കുങ്കുമസന്ധ്യകള്‍

Pagerank

2014, ജൂലൈ 30, ബുധനാഴ്‌ച

മധ്യവര്‍ഗ്ഗം

പുകയാത്ത അടുപ്പുകള്‍
പറയാത്ത കഥകള്‍
പുറംലോകമറിയാതെ
പ്രാരബ്ധപ്പെട്ടിയില്‍...
ആളുണ്ട് അര്‍ത്ഥമില്ലാത്തവന്
കോളുണ്ട്‌ അര്‍ത്ഥമുള്ളവന്
ഇടയ്ക്കുണ്ട് മധ്യവര്‍ഗ്ഗം
ആളുമില്ല കോളുമില്ല
വീടിന്റെ  പുറംമോടിയ്ക്കുള്ളില്‍
കണ്ണീരുപ്പു കൊണ്ടു
അടുപ്പു പുകയ്ക്കുന്നവര്‍..
നനഞ്ഞ കണ്ണുകള്‍
കണ്ണടകള്‍ക്കുള്ളില്‍
മറയ്ക്കുന്നവര്‍..
എല്ലായിടത്തുമുണ്ടവര്‍
എവിടേയുമില്ലവര്‍


2014, ജൂലൈ 28, തിങ്കളാഴ്‌ച

ജീവിതം അറിയിക്കാതെ പോയത്


പാരിലിജ്ജീവിത ശോകാന്ത നാടക -
മാടി ഞാൻ തീർക്കണം മൂകമായീവിധം
മോഹത്തിൻ വെണ്‍നുരസ്സൗധങ്ങൾ മാത്രമി-
ക്കാണുന്ന ജീവിതം,മായികസൗരഭം

ജീവിത വല്ലകീ തന്ത്രികൾ മീട്ടുവാൻ
അറിയാതെ പോയതാണെന്നുടെ സങ്കടം
മൃത്യുവിൻ നിസ്വനം,പിന്നിട്ട പാതയില്‍
കാണാതെപോയൊരു ജ്ഞാനത്തിന്‍ തുണ്ടുകള്‍

മൂല്യമറിയാതെ  സ്വര്‍ണ്ണഭാണ്ഡം പേറി
മരുവിലലഞ്ഞൊരു ഗര്‍ദ്ദഭം ഞാന്‍
മുത്തിന്റെ മൂല്യമറിയാതെ മുത്തിനെ
നാളുക,ളുള്ളില്‍ ചുമന്നൊരു ചിപ്പി ഞാന്‍

എല്ലാമറിയാമെന്നുള്ളില്‍ നിനച്ചു ഞാ-
നൊന്നുമറിയില്ല,ന്നാസത്യമെന്‍ മുന്നില്‍
ലോകത്തിന്‍ സ്പന്ദനമെന്‍കയ്യിലെന്നൊരു
മൂഢസ്വര്‍ഗ്ഗത്തില്‍ വസിച്ചൊരു വിഡ്ഢി ഞാന്‍

മരണമേ നിന്‍കര,ലാളനമേറ്റെന്റെ-
യാത്മാവു കോരിത്തരിക്കുന്ന വേളയില്‍
ജീവിത,തത്ത്വത്തി,നര്‍ത്ഥ തലങ്ങളെന്‍
മുന്നില്‍ വിരിയുന്നു പച്ച പകലുപോല്‍


2014, ജൂലൈ 23, ബുധനാഴ്‌ച

കത്രിക വീഴ്ത്താനാകാത്ത ദൃശ്യങ്ങള്‍

എച്ചില്‍ക്കൂനയ്ക്കു ചുറ്റും
ചാവാലിപ്പട്ടികളുടെ
ഭരണിപ്പാട്ട്

അവയ്ക്കിടയിലൂടെ
നൂഴ്ന്നു  കയറുന്നു മനുഷ്യപുത്രന്‍
ജഠരാഗ്നിയുടെ മരണവിലാപം

എച്ചിലിലകള്‍ക്കിടയില്‍
തെരഞ്ഞു തളരുന്നു
വിശപ്പിന്റെ കണ്ണുകള്‍

ഈ സാമ്രാജ്യത്തില്‍ ആരും അന്യരല്ല
ഈച്ചകളും പുഴുക്കളും പഴുതാരകളും
പട്ടികളും മനുഷ്യരും -ആരും ...ആരും ...

വിശപ്പിന്റെ വിളിയാളം
മരണത്തിന്റെ വിളിയാളമാകുന്നത്‌
ആധുനിക ഭരണകൂടങ്ങള്‍ക്കു ലജ്ജാകരം  !

