കുങ്കുമസന്ധ്യകള്‍

Pagerank

2017, ജൂലൈ 22, ശനിയാഴ്‌ച

പ്രസവവാർഡിൽ നിന്ന് മോർച്ചറിയിലേയ്ക്കുള്ള ദൂരം
ആശുപത്രിക്കിടക്കയിൽ
കുട്ടിയെ പ്രസവിച്ചിടുന്നു

അമ്മയെന്നു ധരിച്ച്
സ്വപ്നനിഴലിന്റെ  കൈപിടിച്ച്
പ്രസവവാർഡിനും ജനറൽവാർഡിനും
ഇടയ്ക്കുള്ള ദൂരം
അവൻ വേച്ചുവേച്ചു കടക്കുന്നു

പിന്നെയും
ആരൊക്കെയോ കൂടെയുണ്ടെന്ന കരുത്തിൽ
ജനറൽവാർഡിനും
തീവ്രപരിചരണ വിഭാഗത്തിനും ഇടയിലെ
ദുരിതക്കടൽ നീന്തുന്നു

അത്യാഹിത വിഭാഗത്തിലെ
മങ്ങിയ വെട്ടത്തിൽ
ബോധാബോധങ്ങൾക്കിടയിലൂടെ
മുങ്ങിപ്പൊങ്ങുമ്പോൾ     
വിനിമയമൂല്യം നഷ്ടമായ
ചന്തച്ചരക്കെന്ന ജ്ഞാനം മുളയ്ക്കുന്നു. 

കറുത്തതും വെളുത്തതുമായ
ഇന്ദ്രിയോന്മാദങ്ങൾ സ്വന്തമായിരുന്നില്ലെന്ന
അറിവിന്റെ മുറിവേറ്റ നോവിൽ,
കൂട്ടുകൂടിയ നിഴലുകളിൽ
സർവ്വസ്വവും അർപ്പിച്ച മൂഢതയെ പഴിച്ച്  
ശൂന്യക്കരിങ്കടൽ മീതെ പറക്കുമ്പോൾ
കാഴ്ചവട്ടങ്ങൾക്കപ്പുറം തെളിയുന്നു.

പ്രസവവാർഡിൽ നിന്ന്
മോർച്ചറിയിലേയ്ക്കുള്ള വളർച്ച
ഇവിടെ പൂർണ്ണമെന്നൊരു
വെൺമുദ്രയിൽ പൊതിഞ്ഞെടുത്ത്
ശൈത്യത്തിൽ ഉറയാൻ വിടുന്നു
സത്യത്തിൽ മേയാൻ വിടുന്നു...

വെളിപാടുപുസ്തകം


കലങ്ങി മറിഞ്ഞൊഴുകുന്നു
നിയതിയുടെ നിഗൂഢ സ്ഥലികളിലൂടെ
ഘോരവേദനാ പുളച്ചിലുകൾ

അപ്പോഴും പിടിവിടുന്നില്ല
അപാരതയുടെ  നീലനാഭിച്ചുഴിയിൽ നിന്ന്
കടഞ്ഞെടുത്ത തേനും
നറുഭാവനത്തിന്റെ നിലാമിനുപ്പും

ഫണം വിടർത്തി
ദംശിക്കാൻ
പിന്തുടരുന്നു മരുദാഹം.
അലക്കൈകൾ നീട്ടി
ചേർത്തു പിടിക്കാൻ
വിദൂരത്തിലിരമ്പുന്നൊരു കടൽ.
തുറന്നു വരുന്നു...
പ്രജ്ഞയുടെ വെളിപാടുപുസ്തകം

മറന്നു പോയ വീട്


വീട് മറന്നു പോയി !
കയ്യിൽ താക്കോൽ ഏല്പിച്ച്‌
ആരോ മറയുന്നു
തുറക്കാൻ ശ്രമിച്ചത് മുഴുവൻ
മറ്റുള്ളവരുടെ വീടുകൾ
താക്കോലിന്നു വഴങ്ങാത്ത
താക്കോൽദ്വാരങ്ങൾ
അബദ്ധങ്ങൾ....
അവസാനം
സ്വന്തം വീട് തുറന്ന്
വിശ്രമിക്കുകയാണ് ഞാൻ
അതോടെ
നിങ്ങൾക്കെന്ന പോലെ എനിക്കും
താക്കോൽ കാണാതാവുന്നു !

