കുങ്കുമസന്ധ്യകള്‍

Pagerank

2017, മേയ് 16, ചൊവ്വാഴ്ച

വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങല്‍

സുപ്രഭാതം സൺ‌ഡേ സ്‌പെഷ്യൽപുല്ലോട്ടിയിൽ
പുല്ലൊഴിഞ്ഞ നേരമില്ലായിരുന്നു
പാലുള്ളപ്പോൾ

കയറിനുപിറകെ ഭയത്തോടെ ഇടറിനടക്കുമ്പോൾ
കറവ വറ്റിയതുമുതൽ കാണാതായവരെ
വൃഥാ തിരയുകയായിരുന്നു കണ്ണുകള്‍

പ്രയോജനരഹിതമായത്
പൊറുപ്പിച്ചുകൂടെന്ന പുതുപാഠമായിരിക്കണം
വിറ്റൊഴിവാക്കുന്നവരുടെ മനസ്സില്‍

കത്തിമൂർച്ചയിലേയ്ക്കു വലിച്ചടുപ്പിക്കുമ്പോൾ
മതിപ്പുവില തെറ്റരുതേയെന്ന്
നേരുംനെറിയും കെട്ട പ്രാര്‍ത്ഥനകള്‍

പാതിയറ്റ കഴുത്തുമായി
ചോരപ്പുഴയില്‍ നീന്തി
ജീവിതത്തിലേയ്ക്കു പിടഞ്ഞെഴുന്നേൽക്കുമ്പോൾ
മരണത്തിലേയ്ക്കു തന്നെ തള്ളിവീഴ്ത്തുന്നുണ്ട്
രക്ഷകരുടെ കൈകള്‍

കഥയറിയാതെ കാത്തിരിക്കുന്ന
വിശപ്പുകളുടെ പ്രതീക്ഷയാണ്
തിളയ്ക്കുന്ന മാംസത്തിന്റെ
'കളകള'ശബ്ദമെങ്കിലും
കാല്പാടുകള്‍ പതിയാതെ പോയ ജീവിതത്തിന്റെ
വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങലാണത്..!

2017, മേയ് 7, ഞായറാഴ്‌ച

പകയുള്ള മൃഗം

യാത്രാവഴിയിൽ കണ്ട
അപൂർവ്വം ചിലതിനെ
ആത്മാവ് കൊണ്ടൊന്നു
തൊട്ടു നോക്കിയിരുന്നു.
അറിഞ്ഞിരുന്നില്ല
സ്മൃതിദ്വീപിലെ
ഒറ്റപ്പെട്ട മുറിവുചാലുകളിൽ
മുളകുതേക്കാൻ മാത്രമുള്ള
അവയുടെ ഒടുങ്ങാത്ത പക.
എത്ര വഴിമാറി നടന്നാലും
ചിലരെ
ചിലതെല്ലാം
പകയുള്ള മൃഗംപോലെ
പിന്തുടർന്നു കൊണ്ടിരിക്കും...

2017, മേയ് 4, വ്യാഴാഴ്‌ച

ഇനിയും...ഇരുളും പുതച്ചാർത്തു വന്നു കൊടുങ്കാറ്റ്
ഇനിയും കെടാത്തതായുണ്ട് വിളക്കൊന്ന്

ഇനിയും, മതിഭ്രമക്കണ്ണിൽ പതിക്കാതെ
ഈറനും ചുറ്റി വിറയ്ക്കുന്ന  പൂവുണ്ട്

ഇനിയും, കരിങ്കൺക്കനലിൽ പിടയാതെ
ഇരവുകൾ താണ്ടിത്തളരുന്ന നോവുണ്ട്

ഇനിയും, അറിയുന്ന മക്കളിരിപ്പുണ്ട്
ഈറ്റുനോവിൻവില പ്രാണൻവിലയെന്ന്

ഇനിയും, സൽസന്താനം ബാക്കിയിരിപ്പുണ്ട്
ഇടനെഞ്ചിലച്ഛനെ ചേർത്തുപിടിച്ചെന്നും

ഇനിയും, വിയർപ്പിൻ രുചിയുണ്ട ഓർമ്മകൾ
ഇടുകാട്ടി,ലോർമ്മക്കൽ തിരയുന്നു കണ്ണീരാൽ

ഇനിയും, വിശപ്പിൻ വിഷം തീണ്ടി ചാകാത്ത
ഇത്തിരിക്കുഞ്ഞു വയറുകൾ  ബാക്കിയായ്‌

ഇനിയും, മരിക്കാത്തൊരിത്തിരി പാടത്തിൽ
ഇറ്റിറ്റിപ്പുള്ളുകൾ നെയ്യുന്നു സ്മരണകൾ 

ഇടിനാദമങ്ങു ദിഗന്തം പിളർക്കിലും
ഇടനെഞ്ചു പൊട്ടിപ്പിളരാതെ  വീറുകൾ

ഇനിയും, തിരയല്ലേ വഴികാട്ടും താരകം
ഇടറാതെ ഹൃത്തിലെ പന്തം തെളിക്കുക
---------------------------------------------ചിത്രം.ഗൂഗിൾ