,വളരെയേറെ കിലോമീറ്ററുകൾക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും , ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു .
ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു .പപ്പയുടെയും മമ്മിയുടെയും കരളുരുകിയുള്ള പ്രാർത്ഥനയാകണം അവൾ തിരിച്ചു വരിക തന്നെ ചെയ്തു .
പപ്പ റഷ്യൻ പട്ടാളത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍ ,പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ 4 നു ലിത്വാനിയ സ്വതന്ത്ര റിപബ്ലിക് ആയി .
ഒരിക്കല്‍, താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു അവൾ .അതിന്റെ ഭാരം താങ്ങാനാകാതെ പതറി പോയി ഞാൻ . ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു അവൾ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത് .മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു ! വർഷങ്ങളായി ശരീരം കാർന്നു തിന്നുക്കൊണ്ടിരിക്കുന്ന ലൂക്കേമിയ .ആശുപത്രികള്‍ ...മരുന്നുകള്‍...ടെസ്റ്റുകള്‍ ...രക്തം ഇടയ്ക്കിടെ മാറ്റണം .
ദൈവമേ,ഞാനെന്താണ് കേട്ടത് !.ഒരു പൂത്തുമ്പിയായി ലില്ലി താഴ് വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച ,കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു .അസ്തപ്രജ്ഞനായി ഞാന്‍ .ഉറങ്ങാത്ത രാത്രികള്‍ .ഉണർവിൽ അനുഭവിക്കുന്ന തീവ്രവേദനകൾ .വയ്യ ...താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വെളിപ്പെടുത്തൽ .
ഇപ്പോഴിതാ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു ഫോണ്‍ ചെയ്തിരിക്കുന്നു .
ഞാൻ അവളുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .
മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു !
നിശ്ചലം ..സകലതും നിശ്ചലമായതു പോലെ .
ഞാൻ പുറത്തിറങ്ങി .വിജനമായ തെരുവ്.
മിലാനാ..നീയില്ലാത്ത ഭൂമിയാണോ ഈ കറങ്ങി കൊണ്ടിരിക്കുന്നത് ..
നീയില്ലാത്തൊരു പ്രഭാതത്തിലേയ്ക്കാണോ രാത്രി നടന്നു നീങ്ങുന്നത് ...
ഈ രാത്രിയില്‍
ആകാശപ്പരപ്പില്‍ കാണുന്ന ഏകാന്ത നക്ഷത്രം അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണ് .
കാറ്റു കൊണ്ടു വരുന്ന പൂക്കളുടെ ഗന്ധം ലില്ലിപ്പൂക്കളുടേതാണെന്നു ഞാന്‍ തിരിച്ചറിയുന്നു...
********************************************
കെ ടി എ ഷുക്കൂർ മമ്പാട്

അക്ഷരപ്പാറ്റകൾ

വെളിച്ചം തേടി പുറപ്പെട്ട
അക്ഷരപ്പാറ്റകൾ
ഘനാന്ധകാരത്തിനെതിരെ
കൊളുത്തി വെച്ച വിളക്കിൻ
ചൂടിൽ വെന്തു കരിയുന്നു.
വഴി കാട്ടി തന്ന വെളിച്ചം
കരിച്ചു കളഞ്ഞതിന്റെ യുക്തിയറിയാതെ
അക്ഷരപ്പാറ്റകളുടെ ആത്മാവുകൾ
*************************************
കെ ടി എ ഷുക്കൂർ മമ്പാട്

ചോരക്കൊതി


കഞ്ചൻ ചുരുട്ടും ചെറുകയ്യുകളേ
പേറുക വന്നീ കുന്തങ്ങൾ
കുത്തിക്കീറുക കുടൽമാലകളും
ചങ്കും കരളും കാമനയും

ചത്തവൻ തന്നുടെ കൊച്ചുകുടുംബം
തെണ്ടിത്തെണ്ടി നടക്കട്ടേ
കണ്ണീരു പോലും വറ്റിയ കൺകളിൽ
ആധികൾ വന്നു പെരുക്കട്ടേ
************************************
കെ ടി എ ഷുക്കൂർ മമ്പാട്

ജീവിതം

ഏറെക്കരഞ്ഞും ചിരിച്ചും മറിക്കുന്നു
ജീവിതമാകുമിപ്പുസ്തകത്താൾ
സന്തോഷസന്താപങ്ങൾ ദിനരാത്രങ്ങൾ,
ഏറെയും പിന്നിട്ടീ വായന ഞാൻ

ചോദ്യങ്ങൾ .....


എല്ലാവർക്കുമായി തുല്യം ചാർത്തി തന്നതിൽ
രക്തച്ചാലുകൾ കൊണ്ടു അതിർ വരച്ചു
നിന്റെ മനസ്സുപോലെ ഇടുക്കിക്കളഞ്ഞില്ലേ ?
അതിരുകൾ മായിച്ചു,അഹന്തകൾ വെടിഞ്ഞു
അതിരില്ലാവാനിൽ പറക്കുന്ന പക്ഷികളിൽ
നിനക്കു പഠിക്കാൻ പാഠങ്ങളില്ലന്നോ ?
ഉത്ഥാനപതനങ്ങൾ
ചോര കൊണ്ടു വരച്ചെടുത്തവർ
വെറും അക്ഷരങ്ങളായി ഒടുങ്ങിയില്ലേ ?
നാമത്തിനു പിറകിൽ മഹാൻപട്ടം
ചാർത്തി കൊടുക്കപ്പെട്ടവരെ
(സ്വയം എടുത്തണിഞ്ഞവരെ)
മണ്ണും കാലവും തിന്നുതീർത്തില്ലേ ?
സംസ്കാരങ്ങളുടെ പറുദീസകളിലും
ഭൂമിയിലെ സ്വർഗ്ഗത്തിലും
ദൈവത്തിന്റെ സ്വന്തം നാട്ടിലും
ശവഗന്ധം വമിപ്പിക്കാത്ത കാറ്റുണ്ടോ ?
ബഹുവർണ്ണ പൂക്കളാണ്
ഉദ്യാനത്തിന്റെ ഭംഗിയെന്ന് ഉദ്ഘോഷിച്ചു
അതു തല്ലിക്കൊഴിക്കാനെത്തുന്ന കറുത്ത കരങ്ങളേ
ഉദ്യാനനിലവിളികൾ നിന്റെ ഉറക്കം കെടുത്തുന്നില്ലേ ?
സൃഷ്ടാവിനെ സ്മരിച്ചു
സൃഷ്ടികളെ അറിയുന്നതാണ് പ്രാർത്ഥനയെങ്കിൽ
കപടമന്ത്രങ്ങളുടെ ഇരുളിൽ തിരയുന്നതെന്തു നീ ?
ശൂന്യതയിലൂടെ കുതിക്കുന്ന കൊച്ചു ഗോളത്തിൽ
ജീവൽനദിയുടെ സ്നേഹഭാഷയിൽ
വിദ്വേഷവെറുപ്പുകളുടെ വിഷം കലർത്തിയവരേ
ഇത്തിരി നേരത്തെ സ്വാസ്ഥ്യം കെടുത്തുന്നവരേ
ദൈവപക്ഷമാണോ നിങ്ങൾ ?
മനുഷ്യപക്ഷമാണോ നിങ്ങൾ ?

പുളിങ്കുരു


മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ.
വീടിന്നു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

സ്ക്കൂളിലേയ്ക്കെന്നും
ചുട്ട പുളിങ്കുരുവുമായി വന്നു ആമിന.
അതോണ്ട്,കുട്ട്യേളൊക്കെ ഓളെ
പുളിങ്കുരൂന്നു വിളിച്ചു.
ഇന്ദ്രങ്കുടിയാന്ന് ഓള് തിരിച്ചു വിളിക്കും
ഞാൻ മാത്രം ഓളെ
പുളിയാമിനാന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.
ചെക്കന് മാഞ്ഞാളം കൂടുന്നുണ്ടെന്ന
ഓളെ പരാതിക്കിടയിൽ
വട്ടക്കണ്ണുകളിൽ അസർമുല്ല പൂത്തിരുന്നു
കബഡിക്കളിയ്‌ക്കിടയിൽ
ഓളെ പുള്ളിപ്പാവാട കീറി
വെള്ളത്തുട കണ്ടു
കുട്ട്യേളൊക്കെ ചിരിച്ചപ്പോൾ
എനിക്കു മാത്രം കരച്ചിൽ വന്നു.
ന്റെ എയ്‌ത്തും പഠിപ്പൂം ക്ക്യേ
നിന്നൂന്ന് ഓള് കാതിൽ വന്നു
സങ്കടം പറഞ്ഞപ്പോൾ
ഇല്ലാത്ത കരട് ചാടിയ കണ്ണിൽ
വെറുതെ തിരുമ്മിക്കൊണ്ടിരുന്നു ഞാൻ
രണ്ടു നേരം കഞ്ഞീം മൊളക് ചുട്ടരച്ചതും കൂട്ടി
ജീവിച്ചു പോണ ഓൾടെ
കിനാവിൽ പോലും മറ്റൊരു പാവാടയില്ല.
ബാപ്പ വയനാട്ടിൽ നിന്നൂം പണീം കഴിഞ്ഞു
മാസത്തിൽ ഒരിക്കൽ വരുമ്പോൾ
ഓൾടെ കുടീല് ബല്ല്യപ്പെരുന്നാൾ ആകും
പിന്നെ ആമിന സ്‌കൂളിൽ വന്നില്ല
കുട്ട്യേളൊക്കെ ഓളെ മറന്നു തുടങ്ങി
ഓല് പൊരേം വിറ്റു വായനാട്ടീ പോയീന്നു കേട്ടു
മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ
വീടിനു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

അഴുക്ക്

കെട്ടിക്കിടന്നു അഴുകി നമ്മൾ
മടുപ്പിൽക്കിടന്നു വെന്തു നമ്മൾ
തുറന്നു വിട്ടിരുന്നെങ്കിൽ....
കാണാത്തീരങ്ങളും കണ്ട്
കേൾക്കാസ്വരങ്ങളും കേട്ട്
ഒഴുകിയൊഴുകി ........

