കുങ്കുമസന്ധ്യകള്‍

Pagerank

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഒരു വൃക്ഷത്തിന്റെ ഗദ്ഗദങ്ങൾ

വാസന്തകോകിലം വന്നു വിളിച്ചപ്പോൾ
ചാരുലതകളിളകിയാടി

നീയാകുംവല്ലിയെൻ തനുവിൽ പടർന്നപ്പോൾ
ചില്ലകളാനന്ദ നൃത്തമാടി

നിൻകരലാളനമേറ്റപ്പോളെൻ കരൾ
കുളിർകോരി മെല്ലെക്കുണുങ്ങി നിന്നു

ആനന്ദവർഷങ്ങൾ ,സന്തോഷഹർഷങ്ങൾ 
പൂക്കാലം തലയിൽ ഞാനേറ്റിനിന്നു

കുഞ്ഞുണ്ണികൾ പൂവിൽ നിന്നുമുയിർക്കൊണ്ടു
അതുപിന്നെ മധുരഫലങ്ങളായി

ആയിരമായിരം കിളികളെൻ ശിഖരത്തിൽ
കൂടുകൂട്ടിക്കൊണ്ടു  പാട്ടു പാടി

ഞാനാംമരത്തിനെ വാരിപ്പുണർന്നൊരു 
വല്ലീ, നീ ഊറ്റിയെൻ മജ്ജയെല്ലാം

അന്നെൻകനവുകൾ  മൊത്തിക്കുടിച്ചുക്കൊ-
ണ്ടെങ്ങു പോയെങ്ങു പോയ്‌ നീ മറഞ്ഞു 

ചോണനുറുമ്പുകൾ നെഞ്ചിലെരിത്തീയായ്,
കരളിൻ കിനാക്കളടർത്തി മാറ്റി

ശീതക്കാറ്റെനുടെ താരുണ്യമൊക്കെയും
ശീതീകരിച്ചെങ്ങൊ പാഞ്ഞു പോയി 

ഉഷ്ണക്കാറ്റെനുടെ ഹൃദയകവാടങ്ങൾ
ഊഷരമാക്കി കടന്നു പോയി

അന്നെൻശിഖരത്തിൽ കൂടുകൂട്ടാൻ വന്ന
കിളികളിന്നില്ല ;യുറുമ്പുമില്ല

അന്നെന്നിൽ താരുണ്യം വാരി വിതറിയ 
വാസന്തവുമെന്നെയറിയാതായി

ഉണങ്ങിയിക്കൊമ്പുകൾ,ജീർണ്ണിച്ചു വേരുകൾ 
ഇലകളെല്ലാം വാടി വീണു പോയി

ആരുടെയൊക്കെയോ ചിതയിലെരിയുവാ-
നായി വിധിച്ചൊരു പാഴ്ത്തടി ഞാൻ !

                     

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഇല്ലാത്ത വാനിലെ ഇല്ലാത്ത ദീപങ്ങൾ
തൂലികത്തുമ്പിലൂടൂർന്നിറങ്ങീടുന്നു
ആദി മുതൽ തിങ്കൾ പൊൻവസന്തം
ഇന്ദുമുഖിയുടെ സൗമുഖ്യം വർണ്ണിച്ചി-
ടാത്തൊരു നാക്കുമീമണ്ണിലില്ലാ സത്യം

സൂര്യതേജസ്സും നെറുകയിലേറ്റിക്കൊ-
ണ്ടേറ്റമഹന്തയാലിന്ദുവിൻ പൊയ്മുഖം
കാഴ്ചകൾക്കുള്ളിലെ പൊരുളുകൾ തേടുമ്പോൾ
വായു നിറച്ച കുമിളകൾ സത്യങ്ങൾ

കാഴ്ചവൃത്തങ്ങളിൽ തെളിയുമീ ദൃശ്യങ്ങൾ
ചതിക്കപ്പെടും വെറും മോഹവലയങ്ങൾ
സുന്ദരമാമൊരീ കാഴ്ചകളൊക്കെയും
ദേഹദീപത്തിൻ വിനോദ വികൃതികൾ

ഇല്ലാത്ത നക്ഷത്രരാശികൾ പണിയുന്ന
ഭ്രമാത്മക വിശ്വമൊരുകിനാവോ ?
ഇല്ലാത്ത നീലിമ കാണിക്കുമാകാശ-
കണ്‍ക്കെട്ടുവിദ്യയിൽ ശൂന്യരായ് നാം !

