കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഏപ്രിൽ 27, ശനിയാഴ്‌ച

കാലം

കാലം
അഗ്നിച്ചിറകുകള്‍ വീശി 
പറന്നകലുന്നതു 
ആത്മാക്കളുടെ ഭൂമികയില്‍ 
അനന്തനിദ്ര കൊള്ളുവാനാണ്.
പുറമേക്കു ശാന്തമായി
അകത്തു തിളച്ചു മറിയുന്ന 
പ്രഹേളികയുടെ ലാവയുമായി
ഇനിയെത്ര നാള്‍..?

കാലം
ഇന്നലെകളിൽ നിന്നും കണ്ടെടുത്ത
അത്യപൂര്‍വ്വ രത്നങ്ങളും
ചീഞ്ഞു നാറിയ
സസ്കൃതികളും പേറി
ഇന്നിന്റെ വൈരൂപ്യ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പി
നാളെകളാകുന്ന
ചൂണ്ടയില്‍ കൊരുത്ത ഇര കാട്ടി മോഹിപ്പിച്ചു
ഒഴുകിക്കൊണ്ടിരുക്കുന്നു

കാലം
നിഴലും വെളിച്ചവും
ഇണ ചേർന്നുണ്ടാക്കിയ സസ്കൃതികളുടെ,
ഉത്ഥാന പതനങ്ങളുടെ
ശവഘോഷയാത്രകള്‍ കണ്ടു മടുത്തു;
ചരിത്രത്തിന്റെ
അഴുക്കുചാലില്‍ വെന്തെരിഞ്ഞവരുടെ
ചാരത്തിൽ ചവിട്ടി,
ഇന്നലെകളിലെ
യാഗഭൂമികളില്‍ നിന്നും കിട്ടിയ ദീപശിഖ
തലമുറകളിലൂടെ പകര്‍ന്നു കൊണ്ടിരിക്കുന്നു

കാലം
ക്ഷീണിച്ചു ,ശോഷിച്ചു പോയി
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു വരുന്നു ..
പൂജ്യമായി തീരുന്ന
അനര്‍ഘ നിമിഷവും സ്വപ്നം കണ്ടു,
ഇഴഞ്ഞിഴഞ്ഞു... വീണ്ടും ....

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

പൈങ്കിളിപ്പെണ്ണ് കരയുകയാണ്

ബോധോദയങ്ങള്‍ തന്‍ ബോധിവൃക്ഷങ്ങളേ
ബൗദ്ധിക വിത്തുകളന്യമായോ ?
സംസ്കാര സമ്പന്ന സൗവര്‍ണ്ണ മുദ്ര തൻ 
സംഹാരമൊക്കെ കഴിഞ്ഞുവെന്നോ ?

ആര്‍ഷസംസ്കാര മഹിമകളെമ്പാടും
കേട്ടു തഴമ്പിച്ച കാതുകളില്‍
ആസുര താണ്ഡവ ഹുങ്കാരം കേട്ടിന്നു 
പൊട്ടി വൃണമായി തീര്‍ന്നുവല്ലോ !

കാതരയാമൊരു പക്ഷിതന്‍ ഗദ്ഗദം
കേള്‍ക്കുവാനാകാത്ത കാതുകളേ ...
വേടന്റെ ശൗര്യമോടമ്പെയ്തു വീഴ്ത്തുന്നു
പൈങ്കിളിപ്പെണ്ണിനെ,യെന്തു കഷ്ടം !

ഭോഗാലസ്യത്തിലങ്ങാണ്ടു കിടക്കുന്നു
ആർത്തി പിടിച്ചൊരു കാട്ടുമൃഗം
അമ്മയും പെങ്ങളും തനുജയും പത്നിയും
കാമശമനത്തിനായുള്ള യന്ത്രങ്ങള്‍

ചിറകിലൊളിപ്പിച്ചൊരിത്തിരി ചൂടേകി
പോറ്റേണ്ട പൈതലിന്‍ കുഞ്ഞിളം മേനിയെ
ആര്‍ത്തിയാല്‍ ഭക്ഷിക്കാനാഞ്ഞിടും താതന്‍,നീ
മാനവരാശിക്കു ശാപമല്ലേ !

അജ്ഞാനകാലത്തെയന്ധകാരം മണ്ണിൽ
വീണ്ടും പുനര്‍ജ്ജനി നേടുന്നുവോ ?
അജ്ഞാനാന്ധകാര ഘോരവനങ്ങളില്‍
വീണ്ടും തെളിയുമോ നേർവെളിച്ചം ?

പാഴ്കള തിങ്ങി നിറഞ്ഞൊരു മണ്ണിതി-
ലെങ്ങിനുയർന്നിടും ശാന്തിമന്ത്രം ?
പാഴ്കളയെല്ലാം പിഴുതു മാറ്റീടുവാൻ
ഒട്ടും മടിക്കല്ലെൻ സോദരരേ...

2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

അന്ധകാരം

ബോധോദയങ്ങളുടെ
ബോധിവൃക്ഷത്തണലുകളും

ദിവ്യ വെളിപ്പാടുകളുടെ ലിഖിതങ്ങളും

തലച്ചോറിന്നുള്ളിലെ ചവറ്റുക്കൊട്ടയിലേക്ക്
തള്ളപ്പെട്ടപ്പോള്‍ ,
വിളറി വെളുത്ത പകല്‍വെളിച്ചത്തിന്നു പിന്നെ,

രാത്രി കരിംഭൂതത്തിന്റെ
കറുത്ത കൈകളാള്‍

ബലാല്‍ക്കാരം ചെയ്യപ്പെടാന്‍
നിന്നു കൊടുക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ !

അങ്ങിനെയാണ്
വെളിച്ചത്തെ എന്നെന്നേക്കുമായി

ഇരുട്ട് വിഴുങ്ങിയതും , ഇരുട്ടില്‍-
അമ്മയും പെങ്ങളും മകളും മരുമകളും;

ചോരക്കണ്ണുള്ള കാട്ടു മൃഗത്തിന്റെ മുന്നില്‍
വെറും കാമ ശമന യന്ത്രങ്ങളായതും ...

2013, ഏപ്രിൽ 21, ഞായറാഴ്‌ച

പ്രണയ ചിത്രങ്ങള്‍


നിഴലും നിലാവും ചേര്‍ന്നു
സുന്ദര പ്രണയ ചിത്രങ്ങള്‍ നെയ്ത,

ഇളം കാറ്റി ല്‍
മുല്ലപ്പൂമണം ഒഴുകിയെത്തുന്ന ,
ആ ഇടവഴിയില്‍ വെച്ചായിരുന്നു

അയാള്‍ പ്രണയിനിയെ കണ്ടതു !
മുല്ലപ്പൂവിന്റെ ഗന്ധവും
മാരുതന്റെ കുളിരും

നിലാവിന്റെ വെണ്മയുമുള്ള പ്രണയം
അയാള്‍ അനുഭവിച്ചറിഞ്ഞു ...
പെട്ടന്ന്, നിഴല്‍ ഭീമാകാര രൂപം പൂണ്ടു

നിലാവിനെ ഉള്ളിലേക്ക് ആവാഹിച്ചു !
കൂരിരുട്ടില്‍ ഇപ്പോളും
അയാള്‍ പ്രണയം തിരയുകയാണു ...

മായിക പ്രഭാവങ്ങള്‍ ...




സുന്ദരാംഗീ , സുഭാഷിണി, സുസ്മിതേ
സുമോഹിനി, സുരസുന്ദരി, സുലോചനേ
മമ ജീവനില്‍ നവ മോഹം വിരിയിച്ചു
തവ താള ലയന വശ്യ രാഗം !
എന്തിനു,മേവമീ,യെന്നെയീ ധരണിയില്‍
നിഷ്പ്രഭമാക്കി കിടത്തി മന്ത്രങ്ങളാല്‍ ..
.

