കുങ്കുമസന്ധ്യകള്‍

Pagerank

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

അമ്മയെ പടിയിറക്കി വിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


അമ്മയെ പടിയിറക്കി വിടുമ്പോൾ
ഉണങ്ങിയ മുലക്കണ്ണുകൾ
വീണ്ടും ദയ ചുരത്തിയേക്കാം.
വരണ്ട തൊണ്ടയെ ഉർവ്വരമാക്കിയ
അമ്മിഞ്ഞപ്പാലോർമ്മകളിൽ
ചെന്നിനായകം പുരട്ടുക 


അമ്മയെ പടിയിറക്കി വിടുമ്പോൾ
ആ നാഭീനാളത്തിൽ നിന്ന്
മുറിഞ്ഞു വീണ
രക്തവർണ്ണമാം ആദിഭാഷയിലൊരു
അനാദിയാം താരാട്ട് തേങ്ങുന്നുവെങ്കിൽ
ഒരു 'റാപ്പിന്റെ' മുഖരത കൊണ്ട്
അതിനെ മൂടുക

അമ്മയെ പടിയിറക്കി വിടുമ്പോൾ
ദുരിതങ്ങളുടെ കത്താവിറകുകൾ കൊണ്ട്
ഇല്ലായ്മകൾ വേവിച്ച്
വല്ലായ്മകൾ മറച്ചു വെച്ച്
ശൂന്യതയിലേയ്ക്കു നോക്കി
തേയ്മാനം വന്ന
കുഴിഞ്ഞ കണ്ണുകളുടെ കോണുകളിൽ
സങ്കടത്തുള്ളികൾ ഉരുണ്ടു കൂടിയേക്കാം
സൂക്ഷിച്ചു നോക്കരുത്
പതറി പോയേക്കാം

അമ്മയുടെ സ്മരണ നില നിർത്തണം.
ചുടുകണ്ണീർത്തുള്ളികൾ
ഇറ്റിറ്റു വീണ്
പൊള്ളി കരുവാളിച്ച പാടുകൾ
മേനിയിലുണ്ടല്ലോ...

2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ഭയം വിതയ്ക്കുന്ന അശ്വമേധങ്ങൾ


നിറകുടങ്ങൾ
നെറികേടിൻ മൗനം പുതച്ചിരിക്കുമ്പോൾ
അകം പൊള്ളകളുടെ കിലുകിലാരവങ്ങൾ.
കണികന്മാർ
കൽപിച്ചു നൽകിയ വേദികളിൽ
പുറംപൂച്ചുകളുടെ നാട്ട്യവിസ്മയങ്ങൾ


ചരിത്രത്തിൽ പുഴുക്കളിഴയുമ്പോൾ
ബോധഞരമ്പുകളിൽ ഭീതി കൂടുകൂട്ടുന്നു.
മുനയൊടിച്ചു മാറ്റപ്പെട്ട തൂലിക
ശിശിരനിദ്രയുടെ കഴുമരത്തിൽ തൂങ്ങുന്നു.
ഹോളോകാസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രേതങ്ങൾ
ദ്രാവിഡ മണ്ണിലൂടെ അശ്വമേധം നടത്തുന്നു

ദരിദ്ര കർണ്ണൻമാരുടെ കവചകുണ്ഡലങ്ങൾ
വരേണ്യ പ്രഭുക്കളുടെ ഖജനാവുകളിൽ
ഊർദ്ധ്വൻ വലിക്കുന്നു.
ഇല്ലായ്മയുടെ വാഗ്ദത്ത ഭൂമികയിൽ
വല്ലായ്മ വറുതി വിതയ്ക്കുന്നു

മണ്ണിന്റെ പ്രണയമനസ്സിൽ
സ്വപ്നം വിതച്ചു
വേർപ്പിന്റെയുപ്പും നുണഞ്ഞു
പല കാലത്തും കാത്തിരുന്ന ദ്രാവിഡാ...
ഒരു കാലത്തും
കൊയ്ത്ത് നിന്റേതായിരുന്നില്ലല്ലോ..!

ഹേ...ദ്രാവിഡാ...
ഒടുവില്‍,ദ്രാവിഡാവര്‍ത്തത്തിന്റെ
ജീവഞരമ്പുകളിലും
അത് പ്രജനനം നടത്തുന്നു-
ഭയം വിതച്ചു മരണം കൊയ്യാൻ
ഓർക്കുക...
വിവേകത്തിന്റെ പാശുപതം
ഇപ്പോഴും നിന്റെ കയ്യിൽ ഭദ്രം