കുങ്കുമസന്ധ്യകള്‍

Pagerank

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

അവൻ പുരുഷനാണ്...


കഥ
.
അവൻ പുരുഷനാണ്

'നീ ഇല്ലായിരുന്നെങ്കിൽ തീർത്തും ഒറ്റപ്പെട്ടു പോയേനേ ഞാൻ'
എന്നു പറയാൻ നാവ് തരിച്ചതാണ്. ഏതോ ഒരു സംശയം ഭയമായി വളർന്നു അതിനെ തടഞ്ഞുനിർത്തുകയായിരുന്നു.
കൂടെവരാൻ അവൻ തയ്യാറായത് ഭാഗ്യമെന്നേ പറയേണ്ടൂ .സൗഹൃദത്തിന്റെ ആഴം അത്രയ്ക്കുണ്ടായിരുന്നു .തനിച്ചായിരുന്നെങ്കിൽ നഗരത്തിന്റെ തീക്ഷ്ണമായ കണ്ണുകളേറ്റു ഭയന്നു വിറച്ചേനെ.
അസ്തമയത്തിനു മുമ്പ് എത്തുമെന്നാണ് കരുതിയിരുന്നത് . .എന്തു ചെയ്യാം,ട്രെയിൻ എത്തിയത് വളരെ വൈകിയാണ് .വന്നിറങ്ങിയപ്പോഴേക്കും ഒൻപത് മണി കഴിഞ്ഞു കാണും .
മീറ്റിങ് രാവിലെ ഒൻപതു മണിക്കാണ് .എന്നു വെച്ച് രാത്രി ഉറങ്ങാതിരിക്കാൻ കഴിയില്ലല്ലോ .കഴിഞ്ഞ രണ്ടു മണിക്കൂറായി ഒരിടം തേടിയുള്ള നെട്ടോട്ടത്തിൽ ആണ് .അതും,ഭീതിക്കു മേൽ പടുത്തുയർത്തപ്പെട്ട ഈ അപരിചിത നഗരത്തിന്റെ ചോരച്ചാലിലൂടെ .തെരുവുവിളക്കുകൾ ഇവിടെ തെരുവുവിളക്കുകൾ അല്ല .ആർത്തി പൂണ്ട കണ്ണുകളാണ്.ഇരുട്ടിനു ശരീരത്തിലേയ്ക്ക് തുളച്ചു കയറുന്ന അദൃശ്യവേരുകൾ ഉണ്ടെന്നു തോന്നും .
എല്ലാ കണ്ണുകളെയും തന്നിലേയ്ക്കു ആവാഹിച്ചെടുക്കുന്ന തമോഗഹ്വരമാണ് പെണ്ണെന്നും ആ ആകർഷണവലയം ഭേദിച്ചു പുറത്തു കടക്കാൻ കഴിവുറ്റവനേ കഴിയൂ എന്നൊക്കെയുള്ള ശാപവചനങ്ങളുടെ കാലംകഴിഞ്ഞിട്ടു ഏറെയായെങ്കിലും അവമതിയുടെ പിടലിഭാരങ്ങൾ ഇന്നും താങ്ങി തളരുകയാണല്ലോ അവൾ.ഇന്നും അവള്‍ കണ്ണുകളുടെ ഗ്യാലക്സിയിലെ അസംഖ്യം നോട്ടങ്ങളുടെ ഉമ്മറത്താണ്. തന്റെ സൂര്യനെ നിശബ്ദം ചുറ്റാൻ വിധിക്കപ്പെട്ട ഗ്രഹം;ശപിക്കപ്പെട്ടതും.
ഒടുവിൽ ഒരു ലക്ഷ്വറി ഹോട്ടലിന്റെ മുന്നിലാണ് ടാക്സി വന്നു നിന്നത് .അവിടെ മാത്രമേ റൂം അവൈലബിൾ ഉള്ളൂത്രേ .അതും ഫാമിലി റൂം മാത്രം .
മനസ്സ് പിന്നോട്ട് പിടിച്ചു വലിക്കുകയാണ് .എന്ത് ചെയ്യും .അവനോടൊത്തു ഒരു പെണ്ണ് രാത്രി ഒറ്റയ്ക്ക് റൂമിൽ കഴിയുക ! അവൻ പുരുഷനാണ് .സാഹചര്യം അനുകൂലമല്ലെങ്കിൽ മാത്രം അമ്മയും പെങ്ങളും മകളുമൊക്കെ ആയി മാറുന്നവൾ തന്നെ അനുകൂല സാഹചര്യത്തിൽ അവന്റെ ഭോഗേച്ഛകൾക്കുള്ള ഉപകരണം മാത്രമായി മാറുന്ന കഥകൾക്ക് പഞ്ഞമില്ലാത്ത നാടിന്റെ സാംസ്കാരിക മുഖം കണ്ടു എത്ര തവണ കാർക്കിച്ചു തുപ്പിയിട്ടുള്ളതാണ് .ഇത്ര കാലവും ഈ വർഗ്ഗവുമായി ഒത്തു പോകാൻ കഴിഞ്ഞു എന്നതിൽ അത്ഭുതം തോന്നുന്നു .കാണുന്നിടങ്ങളിലൊക്കെ ബീജം വിസർജ്ജിച്ചു കടന്നു പോകുന്ന ജന്തുവർഗ്ഗത്തോട് പുച്ഛമല്ലാതെ മറ്റെന്തു തോന്നാൻ ..തലമുറകളുടെ അനുസ്യൂത ഒഴുക്കിനു വേണ്ടി അവൾ മാത്രം ത്യാഗം സഹിക്കണം പോലും...