2014, ജൂലൈ 22, ചൊവ്വാഴ്ച

ശരണാര്‍ത്ഥികളുടെ ആത്മാക്കൾ


സ്വേച്ഛയാ ഉണ്ടാകുന്നതല്ല വിശപ്പ്‌ 

വിശപ്പടക്കുന്നതൊരു പാപവുമല്ല 

എന്നിട്ടും, 'കള്ളത്തിപ്പൂച്ച 'യെന്നു മുദ്ര കുത്തി 

ആരോ  അതിനെ തല്ലിക്കൊന്നു  

അമ്മായീന്റെ വീട്ടുമുറ്റത്തു കൊണ്ടേയിട്ടു 


അമ്മായീന്റെ  തീറ്റേം  കുടീം 

കെടത്തോം  ഒറക്കോം  ഒക്കെ  ഒറ്റമുറിയിൽ .

സ്വാധീനമില്ലത്തൊരു കാൽ .

മറ്റേ കാലിലെ സർക്കസ്സായിരുന്നു 

അവർക്കു  ജീവിതം .

നിറങ്ങൾ തിരിച്ചറിയും മുമ്പേ 

അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .

കണ്ടവന്റെയൊക്കെ അടുക്കള നെരങ്ങീം 

എച്ചിലെടുത്തും  പുരുഷ ഗന്ധമറിയാതേം 

യൗവനം പെയ്തു തീർന്നു .

വൈകുന്നേരങ്ങളിൽ 

ലോകത്തെ പ്രതിക്കൂട്ടിലാക്കി 

വിചാരണ നടത്തും .

അപ്പോ അമ്മായീന്റെ മുറ്റം 

ഒരു കോടതി മുറിയാകും  


ആ വിചാരണകളുടെ 

ന്യായാനായങ്ങൾ അറിയുന്ന 

ഒരേ ഒരു ജീവി പൂച്ചയായിരുന്നു .

അമ്മായീന്റെ കണ്‍ചലനങ്ങൾ വരെ 

പൂച്ചയ്ക്കറിയാന്നു നാട്ടാര് .

സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ട 

ശരണാർത്ഥികളുടെ ആത്മാക്കൾ 


പൂച്ച ചത്തന്നു വൈകുന്നേരം 

അമ്മായി  മിണ്ടീല  .

രാത്രിയെപ്പോഴോ, 

കനൽവർഷങ്ങളിൽ വെന്തു പോയ 

തന്റെ ശരീരത്തെ ഉറക്കി കിടത്തി 

അവർ ഇറങ്ങി നടന്നു,

പൂച്ചയെത്തേടി ....



2014, ജൂലൈ 10, വ്യാഴാഴ്‌ച

ഗാസ ഒരു സ്ഥലനാമമല്ല

നട്ടപ്പാതിര
ചരിത്രത്തിൽ ആരോ വിഷം വീഴ്ത്തുന്നു .
പാപികളാക്കപ്പെട്ടവരുടെ  രക്തം കൊണ്ട്
ഭൂമിയെ കുളിപ്പിക്കുന്നതു
പുണ്യമായ് തീരുന്നു .
ഹിംസയുടെ വാളുകൾ
അവരുടെ കണ്ഠങ്ങൾക്കു നേരേ
പാഞ്ഞടുക്കുന്നു .
ചോരക്കുരുതികൾ
കൂട്ടപ്പലായനങ്ങൾ
സഹസ്രാബ്ദങ്ങളുടെ അലച്ചിൽ...

അവസാനം
വംശവിച്ഛേദ പ്രത്യയശാസ്ത്രം തീർത്ത 
ഹോളോകോസ്റ്റിലൂടെ
പാപഭാരങ്ങൾ മായുന്നു.
ന്യൂറൻബർഗ്
കുമ്പസാരക്കൂട്ടിൽ വെച്ചു
ഇരകളുടെ കിരീടധാരണം നടക്കുന്നു.
ദുർഗന്ധപൂരിതമായ ചരിത്രം
പുതിയ ഇരകളുടെ മേൽ ആവർത്തിക്കുന്നു .
ശൂന്യത നിഴൽ പരത്തുന്നു

ഗാസ
ഒരു സ്ഥലനാമമല്ല .
ഭൂപടത്തിൽ
ചെഞ്ചോര കൊണ്ട് അടയാളപ്പെടുത്തിയ
പിഞ്ചു കുഞ്ഞുങ്ങളുടെ
മരിച്ച  സ്വപ്നങ്ങളുടെ
വിലാപ  സ്മാരകമാണത്

ഒലീവ്
ഒരു മരമല്ല .
സ്വപ്‌നങ്ങൾ നക്കിത്തുടച്ച
തീഗോളങ്ങൾക്കു  ദൃക്സാക്ഷിയായ
കാലം തന്നെയാണത്

കുരുന്നു കരളുകൾ
ചവച്ചു തുപ്പി അട്ടഹസിക്കുന്നവർക്കു
കയ്യടിക്കുന്ന ലോകമേ ...
കാലക്കോടതിയിൽ
നീ വിചാരണ ചെയ്യപ്പെടാതിരിക്കില്ല !

