കുങ്കുമസന്ധ്യകള്‍

Pagerank

2014, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കടമകളുടെ ഊരാക്കുടുക്കുകൾ

എന്റെ വാരിയെല്ലില്‍ നിന്നും
സ്വാതന്ത്ര്യാസ്തിത്വത്തിലേയ്ക്ക്
വിരിഞ്ഞിറങ്ങുമ്പോള്‍
നിന്റെ ജനിതകരഹസ്യ ഫലകത്തില്‍
ആരോ കോറിയിട്ട
ചില കടമകളുടെ
ഊരാക്കുടുക്കുകളുണ്ട്....

എന്റെ കണ്ണീര്‍പാടത്തില്‍
കുരുക്കുന്ന കദനമുല്ലയാകണം
കനല്‍ക്കാറ്റേറ്റു കരിയാതിരിക്കാൻ
എനിക്കു ചുറ്റും രക്ഷാകവചമാകണം

ആയുസ്സിന്റെ ഇരുണ്ട ഭൂവിൽ
കണ്ണെത്താഗർത്തങ്ങൾക്കു മുകളിൽ
ഭാഗ്യനൂലിലൂടെ മറുകര തേടുന്ന
നിഴലിനെ പിന്തുടരുന്ന
മറ്റൊരു നിഴലായി മാറണം

ആത്മീയവറുതിയുടെ രാത്രിവഴികളിൽ
ചൂട്ടുമായി മുന്നിൽ നടക്കണം

ബീജശേഖരണിയായി
പകർപ്പുകളെ പെറ്റു കൂട്ടണം

എന്നെ
അവസാന കടത്തു വരെ അനുഗമിച്ചു
തിരിച്ചു പോയി
ഭൂതകാലത്തിൽ അടയിരിക്കുമ്പോൾ
പിഞ്ഞിയ ആയുസ്സിന്റെ വക്കിലിരുന്നു
സ്വജന്മം സാർത്ഥകമെന്നു
പാടിപ്പുകയ്ത്തണം...
പിന്നെ,പതുക്കെ
ഓർമ്മകളിലേയ്ക്ക് മരിക്കണം


2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

മധുരക്കിനാക്കൾഓർമ്മകൾ പൂക്കുന്നൊരീമാവിൻ ചോട്ടിൽ
തിരയട്ടേ പൊയ്പ്പോയ മധുരക്കിനാക്കൾ
വെറുതെ,യെന്നറിവിൻ മുറിവുമായ്‌ ഞാൻ
**********************************

തുറന്നിടും വായനക്കാർക്കു മുന്നിൽ
അടച്ചിടും അക്ഷരവിരോധികൾക്കു മുന്നിൽ
വായിച്ചു തീരാത്ത പുസ്തകം
***********************************

തപ്തനിശ്വാസങ്ങളിൽ കുരുത്ത കൊടുമുടി
ഹൃദ്രക്തം അണകെട്ടി നിർത്തുന്നു ...
അറിയുന്നില്ല അവനെയാരും 

2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഈ മരത്തണലില്‍ അല്പനേരം ..

ഇന്നലെയീ,മരച്ചോട്ടിലിരുന്നൊരാ
യാത്രികരൊക്കെയും യാത്രയായി
ഇന്നീത്തണലിലിരിക്കെ നാം കേൾക്കുന്നു 
നാളെയിങ്ങെത്തുവോർ തൻ രവങ്ങൾ

പാഴ്മുളം തണ്ടിന്റെ ചുണ്ടിലൊരു കാറ്റിൻ
കുഞ്ഞുമ്മകൾ തീർക്കും ഗാനാമൃതം
പാരിലിജ്ജീവിത വേളയിൽ ദേഹി തൻ
ആശ്ലേഷത്തിൻ രാഗവീണ ദേഹം

കർമ്മഫലങ്ങൾ തൻ ഭാണ്ഡങ്ങൾ മാത്രമേ
പാടുള്ളൂ കൂടെ തുടർയാത്രയിൽ
എന്നിട്ടുമെന്തേ നാം കർമ്മത്തിൻ വീഥിയിൽ
മൂല്യങ്ങളൊക്കെയും കൈവിട്ടു പോയ്‌

കൂടെക്കരുതേണ്ടൊ,രഞ്ചു  
മുഴംതുണി
രക്തക്കറകള്‍ പുരട്ടിടൊല്ലാ
സ്നേഹത്തിന്‍ പൂങ്കുളിര്‍ക്കാറ്റേറ്റു തന്നെയീ
പൂമരം വിട്ടേച്ചു പോവുക നാം

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മരണമില്ലാത്ത ഓർമ്മകൾ

മറവി തൻ ശ്മശാനത്തി-
ലാരും കാണാതോർമ്മകളെ-
ത്രയോ കുഴിച്ചു മൂടി ഞാൻ !

എന്നിട്ടുമെന്തേയവ
നേടുന്നു പുനർജ്ജനികൾ ?

എന്നിട്ടുമെന്തേയവ
വിതറുന്നു മുള്ളുകളെൻ
വഴിത്താരകളിൽ ?

