കുങ്കുമസന്ധ്യകള്‍

Pagerank

2017, മേയ് 16, ചൊവ്വാഴ്ച

വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങല്‍

സുപ്രഭാതം സൺ‌ഡേ സ്‌പെഷ്യൽപുല്ലോട്ടിയിൽ
പുല്ലൊഴിഞ്ഞ നേരമില്ലായിരുന്നു
പാലുള്ളപ്പോൾ

കയറിനുപിറകെ ഭയത്തോടെ ഇടറിനടക്കുമ്പോൾ
കറവ വറ്റിയതുമുതൽ കാണാതായവരെ
വൃഥാ തിരയുകയായിരുന്നു കണ്ണുകള്‍

പ്രയോജനരഹിതമായത്
പൊറുപ്പിച്ചുകൂടെന്ന പുതുപാഠമായിരിക്കണം
വിറ്റൊഴിവാക്കുന്നവരുടെ മനസ്സില്‍

കത്തിമൂർച്ചയിലേയ്ക്കു വലിച്ചടുപ്പിക്കുമ്പോൾ
മതിപ്പുവില തെറ്റരുതേയെന്ന്
നേരുംനെറിയും കെട്ട പ്രാര്‍ത്ഥനകള്‍

പാതിയറ്റ കഴുത്തുമായി
ചോരപ്പുഴയില്‍ നീന്തി
ജീവിതത്തിലേയ്ക്കു പിടഞ്ഞെഴുന്നേൽക്കുമ്പോൾ
മരണത്തിലേയ്ക്കു തന്നെ തള്ളിവീഴ്ത്തുന്നുണ്ട്
രക്ഷകരുടെ കൈകള്‍

കഥയറിയാതെ കാത്തിരിക്കുന്ന
വിശപ്പുകളുടെ പ്രതീക്ഷയാണ്
തിളയ്ക്കുന്ന മാംസത്തിന്റെ
'കളകള'ശബ്ദമെങ്കിലും
കാല്പാടുകള്‍ പതിയാതെ പോയ ജീവിതത്തിന്റെ
വിസ്മൃതിയിലേയ്ക്കുള്ള നുരച്ചുപൊങ്ങലാണത്..!

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...