എന്തിനു,മീവിധം വശീകരിച്ചെന്നെ നീ
അര്‍ദ്ധസുഷുപ്തിയിലാക്കി മെല്ലെ ..?
ഇത്തിരി നേരമീ തണലിലിരുന്നു ഞാന്‍
ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി ...
അറിയുമോ ഞാനൊരു പരദേശി മണ്ണിതില്‍
അരുതായ്ക,യീവിധ സ്വപ്ന സഞ്ചാരങ്ങള്‍ !
ഒത്തിരിയൊത്തിരി നവമോഹ കല്ലോലം
ഇത്തിരിപ്പോന്ന മനസ്സില്‍ മുള പൊട്ടി !
എങ്കിലും തവ മധുര തരുണ ഗാത്രം
മമ ചേദസ്സിന്‍ കനക പുളക മന്ദ്രം !
പിന്തുടര്‍ന്നീടു,ന്നദൃശ്യനാ,യൊരാളെന്നെ
ജീവന്‍ കിളിര്‍ത്തൊരാ നാള്‍മുതലെപ്പോളും !
എപ്പോളും ഞാനൊരു ‘ പിന്‍വിളി ‘ കാതോര്‍ത്തു
സവിനയം തുടരുന്നീ ജീവിത പ്രയാണം ...
ഭൌതിക ക്ഷേമവും കീര്‍ത്തിമുദ്രകളും
ചതിക്കപ്പെടും വെറും മോഹ വലയങ്ങള്‍ !
നാളെ ചിതലരിച്ചീടുന്നൊരസ്ഥികള്‍ ...
എന്തു പ്രയോജനമീവക മുദ്രകള്‍ ..?
പോന്‍കിരീടങ്ങളും രമ്യ ഹര്‍മ്മ്യങ്ങളും
വഴിയാത്രക്കാരനു ഭാരമല്ലേ ?
മായിക സൌന്ദര്യ വിഭ്രാന്തികള്‍ വെറും
യാത്രയില്‍ പിറകോട്ടു മായും ലതാദികള്‍ !
കൂട്ടായ യാത്രയിലിത്തിരിയെങ്കിലും
സ്നേഹാമൃതേകിടൂ സഹജര്‍ക്കായ് ...
ഒരു വാക്കാലൊരു,നോക്കാലൊരു, ചിരിയാലേ
തപിക്കും മനസ്സുകള്‍ ശാന്തമാക്കൂ !
‘ ഞാനെന്ന ‘ , ‘ നീയെന്ന ‘ ഉണ്മകള്‍ മായുമ്പോള്‍
‘ നമ്മളാ ‘ കുന്നൊരു ലോകം വരും !
എങ്കിലും സുമലതേ,വരദേ.. നിന്റെ
കോമളാംഗങ്ങളില്‍ വീണു പോയ്‌ ഞാന്‍ !
മര്‍ത്യരെ,യീവിധ,മദൃശ്യ മന്ത്രങ്ങളാല്‍ ...

വശീകരിച്ചീടു,ന്നൊരെക്ഷിയോ നീ !

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

എല്ലാം വിഷമയം

എല്ലാം വിഷമയം  - ഹാസ്യം

വ്യാധികളൊടുവില്‍ ആധികളായി
ആധികള്‍ മാറാവ്യാധികളായി.
'കാണടാ,പോയൊരു ഡോക്ടറെ വേഗം'
പനിച്ചു വിറച്ചു കിടന്നൊരു നേരം
മുത്തശ്ശിയുടെ ഗര്‍ജ്ജനം പിന്നില്‍!
വണ്ടികള്‍ തുപ്പും പുകയില്‍ മൂടി,
കറുത്തു തുടുത്തൊരു ടൌണില്‍ ചെന്നു
താടി നരച്ചൊരു ഡോക്ടറെ കണ്ടു .
കുറിപ്പടി കയ്യില്‍ നീട്ടി തന്നു
പഥ്യങ്ങള്‍ പലതോതി ഡോക്ടര്‍:
കുളിക്കരുതൊട്ടും പുഴയില്‍ പോയി
കുടിക്കരുതൊട്ടും കിണറ്റിലെ വെള്ളം
കഴിക്കരുതൊട്ടും പച്ചക്കറികള്‍
നോക്കരുതൊട്ടും മത്സ്യമാംസാദികള്‍
അരി,ഗോതമ്പും വര്‍ജ്ജ്യം തന്നെ ...
എല്ലാം വിഷമയമെല്ലാം വിഷമയം..
തൊട്ടിടല്ലെയൊന്നും സോദരാ!
ജീവന്‍ നില്‍ക്കാനെന്തിനി ചെയ്യും 

അതു കൂടൊന്നു മൊഴിയെന്‍ ഡോക്ടര്‍
ഗദ്ഗദമോടെ നിന്നൊരു നേരം
താടി തടവി ഡോക്ടര്‍ മൊഴിഞ്ഞു:
ആഫ്രിക്കയിലെ കാട്ടിന്‍ നടുവില്‍
ആരും കാണാ മരമുണ്ട്
ആ മരത്തിന്‍ ഏഴാം ചില്ലയില്‍
പേരറിയാത്തൊരു പഴമുണ്ട്
കഴുകന്‍ കണ്ണുകളെത്തിടും മുമ്പേ
വിഷജന്തുക്കള്‍ തീണ്ടും മുമ്പേ
പോയിടു വേഗം !പോയിടു വേഗം!!

പറഞ്ഞു തീരാത്ത പ്രവാസ ഗാഥകള്‍

പറഞ്ഞു തീരാത്ത പ്രവാസ ഗാഥകള്‍  - മലയാളകവിതകള്‍

കാണാത്ത കൈകളാല്‍ കൈരളിയെ താങ്ങി
കാലം കഴിച്ചിടും പേക്കോലങ്ങള്‍
കനവുകളെല്ലാം എരിഞ്ഞടങ്ങുന്നതു
കണ്ണീരാല്‍ കണ്ടിടും നരജന്മങ്ങള്‍
കനിവിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുത്തിട്ടു
കനവുകളേറെയവര്‍ക്കേകി പിടയുന്നോര്‍
കദനത്തിന്‍ കരകാണാ കടലിന്‍ നടുവിലും
കിനിയുന്ന സ്നേഹത്തിന്‍ തേന്‍ക്കനിയായവര്‍ !

ആകുലചിന്താശരങ്ങളാല്‍ പിടയുന്ന
ആധി പിടിച്ച മനസ്സിനുടമകള്‍
ആനന്ദമാമോദമെല്ലാം വെടിഞ്ഞിട്ട്‌
അത്യുഷ്ണ സൈകതഭൂവില്‍ പിടയുന്നോര്‍
അഴകേറുമമ്മതന്‍ പൂമടിത്തട്ടില്‍
അണയാന്‍ വെമ്പിടും മാനസങ്ങള്‍
അറിയാതെ പോകല്ലെയീനോവിന്‍ ഗാഥകള്‍
അലിവോടെയിത്തിരി സ്നേഹം കനിഞ്ഞിടു !

വിരഹത്തിന്‍ വെയിലേറ്റു വാടി തളരുമ്പോള്‍
വിധിയെ പഴിച്ചു കഴിഞ്ഞിടാനൊക്കുമോ
വറുതിയകറ്റും വിയര്‍പ്പിന്‍ കണങ്ങളെ
വിസ്മരിച്ചിടാന്‍ കഴിയുമോ നിങ്ങള്‍ക്കു ?
വീണ്ടുമാ കുങ്കുമ സന്ധ്യകള്‍ കണ്ടിടാന്‍
വിസ്മയമേകിടും പൂംപ്പൊയ്ക കാണുവാന്‍
വിധിയേകണേയെന്ന പ്രാര്‍ത്ഥനയുള്ളത്തില്‍
വെച്ചിട്ടു,നാളുകള്‍ തള്ളി കഴിഞ്ഞിടുന്നു !

പേടിയാണമ്മേ,കഴുകന്‍റെ കണ്ണുകള്‍ ...