ആശ്വാസം


ബോധോദയങ്ങൾ


മറ്റാരുടേയോ ആയിരിക്കെ
നീയും ഞാനും
നമ്മുക്കു സ്വന്തമല്ല
നീ കണ്ടത് മഴവില്ല്
അത് അവർക്കു വിട്ടുകൊടുക്കുക
വരൂ...
പ്രതിഭാസങ്ങളോട് വിട പറയാം...
ഉൾക്കാഴ്ചയുടെ ചൂട്ടും മിന്നിച്ചു നടക്കുമ്പോൾ
ദൈവത്തിന്റെ കണ്ണുകൾ കണ്ടെത്തിയേക്കാം
അപ്പോൾ
വിഭാത സൂര്യരശ്മികൾ
ഹിമഗിരി ശൃംഗങ്ങളിൽ
ഒരിക്കലും മായാത്ത
സുവർണ്ണ ദീപ്തികൾ പരത്തിയേക്കാം
അങ്ങനെ
ദൈവഹൃദയത്തിലെ മണിയറയിൽ ഇരുന്ന്
നമ്മുക്കു പ്രണയത്തെ വാഴ്ത്താം....

വെളിപാടുപുസ്തകം


കരളിലിത്തിരി തെളിനീരും
നിലാമിനുപ്പും ബാക്കിയാക്കി
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
കലങ്ങി മറിഞ്ഞൊഴുകുന്നു
ഘോരവേദനാ പുളച്ചിലുകൾ

ഫണം വിടർത്തിയ മരുദാഹം
ദംശിക്കുമെന്ന സന്ദേഹമിരിക്കിലും
ജപമന്ത്രണക്കരുത്തേകിയ കുതിപ്പിൽ
അവ്യക്തമാമൊരു സ്വപ്നത്തിലേയ്ക്കൊഴുകുന്നു...
അലക്കൈകൾ നീട്ടി ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടലെന്ന്
പ്രജ്ഞയുടെ വെളിപാടുപുസ്തകം

നീയും ഞാനും

നീയൊരു പുഴയാകും കാലത്ത്
ഞാനൊരു കടലായി കാത്തിരിക്കും
നീയൊരു മരമാകും കാലത്ത്
ഞാനൊരു കിളിയായ് പറന്നു വരും
നീയൊരു പൂവാകും നേരത്ത്
ഞാനൊരു വണ്ടായി തേടിവരും
നീ കുളിർക്കാറ്റാകും നേരത്ത്
ഞാൻ നിലാപെയ്‌ത്തായിറങ്ങി വരും
നീ മണ്ണിൻ മണിയറ തന്നിൽ മയങ്ങുമ്പോൾ
ഒരു നൽച്ചെടിയായരികത്തു നിൽക്കും ഞാൻ
ചെറുകാറ്റൊന്നു കടംകൊള്ളും ഞാൻ പിന്നെ
വിശറിയായ് വീശും നിൻ മേലെയെന്നെന്നും...

അനുധാവനം

ഒരു വൃത്തത്തിലെ
ഒരിക്കലും പിന്തിരിഞ്ഞു നോക്കാത്ത
പരസ്പരം പിന്തുടരുന്ന
സഞ്ചാരികളായിരുന്നിരിക്കണം നമ്മൾ

സ്നേഹമാണെന്നു കരുതി
അന്യമായതിനെ പിന്തുടർന്നു
മരണവുമായി ചതുരംഗക്കളിയിൽ
ഏർപ്പെട്ട മൂഢത്വവും
മൃത്യവിന്റെ കളത്തിൽ വെച്ചു പോലും
തിരിച്ചറിയപ്പെടാതെ പോകുന്ന
സ്നേഹഭ്രമണങ്ങളും
ജീവിതദുരന്തങ്ങളുടെ
ചുവന്ന പട്ടികയിൽ ...
മതിയായി
വൃത്തത്തിൽ നിന്ന് പുറത്തു കടക്കൂ
ഇനി നഷ്ടപ്പെടാൻ വയ്യ
കൈകൾ കോർത്തൊരുമിച്ചു നടക്കാം.

2016, ജൂൺ 28, ചൊവ്വാഴ്ച

ലോകാവസാനം

ഒടുവിൽ
നടന്നു തളരുമ്പോൾ
ഇരുണ്ട ഗർത്തം മാത്രം
ദൃഷ്ടികേന്ദ്രത്തിൽ തെളിയുന്നു.
ഈ യാത്ര ഇവിടെ തീർന്നെന്ന്
ഞാൻ വിളംബരം ചെയ്യുന്നു.
വഴിയിൽ മുള്ളു വിതറിയവരും
അന്നത്തിൽ വിഷം ചേർത്തവരും
അപദാനങ്ങൾ വാഴ്ത്തുന്നു.
മുറിവിൽ മുളകുതേച്ചു
രസിച്ചവരുടെ ചകോരക്കണ്ണുകൾ
സജ്ജലങ്ങളാകുന്നു.
മനസ്സിൽ തൃപ്തിവരാതെ കിടക്കുന്ന
പ്രമാണത്തിന്റെ
വെട്ടിത്തിരുത്തലുകൾക്കിടയിലും
ചിലർ പുറമേ  കരയുന്നു
അകമേ ചിരിക്കുന്നു...
ഞാനെന്ന കുന്നോളം  ഓർമ്മകളെ
വെള്ളയിൽ പൊതിഞ്ഞെടുക്കുമ്പോൾ
ഒരാൾക്കു മാത്രം
ലോകം അവസാനിച്ചതായി തോന്നുന്നു .

2016, ജൂൺ 19, ഞായറാഴ്‌ച

മഴ സ്വപ്നമാണ്


വരണ്ടൊരു വികൃതിക്കാറ്റ്
അവളുടെ വസ്ത്രങ്ങൾ
തട്ടിപ്പറിച്ചോടുന്നു

നഗ്നമായ ഉടലുകൾ നീർത്തി
കുളിർച്ചുംബനം കൊതിച്ച്
അവൾ മയങ്ങുന്നു

കടലിനെ കറന്നെടുത്ത്
സ്നേഹാമൃതിൽ മുക്കി
ഊഷരമായ ഉടൽപ്പെരുക്കങ്ങളിലേയ്ക്ക്
ആകാശം പാഞ്ഞിറങ്ങുന്നതായി
അവൾ സ്വപ്നം കാണുന്നു.

പരിരംഭണത്തിനൊടുവിൽ
നിർവൃതിയുടെ സ്ഖലനം
അനുഭൂതിയുടെ മഴവിൽപ്പിറവി

മഴ സ്വപ്നമാണ്
കടലറിയാത്ത
ആകാശമറിയാത്ത
ഭൂമിയുടെ സ്വപ്നം

2016, ജൂൺ 15, ബുധനാഴ്‌ച

പുരാവസ്തു ഗവേഷണം

ചിന്തയിലെ തെളിനീർ
മാലിന്യപൂരിതം
വാക്കിലെ സത്യം
അണുബാധിതം
പ്രവൃത്തിയിലെ വിശുദ്ധി
രോഗപീഡിതം

ആകണമെനിക്ക്
പുരാവസ്തു ഗവേഷകൻ
കണ്ടെത്തണം
സത്യത്തിന്റെ ഫോസിലുകൾ
അറിയണം
അത്,മണ്ണിന്റെ ഏതടരിൽ
എത്ര ആഴത്തിൽ
ഏതു കാലത്തിൽ
ഒന്നിനുമല്ല
ഇവിടെ സത്യമുണ്ടായിരുന്നതിന്
തെളിവുകളുണ്ടെന്ന്
എന്നെയൊന്നു ബോധ്യപ്പെടുത്തണം

2016, മേയ് 30, തിങ്കളാഴ്‌ച

ഭ്രാന്ത്...

ഹരിശ്രീ' കവിതാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കവിത .


ചില ഭ്രാന്തുകൾ ഗതികേടുകളാണ്

മാനവും കൊത്തി അവൻ പറന്നപ്പോൾ
മാവിൽ കെട്ടിത്തൂങ്ങിയവൾക്ക് ഭ്രാന്തെന്ന്
മാനാഭിമാനികളുടെ നാട്ടുചർച്ചകൾ

വിശപ്പ്‌ തീണ്ടി ചത്തവർക്ക് ഭ്രാന്തെന്ന്
'വിശപ്പി'ല്ലാ നിഘണ്ടു ചുമക്കുന്നവർ

ചില ഭ്രാന്തുകൾ കരുതലുകളാണ്

കൂടെയുരുകിയ,വെറ്റിലച്ചുവയുള്ള നെടുവീർപ്പുകൾക്ക്
പുരയിടോം പറമ്പും തീറെഴുതിവെച്ച്,
മുറ്റത്തെ മാവും മുറിച്ചോണ്ട്,
ഉമ്മറക്കസേരയിലിരുന്ന ചുമ പോയപ്പോൾ
വേർപ്പിന്റെയുപ്പിൽ വിരിഞ്ഞവർ പ്രാകി-ഭ്രാന്തൻ

ഇറുത്തു മാറ്റിയ പച്ചത്തുടിപ്പുകൾ
നാക്കുനീട്ടി തിരിച്ചുവരുമെന്ന് പറഞ്ഞ ഭ്രാന്തൻ,
വറ്റിയ തൊണ്ടക്കുഴികളും ഒഴിഞ്ഞ കുടങ്ങളുമായി
തെക്കുവടക്ക് പായുന്നവരെക്കണ്ടു മുഴുഭ്രാന്തനായി

ചില ഭ്രാന്തുകൾ വിപ്ലവങ്ങളാണ്

ഇരുട്ടുവിഴുങ്ങിയ പ്രാക്തനവഴികളെ വെടിഞ്ഞ്
നവ രജതസഞ്ചാരപഥങ്ങൾ വെട്ടിത്തുറന്ന്
പ്രചണ്ഡവാതങ്ങളെ തടഞ്ഞു നിർത്തി
കാലഗഹ്വരങ്ങളിൽ പതിയിരിക്കുന്ന
ഘനാന്ധകാരത്തെക്കുറിച്ച് താക്കീതേകി
ദിഗ്വിജയം മുഴക്കി...തേർതെളിച്ചങ്ങനെ...

