കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

ചോര കൊണ്ടൊരു അശ്വമേധം

പണ്ടേ ഭയപ്പെട്ടതാണു ഞാൻ,ഭീകര-
സത്വമെൻ വാതിലിൽ വന്നിട്ടു  മുട്ടുന്നു..
വേണം ചുടുചോര മോന്തിക്കുടിക്കുവാൻ
ആർഷമഹിമകൾക്കശ്വമേധം തീർക്കാൻ !

സ്വാഗതമോതിയ നാക്കുകളേ നിങ്ങൾ
കൊട്ടിഘോഷിച്ചതന്നേതേതു പൈതൃകം?
തെരുവിൽ ലഭിയ്ക്കുന്നൊരു കൊച്ചുപാവ തൻ
വില പോലുമില്ലാത്ത മർത്യജന്മം,കഷ്ടം !

ചെഞ്ചോരയാലൊരു 'അച്ചാദിൻ'തീർക്കുമ്പോൾ
ചോരക്കറകൾ സ്വയം വാളായ് മാറിടും ...

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഇന്നു ഞാൻ,നാളെ നീ

വിഷം കുടിച്ചു
നീലിച്ച പുഴയിൽ,
ശേഷിച്ച മീനുകളുടെ
മഞ്ഞിച്ച കണ്ണുകളിലെ
പ്രാണപ്പിടച്ചിലുകൾ മൊഴിയുന്നു
ഇന്നു ഞാൻ നാളെ നീ...

നരങ്ങി മൂളിയോടുന്ന
ശവവണ്ടിയിലെ 
ജീർണ്ണിച്ച കുന്നിന്റെ മൃതദേഹം
പിന്നിലൊരു വാചകം
ഉപേക്ഷിക്കുന്നു
ഇന്നു ഞാൻ നാളെ നീ...

വാൾമൂർച്ചകൾ
വൃക്ഷ,കാണ്ഡ,ഞരമ്പുകൾ 
ഛേദിക്കുമ്പോൾ
തീക്ഷ്ണാനുഭവത്തിന്റെ
വാർഷിക,വലയ,വേവുകൾ പകർന്ന
മനുഷ്യന്റെ
അശുഭ,ജന്മപത്രികാ,സുവിശേഷമറിഞ്ഞു
വിറ കൊള്ളുന്ന ശാഖികൾ
നാളെത്തെ ജീവനുകൾക്കായ്
ഉണക്കിലകളിൽ കുറിക്കുന്നത്:
ഇന്നു ഞാൻ നാളെ നീ...

തേടി വന്ന വെടിയുണ്ടയ്ക്ക്
ജീവനർപ്പിക്കാൻ വേണ്ടി
പിടഞ്ഞു പ്രാണനെ കൊഴിക്കുന്ന
മാനിന്റെ കണ്ണിലെ ദയനീയത
വിളിച്ചു പറയുന്നു
ഇന്നു ഞാൻ നാളെ നീ...

സ്വാർത്ഥതൃഷ്ണകൾ
കറുപ്പിച്ച കൈകൾ
വെളുപ്പിച്ച ഭൂമിയും
നരപ്പിച്ച ആകാശവും
വെളിപാട് പുസ്തകത്തിൽ
ആണയിടുന്നു
ഇന്നു നീ...നാളെ..?!



2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

നിനക്കറിയാമോ..!

നിനക്കറിയാമോ..?
എനിക്കൊരു വീടുണ്ടായിരുന്നു !
രണ്ടറ്റം കീറിയ ഓലപ്പായിൽ
അരവയറുമായി
മലർന്നു കിടക്കുമ്പോൾ
ഗ്രീഷ്മസൂര്യന്റെ വികൃതികൾ
തുളകൾ വീഴ്ത്തിയ
ഓലത്തടുക്കുകൾക്കിടയിലൂടെ
നക്ഷത്രങ്ങൾ ഒളിഞ്ഞു നോക്കിയിരുന്ന
ഒരു വീട്