 


2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

കാറ്റിന്റെ താലോലം

കനലുകളിൽ പൊള്ളിയ പാദങ്ങളും
ചിന്തകളിൽ വെന്ത ഹൃദയവുമായി
ഒരു തപ്തജന്മം നിത്യനിദ്ര പൂകിയപ്പോൾ
ശവക്കൂനക്കരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കിക്കൊണ്ടൊരു കാറ്റ്
സാന്ത്വനിപ്പിച്ചു വീശിക്കൊണ്ടിരുന്നു

കാലമൊരു പൂവിൽ വരകൾ കോറിയിട്ടപ്പോൾ
തേൻ നുകർന്നു മദിച്ചുല്ലസിച്ച  വണ്ടുകളും
നെഞ്ചിലെ  കനിവിൽ  വിരിഞ്ഞുണർന്ന ശലഭങ്ങളും
നന്ദികേടിലേക്ക് പടിയിറങ്ങിയപ്പോൾ
മണ്ണിലടർന്നു വീണ ദലങ്ങളെ നെഞ്ചോട്‌ ചേർത്തൊരു
കാറ്റ് താലോലിച്ചു കൊണ്ടിരുന്നു

കാറ്റ്
വരണ്ടുണങ്ങിയ മരുഭൂമനസ്സിലേക്ക്
മഴമേഘങ്ങളെ  ഓടിച്ചിട്ട്‌ പോകുന്നു
കാറ്റ്
വസന്തം വർണ്ണം വിരിയിച്ച
ചില്ലകളിൽ നിന്നും പുഷ്പവൃഷ്ടി നടത്തുന്നു

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ആർദ്ര മൗനങ്ങൾ


കടലിൻ ആർദ്രമൗനങ്ങൾ
മേഘവർഷങ്ങളായ് പെയ്തൊഴിയുന്നു
മരുഹൃദയത്തിലെ വന്യമാം മൗനത്തിൽ...
നാമ്പ് കിളിർക്കാത്ത മരുഭൂമനസൊരു
അഴലിന്റെ തേങ്ങലായ് കൊടുങ്കാറ്റായ്
കുതിച്ചും കിതച്ചും തളർന്നുറങ്ങുന്നു...
ദ്രവങ്ങൾ തിളക്കുന്ന നെഞ്ചുമായൊരു മല
നിത്യമൗനത്താൽ തളർന്നുറങ്ങുമ്പോൾ
ശപിച്ചു നടന്നൊരു കാറ്റിനെ ശാസിച്ചു
ഒരു കടൽ വീണ്ടും സമാധിയായി ...
ജീർണ്ണത ജീർണ്ണതതൻ കുറ്റമല്ലെങ്കിൽ
കാലത്തിൻ പങ്കതിലെത്രെയെന്നറിയുവാൻ
മൗനത്തിൻ കല്ലറ പൊട്ടിപ്പിളർത്തിക്കൊ-
ണ്ടൊരു മൂങ്ങ സൂക്ഷ്മം നിരീക്ഷിക്കുന്നു ...
മൗനമൊരു കടൽ ചിലപ്പോൾ മരുഭൂമി
ഇനിയും ചിലപ്പോൾ മലയുമാകാം
ഉണർത്തീടൊല്ലാരും ഉറങ്ങട്ടേ ശാന്തമായ്


2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ധ്രുവ നക്ഷത്രത്തേയും കാത്ത്...


തീരത്തിലേക്ക് നയിക്കാൻ
ഒരു ധ്രുവ നക്ഷത്രം പോലുമില്ലാതെ
ഇരുട്ടിന്റെ മഹാസമുദ്രത്തിലൊരു
നൗക ഗതിയില്ലാതെ അലയുന്നുണ്ട്

അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കൂർത്ത മൌനങ്ങൾ
പ്രഹേളികയുടെ പുറന്തോടിൽ
ചിലതൊക്കെ ആലേഖനം ചെയ്യുന്നുണ്ട്

അഭിനവ ഖദർധാരികളാൽ
മാനഭംഗം ചെയ്യപ്പെട്ട ഒരു വൃദ്ധൻ
തെരുവിൽ കുനിഞ്ഞു നിന്ന്
കണ്ണീർ വാർക്കുന്നുണ്ട്

അവകാശ സമരങ്ങളുടെ
ഇങ്കുലാബ് വിളികൾക്കിടയിൽ
യൂണിയൻ നേതാവിനൊരു
കൊട്ടാരമുയരുന്നുണ്ട്

ഗംഗയുടെ ആത്മാവിനുള്ളിൽ
വിഷ സർപ്പങ്ങൾ കൂട് കൂട്ടിയപ്പോൾ
പോഷകനദികൾ ഭാരമാണെന്ന്
അവൾ മുറുമുറുക്കുന്നുണ്ട്

പല ശുഭയാത്രകളും
യൂദാസിന്റെ മനസ്സിൽ നിന്നാരംഭിച്ചു
സാത്താന്റെ കൊട്ടാരത്തിൽ
ചെന്നവസാനിക്കുന്നുണ്ട്