ഭ്രാന്ത് വരമാണ്;ഭ്രാന്തൻ പുണ്യാത്മാവും.!
********************************************
കെ ടി എ ഷുക്കൂർ മമ്പാട്

കൈസുത്തയുടെ പൂച്ച

സസ്നേഹം ആഴ്ചപ്പതിപ്പ്


നേരം വെളുത്തു വരുന്നതേയുള്ളൂ .വൈക്കോൽകൊണ്ടു മേഞ്ഞ മേൽക്കൂരയിൽ എലികളും അണ്ണാറക്കണ്ണന്മാരും ഉണ്ടാക്കിയ പഴുതുകളിലൂടെ ചില നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കുന്നുണ്ട് .ഒപ്പം,കുളിർക്കാറ്റ് അരിച്ചിറങ്ങുന്നുണ്ട് .
ജന്മനാ സ്വാധീനമില്ലാത്ത ഇടതുകാൽ മടക്കി വെച്ച്,വളരെ പ്രയാസപ്പെട്ടു എണീറ്റിരുന്നു കൈസുത്ത .അവർക്കെന്നും വലതുകാൽ കൊണ്ടുള്ള സർക്കസ്സായിരുന്നല്ലോ ജീവിതം ! വാപൊളിച്ചു വിഴുങ്ങാൻ വന്ന ജീവിതത്തെ ഒറ്റക്കാലിൽ നിന്ന് നേരിട്ട ഒരു സ്ത്രീയുടെ ചരിത്രം കൂടിയാണ് അവരുടെ ജീവിതം .കൈസുത്തയുടെ തീറ്റയും കുടിയും ,കിടത്തവും, ഉറക്കവും ഒക്കെ ഒറ്റമുറിയിൽ ആയിരുന്നു .ചെവിടി മണ്ണ് കൊണ്ടു തേച്ച ചുമരും ചാണകം മെഴുകിയ അകവും .
അവർ തീപ്പെട്ടി തപ്പിയെടുത്തു വിളക്കു കത്തിച്ചു .രാത്രി എന്നും കൂട്ടു കിടക്കാറുള്ള പൂച്ചയെ വിളിച്ചുണർത്തുകയാണ് അടുത്ത പതിവ് .അതിന്നും ബന്ധങ്ങളൊന്നും ഇല്ലായിരുന്നു .പകൽ എവിടെയെങ്കിലുമൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കും .വിശപ്പിന്റെ ഉൾവിളികൾ ജീവാത്മാക്കളുടെമേൽ ശാപമായി പെയ്തിറങ്ങിയതു തൊട്ടാകണം അലച്ചിലുകളുടെ പലായനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ടാവുക .!
കൈസുത്തയുടെ ദുഃഖം മുഴുവൻ ആവാഹിച്ചെടുത്തതു കൊണ്ടാകണം മരണംപോലെ കറുപ്പായിരുന്നു പൂച്ചയ്ക്ക് ..!
കൈസുത്തയുടെ കൂടെ കിടന്നില്ലെങ്കിൽ പൂച്ചയ്ക്ക് ഉറക്കം വരുമായിരുന്നില്ല .എവിടെപ്പോയാലും വൈകുന്നേരം തിരിച്ചെത്തിയിരിക്കും .ഒരിക്കൽ മാത്രം അതു വന്നില്ല .അന്നാരോ കാൽ തല്ലിയൊടിച്ചു ഓവുചാലിൽ ഉപേക്ഷിക്കുകയായിരുന്നു .പൂച്ചയ്ക്കു കൈസുത്തയെ ജീവനായിരുന്നു .തിരിച്ചും അങ്ങനെയായിരുന്നു .തങ്ങൾ അനാഥരല്ലെന്ന് അവർക്കു തോന്നിയിരുന്നത് ഒരുമിച്ചുണ്ടായ നിമിഷങ്ങളായിരുന്നു
.ആരെങ്കിലുമൊരാളുമായി വിട്ടു പിരിയാൻ കഴിയാത്ത ആത്മബന്ധം ഉണ്ടാകുന്നത് നമ്മൾ ജീവിക്കുന്നു എന്ന് ഉറപ്പു വരുത്താനാകണം.അല്ലെങ്കിൽ നിയതിയുടെ നൂൽപാലത്തിലൂടെയുള്ള ജീവിതം എത്ര ദുഷ്കരമായേനെ...
കൈസുത്ത തിരിച്ചും മറിച്ചും നോക്കിയിട്ടും പൂച്ചയെ കാണുന്നില്ല .
വൈകിയാണെങ്കിലും എത്താറുള്ളതാണല്ലോ .മുമ്പത്തെപ്പോലെ,കണ്ണിൽച്ചോരയില്ലാതെ ആരെങ്കിലും വല്ല കടുങ്കൈയ്യും ചെയ്തോ .
' ഇന്റല്ലാഹ് ...ന്റെ കുട്ടിനെ കാണാന് ല്ലല്ലോ'
കൈസുത്തയ്ക്ക് ആധി പെരുത്തു ..കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ.അവർ വിതുമ്പി-സ്നേഹിക്കാനും ലാളിക്കാനും ആകെയൊന്നിനെയാണ് പടച്ചോൻ തന്നത് .അതും തിരിച്ചെടുത്തോ ?
മുമ്പ് പൂച്ചയെ കാണാതായ അന്ന് രാത്രി ഒരു പോള കണ്ണടച്ചിരുന്നില്ല .പിറ്റേന്നു വൈകുന്നേരം പൂച്ച ചതുക്കിച്ചതുക്കി വന്നപ്പോൾ കോരിയെടുത്തു തുരുതുരെ ഉമ്മ വെക്കുകയായിരുന്നു .
'റബ്ബിൽ ആലമിനായ തമ്പുരാനെ ... ആരേന്റ കുട്ടിനെ ങ്ങനെ ചെയ്തെ .ഓന് വെള്ളം കിട്ടാതെ ചാകും '
അന്ന് ലോകത്തെ മൊത്തം പ്രതിക്കൂട്ടിലാക്കി അവർ പ്രാകി ....
കൈസുത്തയ്ക്ക് ജീവിതം പോരാട്ടമായിരുന്നു .ഒറ്റക്കാലിൽ നിന്നു ഉശിരോടെയുള്ള പോരാട്ടം .
നിറങ്ങൾ തിരിച്ചറിയും മുമ്പ്, അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .അതും ഒറ്റക്കാലുള്ള ഒരു പെൺകുട്ടിയെ തനിച്ചാക്കിയിട്ട് ..
തുറിച്ചുനോക്കി പേടിപ്പിക്കുന്ന ജീവിതസമുദ്രം അതിന്റെ വലിയ വായ്‌ തുറന്നു മുന്നിൽ .ആരുടെയൊക്കെയോ കനിവിൽ വർണ്ണങ്ങളില്ലാതെ കൗമാരം കടന്നു പോയി .കണ്ടവന്റെയൊക്കെ അടുക്കള നിരങ്ങിയും,പാത്രം കഴുകിയും,പുരുഷഗന്ധം അറിയാതെയും യൗവനം പെയ്തു തീർന്നു .
ഇപ്പോൾ ജരാനരകളോടൊപ്പം ആധികളും വ്യാധികളും ശരീരത്തിൽ കൂടുകൂടിയിരിക്കുന്നു .എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു അവർക്ക് .ഇത്രയുംകാലം പിടിച്ചുനിന്നതല്ലേ .ഭിക്ഷാടനം അവർക്കു അന്യമായിരുന്നു .നിരങ്ങി നിരങ്ങിയെങ്കിലും ആരുടെയെങ്കിലും അടുക്കളപ്പുറത്തെത്തും .വല്ലതും ചെയ്തുകൊടുക്കും . ഇത്തിരി കഞ്ഞിയും ചക്കക്കൂട്ടാനും കടിച്ചുകൂട്ടാൻ രണ്ടു ചീരാപ്പറങ്കി മുളകും പ്രതിഫലമായി കിട്ടും.കരുണകൊണ്ട് വർഷത്തിൽ എപ്പോഴെങ്കിലും പ്രമാണിമാർ എറിഞ്ഞുകൊടുക്കുന്ന സക്കാത്തരി കൊണ്ട് എന്താവാനാണ് ...
വൈകുന്നേരം,പാതി ചിതലരിച്ചു കഴിഞ്ഞ ഉമ്മറപ്പടിയിൽ കുത്തിയിരിക്കും .മുറുക്കാൻചുവയുള്ള നെടുവീർപ്പുകൾ അന്തരീക്ഷത്തിലേയ്ക്ക് അലയടിച്ചുയരും .അപ്പോൾ അവരുടെ മുറ്റം ഒരു കോടതി മുറിയാകും .കുറ്റവാളിയായ ലോകത്തെ പ്രതിക്കൂട്ടിൽ കേറ്റിനിർത്തി വിചാരണ തുടങ്ങും .
ആ വിചാരണകളിൽ-ജന്മം കൊടുത്തവരും, സാന്ത്വനമരുളിയവരും, കണ്ണീർതുടച്ചവരും, കല്ലെറിഞ്ഞവരും ,പുച്ഛിച്ചു തള്ളിയവരും,പച്ചമാംസത്തിന്റെ രുചിയറിയാൻ വന്നു തള്ളയ്ക്കുവിളി കിട്ടി തലയിൽമുണ്ടിട്ടോടിയവരും ഒക്കെ കടന്നുവരും .
'തള്ളക്ക് പ്രാന്താണ്' എന്ന പരിഹാസമൊഴികൾ ഊടുവഴിയിലൂടെ ചൂട്ടും കത്തിച്ചു പോകും .
എന്നാൽ,ആ വിചാരണകളുടെ ന്യായാന്യായങ്ങൾ അറിയുന്ന ഒരേ ഒരു ജീവി പൂച്ചയായിരുന്നു .അത് അവരുടെ കണ്ണിൽ തന്നെ നോക്കിയിരിക്കും .ഇടയ്ക്ക്,എല്ലാം ശരിയാണ് എന്ന അർത്ഥത്തിൽ 'മ്യാവൂ' എന്ന് ശബ്ദമുണ്ടാക്കും .കൈസുത്തയുടെ കൺചലനങ്ങൾ വരെ പൂച്ചയ്ക്കു ഗ്രാഹ്യമെന്നാണ് നാട്ടുകാർ പറയുന്നത് .
കൈസുത്ത ഇടതുകയ്യിൽ വിളക്കു പിടിച്ചു ,കയർ കൊണ്ടുകെട്ടിയിട്ട മുളവാതിൽ പതുക്കെ തുറന്നു മുറ്റത്തേയ്ക്കു നോക്കി .
'ന്റ പടച്ചോനേ..പൂച്ച്യാണല്ലോ ആ കെടക്കണത്'
അവർ അടുത്തു ചെന്നു നോക്കി .പൂച്ചയ്ക്കു അനക്കമുണ്ടായിരുന്നില്ല .
'ആരാമ്മളോട് ഇച്ചതി ചെയ്തേ'
അവർ ഏങ്ങലടിച്ചു കരഞ്ഞു .'കള്ളത്തിപ്പൂച്ച' യെന്നു മുദ്രകുത്തി ആരോ തല്ലിക്കൊന്നു മുറ്റത്തു കൊണ്ടിട്ടതാകണം .
അതിനുശേഷം കൈസുത്തയുടെ ശബ്ദം ആരും കേട്ടില്ല .
പൂച്ച ചത്ത അന്നു രാത്രിയിൽ ആകാശത്ത് ഒറ്റനക്ഷത്രമേ ഉണ്ടായിരുന്നുള്ളൂ .ഇരുട്ടിന്നു കൂടുതൽ തിടം വെച്ചിരുന്നു .ദുർബലമായ ഒരു കാറ്റ് കൈസുത്തയുടെ പുര ചുറ്റിയതിന്നു ശേഷം മുളവാതിലിൽ വന്നു മുട്ടി .
കനൽവർഷങ്ങളിൽ വെന്തു പോയ തന്റെ ശരീരത്തെ ഉറക്കിക്കിടത്തി കൈസുത്ത ഇറങ്ങി നടന്നു .പൂച്ചയെത്തേടി ....
************************************************************
കെ ടി എ ഷുക്കൂർ മമ്പാട്