മറ്റെവിടെയും റൂം കിട്ടാനില്ലെന്ന് തന്നെയവൻ തെറ്റിദ്ധരിപ്പിക്കുകയാകുമോ..ആ കണ്ണുകളിൽ വന്യമായ ഒരു ദാഹം ഉരുണ്ടു കൂടുന്നുണ്ടോ ..അവനിട്ട ചൂണ്ടകൊളുത്തിലേയ്ക്ക് പാഞ്ഞടുക്കുന്ന മത്സ്യമാണോ താൻ ...അറിയില്ല .
അവനെ സംശയിക്കുന്നത് വെറുതെയാണല്ലോ എന്ന ചിന്തയും ചുമ്മാ വന്നു അലട്ടുന്നുണ്ട് .മറ്റു വഴികളൊന്നും മുന്നിൽ ഇല്ലാത്ത സ്ഥിതിക്ക് കിട്ടിയ വഴി തന്നെ ലക്ഷ്യത്തിൽ എത്തിക്കും എന്ന് വിശ്വസിക്കുക തന്നെ .
റൂമിൽ കേറി വാതിൽ അടച്ച ഉടനെ 'വല്ലാത്ത ക്ഷീണം' എന്നു പറഞ്ഞവൻ ബെഡിലേയ്ക്കു മറിഞ്ഞു വീണു .
എത്ര ഉറങ്ങിയാലും തീരാത്ത യാത്രാക്ഷീണം ഉണ്ട് .ഉറക്കം വരുന്നില്ല .പതിയെ ചെന്നു ജനൽ തുറന്നു .
ഒരു കാറ്റ് അതിന്റെ തണുത്ത കൈകൾ കൊണ്ട് തഴുകി അടക്കം പറഞ്ഞു മറഞ്ഞു .അകലെ ,മാമലകൾക്കു മേലെ വിദൂര ആകാശപ്പരപ്പിൽ നിന്ന് ചില നക്ഷത്രങ്ങൾ ഉത്ക്കണ്ഠയോടെ തുറിച്ചു നോക്കുന്നുണ്ട് .ഇണക്കിളികളുടെ രാഗവിസ്താരങ്ങൾക്കിടയിലൂടെ അവ്യക്തമായി ഏതോ ഏകാകിയായ പക്ഷിയുടെ വിഷാദശ്രുതികൾ .നിലാവലകൾ ആർക്കൊക്കെയോ വേണ്ടി പ്രേമകംബളം വിരിച്ചിട്ടു കാത്തിരിക്കുകയാണ് .ജീവിതത്തിന്റെ മദിപ്പിക്കുന്ന ഗന്ധത്തോടൊപ്പം തന്നെ മരണത്തിന്റെ തിരിച്ചറിയാനാകാത്ത ഗന്ധവും അതിന്റെ അവ്യക്തമായ നിഴലും .നിഴലും നിലാവും ഇണ ചേർന്ന് കിടക്കുന്ന ഇടങ്ങളിൽ നിന്ന് നിഴൽ മാത്രം ബാക്കിയാകുന്ന മായാജാലമാണ് മരണം എന്ന് തോന്നാറുണ്ട് .
നിശാപുഷ്പ ഗന്ധത്തോടൊപ്പം മുറിയുടെ ഊഷ്മളതയിലേയ്ക്ക് പറന്നു വന്നൊരു നിശാശലഭം ചുമരിൽ തൊട്ടു കളിക്കാൻ തുടങ്ങി .ഏതോ എട്ടുകാലിക്കണ്ണുകളുടെ നിരീക്ഷണത്തിലാണെന്നു അറിയാതെ നൈമിഷികമായെങ്കിലും അത് ജീവിതമധുരം നുണയുകയാണ്.
നിലയ്ക്കാത്ത ചിന്തകളുടെ ആർത്തിരമ്പുന്ന തിരമാലകൾ .ഉണർന്നിരിക്കാനാവുമോ വെളുക്കുവോളം .ഉറങ്ങിയാൽ ...
അവൻ ..അവൻ പുരുഷനാണ് ..പുരുഷൻ,എത്ര നല്ല സുഹൃത്തായാലും എന്നും ശത്രു സ്ഥാനത്താണ് .അതാണ് പകർന്നു കിട്ടിയ ബോധം .സാഹചര്യങ്ങൾ അരക്കിട്ടുറപ്പിച്ച ബോധം .പേടിക്കപ്പെടേണ്ടവൻ ...ഒരു സ്ത്രീ ഒറ്റയ്ക്ക് അവന്റെ മുന്നിൽ ...രാത്രി ഒരു മുറിയിൽ .... ആരും മുട്ടി വിളിക്കാൻ ഇലാത്ത ഒരിടം ...ഒരു ശബ്ദം പോലും എത്തി നോക്കാത്ത ഇടം .തങ്ങൾക്കിടയിലുള്ള കടുത്ത മൗനത്തിന്റെ പുറന്തോട് പൊട്ടിച്ചു അവൻ പുറത്തു വരാതിരിക്കില്ല .അപ്പോൾ,ഒരു പ്രാചീന വന്യത അവന്റെ മുഖത്ത് സ്ഫുരിക്കും .പിന്നെ ..പിന്നെ അവന്റെ കണ്ണുകൾ കാണുന്നത് ഇരയെ മാത്രമായിരിക്കും !