പുളിങ്കുരു


മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ.
വീടിന്നു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

സ്ക്കൂളിലേയ്ക്കെന്നും
ചുട്ട പുളിങ്കുരുവുമായി വന്നു ആമിന.
അതോണ്ട്,കുട്ട്യേളൊക്കെ ഓളെ
പുളിങ്കുരൂന്നു വിളിച്ചു.
ഇന്ദ്രങ്കുടിയാന്ന് ഓള് തിരിച്ചു വിളിക്കും
ഞാൻ മാത്രം ഓളെ
പുളിയാമിനാന്ന് സ്നേഹത്തോടെ വിളിച്ചു പോന്നു.
ചെക്കന് മാഞ്ഞാളം കൂടുന്നുണ്ടെന്ന
ഓളെ പരാതിക്കിടയിൽ
വട്ടക്കണ്ണുകളിൽ അസർമുല്ല പൂത്തിരുന്നു

കബഡിക്കളിയ്‌ക്കിടയിൽ
ഓളെ പുള്ളിപ്പാവാട കീറി
വെള്ളത്തുട കണ്ടു
കുട്ട്യേളൊക്കെ ചിരിച്ചപ്പോൾ
എനിക്കു മാത്രം കരച്ചിൽ വന്നു.
ന്റെ എയ്‌ത്തും പഠിപ്പൂം ക്ക്യേ
നിന്നൂന്ന് ഓള് കാതിൽ വന്നു
സങ്കടം പറഞ്ഞപ്പോൾ
ഇല്ലാത്ത കരട് ചാടിയ കണ്ണിൽ
വെറുതെ തിരുമ്മിക്കൊണ്ടിരുന്നു ഞാൻ

രണ്ടു നേരം കഞ്ഞീം മൊളക് ചുട്ടരച്ചതും കൂട്ടി
ജീവിച്ചു പോണ ഓൾടെ
കിനാവിൽ പോലും മറ്റൊരു പാവാടയില്ല.
ബാപ്പ വയനാട്ടിൽ നിന്നൂം പണീം കഴിഞ്ഞു
മാസത്തിൽ ഒരിക്കൽ വരുമ്പോൾ
ഓൾടെ കുടീല് ബല്ല്യപ്പെരുന്നാൾ ആകും

പിന്നെ ആമിന സ്‌കൂളിൽ വന്നില്ല
കുട്ട്യേളൊക്കെ ഓളെ മറന്നു തുടങ്ങി
ഓല് പൊരേം വിറ്റു വായനാട്ടീ പോയീന്നു കേട്ടു

മുറ്റത്തെ പുളിമരം
കിട്ടിയ വിലയ്ക്കു വിറ്റു ഞാൻ
വീടിനു ഭീഷണിയായിരുന്നു.
ഓർമ്മകൾക്കു മേൽ മറിഞ്ഞു വീഴുമ്പോൾ
മനസ്സ് ശാന്തം.

2017, ജൂലൈ 17, തിങ്കളാഴ്‌ച

പ്രപഞ്ചം

പ്രപഞ്ചമേ
നീയൊരു പുസ്തകം
ഞാനൊരു വാക്ക്
പ്രണയാതുര വാക്കുകൾ
പരസ്പരം പുണർന്നു
മഹത് കാവ്യമാകേണ്ടിയിരുന്നത് !
പ്രണയശൂന്യ വാക്കുകളുടെ
പൊരുളറിയാത്ത കലഹങ്ങൾ
അന്തമില്ലാത്ത അനർത്ഥങ്ങൾ...
ദുരന്തങ്ങളുടെ വിപത്ഗ്രന്ഥമേ
മടക്കിവെക്കും മുമ്പ്
ചില വാക്കുകൾ
നീ വെട്ടിമാറ്റും...

വിഡ്ഢിണൽ കൊണ്ടുപോലും
തഴുകാത്ത വൃക്ഷമേ...
നീ പൂത്തതും
സുഗന്ധം പരത്തിയതും
കിനാവുകളുടെ വ്യാജലോകത്തിൽ
എന്നിരുന്നാലും
ഓർമ്മകളുടെ പൊട്ടക്കുളത്തിൽ നിന്ന്
ഇല്ലാത്ത വെള്ളം കോരിയെടുത്തു
നിഴലിനെ തേവിനനയ്ക്കുന്ന
വിഡ്ഢിയുടെ കഥ നിനക്കറിയാം
പക്ഷേ...
ഓർമ്മകളാണ് ജീവിതമെന്ന് പഠിപ്പിച്ച
മാർക്കേസിന്റെ കഥ എനിക്കറിയാം

2017, ജൂലൈ 3, തിങ്കളാഴ്‌ച

തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത്


ശ്രീധരനുണ്ണി
(കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രശസ്ത കവി )


