കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, നവംബർ 24, ഞായറാഴ്‌ച

ഭരണകൂടം- അഥവാ, നിറഞ്ഞ ശൂന്യത

മദ്യഷാപ്പിലേക്കുള്ള നീണ്ട വരികൾ,
പെയ്തു തീർന്ന യൗവനങ്ങളുടെ
കഥ പറയുമ്പോൾ
നിറഞ്ഞ ഖജനാവു നോക്കി
ഒരു ജനകീയസർക്കാർ
ആത്മനിർവൃതി കൊള്ളുന്നുണ്ട്

സ്ത്രീക്ക്
'രതിയന്ത്രം' എന്നൊരു പുതിയ പര്യായപദം
കറുത്ത വേഷധാരികളായ വേട്ടക്കാർ
നിഘണ്ടുവിൽ  എഴുതി ചേർത്തപ്പോൾ
ചില സ്ത്രീസംരക്ഷണവാദികൾ
നിഘൂഢസ്മിതം പൊഴിക്കുന്നുണ്ട്‌

ജഠരാഗ്നിയിൽ വെന്തെരിഞ്ഞു
ജരാനരകളേറ്റു വാങ്ങി
പ്രാന്തവൽകൃതർ എരിഞ്ഞടങ്ങുമ്പോൾ
'കാക്കത്തൊള്ളായിരം'
വിമാനത്താവളങ്ങളേകി
സർക്കാർ മാതൃക കാട്ടുന്നുണ്ട്

ആർക്കൊക്കെയോ വേണ്ടി കൊല്ലുന്നവർ...
എന്തിനാണെന്നറിയാതെ കൊല്ലപ്പെടുവർ...
നിരപരാധികളുടെ ചുടുനിണം വീണ
മണ്ണിൽ നിന്നുമുതിരുന്ന രോദനങ്ങളോടൊപ്പം
ചില ചോദ്യങ്ങളുമുയരുന്നുണ്ട് !
ജീവൻ-അത് സംരക്ഷിക്കാൻ
കഴിയാത്ത ഭരണകൂടം
പ്രഹേളികയുടെ പുറന്തോടിനുള്ളിലെ
നിറഞ്ഞ ശൂന്യതയാണ്  ...

2013, നവംബർ 20, ബുധനാഴ്‌ച

എന്തിനോ വേണ്ടി തുള്ളുന്ന കോമരങ്ങൾ














സഹസ്രാബ്ദങ്ങളുടെ
ഹരിതചരിത്രമുറങ്ങുന്ന
മഴക്കാടുകളെ
ഭോഗതൃഷ്ണ തലയ്ക്കു പിടിച്ചവൻ
മലയിറക്കിക്കൊണ്ടു പോയി
ബലാൽക്കാരം ചെയ്യുന്നു ...
ജൈവവൈവിധ്യങ്ങൾ
കാടും മേടും കടലും കടന്നു
വിസ്മൃതിയിലേക്ക് ...
'അരുതെന്ന് 'പറഞ്ഞ
ഗാഡ്ഗിലിന്റെ
നാക്ക് മുറിച്ചെടുത്തു
ഇരുട്ടിൽ കലി തുള്ളുന്നു
ചില  കോമരങ്ങൾ !
ഇപ്പോൾ
'മിതഭാഷിയായ '
കസ്തൂരിരംഗന്റെ തലയ്ക്കു വില പറയുന്നു
കഴുകക്കണ്ണുകൾ...
ഒരു കൂട്ടം   കുരുവികളുടെ
നേർത്ത ചിറകടിയൊച്ചകൾ കേൾക്കുന്നത്
നാളെത്തെ  മരുഭൂമിയിൽ നിന്നാണ് ...
സത്യത്തെ കുഴിച്ചു മൂടാനുള്ള
അധിനിവേശ വ്യഗ്രതകളിൽ
ഒലിച്ചു പോകുന്നത്
നമ്മൾ തന്നെയാണ്
ചില കോമരങ്ങൾ അങ്ങനെയാണ് !
ജീവൻ  തുടിക്കുന്ന
സ്വശരീരത്തോടു പോലും
കടപ്പാടുകളില്ലാതെ
എന്തിനോ വേണ്ടി തുള്ളുന്നവർ...
ആർക്കോ വേണ്ടി തുള്ളുന്നവർ...