ജന്നത്തിലേക്ക് നീണ്ടു പോകുന്ന
മാദീനാ പാതയുടെ ഗതി
നരകത്തിലേക്ക് തിരിച്ചു വിടാൻ
ചിലർ ശ്രമിക്കുന്നുണ്ട്

നക്ഷത്രങ്ങൾ ഉരുകിയൊലിക്കുമ്പോൾ
ഗ്രഹങ്ങൾ ഛിന്നഭിന്നമാകുമ്പോൾ
ചന്ദ്രൻ പൊട്ടിപ്പിളരുമ്പോൾ
ഒരു കുരുവി ഇങ്ങനെ തേങ്ങാതിരിക്കില്ല
'എന്തിനായിരുന്നു ഇതെല്ലാം '

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഇത്തിൾക്കണ്ണികൾ

അവകാശ സമരങ്ങളുടെ ഇങ്കിലാബ് വിളികൾക്കിടയിൽ
ഒരു ട്രേഡുയൂണിയൻ നേതാവിന് കൊട്ടാരമുയരുന്നുണ്ട്
****************************************
മരം വാടട്ടേ,ഇത്തിൾക്കണ്ണികൾ വേറെ തേടും
****************************************
ചീയുന്നത് ചീയട്ടെ,വളരാനുള്ള വളം മതി ചെടിക്ക്
****************************************
വെള്ളരിപ്രാവിന്റെ ചിറകടികൾ കഴുകൻ നോട്ടമിടുന്നുണ്ട്
****************************************
കടിച്ചൊരു മൂർഖന്റെ വിഷം വിറ്റൊരുവൾ തെരുവിൽ
****************************************
തന്റേതു മാത്രമെന്ന് ഓരോ പുഴയും കരുതുമ്പോളും
സമുദ്രമനസ്സ് വീണ്ടും വീണ്ടും പുഴകളെ .....ഭാഗംവെപ്പ്


ചിരിപ്പൂക്കൾക്കു മേൽ കണ്ണീർമഴ
****************************************
ഉണക്കമരക്കൊമ്പിലിരുന്നൊരു കാക്ക
എനിക്കൊരു വിരുന്നുകാരനെ ക്ഷണിക്കുന്നുണ്ട്‌
****************************************
നഗരരാവ്,മാംസനിബദ്ധരാഗങ്ങൾക്കിടയിൽ മരണഗന്ധം
****************************************
ചൂണ്ടയിൽ കുരുങ്ങിയതറിയാതൊരു മത്സ്യം തിമർത്താടുന്നു
****************************************
വേരുചീയൽ:മരശിഖരത്തിലൊരു  കിളി തേങ്ങി
****************************************
തിക്കല്ലേ കുഞ്ഞേ,ഇറങ്ങാനായി,ഇനി ഇരുന്നോളൂ
****************************************
വാതിലിൽ മുട്ടുന്നു,വിളിച്ചിരുന്നു,അയാൾ തന്നെ
****************************************
ശവം ചുമക്കുന്നവരുടെ മനസ്സിലൊരു  ഭാഗംവെപ്പ്
****************************************
മണ്ണും കൃമികീടങ്ങളും ചേർന്ന്
കിട്ടിയ ശവത്തിന്റെ വീതംവെപ്പ്

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

ചിത


പകലിന്റെ ചിതയിൽ നിന്ന് രാത്രിയും
രാത്രിയുടെ ചിതയിൽ നിന്ന് പകലും
എന്നിൽ നിന്ന് നീയും നിന്നിൽ നിന്ന് ഞാനും

*********************************
      ചിതലരിച്ച ഓർമ്മകൾ
 

ചിതലരിച്ച ഓർമ്മയുടെ കൂടുകളിൽ
പിൻവിളി കാക്കാതെ മാഞ്ഞ
ഒരു പ്രണയത്തിന്റെ അസ്ഥിപഞ്ജരം

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ചില അസത്യങ്ങളായ സത്യങ്ങൾ

മലമുകളിൽ നിന്നും താഴേക്ക്‌ നോക്കി
'ഇറക്കമെന്ന' സത്യത്തെക്കുറിച്ച്
ഘോരഘോരം പ്രസംഗിക്കുന്നുണ്ടൊരാൾ
അപ്പോൾ താഴെ നിന്നു
മലമുകളിലേക്ക് നോക്കി
'കയറ്റമെന്ന'സത്യത്തിനു
അടിവരയിടുകയായിരുന്നു മറ്റൊരാൾ
ഇതിനിടയിലൂടെ,ആരും കാണാതെ
ആപേക്ഷികതയുടെ മുണ്ടും തലയിലിട്ടു
ഒരു യഥാർത്ഥ സത്യം
നടന്നു പോകുന്നുണ്ടായിരുന്നു