പേടിയാണമ്മേ,കഴുകന്‍റെ കണ്ണുകള്‍ ... - മലയാളകവിതകള്‍

പോകില്ലൊരിക്കലുമച്ഛന്‍റെ കൂടെ ഞാന്‍
അച്ഛനെ പേടിയാണമ്മേയെനിക്കിന്നു !
മന്നിതില്‍ പെണ്ണായ് പിറന്നിവള്‍ പാപിയോ
താതന്‍റെ സ്നേഹം ഭയക്കുന്നിവളിന്നു !
ഇരുട്ടു മുറിയിലെന്നെയടച്ചിടമ്മേ നീ
ആരാലും കാണാതിരിക്ക വേണം
പേടിയാണമ്മേ കഴുകന്‍റെ കണ്ണുകള്‍
കണ്ടാ മൃഗത്തിന്‍റെ നോട്ടവും പേടിയാം
പോകിലൊരിക്കലുമാള്‍ക്കൂട്ടത്തേക്കിവള്‍
കാമാര്‍ത്ഥി പൂണ്ടൊരാ കണ്ണുകളൊക്കെയും
കുഞ്ഞിളം മേനിയെ നഗ്നമാക്കിടുമ്പോള്‍
നാണം മറച്ചിടാനെന്തു ചെയ്യും ?
ഭോഗസംസ്ക്കാരത്തിന്‍ മലവെള്ള പാച്ചിലില്‍
മാറിയിവളൊരു ഭോഗവസ്തു !
ആസുര ചിന്തകള്‍ കാട്ടു തീയാകുമ്പോള്‍
സുഖത്തിന്‍ പിന്നാലെ ലോകം കുതിക്കുമ്പോള്‍
ഭ്രാന്തന്‍റെ മാറാപ്പിലഴുകി ദ്രവിച്ചുള്ള
കീറത്തുണിയായ് മൂല്യങ്ങളൊക്കെയും !
പുകള്‍പ്പെറ്റ പൈതൃകം മേനി പറയല്ലേ
ആര്‍ഷസംസ്ക്കാരങ്ങള്‍ വെച്ചു വിളമ്പല്ലേ
'ഇന്നിന്‍റെ'നേരും നെറിയും കളഞ്ഞിട്ടു
'അന്നിന്‍റെ'നന്മകള്‍ ഛര്‍ദ്ദിച്ചിടാതിനി !
ആകുല ചിന്തയാല്‍ ലോകം പിടയുമ്പോള്‍
ആശ്വാസത്തിന്‍ തരി വെട്ടം തിരയുമ്പോള്‍
കണ്ണുകള്‍ മൂടിയ നീതി തന്‍ ദേവി നീ,
നാണിക്കയെങ്കിലും ചെയ്തു കൂടെ !
എല്ലാം പരസ്യമായ് ചെയ്യും മൃഗങ്ങളില്‍
നിന്നൊട്ടും,ഭേദമില്ലല്ലോ മനുഷ്യാ,നീയിന്നു
അമ്മയും പെങ്ങളുമന്യമായ് തീര്‍ന്നിടും
ഘോരാന്തകാരം നിറഞൊരീ ലോകത്ത്
നേരിന്‍ കനക വിളക്കുമായ്‌ വന്നിടാന്‍
ആരെങ്കിലുമിനി ബാക്കിയുണ്ടോ ?
നേരും നെറിയും പൊലിഞൊരീ ലോകത്ത്
നേരിന്‍റെ തീപന്തമായിടുവാന്‍
കനിവിന്‍റെ ഇത്തിരി പൊന്‍നാളമുള്ളവര്‍
ആരെങ്കിലുമിനി ബാക്കിയുണ്ടോ ?

ഇതാണ് ജീവിതം


ഒരു കൊച്ചു പൂവിന്റെ നെഞ്ചകം കീറി ഞാന്‍
നട്ടു നനച്ചൊരാ സ്വപ്നങ്ങളൊക്കെയും
കാലത്തിന്‍ തീക്കാറ്റില്‍ വാടി കരിഞ്ഞല്ലോ ...
കദനത്തിന്‍ ഹിമ പാതമേറ്റൊരെന്‍ ഹൃത്തടം
കരിവണ്ട്‌ പോലെയായ് തീര്‍ന്നുവല്ലോ ..
ഇല്ലിനിയോര്‍മ്മയില്‍ വിരിയില്ല മലരുകള്‍
ഇല്ലിനിയോമല്‍ പ്രതീക്ഷകളൊന്നുമേ
ഇല്ലയെന്‍ കണ്‍കളില്‍ കണ്ണുനീരൊട്ടുമേ
ഇലകള്‍ പൊഴിഞ്ഞൊരുനക്കത്തടി !
കാലം വരച്ചൊരാ വരകളെന്‍ ദേഹത്തു
കനിവേതുമില്ലാ കിതച്ചിടുമ്പോള്‍
ആത്മാവു പോകാനൊരുങ്ങിടുന്നു ..
കനവിന്‍റെ കടലാസ്സു തോണികളെല്ലാം
വ്രണിത ഹൃദയത്തിന്‍ അര്‍ത്ഥനകള്‍
യാത്രക്കൊടുവില്‍ ഞാന്‍ കാണുന്നൊരു ഗര്‍ത്തം
ഇവിടമില്‍ തീരുന്നുയെന്‍ സമയം !
അവനിയിലെല്ലാം ക്ഷണികമെന്നറിയുന്ന
ജീവല്‍രഹസ്യമതെല്ലാമറിയുന്ന
പണ്ഡിതനായി ഞാന്‍ മാഞ്ഞിടട്ടേ ...

ഞങ്ങള്‍ കുട്ടികൾ


ഞങ്ങള്‍ കുട്ടികൾ
എന്തറിയാം ഞങ്ങൾക്ക് ?
മുതിര്‍ന്നവര്‍ ബുദ്ധിയുള്ളവർ പറയുന്നു :
'നിങ്ങള്‍ കുട്ടികളെന്തറിയാം നിങ്ങള്‍ക്ക്? '
അതെ-ഞങ്ങള്‍, കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക്..
മുതിര്‍ന്നവരുടെ തലച്ചോറില്‍
 അറിവിന്‍ വിത്ത് പാകും
കഴുകന്‍റെ യന്ത്ര കണ്ണുകളുണ്ട്
സാദാ,ജാഗരൂകമായ്!
സസ്നേഹം ,സവിനയമവര്‍ ചെയ്‌വതെല്ലാം
ഞങ്ങള്‍തന്‍ നന്മക്കായ്...
പകരം വേണ്ടത്
കാടും മേടും വെള്ളവും മാത്രം !
ഞങ്ങള്‍,കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക്..
ഞങ്ങള്‍
കൂട്ടുകുടുംബ മഹിമ കാക്കേണ്ടവർ
അതിലഭിമാനം കൊള്ളേണ്ടവര്‍
ഞങ്ങളുര ചെയ്യാന്‍ പാടില്ലാത്തതിവകള്‍:
നേരിന്‍ കാഠിന്യവും
നോവിന്‍ തീക്ഷ്ണതയും
ആമാശയ വിളികള്‍ക്കുത്തരമേകാന്‍
മടിക്കുത്തഴിച്ച പെങ്ങളുടെ ഗദ്ഗദങ്ങളും
സോദരിയുടെ അടിവയറ്റിലെയാളല്‍
പിന്നെ ജീവനായതുമതു പിന്നെ
ജാര ജന്മമായതും...
അകാലവാര്‍ദ്ധക്ക്യ രോഗ ജരാനരകളും
വറുതിക്കൊരറുതിയല്ലാതൊടുവിലാത്മാവ്
പിടഞ്ഞു പോകുന്നതും ....
ഞങ്ങള്‍,കുട്ടികലെന്തറിയാം ഞങ്ങള്‍ക്ക് ..
' വരുമെന്ന് ഘോഷിച്ച നന്മകളെല്ലാമെവിടെ '?
കൂട്ടത്തിലൊരുവന്റെ മുറുമുറുപ്പ്
'വരുമൊരുനാള്‍;വരാതിരിക്കില്ല '
മുതിര്‍ന്നൊരാള്‍ മൊഴിഞ്ഞു
രക്തം വറ്റി വരണ്ടു വെളുത്തു വിളര്‍ത്തു
മയങ്ങുമ്പോളതു കണ്ടു ;
മുതിര്‍ന്നൊരാളുടെ വായില്‍ നിന്നുമൊഴുകിടുന്നു നിണം
നാക്കിലൊരു കൊളുത്ത്,
അതിനറ്റം നീളുന്നത് പശ്ചിമാംബരത്തേക്ക്

ശിഥില ചിന്തകള്‍

സോപ്പിട്ടൊരുകുളിയാവാമെങ്കില്‍
അഴുക്കുകളെല്ലാം പോയിടും മേനിയില്‍
മനസ്സിന്‍ അഴുക്കുകള്‍ പോകാനോ ?
അഴുക്കു നിറഞ്ഞ മലീമസ മനസ്സില്‍
പൊട്ടിയൊലിക്കും പഴുത്ത വൃണങ്ങള്‍
പരന്നിടുമെങ്ങുമതിന്‍ ദുര്‍ഗന്ധം
നാരിമണികള്‍ പുരുഷനു വേണ്ടി
പടച്ചുണ്ടാക്കിയതാണത്രേ !
ഉദ്ദേശ്യം പലതാണെങ്കിലും
ലക്‌ഷ്യം കാമശമനം തന്നെ
അപ്പോളടിയനു സംശയമിത്തിരി
അമ്മയും പെങ്ങളും നാരികളല്ലേ ?

