കുങ്കുമസന്ധ്യകള്‍

Pagerank

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

പ്രിയ ബുദ്ധൻ ...മടങ്ങി പോകുക


വിട്ടിറങ്ങാന്‍ കൊട്ടാരപ്രലോഭനങ്ങളില്ല
ഉപേക്ഷിക്കാന്‍ സുന്ദരി ഭാര്യയില്ല,കുഞ്ഞില്ല
പ്രതീക്ഷിക്കാന്‍ കിരീടത്തിളക്കമില്ല,ചെങ്കോല്‍ഗര്‍വ്വില്ല
ആളുന്ന വിഷയാഗ്നിയില്‍ ചാടി തൃഷ്ണാപീഢകള്‍ തന്‍
പൊള്ളലേറ്റു പിടയുന്ന കായമില്ല,മനസ്സില്ല
അനുഗമിക്കാന്‍ ആള്‍ക്കൂട്ടം പിന്നിലില്ല

ജീവിതമുരുട്ടി കൊണ്ടുപോകാന്‍
തീ തുപ്പുന്ന പകലുകള്‍
സൂര്യന്‍ ചെരിഞ്ഞ നേരം
തളര്‍ച്ചയാറ്റാന്‍ കൊതുകുത്തും കടത്തിണ്ണകള്‍
ജഠരാഗ്നിയില്‍ വെന്തിട്ടും വെണ്ണീറാകാചിന്തകള്‍
പെയ്യുന്ന വെയിലെല്ലാം കുടിച്ചു വറ്റിക്കുന്നോര്‍
തേടണം ബോധി തന്‍ തണലെന്നോ ?
യന്ത്രഗര്‍ജ്ജനങ്ങള്‍ കേട്ടു പുണ്ണായ കാതുകള്‍
കേള്‍ക്കണം കാട്ടാറിന്‍ ഗീതമെന്നോ ?

ദുഷ്ടരാം ആത്മാക്കളെ ആവാഹിച്ചിരുത്തി
പണിത അധികാര ഖഡ്ഗത്തിന്‍ കീഴെ
പഴകി പുളിച്ചു നിസ്സംഗതയായി ഭയം !
കാലം ഘനീഭവിച്ച വഴികളില്‍
മരണം പതിയിരിക്കുന്ന ഇരുളടഞ്ഞ കുഴികളില്‍
നിസ്സംഗതയിട്ടു മൂടി സമയശൂന്യരഥത്തിലേറണം

ഗോളങ്ങളിലേയ്ക്കു കുതിയ്ക്കുന്ന
പുരോഗതിയുടെ മിന്നലാട്ടത്തില്‍
തെളിയാതെ പോകുന്ന കാഴ്ചകളുണ്ട്‌;
ആമാശയത്തില്‍ നിന്നുയര്‍ന്നു പട്ടടയിലൊതുങ്ങുന്ന
നിഴലുകളുടെ നെടുവീര്‍പ്പുകള്‍

അതുകൊണ്ട്
പ്രിയ ബുദ്ധൻ ....മടങ്ങി പോകുക
 മോക്ഷം കിട്ടിയോര്‍ക്കല്ല മോക്ഷം വേണ്ടൂ 
അങ്ങേയ്ക്ക് തെറ്റിയിരിക്കുന്നു...
ഇനിയൊരു ദിക്കില്‍ നിന്ന്
ആരും വരേണ്ടതില്ലാത്തവരിലേയ്ക്ക്
ഇനിയൊരു നക്ഷത്രം
വഴി കാട്ടേണ്ടതില്ലാത്തവരിലേയ്ക്ക്
വഴി തെറ്റി വന്നതാണ് നിങ്ങള്‍
ഞങ്ങളെന്നേ നിര്‍വ്വാണം പ്രാപിച്ചവര്‍..!