ജനലടച്ചു ബെഡിൽ വന്നു കിടന്നു .ഭയം .അവന്‍ ഉറക്കം നടിച്ചു കിടക്കുകയാവാം .ഏതു നിമിഷവും താൻ അക്രമിക്കപ്പെടാം .സംശയത്തിന്റെ നൂറ്റൊന്നാവർത്തനങ്ങൾ....
കാറ്റ് ഭീതിതമായ എന്തോ ഓർമ്മപ്പെടുത്തികൊണ്ട് പുറത്തു കറങ്ങുന്നുണ്ട് .ഇടയ്ക്ക് ജനൽച്ചില്ലിൽ വന്നു ശക്തിയായി ആഞ്ഞടിക്കുന്നുമുണ്ട്.
മുറിയുടെ കോണിലുള്ള എട്ടുകാലിവലയിൽ കുടുങ്ങി അല്പം മുമ്പ് പറന്നു വന്ന നിശാശലഭം പിടയുന്നു .ഈ എട്ടുകാലി വലയിലേയ്ക്കുള്ള വളര്‍ച്ച മാത്രമായിരുന്നു അതിന്റെ ജീവിതം .അല്ലെങ്കിലും,മരണത്തിന്റെ അദൃശ്യവലകള്‍ എമ്പാടും നാട്ടിയ ഇടങ്ങളിലൂടെ സുരക്ഷിതമായ ഒരു യാത്ര എന്നത് വെറും സങ്കല്പ്പം .
അവനു രൂപാന്തരീകരണം സംഭവിക്കുകയാണ് ....
അവന്റെ കണ്ണുകൾ നിന്ന സ്ഥാനത്തു രണ്ടു ഇരുണ്ട കുഴികൾ മാത്രം .ചെവികൾ കാണാനില്ല .രക്തമിറ്റുന്ന ദംഷ്ട്രങ്ങൾ .നീണ്ടു നിലത്തു മുട്ടുന്ന നാക്ക്...
'അയ്യോ'...
'എന്തു പറ്റി നിനക്ക് ! ക്ഷീണം കൊണ്ടാവും ഇങ്ങനെ പേടിസ്വപ്നം കാണുന്നത് '
അവൻ നെറ്റിയിൽ മൃദുവായി കൈവെച്ചു .
'ദൈവമേ,നല്ല പനിയുണ്ടല്ലോ നിനക്ക് ! സാരല്ലട്ടോ ,എന്റെ കയ്യിൽ ഡോളോ അറുനൂറ്റമ്പത് ഉണ്ട് . ആദ്യം ഇത്തിരി ചൂടുവെള്ളംഎടുക്കട്ടേ .അതും കഴിച്ചു ഒന്ന് പുതച്ചു കിടാന്നാൽ മാറാവുന്നതേയുള്ളൂ '
അപ്പോൾ താൻ യാഥാര്‍ത്ഥ്യത്തിൽ നിന്ന് ഇടയ്ക്ക് സ്വപ്നത്തിലേയ്ക്കും ചാടിയോ ! യാഥാർഥ്യത്തെ സ്വപ്നത്തിൽ നിന്നും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ;തിരിച്ചും .സ്ഥലകാല മാനങ്ങളുടെ പരിമിതികളിൽ ആപേക്ഷികതയുടെ ചങ്ങലക്കെട്ടുകളും പേറി നടക്കുന്നവർക്ക് എന്ത് യാഥാർഥ്യം .എന്ത് സ്വപ്നം .ഒന്നുകിൽ എല്ലാം യാഥാര്‍ത്ഥ്യം,അല്ലെങ്കിൽ എല്ലാം സ്വപ്നം .
അവനു ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുമോ .സാഹചര്യങ്ങൾ അനുകൂലമായിട്ടും ...
ദൈവമേ ..യഥാര്‍ത്ഥത്തിൽ തനിക്കാണോ അതോ അവനാണോ കുഴപ്പം ?
അല്ലെങ്കിലും,പുരുഷന്മാരുടെ കൂട്ടത്തിൽ ഉള്ള ക്രിമിനലുകളുടെയും മനോരോഗികളുടെയും പാപഭാരം ഇവൻ എന്തിനു ചുമക്കണം ? ശിക്ഷിക്കപ്പെടേണ്ടവരെ മാത്രം ശിക്ഷിക്കുക . ചികിത്സ വേണ്ടവർക്ക് ചികിത്സ നൽകുക .
കാവ്യനീതി അതാകുമ്പോൾ ഒരുമിച്ചുള്ള യാത്രയിൽ സന്തോഷമെല്ലാം കളഞ്ഞു കുളിച്ചു അവിശ്വാസത്തോടെയുള്ള ഈ പോക്ക് അപകടം തന്നെ .അവിടെ പൂർണ്ണതയുണ്ടാകില്ല .
അവനില്ലെങ്കിൽ ഈ യാത്ര എത്ര വിരസമാകുമായിരുന്നു ....
'നീ എന്റെ അടുത്ത് വന്നിരിക്കുമോ 'എന്നൊരു ചോദ്യം തൊണ്ടയിൽ വന്നു തളരുന്നു ...