ജീവിതലക്‌ഷ്യം ആസ്വാദനമെ-
ന്നാരോ ചൊല്ലിയതിവനും കേട്ടു
മരണം പുല്‍കും മുംമ്പെയെല്ലാ
സുഖങ്ങളുമാസ്വദിച്ചീണം പോലും !
അപ്പോളടിയന്റെ കുഞ്ഞു മനസ്സില്‍
സംശയമിത്തിരി വീണ്ടും ബാക്കി,
ഇങ്ങിനെയൊക്കെയല്ലേ  മൃഗങ്ങളും ?
മനുഷ്യന്‍ രഹസ്യമായ് ചെയ്തിടും കാര്യം
പരസ്യമായ് ചെയ്തിടും മിണ്ടാപ്രാണികള്‍
അയ്യോ,കൂട്ടരേ ക്ഷമിച്ചിടുവേഗം
സംശയം വീണ്ടും അടിയനു വന്നു...
മനുഷ്യനും മൃഗങ്ങളും തമ്മിലെ അന്തരം
ഇല്ലാതായോ എന്നൊരു തോണല്‍
എന്താണാവോ മനുഷ്യന്റെ മേന്മ
മിണ്ടാപ്രാണികളേക്കാള്‍ കൂടുതല്‍ ?
ഉത്തരമാരോ ചൊല്ലി തന്നു:
സംസ്ക്കാര സമ്പന്നനാണത്രെ മനുജന്‍
അപ്പോളിത്തിരി സംശയം വീണ്ടും
മനുഷ്യന്‍ ആയിടാം മൃഗമൊരു വേള
തരം താണിടുമോ മൃഗത്തേക്കാളവന്‍ ?
ക്ഷമിച്ചിടു കൂട്ടരേ, ഞാനൊരു വിഡ്ഢി !
അടിയന്‍  നിര്‍ത്തി;പരിഭവം വേണ്ട ...

ഇങ്ങിനെയും പ്രേമം...

മിസ്സ്‌ കാള്ളില്‍ തുടക്കം
പിന്നെ അടുപ്പം
പ്രണയത്തിന്‍ മെരുക്കം
കദനത്തിന്‍ ഞെരുക്കം
അകല്‍ച്ചതന്‍ നടുക്കം
വിരഹത്തിന്‍ ഉരുക്കം
കയറില്‍ ഒടുക്കം
മണ്ണില്‍ അടക്കം

രണ്ടു ആത്മാക്കളുടെ സമാഗമം

രണ്ടു ആത്മാക്കളുടെ സമാഗമം  - മലയാളകവിതകള്‍

കാടിന്റെ ആത്മാവൊരിക്കല്‍
പുഴയുടെയാത്മാവിനെ കണ്ടപ്പോള്‍
വിതുമ്പലോടെ ...
എന്തൊരഴകായിരുന്നു നിനക്കന്നു !
മാരിവില്ലിന്‍ ഏഴയകോടെ
കെട്ടിലും മട്ടിലും നയനാനന്ദകര
സ്ത്രൈണ ഭാവ പ്രൌഡികളോടെ ...
ചുംബിക്കാന്‍ കുനിഞ്ഞടുക്കും ചെടികളോടു
കിന്നാരം പറഞ്ഞും,
കൊഞ്ചി കുഴഞ്ഞും ,പാറക്കെട്ടുകളോടു
കലപില കൂട്ടി
മുത്തു മണികള്‍ ചിതറിക്കൊണ്ട് ,
എന്റെ വിരിമാറിലൂടെ നീ
വളഞ്ഞു പുളഞൊഴുകിയത്
ഓര്‍മകളുടെ ശാദ്വല തീരങ്ങളിലേക്ക് ...
ഒടുവില്‍,രോഗഗ്രസ്ഥയായ നിന്റെ
കളിചിരികളും കൊഞ്ചികുഴച്ചിലുകളും
പോയ്‌ മറഞ്ഞു ദൂരെയെങ്ങോ !
പിന്നെ ഒരു ഒരു കണ്ണീര്‍ച്ചാലായ്
സ്മൃതി പഥങ്ങളിലേക്ക് ഒഴുകിയപ്പോള്‍
വറ്റിയതെന്റെ ജീവരക്തമായിരുന്നു !
എന്റെ ഓജ്ജസ്സും തേജ്ജസ്സുമായിരുന്ന
നിന്‍ വിയോഗത്താല്‍
മഞ്ഞപ്പിത്തം ബാധിച്ച
ഇലകളെല്ലാം മരിച്ചു വീണു !
പിന്നെ ഞാന്‍ മനുഷ്യ കരങ്ങളാല്‍
ബാലാല്‍ക്കാരം ചെയ്യപ്പെടുകയായിരുന്നു ...
പുഴയുടെയാത്മാവും
ഓര്‍മയുടെ നിധികുംമ്പങ്ങളില്‍ നിന്നു
ആ നല്ല നാളുകള്‍ ചികഞ്ഞെടുത്തു:
അന്നു നിന്റെ ഹൃദയത്തിലൂടെ ഞാനോഴുകുമ്പോള്‍
ഇരു കരകളിലുമായി
ചെടികളെക്കൊണ്ടു നീ പുഷ്പവൃഷ്ടി നടത്തിച്ചു !
കിളികളുടെ കളിയാക്കിപ്പാട്ടുകള്‍ കേട്ടു
നാണം കുണുങ്ങിയ നവ വധുവായ്‌
സ്വപ്നത്തിലെന്നവണ്ണം ഞാനൊഴുകി !
യമപുരിയിലേക്കയാക്കാനുള്ള
രഹസ്യചര്‍ച്ചകള്‍ ഞാനറിഞ്ഞിരുന്നില്ല ...
ഒടുവില്‍, നിന്നെപ്പോലെ ഞാനും
മനുഷ്യ കരങ്ങളാല്‍
പിച്ചിചീന്തപ്പെട്ടു...
അപ്പോളും,കാടിന്റെയും പുഴയുടേയും
ദ്രവിച്ച അസ്ഥിശകലങ്ങള്‍ക്കു മീതെ
മന്തബുദ്ധികളും നപുംസകങ്ങളുമായ
കോണ്‍ക്രീറ്റ് കാടുകള്‍
വെറുതെയുണ്ടായിക്കൊണ്ടിരുന്നു ...
ഇതൊന്നുമറിയാതെ ദിനരാത്രങ്ങള്‍
മഴയില്‍ കുളിച്ചും വെയിലില്‍ വിയര്‍ത്തും
കടന്നു പോയ്‌ കൊണ്ടിരുന്നു ...

തെറ്റിയ കണക്കുകള്‍

ജീവിതം മുഴുവന്‍ കണക്കാണെന്നറിയുംമ്പോളും
കണക്കില്‍ ഞാന്‍ പൂജ്യനാണു...
ഗണിതമില്ലാത്തൊരു
ജീവിത തത്ത്വം മെനയാനി-
ത്തിരി പാടാണെന്നറിയുമ്പോളും
മണ്ടനാണ് ഞാന്‍ ഗണിതത്തില്‍ ..
കണക്കെനിക്കൊരു 'പുണ്ണാക്കു'മറിയില്ലെന്നു
കണ്ടു പിടിച്ചതു രാഘവന്‍ മാഷ് !
രണ്ടാം ക്ലാസ്സില്‍ വെച്ചു
പോകെ..പോകേ..
കണക്കിനെയെനിക്കു വെറുപ്പായോ
കണക്കിനെന്നെ വെറുപ്പായോ..?.
ഇപ്പോള്‍ ഞാന്‍ വെറുക്കാന്‍ പഠിച്ചു
കൂട്ടിക്കിഴിക്കലുകളും ഗുണനഹരണങ്ങളും ..
അതുക്കൊണ്ടാണല്ലോ,
ഗള്‍ഫില്‍ വന്നിട്ടെത്ര വര്‍ഷമായെന്നു ചോതിക്കുംമ്പോളും
ജനിച്ചിട്ടെത്ര വര്‍ഷമായെന്നു ചോതിക്കുംമ്പോളും
കൂട്ടി നോക്കാതെ
ഒരു വര്‍ഷമങ്ങോട്ടു തട്ടി വിടുന്നത് !
കണക്കിനെ പേടിയാണെനിക്കു !
എന്റെ ഇന്നലെകളുടെ
ദ്രവിച്ച അസ്ഥി കൂമ്പാരങ്ങളില്‍
ചിതലരിക്കുന്ന തെറ്റിയ കണക്കുകളാണ് ..
ഗണിതമില്ലാത്ത നാളെകളാണെന്റെ സ്വപ്നം !
തെറ്റിയ കൂട്ടിക്കിഴിക്കലുകള്‍
ഭീകര സര്‍പ്പങ്ങളായി
എന്റെ സ്വപ്നങ്ങളില്‍ നിറയുന്നു ..
കാലത്തിന്റെ ചിറകടിയൊച്ചകള്‍
നേര്‍ത്തു വരുന്നതോടൊപ്പം
തെറ്റിയ കണക്കുകളുടെ
ശവഘോഷയാത്രകള്‍
എന്നെ തേടി വരുന്നു ..