നിനക്കറിയാമോ..?
എനിക്കൊരു നാടുണ്ടായിരുന്നു!
മലയിറങ്ങി  വന്ന വെണ്‍മേഘങ്ങൾ
വൃക്ഷശാഖികളിൽ അടയിരുന്ന്
വിരിയിച്ചെടുത്ത കുളിർ നിശ്വാസങ്ങളേറ്റ് 
ഞെട്ടിയുണർന്നു പൊട്ടിച്ചിരിക്കുന്ന
കതിർക്കുലകൾ സുപ്രഭാതം നേർന്നിരുന്ന
ഒരു നാട്

നിനക്കറിയാമോ..?
എനിക്കൊരു ബാല്യമുണ്ടായിരുന്നു !
സ്നേഹവും  ഒരിറ്റു കണ്ണീരുമല്ലാതെ മറ്റൊന്നും
ഉമ്മാക്ക് വിളമ്പാനില്ലാത്ത നേരങ്ങളിൽ,
രാജന്റെ അമ്മ വിളമ്പിയ
കഞ്ഞീം പുഴുക്കും കഴിച്ച്,
ജോസഫിന്റെ അമ്മ
സ്നേഹത്തിൽ ചുട്ടെടുത്ത കേക്കും നുണഞ്ഞു,
മൂവരും പോയി നേർച്ചച്ചോറുണ്ട്
നായാടിക്കുന്നിന്റെ മേളിൽ
നാട്ടുപ്രമാണികളായി വാണിരുന്ന
ബാല്യം

നിനക്കറിയാമോ..?
എനിക്കൊരു മൂര്‍ദ്ധാവുണ്ട് !
അരിമണി വറത്തതും ചായേം തന്നു
ഓത്തുപള്ളീലേയ്ക്ക് വിടുമ്പോൾ,
മൂട് പിഞ്ഞിയ ട്രൗസ്സർ കണ്ടു
സൂചി വാങ്ങാൻ അഞ്ചു നയാപൈസ
കോന്തലയിൽ തെരഞ്ഞു തളർന്ന
ഉമ്മയുടെ കണ്ണുകളിൽ  നിന്നു
ചുടുനീരുറ്റി  വീണു പൊള്ളിയ
മൂര്‍ദ്ധാവ്


നിനക്കറിയാമോ..?
വലിയ മോൻ പിണക്കത്തിലാണ്
എ സി തണുപ്പ് പോരാത്രേ...
രണ്ടാമത്തെയാൾക്ക് വയറുവേദന
അമിത ഭക്ഷണാത്രേ കാരണം...
മൂന്നാമത്തെയാൾ ലോകചരിത്രം പഠിക്കുകയാണ്
തൊട്ടയൽവാസിയുടെ പേർ അറിയില്ലാത്രേ...

നിനക്കറിയാമോ..?
എനിക്കുണ്ടായിരുന്നു പലതും...പലതും

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഈ വാഹനത്തിൽ ആരും സുരക്ഷിതരല്ല

രാവും പകലും
തിരിച്ചറിയാനാകാത്ത നേരം

വാഹനം നിയന്ത്രിക്കുന്നവൻ
അന്ധത മറയ്ക്കാൻ
കണ്ണട ധരിച്ചവൻ

ദുർഘട പാതയിലൂടെ
അത് തെന്നി നീങ്ങുകയാണ്.
കാണാക്കുഴികളുണ്ട് മുന്നിൽ .
വീഴാൻ കാത്തു കിടക്കുന്ന
പൂതലിച്ച മരങ്ങളുണ്ട്
വഴിയോരങ്ങളിൽ

കുലീന വസ്ത്രധാരികൾ
വാഹനത്തിൽ ഇരുന്നു മയങ്ങുകയാണ്.
അവരുടെ നിറസ്വപ്നങ്ങളിൽ
അവർ മാത്രം

നിലക്കുന്നവരാകട്ടെ
ഇരിപ്പിടം നിഷേധിക്കപ്പെട്ടവർ .
ഉറക്കം അന്യമായവർ .
ഉണർവിലും
ശവംതീനികൾ വേട്ടയാടുന്നവർ .
വാടിയ കിനാക്കളുടെ ഭാണ്ഡങ്ങളും പേറി
തൂങ്ങി നിന്നാടുന്ന ജീവനുകൾ .
അവർക്കിത് വെറും യാത്രയല്ല,
പിടിയൊന്നു വിട്ടാൽ
ജീവൻ  ഊർന്നു പോകാനിടയുള്ള
ഒരു വലിയ അഭ്യാസം

