കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ജൂലൈ 10, വ്യാഴാഴ്‌ച

ഗാസ ഒരു സ്ഥലനാമമല്ല

നട്ടപ്പാതിര
ചരിത്രത്തിൽ ആരോ വിഷം വീഴ്ത്തുന്നു .
പാപികളാക്കപ്പെട്ടവരുടെ  രക്തം കൊണ്ട്
ഭൂമിയെ കുളിപ്പിക്കുന്നതു
പുണ്യമായ് തീരുന്നു .
ഹിംസയുടെ വാളുകൾ
അവരുടെ കണ്ഠങ്ങൾക്കു നേരേ
പാഞ്ഞടുക്കുന്നു .
ചോരക്കുരുതികൾ
കൂട്ടപ്പലായനങ്ങൾ
സഹസ്രാബ്ദങ്ങളുടെ അലച്ചിൽ...

അവസാനം
വംശവിച്ഛേദ പ്രത്യയശാസ്ത്രം തീർത്ത 
ഹോളോകോസ്റ്റിലൂടെ
പാപഭാരങ്ങൾ മായുന്നു.
ന്യൂറൻബർഗ്
കുമ്പസാരക്കൂട്ടിൽ വെച്ചു
ഇരകളുടെ കിരീടധാരണം നടക്കുന്നു.
ദുർഗന്ധപൂരിതമായ ചരിത്രം
പുതിയ ഇരകളുടെ മേൽ ആവർത്തിക്കുന്നു .
ശൂന്യത നിഴൽ പരത്തുന്നു

ഗാസ
ഒരു സ്ഥലനാമമല്ല .
ഭൂപടത്തിൽ
ചെഞ്ചോര കൊണ്ട് അടയാളപ്പെടുത്തിയ
പിഞ്ചു കുഞ്ഞുങ്ങളുടെ
മരിച്ച  സ്വപ്നങ്ങളുടെ
വിലാപ  സ്മാരകമാണത്

ഒലീവ്
ഒരു മരമല്ല .
സ്വപ്‌നങ്ങൾ നക്കിത്തുടച്ച
തീഗോളങ്ങൾക്കു  ദൃക്സാക്ഷിയായ
കാലം തന്നെയാണത്

കുരുന്നു കരളുകൾ
ചവച്ചു തുപ്പി അട്ടഹസിക്കുന്നവർക്കു
കയ്യടിക്കുന്ന ലോകമേ ...
കാലക്കോടതിയിൽ
നീ വിചാരണ ചെയ്യപ്പെടാതിരിക്കില്ല !

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...