പ്രണയത്തിന്റെ മാറുന്ന സമവാക്യങ്ങള്‍


പ്രണയത്തിനു
കുങ്കുമ സന്ധ്യയുടെ
സൌന്ദര്യവും
പൂനിലാ പാല്‍പ്പുഞ്ഞിരിയുടെ
തെളിമയും
പനിനീര്‍ മഴയുടെ
സുഗന്ധവും
ശീതക്കാറ്റിന്‍ കുളിര്‍മയും
എന്നയാള്‍ പറഞ്ഞിരുന്നു ...
പ്രണയത്തിനു
കാഞ്ഞിരത്തിന്റെ കൈപ്പും
കണ്ണീരിന്റെ ഉപ്പും
കിനാവിന്റെ മടുപ്പും
കാത്തിരിപ്പിന്റെ വെറുപ്പും
കദനത്തിന്‍ കനലും
എന്നയാള്‍ ഇപ്പോള്‍ പറയുന്നു ...

നാം കാത്തിരിക്കുന്ന ഒരു പ്രണയ ദുരന്തം...

നാം കാത്തിരിക്കുന്ന ഒരു പ്രണയ ദുരന്തം... - തത്ത്വചിന്തകവിതകള്‍


നിന്നില്‍ ഞാനുണ്ടായിരുന്നല്ലൊ തോഴി

നിറമാര്‍ന്ന ലോകം നീ കാണ്‍മതിന്‍ മുമ്പേ !

നിന്‍സിരാ വഴികളിലുണ്ടായിരുന്നു ഞാൻ 

നീല നയനത്തിന്‍ കാന്തിക പ്രഭയിലും 

നിലാവിന്‍ പൊന്‍പ്രഭ പാരില്‍ ചിതറുന്ന 

നീല രാവിലും പിന്നെ പൊൻപകലിലും 

നിദ്രയില്‍ നിന്നുടെ ഹൃദയതാളം 

നിറമാര്‍ന്ന സ്വപ്നത്തിന്‍ ഹൃദയ രാഗം 

നിഴലായി നിന്‍ക്കുടെയിത്ര നാളുമിനി 

നിറമിഴിയാലെ ഞാന്‍ പോയിടട്ടേ ..


കരയാന്‍ കരുത്തില്ലെനിക്കിന്നു പ്രിയനേ 

കാറ്റിൽ പറക്കും കരിയില ഞാൻ 

കണ്ണുകൾ മെല്ലെയടച്ചിടട്ടേ 

കാണാന്‍ കഴിയില്ലയീ വിയോഗം 

കനിവോടെ നീ തന്ന സ്നേഹരാഗം 

കാലതാപത്താൽ കരിഞ്ഞിടുന്നു 

കനകാംബരത്തില്‍ നീ കണ്ണിറുക്കാൻ 

കുഞ്ഞിളം താരകമായ് വരേണം 

കനവുകൾക്കെല്ലാം വിടയിനി ഞാനെന്റെ 

കൂരിരുള്‍ ഗേഹമണമണഞ്ഞിടട്ടേ  


ആകുല ചിന്തകൾ  വെടിയുകെൻ കാമിനി 

ആമോദമായിട്ടിരിക്കയെന്നും 

ആരുമേ  വാഴില്ല പാരിതിലെന്നാളും

ആസത്യമറിയുക ആദരാൽ നീ 

അലിവോടെ നിന്നുടെ ഇഷ്ടാനിഷ്ടങ്ങളെ

അനുധാവനം ചെയ്കയായിരുന്നു 

ആരോമലേ നിന്നെ മായ്ച്ചു കളഞ്ഞിട്ടു

ആശിക്കുന്നില്ലൊട്ടും പോയിടുവാന്‍

ആത്മാവ് ഞാനൊരു ആത്മീയ ജീവിയാം

ആജ്ഞനിറവേറ്റുകെന്‍ നിയോഗം 



വിരഹിണിയെന്നെ നീ  വിട്ടേച്ചു പോവുക 

വിണ്ണിലെ താരകമായി വാഴ്ക 

വീണ്ടുമാ സാന്നിദ്ധ്യമെന്നെയുണർത്തിടാം 

വേദങ്ങളൊക്കെ പറഞ്ഞതല്ലേ !

വിട്ടേച്ചു പതിയെ നീ പോകെ.. പോകെ..

വിളറിടുന്നെന്‍റെ കവിള്‍ത്തടങ്ങള്‍ ...

വരളുന്നു ചുണ്ടുകള്‍ ...വിറളുന്നു കണ്ണുകള്‍ ...

 വേദനയാൽ പിടയുന്നു നെഞ്ചം 

വിട തരൂ ഇനി ഇവൾ ഓർമ്മ മാത്രം 

ചാപിള്ളയായ് വന്നിടാം ഞാന്‍ ...

ചാപിള്ളയായ് വന്നിടാം ഞാന്‍ ...  - മലയാളകവിതകള്‍

അമ്മ തന്‍ ഓമന കുഞ്ഞേ പിറക്ക,നീ
അറിയുന്നില്ലെയെന്റെയീറ്റു നോവ്‌
അറിവിന്റെ തേന്‍ക്കനിയേകിടാം പൈതലേ
അലിവിനമമിഞ്ഞപ്പാലേകിടാം ഞാന്‍

അമ്മേ, ഞാനെന്തിനു ജനിക്കണമവനിയില്‍?
അതിഘോരാന്ധകാരമവിടെയെങ്ങും
അസുരന്മാര്‍ താണ്ഡവ നൃത്തമാടിടുമ്പോള്‍
അരുമയാമീ പെണ്‍കൊടിയെന്തുചെയ്യും ?

കാരുണ്യക്കടലായൊരമമതന്‍ മാറിടം
കനിവോടെ സ്നേഹം ചുരത്തിടുമ്പോള്‍
കാണാതിരിക്കുവാനാകുമോ കണ്മണി
കനിയേണം വന്നു നീ വേഗം തന്നെ !

കാട്ടുമൃഗങ്ങളെന്‍ കുഞ്ഞിളംമേനിയെ
ക്രോധത്താല്‍ പച്ചക്കു തിന്നുകില്ലെ ?
കണ്ണുമറച്ചൊരു നീതിതന്‍ദേവത
കാരുണ്യമില്ലാതെ നിന്നിടില്ലേ ?

വര്‍ണ്ണങ്ങളെമ്പാടും വാരിവിതറിയീ                                    വാസുന്ദര നിന്നെ കാത്തിരിപ്പു !
വര്‍ണ്ണവിളക്കുകളെമ്പാടും കത്തിച്ചു
വാനവും കുഞ്ഞിക്കാല്‍ കാത്തിരിപ്പു !

വന്നിടാനുള്ളത്തിലാഗ്രഹമെത്രയും
വരികിലെന്‍ ജീവിതം നരക തുല്യം !
വന്നുഞാനിണ്ടല്‍ സഹിക്കതിലുംഭേദം
വടിവൊത്തരീഗ്ഗര്‍ഭശയ്യ തന്നെ !

നിനവില്‍ നീ മാത്രമാണമ്മതന്‍ പൈതലേ
നിറമാര്‍ന്ന സ്വപ്നങ്ങളിലൊക്കെയും നീ തന്നെ
നിന്‍ കുഞ്ഞിക്കാലതു കണ്ടില്ലയെന്നാകില്‍
നിശ്ചയം, നിഷ്ഫലം.. അമ്മതന്‍ ഈ ജന്മം!

നീരാളിക്കൈകളില്‍ ജീവന്‍ പിടയുമ്പോള്‍
നിദ്രയിലായൊരു നീതി ശാസ്ത്രങ്ങളെ
നോക്കി കരഞ്ഞിടാനല്ലെ വിധിയുള്ളു
നേരും നെറിയുമെവിടെയെന്‍ പൊന്നമ്മേ!

മണ്ണിലെ സൌഭാഗ്യം മക്കളല്ലെ പൊന്നേ
മമമോഹം തുടിക്കുന്നു കണ്ടിടുവാന്‍
മന്ദാരമലരേ നീ വന്നില്ലയെന്നാകില്‍
മമപ്രാണനും പോയിടും വേഗം തന്നെ !