ഇരുളിന്റെ
മറവിലൊളിഞ്ഞിരിക്കും
കരളിന്റെ മുറിവിൽ
മുളക് തേക്കും
ഉറക്കമെനിക്കെന്നും
അന്യമാക്കും

എന്റെയേകാന്ത
വഴികളിലൊക്കെ വന്നു നിൽക്കും
ഇന്നലെകളിലേയ്ക്കൊരു
കൈചൂണ്ടിയുമായ്

ചിലതൊക്കെ വരും
പൂനിലാരാത്രിയിലൊരു
കുളിർക്കാറ്റിനോടൊപ്പം-
കിന്നാരം മൂളുവാൻ

ഓർമ്മളുടെ മരണമെന്റെ
മരണമായിരിക്കു,മെന്നൊരോർമ്മ
വന്നു കാതിൽ ...

2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പൂക്കാത്ത സ്വപ്നങ്ങളേ ...മംഗളങ്ങൾ


എരിയുന്ന കനലിലും 
വിരിയുന്നു മണ്ണിന്റെ 
മനസ്സിൽ മലരുകൾ 

തപ്തമെൻ ഹൃദയത്തിൻ 
മുക്തിക്കായലരുക 
പൂക്കാതെ പോയൊരു വാസന്തമേ 

പറയാതെ നീ പോയ 
വാക്കിൻ പൊരുളില-
ടയിരുന്നീ ജന്മം തീർന്നുപോയി 

പാടാതെ നീ പോയ 
പാട്ടിന്റെയാത്മാവ് 
തേടുവാനായൊരു കൊച്ചുജന്മം 

പൂക്കാമരത്തിന്റെ 
വാടിയ ചില്ലകളെ -
ങ്ങിനെ  പൂക്കാലം കനവു കാണും ?

സ്വപ്നങ്ങളിൽ ചിലതാ-
വിധം   തന്നെയീ 
മണ്ണിലിഴഞ്ഞു നടന്നീടണം 

സ്വപനങ്ങളേ നിങ്ങൾ 
സ്വപ്‌നങ്ങൾ മാത്രമാ-
യെന്നുമീ ജീവനിൽ പെയ്തീടുക 

എല്ലാം തികഞ്ഞെങ്കി-
ലെന്തർത്ഥശൂന്യമീ 
ജീവിതം തന്നെ മടുത്തു പോകും !

2014, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍...
അമ്മമാരായിരം,സ്നേഹം ചൊരിഞ്ഞാലും 
ആകില്ലൊരിക്കലും പെറ്റമ്മയാകുവാൻ .
മറ്റേതു രാജ്യങ്ങ,ളന്നം പകർന്നാലും 
ഭാരതാംബേ,നിന്റെ പൂമടിത്തട്ടിലാ-
യേകണം ആറടി മണ്ണെനിക്കമ്മേ നീ ..
ഇമ്മരുഭൂവിലും ഉള്ളിൽ നിറയുന്നു
എന്നെ ഞാനാക്കിയെൻ രാജ്യമേ നിന്മുഖം .
പിഴുതു മാറ്റീടുക തിന്മ തൻ വേരുകൾ
ഇത്തെളിനീർപ്പുഴ മലിനമാക്കീടുകിൽ .
ഹൃദയത്തിൻ കയ്യൊപ്പാലേവർക്കുമിന്നു ഞാൻ
സ്വാതന്ത്ര്യത്തിൻ ദിനാശംസകൾ നേരുന്നു ..

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

കടൽമനം


ആകാശത്തിന്റെ 
തപ്തനിശ്വാസങ്ങളേറ്റു 
ഉരുകി ഉയരും..
അതിന്റെ സ്നേഹക്കണ്ണീരിൽ 
മനസ്സു നിറയും 

പുറമേ ശാന്തം 
അകമേ രൗദ്രം 
തീരത്തോട് ഇടയ്ക്കിടെ 
സല്ലാപം; സംഘർഷം 

ഗർഭത്തിൽ മറഞ്ഞിരിക്കുന്നത് 
ഒരു ലോകം തന്നെയാണ് 
ഗർഭഭിത്തികളിലെ ഇടിമുഴക്കങ്ങൾ 
അവളെയൊരു യക്ഷിയാക്കുമ്പോൾ 
തീരത്തെ വന്നു 
ആർത്തിയോടെ  വിഴുങ്ങും 
പിന്നെ 
താൻ വെട്ടിയറുത്തിട്ട തലകളെ നോക്കി 
മനസ്താപത്തോടെ മടങ്ങുന്ന 
ഒരു പോരാളിയാകും 
അർത്ഥശൂന്യമായ 
നിശ്ശബ്ദമടക്കം 