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കാലമാപിനി

കാലം
സർവ്വചരാചരങ്ങൾക്കുമായി
ഭാഗിക്കപ്പെട്ടിരിക്കുന്നു.
കാലമാപിനികൾ മുതുകിൽ പേറുന്നു
സ്ഥാവരജംഗമങ്ങൾ.
ഒരു മാപിനി നിലയ്ക്കുമ്പോൾ
ഒരു തുള്ളി കാലം
ഭ്രമണം തെറ്റി വീഴുന്നു .
അപ്പോൾ
നക്ഷത്രങ്ങൾ തിളങ്ങാത്ത
ചന്ദ്രപ്രഭ തെളിയാത്ത
ചീവിടുകൾ കരയാത്ത
രാത്രി ആഗതമാകുന്നു.
കാലത്തിന്റെ കാൽപാടുകൾ നോക്കി
പിറകെ വരുന്നവരെ
മരിച്ചവർ എന്ന് അടയാളപ്പെടുത്തുന്നു

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

നിങ്ങളൊക്കെ മരിച്ചവരോ...

പകലാണെന്നു സമയം ആണയിടുന്നു
വെളിച്ചമൊട്ടു കാണാനില്ല താനും
സൂര്യനെ ആരോ മറച്ചിരിക്കുന്നു
പകലിനെ കടത്തിക്കൊണ്ടു പോയിരിക്കുന്നു.
മഹാന്ധകാര പ്രളയം..!
പുഴുക്കുകാറ്റിനു ശവഗന്ധം
സ്വാസ്ഥ്യം പടിയിറങ്ങിപ്പോയ വഴികളിലൂടെ
കൊമ്പുകുലുക്കി കേറിവരുന്നു ഭയങ്ങൾ.
സത്യത്തിന്റെ ചുടലപ്പറമ്പിൽ
നുണകളുടെ പട്ടാഭിഷേകം.
ഞാൻ നടക്കുന്നത്...അതോ നീന്തുകയാണോ,
ചോരപ്പുഴയിലൂടെയാണ്
അതിൽ എന്റെ ചോരയുണ്ട്...
ദിഗന്തങ്ങളെ  നടുക്കുന്ന നിലവിളികൾ
അതിൽ എന്റെ നിലവിളിയുണ്ട്...
എനിക്കറിയാനാവുന്നില്ല
നിങ്ങളൊക്കെ മരിച്ചവരോ
അതോ,ഉറങ്ങുന്നവരോ....
ഇനി,ഞാൻ മരിച്ചവനെന്നു വരുമോ..!

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

യാത്ര

ഒടുവിൽ
ശബ്ദത്തിനു പ്രവേശനമില്ലാത്ത
മൗനമുറഞ്ഞു മലകളായ
ഏതോ തീരത്തിലെത്തി നിൽക്കുന്നു ഞാൻ...
തിരിഞ്ഞു നോക്കാനാകുന്നുണ്ട്
തിരിച്ചു പോകാനാകുന്നില്ല
വഴികൾ നരച്ചു കിടക്കുന്നു പിന്നിൽ ...

ഓർത്തെടുക്കാനാകുന്നുണ്ട്:
മഞ്ഞിച്ചു  പോയ ചിത്രങ്ങൾ
നാക്കിലേയ്ക്ക് ഇറ്റിറ്റുവീണ തേൻത്തുള്ളികൾ
നീട്ടപ്പെട്ട സുഗന്ധികൾ
കണ്ണീർ തുടച്ച കരുതലുകൾ

ഓർത്തെടുക്കാനാകുന്നുണ്ട്:
ചിരിയിട്ടു മൂടിവെച്ച ചതിക്കുഴികൾ
ചതിയിട്ടു വറത്തു തന്ന വിഷക്കായകൾ
തലോടാൻ വന്നു
തലയറുക്കാൻ തക്കം പാർത്ത വാത്സല്യങ്ങൾ
വിഷവിത്തു പാകി
ഭയം മുളപ്പിച്ച ദീപസ്തംഭങ്ങൾ

അയാൾ,എല്ലായിടത്തും ഉണ്ടായിരുന്നു
അദൃശ്യനെങ്കിലും സാന്നിദ്ധ്യമറിഞ്ഞിരുന്നു
മാടി വിളിച്ചപ്പോഴൊക്കെ
ഓടിയൊളിക്കുകയായിരുന്നു

ഒടുവിൽ
ശബ്ദത്തിനു പ്രവേശനമില്ലാത്ത
മൗനമുറഞ്ഞു മലകളായ
ഏതോ തീരത്തിലെത്തി നിൽക്കുന്നു ഞാൻ...
അയാൾ എനിക്കു ദൃശ്യപ്പെടുന്നു
അയാളിലേക്കുള്ള
നീണ്ട യാത്രയിലായിരുന്നു  ഞാൻ...