പേരറിയാ കവിത


2016, മേയ് 14, ശനിയാഴ്‌ച

അച്ഛൻ

കൊഞ്ചിച്ചിണുങ്ങി കൂടെക്കൂടി
അച്ഛാന്നു വിളിച്ചു കൊതിതീർന്നില്ല
ഉടുതുണി പോലും എടുക്കാതെ
ഒരു പോക്കങ്ങു വെച്ചുകൊടുത്തു അച്ഛൻ

അവിഹിതത്തിന്റെ തീപ്പുക ഉയരുന്നുണ്ടോ
എന്നു പരതുന്നതിനിടയിൽ
പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിലെ
ആമാശയ നിലവിളികൾ
ആരും കേട്ടില്ല ...

പറ്റിക്കൂടി സഹതപിച്ചവൻ
അമ്മയുടെ രണ്ടാംഭർത്താവായി വന്നപ്പോൾ
അച്ഛാന്നു വിളിക്കാൻ കൊതിച്ചതാണ്,പക്ഷേ
മോളായി കാണേണ്ടവൾക്കൊരു 
കുഞ്ഞിനെ നല്കി
അച്ഛാന്നു വിളിപ്പിക്കാനാനുള്ള
അയാളുടെ ആഗ്രഹത്തെ
പിച്ചാത്തിമുനയിൽ തീർത്തു കൊടുത്തുപ്പോൾ
എവിടെയോ  കണ്ണടച്ചിരുന്ന നിയമം
ഓടിവന്നു കൊണ്ടുപോകാൻ

ആത്മഹത്യ ചെയ്തു രംഗമൊഴിയുന്ന
പഴയ പെണ്ണല്ല ഞാൻ ...
പൊരുതി മുന്നേറുവാൻ
ആത്മധൈര്യം കൂട്ടുപിടിച്ചവൾ ഞാൻ..!



2016, മേയ് 10, ചൊവ്വാഴ്ച

കൈസുത്തയുടെ പൂച്ച


കൈസുത്തയുടെ പൂച്ച  
************************

നേരം വെളുത്തു വരുന്നതേയുള്ളൂ .വൈക്കോൽകൊണ്ടു  മേഞ്ഞ മേൽക്കൂരയിൽ എലികളും അണ്ണാറക്കണ്ണന്മാരും  ഉണ്ടാക്കിയ പഴുതുകളിലൂടെ ചില നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കുന്നുണ്ട് .ഒപ്പം,കുളിർക്കാറ്റ് അരിച്ചിറങ്ങുന്നുണ്ട് .

ജന്മനാ സ്വാധീനമില്ലാത്ത ഇടതുകാൽ മടക്കി വെച്ച്,വളരെ പ്രയാസപ്പെട്ടു എണീറ്റിരുന്നു കൈസുത്ത .അവർക്കെന്നും വലതുകാൽ കൊണ്ടുള്ള സർക്കസ്സായിരുന്നല്ലോ ജീവിതം ! വാപൊളിച്ചു വിഴുങ്ങാൻ വന്ന ജീവിതത്തെ ഒറ്റക്കാലിൽ നിന്ന് നേരിട്ട ഒരു സ്ത്രീയുടെ ചരിത്രം കൂടിയാണ് അവരുടെ ജീവിതം .കൈസുത്തയുടെ തീറ്റയും കുടിയും ,കിടത്തവും, ഉറക്കവും ഒക്കെ ഒറ്റമുറിയിൽ ആയിരുന്നു .ചെവിടി മണ്ണ് കൊണ്ടു  തേച്ച ചുമരും ചാണകം മെഴുകിയ അകവും .

അവർ തീപ്പെട്ടി തപ്പിയെടുത്തു വിളക്കു കത്തിച്ചു .രാത്രി എന്നും കൂട്ടു  കിടക്കാറുള്ള പൂച്ചയെ വിളിച്ചുണർത്തുകയാണ് അടുത്ത പതിവ് .അതിന്നും  ബന്ധങ്ങളൊന്നും ഇല്ലായിരുന്നു .പകൽ എവിടെയെങ്കിലുമൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കും .വിശപ്പിന്റെ ഉൾവിളികൾ ജീവാത്മാക്കളുടെമേൽ ശാപമായി പെയ്തിറങ്ങിയതു തൊട്ടാകണം അലച്ചിലുകളുടെ പലായനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ടാവുക .!

കൈസുത്തയുടെ ദുഃഖം മുഴുവൻ ആവാഹിച്ചെടുത്തതു കൊണ്ടാകണം മരണം പോലെ കറുപ്പായിരുന്നു പൂച്ചയ്ക്ക് ..!

കൈസുത്തയുടെ കൂടെ കിടന്നില്ലെങ്കിൽ പൂച്ചയ്ക്ക്  ഉറക്കം വരുമായിരുന്നില്ല .എവിടെപ്പോയാലും വൈകുന്നേരം തിരിച്ചെത്തിയിരിക്കും .ഒരിക്കൽ മാത്രം അതു  വന്നില്ല .അന്നാരോ കാൽ തല്ലിയൊടിച്ചു ഓവുചാലിൽ ഉപേക്ഷിക്കുകയായിരുന്നു .പൂച്ചയ്ക്കു കൈസുത്തയെ ജീവനായിരുന്നു .തിരിച്ചും അങ്ങനെയായിരുന്നു .തങ്ങൾ അനാഥരല്ലെന്ന് അവർക്കു തോന്നിയിരുന്നത് ഒരുമിച്ചുണ്ടായ നിമിഷങ്ങളായിരുന്നു .ആരെങ്കിലുമൊരാളുമായി വിട്ടു പിരിയാൻ കഴിയാത്ത ആത്മബന്ധം ഉണ്ടാകുന്നത് നമ്മൾ ജീവിക്കുന്നു എന്ന് ഉറപ്പു വരുത്താനാകണം.അല്ലെങ്കിൽ നിയതിയുടെ നൂൽപാലത്തിലൂടെയുള്ള ജീവിതം എത്ര ദുഷ്കരമായേനെ...

കൈസുത്ത തിരിച്ചും മറിച്ചും നോക്കിയിട്ടും പൂച്ചയെ കാണുന്നില്ല .
വൈകിയാണെങ്കിലും എത്താറുള്ളതാണല്ലോ .മുമ്പത്തെപ്പോലെ,കണ്ണിൽച്ചോരയില്ലാതെ ആരെങ്കിലും വല്ല കടുങ്കൈയ്യും ചെയ്തോ .
' ഇന്റല്ലാഹ്  ...ന്റെ കുട്ടിനെ കാണാന് ല്ലല്ലോ'
കൈസുത്തയ്ക്ക് ആധി പെരുത്തു ..കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ.അവർ വിതുമ്പി-സ്നേഹിക്കാനും ലാളിക്കാനും ആകെയൊന്നിനെയാണ് പടച്ചോൻ തന്നത് .
അതും തിരിച്ചെടുത്തോ ?

മുമ്പ് പൂച്ചയെ കാണാതായ അന്ന് രാത്രി ഒരു പോള കണ്ണടച്ചിരുന്നില്ല .പിറ്റേന്നു വൈകുന്നേരം പൂച്ച ചതുക്കിച്ചതുക്കി വന്നപ്പോൾ കോരിയെടുത്തു തുരുതുരെ ഉമ്മ വെക്കുകയായിരുന്നു .
'റബ്ബിൽ ആലമിനായ തമ്പുരാനെ ... ആരേന്റ കുട്ടിനെ ങ്ങനെ ചെയ്തെ .ഓന് വെള്ളം കിട്ടാതെ ചാകും '
അന്ന് ലോകത്തെ മൊത്തം പ്രതിക്കൂട്ടിലാക്കി അവർ പ്രാകി ....

കൈസുത്തയ്ക്ക് ജീവിതം  പോരാട്ടമായിരുന്നു .ഒറ്റക്കാലിൽ നിന്നു ഉശിരോടെയുള്ള പോരാട്ടം .
നിറങ്ങൾ തിരിച്ചറിയും മുമ്പ്, അതു  പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .അതും ഒറ്റക്കാലുള്ള ഒരു പെൺകുട്ടിയെ  തനിച്ചാക്കിയിട്ട് ..
തുറിച്ചുനോക്കി പേടിപ്പിക്കുന്ന ജീവിതസമുദ്രം അതിന്റെ വലിയ വായ്‌ തുറന്നു മുന്നിൽ .ആരുടെയൊക്കെയോ കനിവിൽ വർണ്ണങ്ങളില്ലാതെ  കൗമാരം കടന്നു പോയി .കണ്ടവന്റെയൊക്കെ അടുക്കള നിരങ്ങിയും,പാത്രം കഴുകിയും,പുരുഷഗന്ധം അറിയാതെയും  യൗവനം പെയ്തു തീർന്നു .