ഈ വാഹനത്തിൽ
ആരും സുരക്ഷിതരല്ല

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

മരിച്ചവരൊന്നും മരിച്ചവരല്ല

വർഷങ്ങൾക്കു ശേഷം
വീട്ടുപറമ്പിലൂടൊന്നു
നടക്കാനിറങ്ങിയതാണ്

'മേപ്പോട്ടു നോക്കി നടന്നു
കാലേ മുള്ള് കൊള്ളണ്ടാട്ടോ'
ഇല്ലിവേലി കെട്ടിയ കിണർക്കരയിൽ
കുനിഞ്ഞു നിന്ന് പുല്ലു പറിക്കുന്ന
അമ്മയുടെ കരുതൽശാസനകൾ

അതു  കേട്ടിട്ടാകണം
മരക്കൊമ്പിലിരുന്ന്
'ചിലും...ചിലും'
പൊട്ടിപ്പൊട്ടിച്ചിരിക്കുകയാണ്
അണ്ണാരക്കണ്ണന്മാർ 

പൊടുവണ്ണിക്കൊമ്പിൽ കെട്ടിയ
ഊഞ്ഞാലിൽ നിന്ന് താഴെ വീണു
കരയുന്ന കുഞ്ഞുപെങ്ങളെ കണ്ടു
വീട്ടുകാരെ വിളിച്ചറിയിക്കുകയാണ് കാക്ക

കൂട്ടം തെറ്റി വന്നു
ഇല്ലിക്കൂട്ടിൽ കരഞ്ഞിരിക്കുന്ന
ചെമ്പോത്തിൻക്കുഞ്ഞിനെ
ഒന്നും രണ്ടും പറഞ്ഞു
സമാധാനിപ്പിക്കുകയാണ് പൂത്താംങ്കിരികൾ

ഉറങ്ങിക്കിടക്കുന്ന പൂക്കളെ
വിളിച്ചുണർത്തുന്നു പൂമ്പാറ്റക്കുസൃതികൾ.
പരിഭവിച്ചു മുഖം കോട്ടിയ പൂക്കളെ കണ്ടു
കുലുങ്ങിച്ചിരിക്കുന്ന മരങ്ങളിൽ നിന്ന്
കൊഴിഞ്ഞു വീഴുന്നു മഞ്ഞിലകൾ

ഒരു നേർത്ത കാറ്റിന്റെ
ആർദ്രമായ തലോടലേറ്റ്
ഒരായിരം പൂത്തുമ്പികൾ
ആകാശത്തേയ്ക്കു കുതിയ്ക്കുന്നു
വസന്താഗമനമറിയിക്കാൻ

മരിച്ചവരൊന്നും തിരിച്ചു വരില്ലെന്ന്
വെറുതെ പറയുന്നതായിരിക്കണം..!

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

നിഴൽപ്പേടികൾ

ഇനിയെന്റെ നെഞ്ചു നീ കുത്തിപ്പിളർക്കുക
ഹൃദ്രക്തമൂറ്റി  നീ  നക്കിക്കുടിക്കുക
ശേഷിച്ച ചോരകൊണ്ടോർമ്മകൾ കഴുകുക
സച്ചരിതങ്ങൾക്ക് പട്ടട കൂട്ടുക
ഭൂതത്തിൽ നിന്നുണ്മ ചേറിക്കളയുക
ശിഷ്ട നുണകൾക്ക്‌  രൂപം പടയ്ക്കുക

ഒന്നിച്ചു കളിച്ചു വളർന്നവർ നാം
ഒരു പാത്രത്തിലൊന്നിച്ചുണ്ണിയോർ നാം
ഒരു പാവിരിച്ചൊന്നിച്ചുറങ്ങിയോർ  നാം
എന്നിട്ടുമേന്തേയെൻ    സോദരാ....ഇന്നു നിൻ
നിഴൽ പോലുമെന്നെ   ഭയപ്പെടുത്തുന്നുവോ...!