കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

ചില ദേശീയതകള്‍




അർത്ഥം മാസിക-മാർച്ച് 2018


ചില ദേശീയതകള്‍


ആര്‍ക്കുമാര്‍ക്കും തീറെഴുതിയിട്ടില്ല.
ആരുടേയും ചിഹ്നനങ്ങളില്‍ ബന്ധിച്ചിട്ടില്ല.
കൊടുക്കല്‍വാങ്ങലുകളുടെ
കണക്കുസൂക്ഷിപ്പുകളില്ല.
സംസ്കൃതികള്‍ പടുത്തുയര്‍ത്തിയവര്‍
നിശ്ശബ്ദമായി പിന്‍വാങ്ങിയ
ഇടങ്ങളിലേയ്ക്കാണ്
ഞങ്ങളുടെ ഭൂതകാലമേയെന്ന
അവരുടെ അധിനിവേശം.
ഞങ്ങളുടെ സ്വന്തമേയെന്ന്‍
തടവറയ്ക്കുള്ളിലടക്കല്‍.
എന്റെതെന്നും നിന്റെതെന്നുമുള്ള
പാഴ്വരകളെ നിഷേധിച്ചു കൊണ്ട്
സ്ഥലകാലങ്ങളില്‍ തളച്ചിടാനാകാത്ത
അനാദിയായ പ്രവാഹം
ഒഴുകിയ ഇടങ്ങളിലൊക്കെ
അടയാളപ്പെട്ടു കിടക്കും.
മറ്റാരൊക്കെയോ വിട്ടേച്ചുപോയ
ഒരതിര്‍ത്തിക്കുള്ളിലും
ഒതുങ്ങാന്‍ കൂട്ടാക്കാത്തവയില്‍
ചിലതുമാത്രം പെറുക്കിയെടുത്തു
ചിലരുടെ അകത്തളങ്ങളില്‍
കുടിയിരുത്താനുള്ള പാഴ്ശ്രമത്തില്‍
പിറവി കൊള്ളുന്നൊരു
പുതിയ വര്‍ഗ്ഗമുണ്ട്-അപരര്‍ !
ഞങ്ങളും നിങ്ങളുമെന്ന
തട്ടുകളില്‍ അംഗംവെട്ടി
കൊന്നു ചോരചിന്തി ചുരുങ്ങി
വല്ലാതെ അസംസ്കൃതമായി പോകുന്നുണ്ട്
ചില ദേശീയതകള്‍..

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ







മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എഴുത്തുകാരുടെ കവിതകള്‍ കൂട്ടിച്ചേര്‍ത്തു, ബഹ്‌റൈന്‍ മലയാളി സമാജം പുറത്തിറക്കിയ 'പവിഴമുത്തുകള്‍' എന്ന കവിതാസമാഹാരത്തില്‍ വന്നത്

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ
*******************************************************************

കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്
ഉയരത്തിലേക്ക് കുതിക്കവേ
നിശ്ചലമായ പക്ഷികൾപോലെ
മങ്ങിയ കിനാചിതറുകളുടെ
വിളറിയ മേഘത്തുണ്ടുകൾ
സ്വപ്നങ്ങളുടെ ഉണക്കിലകളോടൊപ്പം
തീമഴയായ് പെയ്യാൻ കാത്തുനിന്നതാകണം
കൺകോണുകളിൽ നിന്ന്
പടർന്നുയരാൻ വെമ്പിനിൽക്കവേ
നിശ്ചലമായ കരിമേഘങ്ങൾ
കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
പ്രചണ്ഡവാതങ്ങളോട് പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ
കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത നൃത്തമുദ്രകൾ
ഏതോ അസാധാരണരാഗത്തിൻ
തുടക്കത്തിലായിരിക്കണം
ചുണ്ടുകൾ വിറങ്ങലിച്ചു പോയത്
പൂക്കൾ വിതറിയ മെത്തയ്ക്ക് മേൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ
അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകൾ ജലാർദ്രങ്ങളാകുന്നു
നിലവിളികളുടെ മേഘനാദങ്ങൾ
നിസ്സഹായതയുടെ വരണ്ടകാറ്റുകൾ
ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
അപ്പോൾ
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ
നിന്നുള്ള വെളിച്ചപ്പെയ്ത്താരവങ്ങൾ
കവിയുടെ കാതുകൾ പിടിച്ചെടുക്കുന്നു
അയാളുടെ കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു

രണ്ടു കവിതകള്‍


കിളിപ്പാട്ട് മാസിക-മാര്‍ച്ച്‌ ലക്കം 

ചില തണൽമരങ്ങളുണ്ട്
കാട്ടുതീ പടർന്നടുക്കുമ്പോഴും
വേർപ്പിന്റെയുപ്പൂറ്റികുടിച്ചു
ഉയരങ്ങൾ കിനാകാണുന്നവ.
ഓർമ്മകളുടെ കിണറാഴങ്ങളിൽ നിന്ന്
ഇന്ധനം നിറച്ച്
കണ്ണീർനനവിൽ പച്ചിച്ച്
ഉഷ്ണശൈത്യങ്ങളെ നെഞ്ചോടടുക്കി
ഊഷരഭൂവിൽ വേരോടുന്നവ.
ദേശങ്ങൾക്കപ്പുറത്തേയ്ക്കു ചില്ലകൾ പടർത്തി
തണൽ പെയ്യുന്നവ
മരത്തിന്റെ മരതകസ്വപ്‌നങ്ങൾ
ആരും അറിയാറില്ല
വിഷാദമർമ്മരങ്ങൾ കേൾക്കാറില്ല
ദ്രവിച്ച വേരുകളുടെ
മരവിച്ച ഞരമ്പുകളിലെ
പുഴുക്കുനീറ്റലിനെ കുറിച്ചോർക്കാറില്ല
ഒടുവിലൊരു നാൾ
ഒരു നിലവിളിയോടെ
മരം മണ്ണിലേയ്ക്ക് പതിക്കുന്നു.
അതവശേഷിപ്പിക്കുന്ന ശൂന്യതയിൽ
വെയിൽ പെറ്റുപെരുകുന്നു
പൊള്ളിപ്പിടയുന്നവർ
തണലോർമ്മയിൽ വേവുന്നു
ഒരു തണൽ നഷ്ടപ്പെടുമ്പോൾ
ഒരു രാജ്യം തന്നെ നഷ്ടപ്പെടുന്നവരുണ്ട്‌
ചിലരുടെ നഷ്ടം ഒരുലോകം തന്നെയായിരിക്കും




മരജന്മം
----------------------
ഓരോ മരവും വളരുന്നത്‌
കാലഗഹ്വരങ്ങളിൽ പതുങ്ങിയിരിക്കുന്ന
മഴുമൂർച്ചകളിലേയ്ക്കാണ്
മരത്തിന്നു ഓർക്കാനുണ്ട്:
മഴുവിശപ്പുകൾക്കു തലവെച്ചു കൊടുത്ത്
യാതനാനുഭവത്തിന്റെ
വാർഷികവലയമുറിവുകൾ തുറന്നുവെച്ച്
ഓർമ്മകളിലേയ്ക്ക് ചേക്കേറിയ
തായ് വൃക്ഷങ്ങളെക്കുറിച്ച്
അപ്പോൾ
ഉച്ചിയിൽ നിന്ന് തലച്ചോറ് മാന്തി തിന്ന്
സംഹാരനൃത്തമാടിയ
തീഗോളത്തോടു പൊരുതാൻ
മണ്ണിന്റെ ആത്മാവിലൂടെ
വൻകരകൾ താണ്ടിയ വേരുകളെക്കുറിച്ച്
പിഴുതെറിയാൻ വന്ന
പ്രചണ്ഡവാതങ്ങളെക്കുറിച്ച്
തലോടാൻ വന്ന
വസന്ത ഋതുവിനെ കുറിച്ച്
വേരുകൾ കനലുകൾ താണ്ടുമ്പോഴും
ശാഖികൾ കനവുകൾ ചൂടുമ്പോഴും
കാത്തു കാത്തു പോന്ന ജീവൻ
മഴുമൂർച്ചകൾക്കുള്ള നൈവേദ്യം മാത്രം
----------------------------------------------