മാരിവില്‍ പോലത്തെ കുഞ്ഞിളം മേനിയെ
മറ്റാരും കാണാതിരിക്കവേണം
മണ്ണിതില്‍ ജീവിതം ഹോമിക്കിലുംഭേദം
മാതാവേ വന്നിടാം ചാപിള്ളയായ്!!

മരണം ...

മരണം ... - തത്ത്വചിന്തകവിതകള്‍

ആരു നീയാരു നീ നിഴല്‍ രൂപമേ
ആരു നീയജ്ഞാത കൂട്ടുകാരാ ...
എന്തിനെന്‍ കൂടെ നീയിത്ര നാളും
നിഴലായ് കൂടിയെന്‍ കൂട്ടുകാരാ ...
അറിയുന്നു ഞാന്‍ നിന്‍ ഹൃദയസ്വനങ്ങള്‍
അറിയുന്നു നിന്‍ ചുടു നിശ്വാസങ്ങള്‍
എങ്കിലുമൊന്നും മൊഴിഞ്ഞിടാതെ
നില്കുന്നതെന്തേയെന്‍ കൂട്ടുകാരാ !
അറിയുന്നു നിന്‍ കര ലാളനങ്ങള്‍
ശയ്യാവലംബി ഞാനായിടുമ്പോള്‍ !
ജീവിതയാത്രയിലനുധാവനം ചെയ്യാന്‍
ആരു പറഞ്ഞെന്റെ കൂട്ടുകാരാ ?
എന്നന്ത്യശ്വാസത്തിന്‍ സമയം കുറിച്ചിട്ട
ഫലകം നിന്‍ കയ്യില്‍ സുഭദ്രമല്ലോ ...
എത്ര മേല്‍ ക്ഷമയാലെ കാത്തിരുപ്പു നീ
എന്നന്ത്യരംഗം കണ്ടിടുവാന്‍ !
നിന്നില്‍ നിന്നെനിക്കകന്നിടുവാന്‍
കഴിയില്ലെന്നൊരു സത്യം മുന്നില്‍
ഇത്ര മേലെന്നെ നീ സ്നേഹിച്ചിടാന്‍
ആരാണ് ഞാന്‍ നിന്റെ കൂട്ടുകാരാ ..!

അയ്യോ.... ഡോക്ടര്‍ ..

പുത്തന്‍പ്പുരയില്‍ ഇട്ടിക്കോരന്‍
കവലയില്‍ നിന്നും വേല കഴിഞ്ഞു
വീട്ടില്‍ വന്നു മയങ്ങുമ്പോള്‍
വയറ്റിന്നുള്ളില്‍ 'പളപള' ശബ്ദം !
'അയ്യോ'എന്നൊരു നിലവിളിയോടെ
കിടന്നു പിരിഞ്ഞുമുരുണ്ടും തറയില്‍
നിലവിളിയായി ഇട്ടിക്കോരന്‍ ...
അതു കണ്ടിട്ടു ഭാര്യയും മക്കളും
കൂടെച്ചേര്‍ന്നു കൂട്ടനിലവിളി ...
കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി
ഇട്ടിക്കോരനെ താങ്ങിയെടുത്ത്
കിട്ടിയൊരോട്ടോയില്‍ തിക്കിക്കേറി
എത്തി ആതുരശാലയിലൊന്നു ...
ഇട്ടിക്കോരനെ കണ്ടൊരു മാത്രയില്‍
കുടവയറുള്ളൊരു ഡോക്ടര്‍ സാറ്
ചാടിയെണീറ്റൊരു കുഴലുമെടുത്തു !
ഇരുത്തിയും കിടത്തിയും നിര്‍ത്തിയുമൊക്കെ
പരിശോധനകള്‍ തകൃതിയായി ...
'സര്‍ജറിയൊന്നു ഉടനെ വേണം
ആദ്യം എക്സറേ,സ്കാനുമെടുക്കു
ഇസിജിയുമെടുത്തീടണം,ഇഇജിയും കൂടെ വേണം
രക്തം എല്ലാം നോക്കീടണം
കുറിപ്പടിയിലുള്ള മരുന്നുകളെല്ലാം
ഉടനടി തന്നെ വാങ്ങീടണം
ആദ്യംതന്നെ കൌണ്ടറില്‍ പോയി
കാശെല്ലാമടച്ചീടണം '...
ഇരയെക്കണ്ടൊരു പാമ്പിനെ പോലെ
ഡോക്ടര്‍ സാറിന്‍ കണ്‍കളില്‍ തിളക്കം !
'എത്രയാകും മൊത്തം കാശ് ?
ഡോക്ടര്‍ സാറേ ചൊല്ലിടു വേഗം'
വേദന കൊണ്ടു പുളയുമ്പോളും
ഇട്ടിക്കോരന് സംശയം ബാക്കി !
'ഏറിയാല്‍ ലക്ഷത്തിന്‍ മുകളില്‍ പോകും
നിങ്ങള്‍ക്കിത്തിരി ഡിസ്കൌണ്ടുണ്ടേ!'
ഡോക്ടര്‍ ചൊന്നത് കേട്ടൊരു മാത്രയില്‍
ഇട്ടിക്കോരന്റെ ബോധവും പോയി !
ബോധം തിരികെ വന്നൊരു നേരം
ഇട്ടിക്കോരന്‍ ഇങ്ങിനെ ചൊല്ലി:
'പൊന്നു സാറേ, ഡോക്ടര്‍ സാറേ
വെള്ളമിത്തിരി തന്നീടണം
കഴുത്തറുപ്പ്‌ തുടങ്ങുംമുമ്പ് !
ടെസ്റ്റുകളൊന്നും ചെയ്തീടാതെ
അടിയന്‍ പറയാമെന്താണസുഖം
കവലയിലുള്ളൊരു കടയില്‍ നിന്നും
'ഷവര്‍മ' വാങ്ങി കഴിച്ചതില്‍ പിന്നെ
തുടങ്ങിയാതാണീ വയറു വേദന !
അതിനെന്തെങ്കിലും മരുന്നുണ്ടെങ്കില്‍
തന്നിടു വേഗം...തന്നിടു വേഗം '...
അന്തംവിട്ടു നിന്നൊരു ഡോക്ടര്‍
കുന്തംവിഴുങ്ങിയ പോലെയായി !
പുച്ഛത്തോടെ ഇങ്ങിനെ ചൊല്ലി:
'നീയോ ഡോക്ടര്‍ ? ഞാനോ ഡോക്ടര്‍ ?
പഠിപ്പിക്കാനിങ്ങോട്ട് വരല്ലേ !
'ഫ്രീ'യായ് വേണം ചികിത്സയെങ്കില്‍
പോയിടു സര്‍ക്കാര്‍ ആശുപ്പത്രികളില്‍ '...

ബോധോദയങ്ങള്‍

ബോധോദയങ്ങള്‍ - തത്ത്വചിന്തകവിതകള്‍


ബോധോദയങ്ങള്‍ തന്‍ ബോധി വൃക്ഷത്തിന്റെ
ചിതയിലെന്‍ ജഢമെരിഞ്ഞിടുമ്പോള്‍
ഒരു കാറ്റായ് വന്നതു നീയൂതി കെടുത്തില്ലയാ-
ളി കത്തിക്കുമെന്ന നേരിന്റെ ചൂട്ടുമായ്
ധൂമ പടലങ്ങള്‍ ചിതയില്‍ നിന്നുയര്‍ന്നു
ആകാശ വിതാനത്തിലേക്ക് കുതിക്കുമ്പോള്‍,
വെളിച്ചം പകരാതിരിക്കാന്‍
കാരണം തേടി നടന്ന സുര്യന്‍
അതില്‍ മുഖം മറച്ചു കൊണ്ടു
വിളറിയ ചിരിയോടെ
നിസംഗനാകുമെന്ന
അറിവിന്റെ മുറിവാല്‍
പിടയും നോവുമായ്
മൌനത്തിന്റെ ചിതല്‍പ്പുറ്റിനുളില്‍
ഒളിക്കട്ടെ ഞാന്‍ ....

മനുഷ്യ ജന്മം

മനുഷ്യ ജന്മം  - തത്ത്വചിന്തകവിതകള്‍


പലപല ജന്മങ്ങള്‍ താണ്ടി
ഒടുവില്‍ വന്നു ചേരുന്നതാണ്
മനുഷ്യ ജന്മം
എന്ന് മുത്തശ്ശി പറഞ്ഞപ്പോള്‍,
കാക്ക,പൂച്ച,പട്ടി
ഇവയേക്കാള്‍ ഭേദമാണോ
മനുഷ്യ ജന്മം
എന്ന് കുട്ടിക്ക് സംശയം ....