ഇപ്പോൾ ജരാനരകളോടൊപ്പം ആധികളും വ്യാധികളും ശരീരത്തിൽ കൂടുകൂടിയിരിക്കുന്നു .എങ്കിലും തോറ്റുകൊടുക്കാൻ മനസ്സില്ലായിരുന്നു അവർക്ക് .ഇത്രയുംകാലം പിടിച്ചുനിന്നതല്ലേ .ഭിക്ഷാടനം അവർക്കു അന്യമായിരുന്നു .നിരങ്ങി നിരങ്ങിയെങ്കിലും ആരുടെയെങ്കിലും അടുക്കളപ്പുറത്തെത്തും .വല്ലതും ചെയ്തുകൊടുക്കും . ഇത്തിരി കഞ്ഞിയും ചക്കക്കൂട്ടാനും കടിച്ചുകൂട്ടാൻ രണ്ടു ചീരാപ്പറങ്കി മുളകും പ്രതിഫലമായി കിട്ടും.കരുണകൊണ്ട്  വർഷത്തിൽ എപ്പോഴെങ്കിലും പ്രമാണിമാർ എറിഞ്ഞുകൊടുക്കുന്ന സക്കാത്തരി കൊണ്ട് എന്താവാനാണ് ...

വൈകുന്നേരം,പാതി ചിതലരിച്ചു കഴിഞ്ഞ ഉമ്മറപ്പടിയിൽ കുത്തിയിരിക്കും .മുറുക്കാൻചുവയുള്ള നെടുവീർപ്പുകൾ അന്തരീക്ഷത്തിലേയ്ക്ക് അലയടിച്ചുയരും .അപ്പോൾ അവരുടെ മുറ്റം ഒരു കോടതി മുറിയാകും .കുറ്റവാളിയായ ലോകത്തെ പ്രതിക്കൂട്ടിൽ കേറ്റിനിർത്തി വിചാരണ തുടങ്ങും .ആ വിചാരണകളിൽ-ജന്മം കൊടുത്തവരും, സാന്ത്വനമരുളിയവരും, കണ്ണീർതുടച്ചവരും, കല്ലെറിഞ്ഞവരും ,പുച്ഛിച്ചു തള്ളിയവരും,പച്ചമാംസത്തിന്റെ രുചിയറിയാൻ വന്നു തള്ളയ്ക്കുവിളി കിട്ടി തലയിൽമുണ്ടിട്ടോടിയവരും    ഒക്കെ കടന്നുവരും .
'തള്ളക്ക് പ്രാന്താണ്' എന്ന പരിഹാസമൊഴികൾ ഊടുവഴിയിലൂടെ ചൂട്ടും കത്തിച്ചു പോകും .
എന്നാൽ,ആ വിചാരണകളുടെ ന്യായാന്യായങ്ങൾ അറിയുന്ന ഒരേ ഒരു ജീവി പൂച്ചയായിരുന്നു .അത് അവരുടെ കണ്ണിൽ തന്നെ  നോക്കിയിരിക്കും .ഇടയ്ക്ക്,എല്ലാം ശരിയാണ് എന്ന അർത്ഥത്തിൽ 'മ്യാവൂ' എന്ന് ശബ്ദമുണ്ടാക്കും .കൈസുത്തയുടെ കൺചലനങ്ങൾ വരെ പൂച്ചയ്ക്കു ഗ്രാഹ്യമെന്നാണ് നാട്ടുകാർ പറയുന്നത് .

കൈസുത്ത ഇടതുകയ്യിൽ വിളക്കു പിടിച്ചു ,കയർ കൊണ്ടുകെട്ടിയിട്ട  മുളവാതിൽ പതുക്കെ തുറന്നു മുറ്റത്തേയ്ക്കു നോക്കി .
'ന്റ പടച്ചോനേ..പൂച്ച്യാണല്ലോ ആ കെടക്കണത്'
അവർ അടുത്തു ചെന്നു നോക്കി .പൂച്ചയ്ക്കു അനക്കമുണ്ടായിരുന്നില്ല .
'ആരാമ്മളോട് ഇച്ചതി ചെയ്തേ'
അവർ ഏങ്ങലടിച്ചു കരഞ്ഞു .'കള്ളത്തിപ്പൂച്ച' യെന്നു മുദ്രകുത്തി ആരോ തല്ലിക്കൊന്നു മുറ്റത്തു കൊണ്ടിട്ടതാകണം .

അതിനുശേഷം കൈസുത്തയുടെ ശബ്ദം ആരും കേട്ടില്ല .

പൂച്ച ചത്ത അന്നു രാത്രിയിൽ ആകാശത്ത് ഒറ്റനക്ഷത്രമേ ഉണ്ടായിരുന്നുള്ളൂ .ഇരുട്ടിന്നു കൂടുതൽ തിടം വെച്ചിരുന്നു .ദുർബലമായ ഒരു കാറ്റ് കൈസുത്തയുടെ പുര ചുറ്റിയതിന്നു ശേഷം മുളവാതിലിൽ വന്നു മുട്ടി .

കനൽവർഷങ്ങളിൽ വെന്തു പോയ തന്റെ ശരീരത്തെ ഉറക്കിക്കിടത്തി കൈസുത്ത ഇറങ്ങി നടന്നു .പൂച്ചയെത്തേടി ....
 ************************************************************
കെ ടി എ ഷുക്കൂർ മമ്പാട്

ചിത്രം:ഗൂഗിൾ

2016, മേയ് 8, ഞായറാഴ്‌ച

അമ്മയെ പടിയിറക്കി വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉണങ്ങിയ മുലക്കണ്ണുകൾ
വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ
അമ്മിഞ്ഞപ്പാലോർമ്മകളിൽ
ചെന്നിനായകം പുരട്ടുക


അപശ്രുതി മീട്ടുന്ന
ഹൃദയത്തിനുള്ളിൽ നിന്ന്
പേറ്റുനോവോർമ്മകളുടെ
മധുര മരപ്പെയ്ത്തുകൾ
ആദിഭാഷയിലൊരു
അനാദിയാം താരാട്ടായ് തേങ്ങുന്നുവെങ്കിൽ
നന്ദികേടിന്റെ മുഖരത കൊണ്ട്
ചെവി മൂടുക

ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട്
കണ്ണീരുപ്പും ചേർത്തു ഇല്ലായ്മകൾ വേവിച്ച്
വല്ലായ്മകൾ മറച്ചു വെച്ച വറുതിനാളുകൾ
അറിയിക്കാതിരിക്കാൻ പെട്ട പാടുകളോർത്ത്
ശൂന്യതയിലേയ്ക്കു നോക്കി തേയ്മാനം വന്ന
കുഴിഞ്ഞ കൺകോണുകളിൽ
സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം...
സൂക്ഷിച്ചു നോക്കരുത്
പതറി പോയേക്കാം

ചുടുകണ്ണീർത്തുള്ളികൾ ഇറ്റിറ്റു വീണ്
പൊള്ളി കരുവാളിച്ച പാടുകൾ
സൂക്ഷിച്ചു നോക്കിയാൽ മേനിയിൽ കാണാം
അതു മതിയാകും
അമ്മയുടെ സ്മരണയ്ക്കായ്..!

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

അറിഞ്ഞിരുന്നില്ല



ഉച്ഛ്വാസനിശ്വാസങ്ങളിൽ പതിയിരുന്നിട്ടും
മുടിയിഴകളില്‍ ശാസനപത്രം പതിച്ചിട്ടും
പോകാമെന്ന് തോളില്‍ തട്ടുന്നതു വരെ
സാന്നിദ്ധ്യമറിഞ്ഞതേയില്ല 


മറവിയുടെ കന്മതില്‍ക്കെട്ടുകള്‍
നമ്മുക്കിടയിൽ നിന്ന് ഇറുത്തുമാറ്റിയത്
ഉണ്മയുടെ കാട്ടുപൂക്കള്‍
മറച്ചു കളഞ്ഞത്
ജ്ഞാനത്തിന്റെ കടല്‍ലക്ഷ്യങ്ങള്‍
നട്ടു മുളപ്പിച്ചത്
ഭയത്തിന്റെ വിഷച്ചെടികൾ

എത്ര പെട്ടന്നാണ്
ഉയരത്തിന്റെ ശൂന്യമണ്ഡലത്തില്‍ നിന്ന്
ചിറകുകള്‍ തളര്‍ന്ന്
താഴേക്കു പതിച്ചത്

സ്നേഹിതാ...
അറിഞ്ഞിരുന്നില്ല
വഴിവിഭ്രമങ്ങളില്‍ കുരുങ്ങിയ
കണ്ണുകള്‍ പറിച്ചെടുത്ത്
മുതുകൊടിച്ച ഭാരക്കെട്ടുകൾ
ഇറക്കി വെക്കുമ്പോഴുള്ള ആശ്വാസം

2016, ഏപ്രിൽ 19, ചൊവ്വാഴ്ച

നീയില്ലെങ്കിൽ ഞാനില്ല

പൂവായിരുന്നപ്പോഴൊക്കെ
കാറ്റായ് വന്നു തഴുകിയതല്ലേ

നനയാൻ കൊതിച്ചപ്പോഴൊക്കെ
മഴയായ് വന്നു പെയ്തതല്ലേ

തീരമായിരുന്നപ്പോഴൊക്കെ
തിരക്കൈകൾ നീട്ടി ചേർത്തണച്ചതല്ലേ

അവ്യക്തമാം ആഴത്തിന്റെ
നീലനാഭിച്ചുഴിയിലേയ്ക്കു പെയ്തൊഴിയാൻ
വെമ്പിനിന്ന മേഘമായപ്പോൾ
കോരിയെടുത്തു പറന്ന്
കുന്നിന്മടക്കിലെ
വള്ളിക്കുടിലിലൊളിപ്പിച്ചു ലാളിച്ച
തെന്നൽകൈകളായിരുന്നില്ലേ