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

കുരുടന്മാരുടെ സാമ്രാജ്യം

രുധിരപാനം നടത്തി 
ചുവന്നു തുടുത്ത സൂര്യൻ 
ചെമ്മഴ പെയ്യിക്കുന്ന ചെമ്മാനം 
ചെങ്കടലിൽ ചിറകറ്റ തുമ്പികൾ 
വറുതിക്കാറ്റിൽ 
തകരുന്ന അതിജീവനമന്ത്രങ്ങൾ 
മരണാരവങ്ങളിൽ 
നടുങ്ങുന്ന ദിഗന്തങ്ങൾ 
ശിശിരയുദ്ധങ്ങളിൽ 
സ്മാരകങ്ങളായ ഉണക്കമരങ്ങൾ 
വസന്താഗമനത്തെ തടയുന്ന 
നിഗൂഢഭാഷ്യങ്ങളുടെ വെപ്പുചിരികൾ 
നക്ഷത്രവെളിച്ചത്തെ 
മുക്കിക്കൊല്ലുന്ന മേഘക്കടൽ 
ശൂന്യമായ വേദഗ്രന്ഥങ്ങളിൽ 
ചെകുത്താന്റെ മുട്ടകൾ 
കുരുടന്മാരുടെ സാമ്രാജ്യത്തിൽ 
കാഴ്ചയുള്ളവർ അപമാനിതരായിരിക്കും 

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

അനാഥ ജഡം


അനാഥ ജഡം 
എറണാകുളം റെയിൽവേസ്റ്റേഷനിൽ.
കോഴിക്കോട്ടു നിന്നും 
തിരുവനനന്തപുരത്തേക്കുള്ള 
റെയിൽവേ ടിക്കറ്റ് പോക്കറ്റിൽ  ഭദ്രം.
മരണം 
വാർദ്ധക്യ സഹജമെന്നും 
രോഗകാരണമെന്നും 
അപകടമെന്നും സംസാരങ്ങൾ.
മരണഹേതു 'ജനന'മെന്നു 
ഓർമയുടെ ബോധിവൃക്ഷത്തണലിൽ 
ചിതറിക്കിടക്കുന്ന ലിഖിതങ്ങളിലൊന്ന് .
ലക്ഷ്യങ്ങൾ സ്വപ്നങ്ങളാണ്, 
നിയന്ത്രണവിധേയമല്ലാത്ത മോഹങ്ങൾ ...
ആയുസ്സിൽ നിന്നും 
ഇറ്റിറ്റി വീഴുന്ന സമയത്തുള്ളികൾ 
നെയ്തെടുക്കുന്നതാണ് ജന്മപത്രികകൾ .
ഏതു സമയവും ഉടഞ്ഞു തകരാം ...
അതാണു ജീവിതത്തിന്റെ സൗന്ദര്യവും 

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

തമ്പ്രാക്കന്മാരേ...

തന്തിനം താരോ തന്തിനം താരോ 
തന്തിനം തന്തിനം തന്തിനം താരോ 

തമ്പ്രാക്കന്മാരേ..തമ്പ്രാക്കന്മാരേ 
എന്തൊരു തൊന്തരവാണിതെന്റയ്യോ 
കാടും മുടിച്ചേ നാടും മുടിച്ചേ 
കാട്ടാറിലൊത്തിരി നഞ്ചും നിറച്ചേ 

മേലാളന്മാരേ..മേലാളന്മാരേ 
മാമല നാടിന്റെ രാജക്കന്മാരേ 
പാടങ്ങളില്ലാ പഴമ്പാട്ടുമില്ലാ 
പണ്ടത്തെ മണ്ണിന്റെ  ഈണങ്ങളില്ലാ 

തമ്പ്രാക്കന്മാരേ..തമ്പ്രാക്കന്മാരേ 
നേരം വെളുത്തപ്പോ നാടും വെളുത്തേ 
ആ മല ഈ മല എല്ലാം മറഞ്ഞേ 
ലോറി  ഞരക്കങ്ങളെങ്ങും നിറഞ്ഞേ 

മേലാളന്മാരേ..മേലാളന്മാരേ 
നട്ടുച്ച നേരമിരുട്ടിയതെന്തേ 
പേടിയാണയ്യോ ഓടിവരണേ 
നാട്ടുമൃഗങ്ങളെ പേടിയാണയ്യോ 

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ആടുജീവിതം

കുന്നിൻതാഴ്‌വാരത്തിലെ 
ഇളം പുല്ലുകൾക്കും                       
തീൻമേശയ്ക്കും 
ഇടയ്ക്കുള്ള ദൂരമാണ് 
ആടുജീവിതം .
കശാപ്പുകാരന്റെ 
വാൾമൂർച്ചയിലേയ്ക്കു 
വളരുന്ന ജീവിതം 
തീൻമേശയിലെ 
ഇഷ്ടവിഭവമാകുന്നതോടെ ധന്യമായി .
പിന്നെ,തുറക്കുകയായി 
മോക്ഷത്തിന്റെ 
അജ്ഞാതകവാടങ്ങൾ.
കഴുത്തിൽ കുരുക്കിയ 
കയറിന്റെ മറ്റേയറ്റം 
പിടിച്ചയാൾ നടക്കുമ്പോൾ 
അനുശരണക്കേടു കാണിക്കരുത്.
കൈകാലുകൾ ബന്ധിച്ചതിനു ശേഷം 
കഴുത്തിലേയ്ക്കു നീണ്ടു വരുന്ന 
കൊലക്കത്തിക്കു മുന്നിൽ 
പിടയുന്നതു പോലും പാപം .