കവികൾ ഇപ്പോൾ തിരിഞ്ഞു നോക്കുന്നത് സ്വന്തം ആത്മാവിലേയ്ക്ക് മാത്രമല്ല .സമൂഹത്തിന്റെ ആത്മാവിലേയ്ക്ക് കൂടിയാണ് .നോക്കുക മാത്രമല്ല ,അവിടെ നിന്ന് പലതും ചികഞ്ഞെടുക്കുന്നുമുണ്ട് .ശ്രീ കെ ടി എ ഷുക്കൂർ അങ്ങനെ ചികഞ്ഞെടുത്ത ചിന്താശകലങ്ങളാണീ സമാഹാരത്തിലുള്ളത് .ആഴത്തിലുള്ള ചിന്തകളാണിവ .അതിൽ രൂക്ഷമായ അപഹാസമുണ്ട് ,വിമർശനമുണ്ട് ,ആസ്വാദനമുണ്ട്,ഗൃഹാതുരതയുടെ നീറ്റലുകളുണ്ട്.എല്ലാം കൂടി ഒരേ ചരടിൽ കോർത്തപ്പോൾ അത് 'തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത് എന്ന സമാഹാരമായി .

ചുറ്റുപാടുകളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും ജീവിതത്തിൽ സംഭവിക്കുന്ന അപചയങ്ങളെ കുറിച്ചും കവി തുറന്നെഴുന്നു ,പാടുന്നു .അത് പക്ഷേ തിരിച്ചറിവുകളുടെ പാട്ടാണ് .ജീവിത ശോകാന്ത നാടകം ആടി തീർക്കുന്നതിടയിലെ വൈതരണികളെ എങ്ങനെ മറി കടക്കണം എന്ന ചിന്ത അസ്ഥാനത്തല്ല .മൂല്യങ്ങളെ മുഴുവൻ ആക്രിക്കുന്നുകളിൽ അട്ടിയിടുന്ന ഈ കെടുകാലത്തെ പറ്റി ആക്ഷേപഹാസ്യത്തിന്റെ കൂരമ്പ്‌ പൊഴിക്കുന്ന ശീർഷക കവിത നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു .ശക്തമായ ഒരു രചനയാണിത്.

"ബാപ്പുജിയോട്" എന്ന കവിത ഈ കാലഘട്ടത്തിന്റെ ശബ്ദമാണ് .ബാപ്പുജി വീണ്ടും വന്ന് നാം അമ്മയോട് കാണിക്കുന്ന അത്യാചാരങ്ങളെ കാണണമെന്നത് കവിയുടെ മാത്രം അഭ്യർത്ഥനയല്ല
"അമ്മയുടെ താളഭംഗം വന്ന ഹൃദയം കൂടി
പിഴുതെടുക്കാൻ ഒരുമ്പെടുന്ന
അന്ധരായ മക്കളെ കാണാൻ "
ഗാന്ധിജി വരണം .
എത്ര ശക്തമായ ഈരടികൾ !
അച്ഛനെ പേടിക്കുന്ന മക്കളെ കുറിച്ചുള്ള കവിത നമ്മുടെ മനസ്സാക്ഷിയോടുള്ള കടുത്ത ചോദ്യമെത്രേ.ഏത് പാരമ്പര്യം അതിന് ഉത്തരം പറയും ?അമ്മയെ പൊരുന്നു യന്ത്രമാക്കി ആക്രിക്കടയിൽ ഏൽപ്പിക്കാൻ തയ്യാറാകുന്ന അനന്തര തലമുറകൾക്ക് വിധിച്ചത് ഏത് പാതാളമായിരിക്കും .

ഈ സമാഹാരത്തിലെ ഓരോ കവിതയും പ്രത്യേകം പ്രത്യേകം പഠനമർഹിക്കുന്നു .സ്ഥാലീപുലാക ന്യായേന ചിലത് പറഞ്ഞു വെച്ചു എന്നേയുള്ളൂ .ശക്തമായ കാവ്യ ബിംബങ്ങളെ ഉചിതമായ രീതിയിൽ സന്നിവേശിപ്പിക്കാൻ മിടുക്കുള്ള കവിയാണ്‌ ശ്രീ കെ ടി എ ഷുക്കൂർ .അതിനായി നല്ലൊരു കാവ്യഭാഷ ഉരുത്തിരിച്ചെടുക്കാൻ കവിയ്ക്ക് കഴിയുന്നുണ്ട് .
"മുന്നിൽ വരുന്ന വെപ്പു ചിരികളൊക്കെ
വിഷപ്പാമ്പുകളുടെ
മാളെങ്ങളെന്നറിയുക "
(കരുതലോടെ വേണം ചുവടുകൾ )
"പൊട്ട സ്ലേറ്റെന്റെ
കൈപിടിച്ചോടുന്നു
ഉപ്പുമാവെന്ന അറിവ്
ജഠരാഗ്നിയെ സാന്ത്വനിപ്പിക്കുന്ന
കലാലയ മുറ്റത്തേയ്ക്ക് "
എന്നിങ്ങനെ ബിബ കൽപനകളുടെ മലവെള്ളപ്പാച്ചിൽ തന്നെ ഈ സമാഹാരത്തിൽ ഉണ്ട് .ആർദ്രമായ ഓർമ്മകളോടൊപ്പം തീ പിടിച്ച ചിന്തകളും ഈ രചനകളിൽ കാണാം .യാഥാർത്ഥ്യത്തിന്റെ ഈ കൊടും ചൂടിനപ്പുറം കാൽപ്പനികതയും പ്രണയവും കവി മനസ്സിനെ സ്വാധീനിക്കുന്നു .
"വാടാതെ കാത്തു ഞാൻ ഇക്കാലമത്രയും
ചൂടാതെ പോകയോ ഈ സ്നേഹപ്പൂവ് നീ "
(പ്രണയമിഥ്യകൾ )
എന്നിങ്ങനെ മധുരോദാരമായ ഈരടികൾ കൂടി കവി വിളയിക്കുന്നു .അതും ജീവിതത്തിന്റെ ഒരു വശമാണല്ലോ .