തലച്ചോറുകളുടെ പ്രദര്‍ശനം

തലച്ചോറുകളുടെ പ്രദര്‍ശനം  - തത്ത്വചിന്തകവിതകള്‍

പലരും പലവിധം
തലകള്‍ പലതരം
തലച്ചോറുകള്‍ ബഹുവിധം
പ്രദര്‍ശന നഗരി നിബിഡം
ഉള്ളില്‍ ബഹളം
കണ്ണാടിക്കൂട്ടിന്‍ തിളക്കം
നിരത്തി വെച്ച തലച്ചോറുകള്‍ സുലഭം
കാണാന്‍ എനിക്കും തിടുക്കം
കണ്ടു തുടങ്ങി :
അറിവിന്റെ കനല്‍ക്കാടുകള്‍
അടക്കം ചെയ്യപ്പെട്ട
അശാന്തിയുടെ കരിമേഘം പുരണ്ട
കറുത്തു തുടുത്ത തലച്ചോറ്...
അഗ്നിയാമറിവിന്റെ മുറിവേകും നോവുമായ്
പിടയുന്ന തലച്ചോറ്...
അറിവിന്റെ മോഹന സുന്ദര നിധികുംഭങ്ങള്‍
ഒളിഞ്ഞിരിക്കുന്ന തലച്ചോറ്...
'അറിവുണ്ട്'എന്നറിയാത്തവന്റെ തലച്ചോറും
'അറിവില്ല'എന്നറിയാത്തവന്റെ തലച്ചോറും
സമമാണെന്ന തിരിച്ചറിവുള്ള
'മഹാനായ'മൂന്നാമന്റെ തലച്ചോറ് ...
ഒരു കൊച്ചു സൂത്രവാക്യം ആറ്റം ബോംബാക്കി മാറ്റി
സഹസ്രങ്ങളുടെ ജീവനും സ്വപ്നങ്ങളും
ചാരമാക്കി മാറ്റിയ അവിവേകിയുടെ തലച്ചോറ്..!
അറിവ് മാനവ കുലത്തിന്റെ നന്മക്കാ-
യുപയോഗിച്ച വിവേകിയുടെ തലച്ചോറ്...
പിന്നെ കണ്ട തലച്ചോറുകള്‍
എനില്‍ ഓക്കാനം ഉണ്ടാക്കി!
അമ്മയെ കൂട്ടി കൊടുത്തവന്റെ...
പെങ്ങളുടെ മടികുത്തഴിച്ചവന്റെ...
സഹോദരന്റെ പച്ച മാംസം തിന്നവന്റെ...
ഇരിപ്പിടം ഒറ്റു കൊടുത്തവന്റെ...
പുറത്തിറങ്ങിയ എന്റെ തല ശുന്യം
സ്കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്ല !
ആശ്വാസത്തോടെ തിരിഞ്ഞു നടക്കുമ്പോള്‍
തെരുവില്‍ ഏതോ കവിയുടെ വിലാപം
'അറിവുള്ളവരേറെ മന്നിതില്‍
വിവേകികളോ തുച്ചം'

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

പേടിയാണമ്മേ അച്ഛനെ ....

പേടിയാണമ്മേ അച്ഛനെ .... - തത്ത്വചിന്തകവിതകള്‍

'അമ്മതന്‍ കൂടെ ഞാന്‍ വന്നിടാമെങ്കിലും
പോകില്ലൊരിക്കലുമച്ഛന്‍റെ കൂടെ ഞാന്‍
പേടിയാണമ്മേയെനിക്കെന്‍റെയച്ഛനെ
പാരിതില്‍ ഞാനൊരു ഭാഗ്യഹീന'
ഇങ്ങിനുരചെയ്യും പെണ്‍കൊടി ജീവിക്കും
ആധി നിറഞ്ഞൊരു നൂറ്റാണ്ടിത് !
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌!
കൊട്ടിഘോഷിക്കല്ലേ പുകള്‍പ്പെറ്റ പൈതൃകം
പൊള്ളയാം വാക്കുകള്‍ ഛര്‍ദ്ദിച്ചിടാതിനി
ഘോരാന്തകാരമഖിലവും മൂടുമ്പോള്‍
ഇരുളിന്‍റെയാത്മാവ് ഗതിയില്ലാതലയുമ്പോള്‍
കാഴ്ചയില്ലാത്തൊരാ കണ്ണുകളൊക്കെയും
കാക്കകള്‍ കാഷ്ഠിക്കും സ്മാരകങ്ങള്‍ !
ഹൃദയത്തില്‍ നിന്നും പടരും വിപത്തിന്‍റെ
വേരുകള്‍ ഹൃദയങ്ങള്‍ താണ്ടിടുമ്പോള്‍
അതു പിന്നെ കാഴ്ചകള്‍ തല്ലി കെടുത്തിടും
അതിഘോരാന്തകാരം നിറയും പാരില്‍ ..
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌ !
അസുരന്‍മാര്‍ താണ്ഡവനൃത്തമാടിടുമ്പോള്‍
ആസുരചിന്തകളെങ്ങും നിറയുമ്പോള്‍
കണ്ണുകള്‍ മൂടിയ നീതിതന്‍ ദേവത
നിദ്രയിലാണ്ടു കിടന്നിടുമ്പോള്‍
നേരിന്‍റെ നേരിയ പൊന്‍വെട്ടങ്ങള്‍ വെറും
കേട്ടു മറന്ന പഴങ്കഥകള്‍ !
അച്ഛനുമമ്മയും കൂടെപ്പിറപ്പോരും
ഭോഗസംസ്ക്കാരത്തിന്‍ മൂശയില്‍ വാര്‍ത്തൊരു
അര്‍ത്ഥരഹിതമാം വാക്കുകളായിന്ന് !
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌!
നേരിന്‍റെ നേരിയ പൊന്‍ത്തരിവെട്ടവും
ഊതി കെടുത്താതിരിക്കെന്‍റെ സോദരാ,
കരയുവാന്‍ കണ്‍കളില്‍ കണ്ണുനീരില്ലിന്നു
വറ്റി വരണ്ടൊരു വേനല്‍ത്തടാകമായ് ..
കനിവിന്‍റെയിത്തിരി പൊന്‍നാളമെങ്കിലും
കൂട്ടായ് തിരയുവാന്‍ പോരുന്നുണ്ടോ...?
എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,
എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്‌!

മൗനപ്രാർഥനകൾ

കാണാതെ പോകല്ലെയീ നോവുകള്‍ !  - തത്ത്വചിന്തകവിതകള്‍



ഏകാന്തമായൊരെ,ന്നാത്മാവിന്‍ രോദനം
കാരുണ്യനാഥാ നീ കേള്‍ക്കുകില്ലേ 
ശോകാന്തമായൊരെന്‍ ജീവിത വീഥിയിൽ 
കാരുണ്യ വർഷം ചൊരിയുകില്ലേ

ഓര്‍മ്മയില്‍ പൂത്തൊരു സൗഗന്ധികങ്ങളേ 
വാടാതിരിക്കുക നിങ്ങളെന്നും 
ഓമല്‍ക്കിനാക്കളെ താലോലിച്ചീടുവാന്‍
അനുവാദ,മേകില്ലെൻ ദുർവിധികൾ 

കാല,മാമോദത്താലേറ്റം കനിഞ്ഞേകി
തന്നേച്ചു പോയൊരാ പുണ്യതീര്‍ത്ഥം
ക്രൂരമീ ലോകമാ കാരുണ്യ തീര്‍ത്ഥത്തെ
തട്ടിത്തെറിപ്പിച്ചു ദൂരെയെങ്ങോ 

കൂരിരുള്‍ മൂടിയോ,രേകാന്ത ശയ്യയില്‍
വിസ്മൃതിയാലെ ഞാന്‍ മൂടിടുമ്പോള്‍
ഓര്‍ത്തിടൊരു,മാത്രയെങ്കിലുമീ മുഖം 
കാണാതെ പോകല്ലെയീ,നോവുകള്‍ 

സ്നേഹ,മമൃതാണ് ജീവന്റെ താളവും
അല്ലെങ്കില്‍,ജീവിതം അര്‍ത്ഥശൂന്യം
എങ്കിലും കിട്ടാക്കനിയാണീ മൈത്രകം
എന്നാലും തേടി നാമോടിടുന്നു 

ജ്ഞാനസ്വരൂപനേ...മണ്ണിലീ ജീവിതം
ശാശ്വതമല്ലല്ലോ, വ്യര്‍ത്ഥമല്ലോ
എല്ലാം തികഞ്ഞെങ്കില്‍ ശൂന്യമീ ജീവിതം
ആ സത്യമറിയുന്നു ആദരാൽ ഞാൻ 

വേർതിരിക്കാ,നെനിക്കാവുന്നില്ലെൻ നാഥാ 
സത്യാസത്യങ്ങളീ,യിരുട്ടിൽ 
നേരിന്റെ നേർവഴി എന്മുന്നിലെന്നും നീ 
കാണിച്ചീടണമെൻ വിശ്വനാഥാ ...