2017, ഏപ്രിൽ 15, ശനിയാഴ്‌ച

നന്ദി

എന്നിലേയ്ക്കു തന്നെ
നടന്നു നടന്നു മടുത്തപ്പോഴാണ്
നിന്നിലേയ്ക്കു വഴിയന്വേഷിച്ചത്
വരവറിഞ്ഞത് കൊണ്ടാകണം
നിന്നിലേയ്ക്കുള്ള വഴികളെല്ലാം
നേരത്തേ തന്നെ കൊട്ടിയടച്ചു നീ
നന്ദി..............................................
നിന്നിലെരിഞ്ഞടങ്ങുമായിരുന്ന
ജീവിതത്തെ രക്ഷിച്ചെടുത്തതിന് !

2017, മാർച്ച് 21, ചൊവ്വാഴ്ച

മരിച്ച നീയാണ് എന്നോട് കൂടുതൽ നീതിപുലർത്തുന്നത്

മൊരിപിടിച്ച ആണ്ടുകളുടെ
പിടലിഭാരമിറക്കാൻ
ചുമടുതാങ്ങി തിരഞ്ഞു തളരുമ്പോൾ
'മേലോട്ടെടുക്കുന്നതൊക്കെ ചെറുപ്പക്കാരെ'
എന്ന വാർത്തയിൽ അസ്വസ്ഥപ്പെടുന്നത്
മനസ്സിലിപ്പോഴും
നിനക്ക് ചെറുപ്പമായത് കൊണ്ടാകണം
എന്നിരുന്നാലും
മനസ്സിലെ കുറ്റിക്കാട്ടിൽ കുഴിച്ചുമൂടി
മൈലാഞ്ചിക്കൊമ്പ്‌ നാട്ടാതെ പിരിഞ്ഞത്
ഇനി നിനക്കൊരു പുനർജ്ജനി
ആഗ്രഹിക്കാത്തത് കൊണ്ടും
ഒരു മരണം പലവുരു
കാണാനാകാത്തത് കൊണ്ടും
മരിച്ച നീയാണ്
എന്നോട്
കൂടുതൽ നീതിപുലർത്തുന്നത് എന്നതുകൊണ്ടും...