2014, ജൂലൈ 6, ഞായറാഴ്‌ച

ദൈവത്തിനു വിലക്കുകളില്ലാത്ത ഇടങ്ങൾ

പളുങ്കുകൊട്ടാരങ്ങളുടെ 
ഇരുണ്ട മതിലുകളിലും, 
പൊന്നിൽ പൊതിഞ്ഞ 
ആരാധനാലയങ്ങളുടെ 
മങ്ങിയ പ്രവേശനകവാടങ്ങളിലും, 
'തലയറുക്കൽമഹോത്സവം' കൊണ്ടാടാറുള്ള 
ചെന്നിണത്തെരുവിലെ,
ദ്രവിച്ച ബസ്സ്സ്റ്റോപ്പ്‌ ചുവരിലും,  
ദൈവത്തിനു മാത്രം കാണുന്ന 
ഒരു ബോർഡുണ്ട് 
'ഇവിടെ ദൈവത്തിനു പ്രവേശനമില്ല'

പട്ടണ വിഴുപ്പുകൾ ചുമന്നു ചൊറി പിടിച്ച, 
ആമാശയ നിലവിളികൾ ഉയരുന്ന ചേരികളിലും 
അതിജീവനത്തിന്റെ പുതു മന്ത്രങ്ങൾക്കായ് 
അനന്തയിലേയ്ക്കു മിഴികളുയർത്തുന്നവരുടെ  
തരളിത ഹൃദയങ്ങളിലും 
ദൈവത്തിനു വിലക്കുകളൊന്നുമില്ല 

2014, ജൂലൈ 5, ശനിയാഴ്‌ച

നന്ദികേടിലേയ്ക്കു പടിയിറങ്ങും മുമ്പ് ..

ഗർഭാശയ ഭിത്തികളിൽ 
നീ നിഷ്കരുണം ചവിട്ടിയപ്പോൾ 
കണ്ണിലൂറി കൂടിയ 
നൊമ്പരത്തുള്ളികളിൽ 
കിനാവിന്റെ വിത്തുകളുണ്ടായിരുന്നു 

രക്തം രക്തത്തെ 
ഉമ്മ വെച്ചപ്പോൾ 
സ്നേഹനീരടിഞ്ഞു കൂടിയ 
മാറിടം 
പെയ്യാനായ് വിതുമ്പി നിന്നു 

കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ 
തകർച്ചയ്ക്കും പതർച്ചയ്ക്കും 
വഴിയൊരുക്കാതെ 
പറക്കമുറ്റുന്നതു വരെ 
കൂടെ നിന്നു 

ഇനി 
നന്ദികേടിലേയ്ക്കു 
പടിയിറങ്ങും മുമ്പു 
ഈ 'പൊരുന്നുയന്ത്രത്തെ '
ആക്രിക്കടയിലേൽപ്പിക്കുക 

2014, ജൂലൈ 4, വെള്ളിയാഴ്‌ച

വാക്കിന്റെ വാൾമൂർച്ചയിൽ ചിതറുന്നവ

കണ്ണീർമണികൾ കൊണ്ടൊരു  മാലകെട്ടി
വിധിയുടെ കഴുത്തിലണിയുക
കണ്ണീരുപ്പു കൊണ്ടൊരു
ഉറപ്പുള്ള കോട്ട പണിയുക
ഭൂതകാലത്തിന്റെ ശിരസ്സു പിളർന്നു
മാറാപ്പുകളെടുത്തു കത്തിക്കുക
തുറക്കാത്ത വാതിലുകൾ ചവിട്ടിപ്പൊളിച്ചു
വാക്കിന്റെ നേരിനാൽ കൊടുങ്കാറ്റാവുക
മൗനത്തിന്റെ തമോഗർത്തത്തിൽ
കുടുങ്ങിപ്പോയ വെളിപാടുകളെ
തിരിച്ചെടുത്തു വാളാക്കുക
വാക്കിന്റെ വാൾമൂർച്ചയിൽ
വാറോലശ്ശിരസ്സുകളിലെ
മാറാലഭിത്തികൾ
ഇളകാതിരിക്കില്ല