പകലിന്റെ ചിതയിൽ നിന്നും
രാത്രി ഉയർത്തെഴുന്നേറ്റപ്പോൾ
ചില അശുഭനക്ഷത്രങ്ങൾ
ചിരിക്കുന്നുണ്ടായിരുന്നു;
അതേ രാത്രിയുടെ ചിതയിൽ നിന്നു
വീണ്ടും പകൽ
ഉയർത്തെഴുന്നേൽക്കുമെന്ന സത്യമറിയാതെ

തൊണൂറ്റി ഒമ്പത് ആളുകൾ ചേർന്നു
ഒരു അസത്യത്തെ സത്യമാക്കിയപ്പോൾ
എതിർത്ത ഒരു നിഷേധിയുടെ വായിലേക്ക്
നുണക്കൊട്ടാരത്തിലെ കിങ്കരന്മാർ
വിഷചഷകം നീട്ടുന്നുണ്ട്

ഭ്രാന്താശുപത്രിയിലെ
തടവറയിൽ നിന്നും മുഴങ്ങുന്ന
ഭ്രാന്തില്ലാത്ത ഭ്രാന്തന്റെ
അർത്ഥഗർഭമായ ചിരികളിൽ
പുറത്തുള്ള പല ഭ്രാന്തന്മാരുടെയും
ഉടുതുണികൾ അഴിഞ്ഞു വീഴുന്നുണ്ട്‌

ഇതാ ഒരാൾ....
കൂട്ടിക്കിഴിച്ചു ,മനനം ചെയ്തു
നഷ്ടലാഭങ്ങളുടെ തുലാസ്സിൽ
തൂക്കി നോക്കി മാത്രം
ചില കടിഞ്ഞൂൽ  സത്യങ്ങൾ
വിളിച്ചു പറയുന്നു ...
അതേ സമയം
തൊട്ടടുത്ത്‌ ആളി കത്തുന്ന
ഒരു വലിയ
സത്യത്തിന്റെ ചിതയിൽ
കൈ പൊള്ളാതിരിക്കാൻ
അയാൾ ആവതും ശ്രമിക്കുന്നുണ്ട്  ...

ഈ നീണ്ട രാത്രികൾക്ക്  അവസാനമില്ലേ ?
ഒരു അരുണോദയമുണ്ടാകില്ലേ ?
ആവോ ...
ചിലരൊക്കെ അങ്ങനെ പ്രതീക്ഷിക്കുന്നുണ്ട് ...
2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

താപസകന്യകേ പോവുക നീ


എകാന്തമായൊരെന്നാത്മാവിൻ വീഥിയിൽ
ഏഴഴകോടെ നീ പൂത്തുനിൽപ്പൂ
എന്നാളുമെൻ വീണക്കമ്പിയിൽ നീ സഖീ
ഏകൈകരാഗാമൃതം ചൊരിയും


കാഞ്ചനപങ്കജം, നീയുമിസ്സങ്കട-
ക്കണ്ണീർക്കയങ്ങളിൽ നീന്തിടൊല്ലാ
കാണുവാനൊട്ടുമെനിക്കിന്നു വയ്യന്റെ
കാതരാക്ഷീ നിന്നെയീവിധത്തിൽ


തൈജസകീടമേ നിന്നുടെ താരുണ്യം
താപകമാക്കി ഞാനീവിധത്തിൽ
താപിതമെന്നുടെ നെഞ്ചകം കാണാതെ
താപസകന്യകേ പോയീടുക


ആകല്പം വല്ലകീതന്ത്രികൾ മീട്ടുവാൻ
ആശിപ്പതെങ്ങനെ,യിക്കുരുടൻ
ആകാശമോക്ഷമീയാത്മാവിനര്‍ത്ഥനം
ആകുലചിത്തമേ ശാന്തമാകൂ


പാരാതെ പോക നീ; ചഞ്ചലാക്ഷീ നിന്റെ
പിഞ്ജലമാനസം കാണ വേണ്ടാ
പ്രാണന്റെ പ്രാണനായ് വാഴും നീയോമലേ
പാരിതിലിദ്ദീപം കത്തുവോളംവാക്കര്‍ത്ഥങ്ങള്‍
ഏകൈക-ഒരേയൊരു
കാഞ്ചനപങ്കജം-പൊന്‍താമര
കാതരാക്ഷി -ഇളകുന്ന കണ്ണുകളോടുകൂടിയവള്‍, സുന്ദരി
ആകല്പം-ലോകാവസാനം വരെ
ആകാശമോക്ഷം -സ്വർഗ്ഗാരോഹണം
തൈജസകീടം -മിന്നാമിനുങ്ങ്‌
താപക -(ഇവിടെ )ദുഃഖമുള്ള
താപിത -തപിക്കപ്പെട്ട
വല്ലകി -വീണ
പിഞ്ജല-ആകുലമായ, ദുഃഖിതമായ