സ്നേഹച്ചുഴി

നിന്റെ സ്നേഹച്ചുഴിൽ പെട്ടു
ഒഴുക്കു മറന്നവർ ഉണ്ട്
നിനക്കു ചുറ്റും ഭ്രമണംചെയ്തു
ലക്ഷ്യം പിഴച്ചവരുണ്ട്
നിന്റെ വിഷചൂണ്ടയിൽ നൊട്ടിനുണഞ്ഞ്‌
രുചിഭേദങ്ങൾ തിരിച്ചറിയാതെ പോയവരുണ്ട്
പതഞ്ഞു തീരും മുമ്പെങ്കിലും
അവർ ആരെന്ന്
അവരെ അറിയിക്കണേ ...

2017, മാർച്ച് 18, ശനിയാഴ്‌ച

പ്രത്യാശകൾകവിത
പ്രത്യാശകൾ
**********
പിഴുതെറിഞ്ഞിട്ടും
ചണ്ഡവാതങ്ങളിൽ പതറാതെ
ഘോരവർഷങ്ങളിൽ തളരാതെ
വീണിടത്തു വേരോടി
പുഷ്പ്പിച്ചു നിന്നു

നിശ്വാസങ്ങൾ കാറ്റായ് അയച്ചു
നിന്റെ തളിരിലകളെ തലോടി
മോഹച്ചിമിഴിൽ നിന്നു ലാളിച്ചെടുത്ത
ചുംബനത്തരികളുടെ
മഞ്ഞുമ്മകൾ കൊണ്ടു മൂടി
തണ്ടുകൾക്കു തീണ്ടാപ്പാടകലം
കല്പിക്കപ്പെട്ടപ്പോഴും
ആത്മബന്ധത്തിന്റെ കാണാധൂളികൾ
നമ്മുക്കിടയിൽ പണിത അദൃശ്യപാലം
വരത്തുപോക്കുകളുടെ ദേവവീഥിയായി

വാർഷികവളയങ്ങൾ
അർബുദം പോലെ പെരുകുന്നതിന്റെ
രോഗനിദാന പരീക്ഷാഫലം
മഞ്ഞിലകളിലൂടെ വെളിപ്പെട്ടിട്ടും
ഊഷര മണ്ണിന്റെ പുഴുക്കുമനസ്സിലൂടെ
പ്രതീക്ഷാനിർഭര മനസ്സോടെ
വേരുകൾ തെളിച്ചു വിട്ടു
മറ്റേതോ ലോകത്തിൽ
മറ്റേതോ കാലത്തിലെ
കിനാവാടങ്ങളിൽ പൂത്തു നിന്നു

ചിതലെടുത്തേറെയും
വാഴ്‌വിൻ നടപ്പാലം !
ദൃഷ്ടിപഥങ്ങൾക്കപ്പുറത്തു നിന്ന്
ഏതോ വെളിച്ചം പെയ്തു വരുന്നുണ്ടാകാം...

2017, മാർച്ച് 9, വ്യാഴാഴ്‌ച

പ്രിയ ബുദ്ധൻ ...മടങ്ങി പോകുക


പ്രിയ ബുദ്ധൻ ...മടങ്ങി പോകുക
****************************

വിട്ടിറങ്ങാന്‍ കൊട്ടാരപ്രലോഭനങ്ങളില്ല
ഉപേക്ഷിക്കാന്‍ സുന്ദരി ഭാര്യയില്ല,കുഞ്ഞില്ല
പ്രതീക്ഷിക്കാന്‍ കിരീടത്തിളക്കമില്ല,ചെങ്കോല്‍ഗര്‍വ്വില്ല
ആളുന്ന വിഷയാഗ്നിയില്‍ ചാടി തൃഷ്ണാപീഢകള്‍ തന്‍
പൊള്ളലേറ്റു പിടയുന്ന കായമില്ല,മനസ്സില്ല
അനുഗമിക്കാന്‍ ആള്‍ക്കൂട്ടം പിന്നിലില്ല