ശാഖികൾ കൊണ്ട് തൊട്ടുരുമ്മാൻ
കഴിയാത്ത മരങ്ങളായിരുന്നപ്പോൾ
വേരുകളിലൂടെ പ്രണയതീർത്ഥം പകർന്നതല്ലേ

വേരുകൾ ജീർണ്ണിച്ച്
ചില്ലകൾ ശോഷിച്ച്
മഞ്ഞിലകൾ പൊഴിഞ്ഞുവീണ്
മരം മണ്ണിൽ പതിക്കുന്ന കാലം വരും
അപ്പോൾ ഞാൻ വരും
ചിതലായി
നിന്റെ വാർഷികവലയ മുറിവുകളിൽ
കൂടു പണിയാൻ...
കാരണം
നീയില്ലെങ്കിൽ ഞാനില്ല

2016, ഏപ്രിൽ 17, ഞായറാഴ്‌ച

എന്റെ കുഞ്ഞനുജത്തിക്കായ്

 സസ്നേഹം ആഴ്ചപ്പതിപ്പില്‍ വന്ന കവിത

നിങ്ങൾക്കെന്റെ മൗനതിരസ്കാരങ്ങൾ

തീപ്പെട്ട പകലിൽ നിന്ന്
ധ്യാന നിലാരാത്രിയും
ഘോരവനികയിൽ നിന്ന്
ഉണ്മയുടെ കാട്ടുതേനും
കടഞ്ഞെടുത്തു തന്ന മഹാമാന്ത്രികത
ജീവിതത്തിന്റെ കരിന്തേൾക്കുത്തുകളെ
തൂവൽത്തലോടലാക്കി മാറ്റാതിരിക്കില്ല

ലാഭക്കണക്കുകളുടെ അവിശുദ്ധസമവാക്യങ്ങൾ
ഇല്ലായ്മകളിൽ പെറ്റുപെരുകുമ്പോൾ
രക്തസാക്ഷിയെ മോഹിച്ച
ലജ്ജാശൂന്യ വ്യാമോഹങ്ങളേ...
നിങ്ങൾക്കു മുന്നിൽ
ജീവിതപ്പെട്ടു പക വീട്ടുന്നു ഞാൻ

ആത്മംഭരികളുടെ ആജ്ഞാനുഗാമികൾ
വ്യർത്ഥ ഹസ്തഘോഷങ്ങളിലൂടെ
ശ്യാമരാത്രികളെ ആവാഹിക്കുമ്പോൾ
ഞാനെന്റെ പുൽകുടിൽമുറ്റത്ത്‌
നിലാവീഞ്ഞൂറ്റിക്കുടിച്ച്
പിറക്കാനിരിക്കുന്ന പൂക്കൾക്ക്
പുല്ലാങ്കുഴൽ വായിക്കുകയാണ്

ആത്മതത്ത്വങ്ങളുടെ
ആകാശഭാഷിതങ്ങളിലേയ്ക്ക്
ചെവി തിരിക്കുകയാണ്  ഞാൻ
ആത്മരതികളുടെ ധാരാവർഷങ്ങളേ...
ധർമ്മചക്രത്തെ ഹനിക്കുന്ന
മേഘനിർഘോഷങ്ങളേ...
നിങ്ങൾക്കെന്റെ
അവജ്ഞയിൽ പൊതിഞ്ഞ
മൗനതിരസ്കാരങ്ങൾ 

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഓർമ്മകൾ

ഓർമ്മകൾ .

കുന്നോളം
ഓർമ്മകളാണ്
ഇന്നലെകൾ .

മറവിക്കാട്ടിൽ മറമാടിയിട്ടും
മൈലാഞ്ചിച്ചെടി നാട്ടാതിരുന്നിട്ടും
ഗതകാല ഗഹ്വരങ്ങളിൽ നിന്ന്
ഇറങ്ങി വന്ന്
ഇന്നിന്റെ ആലക്തികബോധങ്ങളിൽ
ഭയബീജങ്ങൾ വിതയ്ക്കാറുണ്ട്
മരിച്ചിട്ടും മരിക്കാത്ത
ചില ഓർമ്മകൾ .


ചില ഓർമ്മകളുണ്ട്
ഇലച്ചാർത്തുകൾക്കിടയിലൂടെ
മൃദുല നിലാക്കൈകൾ നിണ്ടു വന്ന്
രജതരൂപിണിയെ മുന്നിൽ വരച്ചിടും.
ഹൃദയ കുടീരത്തിൽ അടക്കം ചെയ്ത
സുന്ദരാത്മാവിനെയെടുത്ത് അതിലേയ്ക്കൂതുമ്പോൾ
അപ്സരസ്സായ്
നിലാപ്പട്ടിൽ  നൃത്തം വെച്ചു തുടങ്ങും

ചില ഓർമ്മകളുണ്ട്‌
വഴിവക്കിൽ പതിയിരുന്ന്
പെട്ടന്നു ചാടി വീണ്
ജരാനരാ ദുഃഖത്തിന്റെ
മൂടുപടമഴിപ്പിച്ച്
സമയശൂന്യ സ്ഥലികളിലേയ്ക്ക്
എടുത്തു കൊണ്ട് പറന്നു പോകും .


സ്മൃതിപഥങ്ങളിൽ
നിഴൽ പടരുന്നതു വരെ
ഉപബോധത്തിന്റെ
പൊട്ടക്കിണറാഴങ്ങളിൽ നിന്ന്
ചില നിലയ്ക്കാത്ത നിലവിളികൾ
പിന്തുടർന്നു കൊണ്ടേയിരിക്കും .


ചത്തിട്ടും
ചാവടിയന്തിരം കഴിഞ്ഞിട്ടും
ചത്തതറിയാത്ത ഇന്നുകളാണ്
ഓർമ്മകൾ

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

വീടിനുമില്ലേ മോഹങ്ങൾ...

നട്ടപ്പാതിരയ്ക്ക് കാറ്റിന്റെ കൂടെ
ഇറങ്ങിപ്പോകുകയായിരുന്നു
സ്വമേധയാ  പോകുകയായിരുന്നെന്നും
പിടിച്ചുകൊണ്ട് പോയതെന്നും ശ്രുതി

അയല്പക്കത്തെ അദ്രുമാന്റെ പറമ്പിൽ
കമിഴ്ന്നു കിടന്നു കരയുകയായിരുന്നെന്ന്
വയറൊട്ടിയ ബാല്യകൗതുകങ്ങൾ
മുറ്റത്ത്‌ കൊണ്ട് വന്നു കിടത്തുമ്പോൾ
ആസകലം കണ്ണീരിൽ മുങ്ങിയിരുന്നു


മഞ്ഞിന്റെ തട്ടമണിയിച്ച്
ചെമ്മാനപ്പട്ടു കൊണ്ട് പുതയ്ക്കാമെന്നു
പ്രലോഭിപ്പിച്ചിട്ടുണ്ടാകാമെന്നു
വെറ്റിലമണമുള്ള നെടുവീർപ്പുകൾ

ചുറ്റുമുള്ളവരൊക്കെ ആടയാഭരണങ്ങളണിഞ്ഞു
പത്രാസ് കാട്ടുമ്പോൾ,എങ്ങനെ സഹിക്കാനാ...
തലയിൽ  മറാച്ചുണങ്ങുമേറ്റി
മേനിയിൽ  വട്ടച്ചൊറിയും ചുമന്നു കാലമിതെത്രയായി..!
പാവം! അതിനുമില്ലേ മോഹങ്ങളെന്ന്
അടുക്കളയിലെ കരിയും കണ്ണീരുപ്പും കലർന്ന ആധികൾ


ആയുസ്സ് കൊണ്ട് പടവെട്ടി  നേടിയതെല്ലാം
വേർപ്പിന്റെയുപ്പ് പുരളാത്തവന്റെ
പത്തായപ്പുര നിറയ്ക്കുന്നത് കണ്ട്
മെയ്യും മനസ്സും മരവിച്ചു പോയവനെങ്ങനെ
രാജകുമാരിയാക്കി വാഴിക്കാൻ കഴിയുമെന്ന്
ജരാനരകളുടെ ചിതലരിച്ചൊരു ചോദ്യചിഹ്നം

പോകാനിറങ്ങിയത് തന്നെയാണ്
തിരിച്ചു വരികയുമില്ലായിരുന്നു,പക്ഷേ
കൂടെക്കരഞ്ഞ സങ്കടങ്ങളേയും
കൂടെച്ചിരിച്ച നിലാവുകളേയും
ഗിരിഗഹ്വരങ്ങളിലെ ഇരുട്ടിലുപേക്ഷിച്ച്
എത്തുന്നതേത് സ്വർഗ്ഗത്തിലേക്കായാലും
അവിടം നരകമായിരിക്കുമെന്ന്
മുറ്റത്തു കിടന്നൊരു  ആത്മഗതം




പ്രണയനിഗൂഢതകൾ

അമരത്വത്തിന്റെ
നീലനാഭിച്ചുഴികളിൽ നിന്ന്
നിഗൂഢതയുടെ വീഞ്ഞും
മഴവിൽവർണ്ണങ്ങൾ ഒളിപ്പിച്ചു കടത്തിയ
കാണാനിറങ്ങളിലൊന്നും
എനിക്കായ് ഒരുക്കി
നീ കാത്തിരിക്കുകയാണോ ?
പ്രണയത്തിന്റെ വിലോലഭാവങ്ങളെ
മരണത്തിന്റെ അനന്ത സ്ഥലികളിലേയ്ക്കല്ലാതെ
പരാവർത്തനം ചെയ്യുമ്പോൾ
കിട്ടുന്ന പിശകുകളാണ് ജീവിതമെന്നോ..!