ഓർമ്മകൾ,ഘടികാരം ,മരം ,ചാപിള്ള ,ആടുജീവിതം എന്നിങ്ങനെ വിഭിന്നങ്ങളായ ചിത്രങ്ങൾ ഉപയോഗിച്ച് തീവ്രമായ അനുഭവമായി കവിതയെ മാറ്റുകയാണ് കവി.നല്ല വഴക്കത്തോടെ ,വൃഥാ സ്ഥൂലത തെല്ലുമില്ലാതെ ആവർത്തന വിരസത ഒഴിവാക്കി കൊണ്ട് ,ഒരു തപസ്യയുടെ ഫലമാണീ സിദ്ധി .കവിതാ രചനയ്ക്ക് വേണ്ടതും അത് തന്നെയാണല്ലോ .ജീവിതത്തിന്റെ വഴികളും വഴിത്തിരിവുകളും കവിതയ്ക്ക് വിഷയമാക്കിയതും നന്നായി .കാപട്യവും കള്ളത്തരങ്ങളും കൊടികുത്തി വാഴുന്നിടത്ത് മനസ്സാക്ഷിയ്ക്ക് എന്ത് വില എന്നത്രെ ചോദ്യം.അതും പണയത്തിൽ ആണെന്ന തിരിച്ചറിവ് നമ്മെ ഞെട്ടിക്കുന്നു .ആർക്കും ആരോടും ബാധ്യതയില്ല .ഉത്തരവാദിത്വമില്ല .ആ ഒളിച്ചോട്ടത്തെ അതിനിശിതമായ ഭാഷയിൽ കവി വിമർശിയ്ക്കുന്നു .അവിടെ സാമൂഹ്യ വിമർശകന്റെ ധർമ്മം കൂടിയുണ്ട് കവിയ്ക്ക് .

വൃത്തബദ്ധമല്ലാത്ത രചനയാണ് ശ്രീ ഷുക്കൂറിന് ഇണങ്ങുക എന്ന് തോന്നുന്നു .
"അനുഭവത്തീ പൊള്ളി വെന്തൊരിപ്പാദങ്ങൾ
ഇനിയും പഠിച്ചില്ല പാതകൾ താണ്ടുവാൻ "
എന്നിങ്ങനെയുള്ള ഇരുത്തം വന്ന രചനകളെ കണാതിരിയ്ക്കുന്നത്‌ എങ്ങനെ ?

"തിരിച്ചറിവുകൾ ഇല്ലാതെ പോകുന്നത് "എന്നാ കാവ്യ സമാഹാരം സഹൃദയ സമക്ഷം സമർപ്പിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട് .കാരണം ,പക്വമായ കവിമനസ്സിൽ നിന്നാണ് ഇതിന്റെ ജനനം .ആ മുളക്കരുത്ത് തുടർന്നും കാത്ത് സൂക്ഷിക്കാൻ കവിയ്ക്ക് സാധിക്കുമാറാകട്ടെ...
******************************************************
പുസ്തകം ലഭിക്കാൻ ഇമെയിൽ ചെയ്യുക childage04@gmail.com
----------------------------------------------------------------------------
“ഫേസ്ബുക്ക് ഗ്യാലറി” യില്‍ ഇന്ന് എത്തിയ പുസ്തകം....
Kta Shukkoor Mampad ന്‍റെ ‘തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത്...
എന്ന കവിതാ സമാഹാരം...
“വായനക്കാര്‍ ബന്ധപ്പെടുക...9447568720