ജീവിതമുരുട്ടി കൊണ്ടുപോകാന്‍
തീ തുപ്പുന്ന പകലുകള്‍
സൂര്യന്‍ ചെരിഞ്ഞ നേരം
തളര്‍ച്ചയാറ്റാന്‍ കൊതുകുത്തും കടത്തിണ്ണകള്‍
ജഠരാഗ്നിയില്‍ വെന്തിട്ടും വെണ്ണീറാകാചിന്തകള്‍
പെയ്യുന്ന വെയിലെല്ലാം കുടിച്ചു വറ്റിക്കുന്നോര്‍
തേടണം ബോധി തന്‍ തണലെന്നോ ?
യന്ത്രഗര്‍ജ്ജനങ്ങള്‍ കേട്ടു പുണ്ണായ കാതുകള്‍
കേള്‍ക്കണം കാട്ടാറിന്‍ ഗീതമെന്നോ ?

ദുഷ്ടരാം ആത്മാക്കളെ ആവാഹിച്ചിരുത്തി
പണിത അധികാര ഖഡ്ഗത്തിന്‍ കീഴെ
പഴകി പുളിച്ചു നിസ്സംഗതയായി ഭയം !
കാലം ഘനീഭവിച്ച വഴികളില്‍
മരണം പതിയിരിക്കുന്ന ഇരുളടഞ്ഞ കുഴികളില്‍
നിസ്സംഗതയിട്ടു മൂടി സമയശൂന്യരഥത്തിലേറണം

ഗോളങ്ങളിലേയ്ക്കു കുതിയ്ക്കുന്ന
പുരോഗതിയുടെ മിന്നലാട്ടത്തില്‍
തെളിയാതെ പോകുന്ന കാഴ്ചകളുണ്ട്‌;
ആമാശയത്തില്‍ നിന്നുയര്‍ന്നു പട്ടടയിലൊതുങ്ങുന്ന
നിഴലുകളുടെ നെടുവീര്‍പ്പുകള്‍

അതുകൊണ്ട്
പ്രിയ ബുദ്ധൻ ....മടങ്ങി പോകുക
മോക്ഷം കിട്ടിയോര്‍ക്കല്ല മോക്ഷം വേണ്ടൂ
അങ്ങേയ്ക്ക് തെറ്റിയിരിക്കുന്നു...
ഇനിയൊരു ദിക്കില്‍ നിന്ന്
ആരും വരേണ്ടതില്ലാത്തവരിലേയ്ക്ക്
ഇനിയൊരു നക്ഷത്രം
വഴി കാട്ടേണ്ടതില്ലാത്തവരിലേയ്ക്ക്
വഴി തെറ്റി വന്നതാണ് നിങ്ങള്‍
ഞങ്ങളെന്നേ നിര്‍വ്വാണം പ്രാപിച്ചവര്‍..!

2017, മാർച്ച് 7, ചൊവ്വാഴ്ച

ഗുരുദക്ഷിണ

എല്ലാം മനസ്സിലായിക്കാണും
പെരുവിരലൊന്നും അറുത്തുതരേണ്ടാ.!
പഠിപ്പിച്ചതൊക്കെ
പ്രായോഗികമാക്കുന്നതാകണം ഗുരുദക്ഷിണ
ബവേറിയയിൽ ഞാൻ നട്ടു മുളപ്പിച്ച
വൃക്ഷത്തിന്റെ വിത്തുകൾ
ലോകമാകെ വിതറി ശിഷ്യധർമ്മം നിറവേറ്റുക
നിന്നെ അനുഗ്രഹിച്ചിരിക്കുന്നു...
ഗുരു തിരിച്ചു പറക്കുമ്പോൾ
ആകാശവഴിയിൽ വെച്ച് കണ്ട
അലക്‌സാണ്ടർക്കും നെപ്പോളിയനും
ചിരിയടക്കാൻ കഴിഞ്ഞില്ല
ഇതൊന്നുമറിയാതെ
വെള്ളക്കൊട്ടാരത്തിൽ കേറിയിരുന്ന ശിഷ്യൻ
നാലുമണി സൂര്യനോളം ഉയരത്തിൽ
രക്തംപൊങ്ങുന്ന
നല്ല നാളുകളെ
സ്വപ്നം കാണുകയായിരുന്നു...