2016, മാർച്ച് 23, ബുധനാഴ്‌ച

തണ്ണീർ വറ്റിയ തണ്ണീർത്തടങ്ങൾ

മനുഷ്യാഹന്തകൾ
കൂലം കുത്തിയൊഴുകി
വിഷം തീണ്ടി ഭൂമി തൻ
വൃക്കകൾ,ജീവന്റെ
സത്യം നുരയുന്ന തണ്ണീർത്തടങ്ങൾ

മനുഷ്യ മനസ്സിൻ വിസർജ്ജ്യങ്ങൾ
നിലയ്ക്കാത്ത യന്ത്രവിഴുപ്പുകൾ
അരിച്ചു തളർന്ന ജൈവ അരിപ്പകൾ

വേർപ്പിന്റെയുപ്പ് പുരളാത്ത അണക്കെട്ടുകൾ
ജീവൻ നുരകുത്തുന്ന ജലസംഭരണികൾ
അതിൽ,നഞ്ചു കലക്കിയ ഗർവ്വുകൾ

അകലെയെങ്ങോ
ഒരു പുഴുക്കു കാറ്റിന്റെ ചൂളം
അടുത്തെങ്ങോ
വരണ്ട കിളിത്തൊണ്ടയിൽ ഒരു പാട്ട് തളരുന്നു
അവസാന ഓർമ്മപ്പെടുത്തൽ..!

2016, മാർച്ച് 16, ബുധനാഴ്‌ച

ഒരു വിമാനത്താവളത്തെ ലളിതമായി കൊന്നു തിന്നുന്ന വിധം


നല്ലവരായ വ്യവസായപ്രഭുക്കളും
അതിലും നല്ലവരായ രാജ്യസേവകരും
കൈകോർത്തു പിടിക്കണം
ഒരു (ദുരു )ഉദ്ദേശ്യം ഉണ്ടാവണം
കൊന്ന പാപം തിന്നു തന്നെ തീർക്കണം
മറ്റെവിടെ വെച്ച് തിന്നാലും സാധുവാകും
യന്ത്രപ്പക്ഷിയ്ക്കിറങ്ങാൻ
മറ്റെവിടെയെങ്കിലും
സ്വയം അനുമതി ഉണ്ടാക്കണം
കറുത്തതും വെളുത്തതുമായ ഗാന്ധിത്തലകൾ
അതിന്റെ അസ്ഥിവാരത്തിൽ  കുഴിച്ചുമൂടണം
ബിനാമി പേരുകളിലായാൽ പുണ്യം കൂടും
ശേഷം,കൊല്ലാൻ ഉദ്ദേശിക്കുന്ന
താവളത്തിന്റെ കാലുകൾ കെട്ടണം
കെട്ടുമ്പോൾ നട്ടാൽ മുളക്കാത്ത
നുണമന്ത്രങ്ങൾ ഭക്തിയോടെ ഉരുവിടണം
ചെറിയ സർവ്വീസ് രൂപത്തിൽ
കുറേശ്ശെ വെള്ളം കൊടുത്തു കൊണ്ടിരിക്കണം
കൊല്ലരുതെന്ന് വിലപിക്കുന്നവരുടെ വായ്‌
നിറം പൂശിയ നുണകൾ കൊണ്ട് അടയ്ക്കണം
പിന്നെയെല്ലാം എളുപ്പം...
കഴുത്തിൽ പതെക്കെ കത്തിയമർത്താം
വസ്ത്രത്തിൽ പുരണ്ട രക്തക്കറകൾ
ആരും കാണാതെ തുടയ്ക്കണം
പിന്നെ
ജനങ്ങളോടൊപ്പം നിന്ന് പൊട്ടിക്കരയണം
ശുഭം !

2016, മാർച്ച് 15, ചൊവ്വാഴ്ച

തിരിച്ചറിവിന്റെ മുറിവുകൾ(തേജസ്‌ ആഴ്ചവട്ടം)



 

തിരിച്ചറിവിന്റെ മുറിവുകൾ



കഷ്ടപ്പെട്ടു നെഞ്ചേറ്റിയ
ഇഷ്ടങ്ങളിൽ പലതും
നഷ്ടപ്പെട്ടു പോയി.
നിദ്രാവിഹീന നിശകൾ നേർന്ന്
സ്വാസ്ഥ്യം തീറെഴുതി വാങ്ങി
ജരാനരകളും തന്നിട്ടായിരുന്നു പടിയിറക്കം.
ബന്ധനങ്ങളെ ബന്ധങ്ങളെന്നു കരുതിയ
അജ്ഞാന നാളുകളെ ശപിക്കാറുണ്ട്
തിരിച്ചറിവിന്റെ മുറിവുകൾ .
വഴിയരികിലെ വിഭ്രമങ്ങളിൽ
കുടികിടപ്പവകാശം കൊതിച്ച മൂഢത്വം
പിഴയൊടുക്കി പഴിയകറ്റണം .
പിടലിഭാരങ്ങളിൽ ചിലത്
സഹയാത്രികരെ ഏൽപ്പിച്ച്
ഇടയ്ക്കൊന്നു മൂരി നിവർത്താറുണ്ട് കാലം.
ഏറ്റിയേറ്റി തളരുമ്പോൾ
ചുമടുകളൊക്കെ തിരിച്ചു വാങ്ങി
ആഴമുള്ള മുറിവുകൾ തുന്നി തന്ന്
തലോടി വിടുന്ന വാത്സല്യം .

മരജന്മം

ഓരോ മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്
മരത്തിനു ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു തലവെച്ചു കൊടുത്ത്
യാതനാനുഭവത്തിന്റെ
വാർഷികവലയമുറിവുകൾ തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ
തണൽവൃക്ഷങ്ങളെക്കുറിച്ച്
അപ്പോൾ
ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്ന്
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്
തലോടാൻ വന്ന
വസന്ത ഋതുവിനെ കുറിച്ച്
വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന ജീവൻ
മഴുമൂർച്ചകൾക്കുള്ള നൈവേദ്യം മാത്രം

2016, മാർച്ച് 7, തിങ്കളാഴ്‌ച

നേർത്തു നേർത്തു വരുന്നു കാലത്തിന്റെ ചിറകടികൾ

തലയില്ലാ തെങ്ങുകൾക്ക്
ഇനി ആകാശക്കാഴ്ചകളില്ല
പ്രളയ പ്രവാഹത്തിലടിഞ്ഞു പോയ
സംസ്കൃതികളുടെ കണ്ണാടിദൃശ്യങ്ങളായ്
കരിഞ്ഞു കിടക്കുന്നു മരക്കനവുകൾ
അമ്ലതയെ വരിച്ച പാടങ്ങളിൽ
വറുതിയുടെ തരിശുഗീതങ്ങൾ
വിഷം കൊടുത്തു കൊന്ന
പുഴകളെയോർത്തു
കണ്ണീർ വാർക്കുന്നു മണൽമനസ്സുകൾ
വിഷപ്പുക വിഴുങ്ങിയ
ആകാശക്കറുപ്പുകൾ
കളിയുടെ അന്ത്യരംഗമെഴുതി
വിശ്രമിക്കുന്നു

പിന്നിൽ
വാ പിളർത്തി നിൽക്കുന്ന
ഇരുണ്ട ശൂന്യതയുണ്ടെന്ന്
അത്യാഹിത വിഭാഗത്തിൽ
പ്രാണനു വേണ്ടി പിടയുന്നതിനിടയ്ക്കും
പുഴുക്കു കാറ്റിന്റെ വരണ്ട ചുണ്ടുകളിലൂടെ
അമ്മ മന്ത്രിക്കുന്നു

ജനിപ്പിച്ചു ജീവിതം കൊടുത്തിട്ടും
ചിറകിനടിയിലൊളിപ്പിച്ചു
സമശീതോഷ്ണമൊരുക്കിയിട്ടും
തിരിച്ചു കിട്ടിയത്
വിഷമുള്ളുകളേറ്റ് മുറിപ്പെട്ട
ഹൃദയമായിരുന്നു

എല്ലാം ശുഭം !
ഇനി കാതോർക്കാം
നേർത്തു നേർത്തു വരുന്ന
കാലത്തിന്റെ ചിറകടികൾ

അമ്മ അറിയാൻ


അമ്മേ
അമ്മയെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന്
കേട്ടു കേട്ടു മടുത്തമ്മേ...
പുതുതായി പൊട്ടി മുളച്ച
സ്നേഹ പ്രദർശനാരവങ്ങൾ കേട്ട്
അമ്മ അത്ഭുതപ്പെടുന്നുണ്ടാകും
പ്രദർശനപരതയുടെ അരങ്ങുവാഴ്ചകളിൽ
അവമതിക്കപ്പെടുന്ന
പുകൾപെറ്റ മക്കളെയോർത്തു
അമ്മ വിതുമ്പുന്നുണ്ടാകും
അമ്മേ ...
വൈകാതെ അവർ വരും
അമ്മയുടെ ഹൃദയ സ്പന്ദനങ്ങളെ
എന്നെന്നേക്കുമായി തുറുങ്കിലടയ്ക്കാൻ ...
രേഖകളിലൊന്നും ഒപ്പിട്ടു കൊടുത്തേക്കരുത്
തല ചായ്ക്കാനൊരിടവും
ചത്തു കഴിയുമ്പോൾ തല പൂഴ്ത്താനൊരിടവും ഇല്ലാത്ത
ലക്ഷങ്ങൾ ഉണ്ടിവിടെ
അമ്മ പ്രസവിച്ച അമ്മയുടെ മക്കൾ
അവർക്ക്
മാതൃസ്നേഹം തെരുവ്സർക്കസോ
കയ്യടികൾ നേടാനുള്ളതോ അല്ല
അമ്മേ
അമ്മയെ പഞ്ചനക്ഷത്ര ദുരകൾക്കു വിറ്റ
അഹന്തയുടെ പേരല്ല മാതൃസ്നേഹം
ഞങ്ങളുടെ ജീവനാഡികളിൽ അലയടിക്കുന്ന
തീക്ഷ്ണവികാരത്തിന്റെ പേരാണത്

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

അമ്മയെ പടിയിറക്കി വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


അമ്മയെ പടിയിറക്കി വിടുമ്പോൾ
ഉണങ്ങിയ മുലക്കണ്ണുകൾ
വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ
അമ്മിഞ്ഞപ്പാലോർമ്മകളിൽ
ചെന്നിനായകം പുരട്ടുക 


അമ്മയെ പടിയിറക്കി വിടുമ്പോൾ
ആ നാഭീനാളത്തിൽ നിന്ന്
മുറിഞ്ഞു വീണ
രക്തവർണ്ണമാം ആദിഭാഷയിലൊരു
അനാദിയാം താരാട്ട് തേങ്ങുന്നുവെങ്കിൽ
ഒരു 'റാപ്പിന്റെ' മുഖരത കൊണ്ട്
അതിനെ മൂടുക

അമ്മയെ പടിയിറക്കി വിടുമ്പോൾ
ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട്
ഇല്ലായ്മകൾ വേവിച്ച്
വല്ലായ്മകൾ മറച്ചു വെച്ച്
ശൂന്യതയിലേയ്ക്കു നോക്കി
തേയ്മാനം വന്ന
കുഴിഞ്ഞ കണ്ണുകളുടെ കോണുകളിൽ
സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം
സൂക്ഷിച്ചു നോക്കരുത്
പതറി പോയേക്കാം

അമ്മയുടെ സ്മരണ നില നിർത്തണം.
ചുടുകണ്ണീർത്തുള്ളികൾ
ഇറ്റിറ്റു വീണ്
പൊള്ളി കരുവാളിച്ച പാടുകൾ
മേനിയിലുണ്ടല്ലോ...

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഭയം വിതയ്ക്കുന്ന അശ്വമേധങ്ങൾ


നിറകുടങ്ങൾ
നെറികേടിൻ മൗനം പുതച്ചിരിക്കുമ്പോൾ
അകം പൊള്ളകളുടെ കിലുകിലാരവങ്ങൾ.
കണികന്മാർ
കൽപിച്ചു നൽകിയ വേദികളിൽ
പുറംപൂച്ചുകളുടെ നാട്ട്യവിസ്മയങ്ങൾ


ചരിത്രത്തിൽ പുഴുക്കളിഴയുമ്പോൾ
ബോധഞരമ്പുകളിൽ ഭീതി കൂടുകൂട്ടുന്നു.
മുനയൊടിച്ചു മാറ്റപ്പെട്ട തൂലിക
ശിശിരനിദ്രയുടെ കഴുമരത്തിൽ തൂങ്ങുന്നു.
ഹോളോകാസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രേതങ്ങൾ
ദ്രാവിഡ മണ്ണിലൂടെ അശ്വമേധം നടത്തുന്നു

ദരിദ്ര കർണ്ണൻമാരുടെ കവചകുണ്ഡലങ്ങൾ
വരേണ്യ പ്രഭുക്കളുടെ ഖജനാവുകളിൽ
ഊർദ്ധ്വൻ വലിക്കുന്നു.
ഇല്ലായ്മയുടെ വാഗ്ദത്ത ഭൂമികയിൽ
വല്ലായ്മ വറുതി വിതയ്ക്കുന്നു

മണ്ണിന്റെ പ്രണയമനസ്സിൽ
സ്വപ്നം വിതച്ചു
വേർപ്പിന്റെയുപ്പും നുണഞ്ഞു
പല കാലത്തും കാത്തിരുന്ന ദ്രാവിഡാ...
ഒരു കാലത്തും
കൊയ്ത്ത് നിന്റേതായിരുന്നില്ലല്ലോ..!

ഹേ...ദ്രാവിഡാ...
ഒടുവില്‍,ദ്രാവിഡാവര്‍ത്തത്തിന്റെ
ജീവഞരമ്പുകളിലും
അത് പ്രജനനം നടത്തുന്നു-
ഭയം വിതച്ചു മരണം കൊയ്യാൻ
ഓർക്കുക...
വിവേകത്തിന്റെ പാശുപതം
ഇപ്പോഴും നിന്റെ കയ്യിൽ ഭദ്രം

2016, ജനുവരി 31, ഞായറാഴ്‌ച

മാഞ്ഞു പോയവൾ ( ഗസൽ )



അനുരാഗമേ നീ എന്തിത്ര വേഗം മാഞ്ഞുപോയി
അനുനാദമേ നീ അതിദൂരമെങ്ങോ  മാഞ്ഞുപോയി 

പ്രണയോപഹാരമായ് പൂംപനിനീരോന്ന് തന്നവളേ
പ്രാണൻ പറിച്ചു നീ ഏതോ വിദൂരത്തിൽ മാഞ്ഞുപോയി

കരൾ തന്ത്രിയിൽക്കിനാപ്പാട്ടൊന്നു മീട്ടുവാൻ മൊഴിഞ്ഞതല്ലേ
കണ്ണീർക്കടലിൽ നീ എന്നെ തനിച്ചാക്കി മാഞ്ഞുപോയി

മൗനത്തിൻ ഭാഷയിൽ കാവ്യാനുഭൂതികൾ പകർന്നതല്ലേ
മനസ്സിൽ വിരഹത്തിൻ ബീജകം നട്ടു നീ മാഞ്ഞു പോയി

ഓർമ്മയിൽ വാസന്ത ചന്ദ്രികാ രാത്രികൾ തന്നതല്ലേ              
ഓർക്കുവാൻ എന്നെയീ തീരത്തു വിട്ടു നീ മാഞ്ഞുപോയി

2016, ജനുവരി 25, തിങ്കളാഴ്‌ച

മനസ്സ് -മലയാളം ന്യൂസ്


നഷ്ടം

നിന്നെ തിരഞ്ഞ
വഴികളിലെവിടെയോ ആകണം
എന്നെയെനിക്കു നഷ്ടമായത് .
കളഞ്ഞു പോയ എന്നെ തിരയാൻ
നിനക്കു കാഴ്ച വെച്ച സമയത്തിൽ
ഇനി ബാക്കി ഒരു നെടുവീർപ്പു മാത്രം

അവൾ;അയാളും


ഇരുളിന്റെ മറവിലായിരുന്നു
അയാളുടെ മാംസദാഹങ്ങൾ
അവളെ നൊട്ടി നുണഞ്ഞത്
പകലിന്റെ വെട്ടത്തിലായിരുന്നു
അയാളുടെ മാനഗർവ്വുകൾ
അവളെ കാർക്കിച്ചു തുപ്പിയത്
അപ്പോഴും,അയാളുടെ
വേർപ്പിന്റെയുപ്പ് മണക്കുന്ന നോട്ടുകൾ
അവളുടെ ബ്ലൗസിനുള്ളിൽ
മയങ്ങുന്നുണ്ടായിരുന്നു

സസ്നേഹം ആഴ്ചപ്പതിപ്പ്


ഗാനം



ഏകാന്ത താരകേ അണയുന്ന ദീപികേ
ആ ചിരി വീണ്ടും കാണുമോ ഞാൻ
ആ സ്വരം വീണ്ടും കേൾക്കുമോ ഞാൻ
ആ കരൾ വീണയിൽ മീട്ടുന്ന രാഗമായ്
ഒരിക്കൽ കൂടി മാറുമോ ഞാൻ (ഏകാന്ത താരകേ)

മാനത്തെ പൂം പൊയ്കയിൽ പൂത്ത വെൺ ചന്ദ്രിക
പേലവ കൈകളാൽ എന്നെ തലോടുന്നു
ഒരു നേർത്ത കാറ്റിലെൻ ഓർമ്മകൾ ഉണരുന്നു
ഒരു മുഗ്ദ ഗാനമെൻ കരളിൽ പടരുന്നു
ആ മലർ ചുണ്ടുകൾ മന്ത്രിക്കും രാഗമായ്
ഒരിക്കൽ കൂടി പിറക്കുമോ  ഞാൻ (ഏകാന്ത താരകേ)

സുന്ദര വാനിലൊരായിരം താരകൾ
പ്രണയാർദ്രരായുറ്റു ഭൂമിയെ നോക്കുന്നു
ഒരു കാട്ടു പൂവിന്റെ ഗന്ധം നിറയുന്നു
ഒരു കൊച്ചു രാപാടി പാടി തളരുന്നു
ആ സ്വര സൗഭഗം തേൻ മഴയായ് കാതിൽ
ഒരിക്കൽ കൂടി പെയ്തിടുമോ (ഏകാന്ത താരകേ)

2016, ജനുവരി 11, തിങ്കളാഴ്‌ച

ചന്ദ്രിക വാരാന്ത്യം


ഗൾഫ് തേജസ്‌ ദിനപത്രം

1
ദൃശ്യം

മരണതീരത്തിലേയ്ക്കുള്ള
അഭയാർഥി പ്രവാഹം പോലെ
മദ്യശാലയിലേയ്ക്ക്
നീളുന്ന വരിനിരകൾ

പെയ്തുതീർന്ന യൗവനങ്ങളുടെ കഥ
പറഞ്ഞു ചിരിക്കുന്നു
ഓവുപാലത്തിനടിയിലെ
ഉടഞ്ഞ കുപ്പികൾ

അടുക്കളയിലെ
കണ്ണീരുപ്പു കലർന്ന ആധികൾ
നൃത്തം വെയ്ക്കുന്നു
സർക്കാർ ഖജനാവിൽ

വിഷദ്രാവകം വിറ്റ്
വിഷക്കാറ്റ് വിതച്ചതിന്റെ
പങ്കുപറ്റി ഏമ്പക്കം വിടുന്നു
ചില്ലുകൂട്ടിലെ മാതൃകകൾ

2
ചില സൗഹൃദങ്ങള്‍

ഹൃദയത്തിലിടം നൽകിയിട്ടും
കരൾ പാതി നൽകിയിട്ടും
കൂടൊഴിഞ്ഞ സൗഹൃദങ്ങൾ

ഹൃദയം കൊട്ടിയടച്ചിട്ടും
കരൾ മറയ്ച്ചു വെച്ചിട്ടും
വിട്ടകലാത്ത ഉപകാരസ്മരണകൾ

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുമ്പോൾ
വാലാട്ടി കൊണ്ടു വരാറുണ്ട്
തിരിച്ചറിയാത്ത ചില നന്ദികൾ

പൂവു തന്നു പൂന്തോട്ടം
തിരിച്ചു വാങ്ങുന്നവരുടെ ലോകത്ത്
ഉപാധികളില്ലാത്ത സ്നേഹവും
കണക്കുകൾ ഇല്ലാത്ത
ജീവിതവ്യവഹാരങ്ങളും
അർത്ഥശൂന്യം