യുദ്ധം ബാക്കിയാക്കുന്നത് ..

യുദ്ധം ബാക്കിയാക്കുന്നത് .. - മലയാളകവിതകള്‍


യുദ്ധംത്തന്നെ യുദ്ധംത്തന്നെ !
യുദ്ധംക്കൊണ്ടു നേട്ടമെന്തു ?
കോട്ടമല്ലേ കാണുന്നുള്ളൂ ?
യുദ്ധംവന്നാല്‍ സത്യംപോയി
സത്യംപോയാല്‍ മര്‍ത്യന്‍പോയി
മര്‍ത്യന്‍പോയി മര്‍ക്കടനാവും !
യുദ്ധത്തിന്റെ ലകഷ്യമെന്തു ?
ലക്ഷങ്ങള്‍ത്തന്‍ ലകഷ്യങ്ങളെ
ലജ്ജയില്ലാ ഇച്ഛക്കൊണ്ട്
കക്ഷത്താക്കി കുത്തീരിക്കും
കണ്ണില്‍ച്ചോര കാട്ടിടാത്ത
കശ്‌മലരേ കാട്ടാളരേ ...
കാട്ടുനീതി കാട്ടിടാതെ ...
കൂട്ടത്തോടെ കൊന്നിടാതെ !

രാജ്യത്തിന്റെ സമ്പത്തെല്ലാം
ഉന്നംവെച്ചു ചുട്ടെരിക്കും
പയ്യാരക്കാര്‍ പാവങ്ങളെ ...
പത്തുലക്ഷം കൊന്നിട്ടവന്‍
ചൊല്ലിടുന്നു ലക്‌ഷ്യംനേടി !
ലകഷ്യമെന്താ നേട്ടമെന്താ ?
ലക്ഷങ്ങളെ തെണ്ടിക്കുന്നു
കയ്യില്ലാത്തോര്‍ കാലില്ലാത്തോര്‍
ബന്ധുക്കളും സ്വന്തക്കാരും
കുട്ടികളും നഷ്ടപ്പെട്ടോര്‍
സ്വപ്നങ്ങളും സങ്കല്പങ്ങള്‍
എല്ലാമെല്ലാം നഷ്ടമായോര്‍ ...
എത്രയെത്ര ജീവിതങ്ങള്‍
ചുട്ടിട്ടിവന്‍ ചാമ്പലാക്കി !
ഹിരോഷിമ നാഗസാക്കി
വിയറ്റ്നാമിന്‍ സന്തതികള്‍
സദ്ദാമിന്റെ രാജ്യക്കാരെ
കാബൂളിന്റെ ചാരിത്ര്യത്തെ ...
ചൊല്ലിടുന്നു എന്നിട്ടിവന്‍
യുദ്ധത്തിന്റെ ലക്‌ഷ്യംന്നേടി !
ആയുധങ്ങള്‍ വിറ്റിടണം
മറ്റുള്ളോന്റെ രകതംവേണം
സമ്പത്തെല്ലാം കൊള്ളയടിച്ചു

സ്വന്തക്കാരെ പോറ്റിടുവാന്‍
ലജ്ജയില്ലേ നാണമില്ലേ !
കയ്യുക്കുള്ള കാര്യക്കാരെ,
ഡാര്‍വിനൊന്നും തെറ്റിയല്ല !
വിജനമാം തെരുവിന്റെ
ഇരുണ്ടോരാ കോണില്‍ന്നിന്നും
ഉയരുന്ന കുഞ്ഞിന്‍ത്തേങ്ങല്‍
നിദ്രാഭംഗം ഉണ്ടാക്കില്ലേ
കല്ലാലുള്ള ഹൃത്തുള്ളോരെ ?
യുദ്ധമെന്തു ബാക്കിയാക്കും ?
വട്ടമിട്ടു പറന്നിടും
ശവംത്തീനി പക്ഷികളെ ...
'പടപട'ശബ്ദത്തോടെ
നടന്നിടും ബൂട്ട്സുകളെ ...

'കുടുകുടു'ശബ്ദത്തോടെ
ശവംന്നീക്കും വണ്ടികളെ ...
വിങ്ങിവിങ്ങി കരഞ്ഞിടും
കുരുന്നുകള്‍ നിരാശ്രയര്‍ ...
തേങ്ങിത്തേങ്ങി കരഞ്ഞിടും
വിധവകള്‍ ഹതാശയര്‍ ...
നീറി നീറി ഒടുങ്ങിടും
അര്‍ദ്ധപ്രാണര്‍ മനുഷ്യരെ ...!

പ്രണയം ബാക്കിയാക്കുന്നത് ..

പ്രണയം ബാക്കിയാക്കുന്നത് .. - പ്രണയകവിതകള്‍

പൂനിലാവ്‌ നേര്‍ത്ത
മഞ്ഞിന്‍ക്കണങ്ങളോടൊപ്പം
ഭുമിയിലേക്കു ഒലിച്ചിറങ്ങുന്ന
പ്രണയം പനിനീര്‍ പെയ്യുന്ന
ശുഭ സുന്ദര സുരഭില
പൌര്‍ണ്ണമി രാത്രിയില്‍
തുറന്നിട്ട ജാലകപ്പഴുതിലൂടെ
ഒഴുകി വരുന്ന കാറ്റിനു
പ്രണയത്തിന്റെ ഗന്ധമാണെന്നും

ഹൃദയത്തില്‍ നിന്നും
ഹൃദയത്തിലേക്ക് പടരുന്ന
അദൃശ്യ വേരുകളാണ്
പ്രണയമെന്നും
പ്രണയത്തിന്റെ
പൂര്‍ത്തീകരണമാണ്
മരണമെന്നും
അവര്‍ വിശ്വാസിച്ചിരുന്നു ...

പ്രണയം ഒരു വ്യക്തിയുടെ
ഇല്ലാത്ത ഗുണഗണങ്ങളെക്കുറിച്ച
വിഭ്രാന്തികള്‍ നിറഞ്ഞ
ഭാവനാ വിലാസങ്ങളാണെന്നും
അതിന്റെ തുടക്കം നോട്ടത്തിലും
ഒടുക്കം വിവാഹത്തിലുമെന്നു
ഇപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു...
അതാണല്ലോ പിരിയാന്‍ തീരുമാനിച്ചത്...!

മരണം കാത്തു ഒരമ്മ ...

ഉച്ഛ്വാസ നിശ്വാസങ്ങള്‍ക്കിടയില്‍
കിട്ടുന്നൊരു ചെറു വേളയല്ലോ
ജീവിതമെന്നൊരു മൂന്നക്ഷരം !
എന്നിട്ടുമൊട്ടും കുറയുന്നില്ല
മണ്ണിലെ നമ്മുടഹങ്കാരങ്ങള്‍ ...
ആകാശ ഗോളങ്ങള്‍ കീഴടക്കി
അംബരച്ചുംബികള്‍ കെട്ടിപ്പൊക്കി
ആഡംബരത്തിലലിഞ്ഞമര്‍ന്നു

ആനന്ദം തേടി നടന്നിടുന്നു ...
ഇത്തിരിപ്പോന്ന മനുജര്‍ നമ്മള്‍
ഒത്തിരിയങ്ങു വളര്ന്നുവല്ലോ !
ഭൂമിയെ കീഴ്മേല്‍ മറിച്ചുക്കൊണ്ട്
സന്തുലിതത്വം തകത്തുക്കൊണ്ട്
കാടും മരവും പിഴുതെറിഞ്ഞു
തോടും പുഴയും തുടച്ചു മാറ്റി
അന്നം തരുന്നോരാ പാടങ്ങളില്‍
കോണ്‍ക്രീറ്റ് കാടുകള്‍ കുത്തി നാട്ടി !
ഫാക്ടറികള്‍ തുപ്പും പുകയില്‍ മൂടി
ഭൂമുഖംത്തന്നെ കരുവാളിച്ചു ...
ഇത്തിരിപ്പോന്ന മനുജര്‍ നമ്മള്‍

ഒത്തിരിയങ്ങു വളര്‍ന്നുവല്ലോ !
ഇത്തിരി ശുദ്ധമാം വായു പോലും
കിട്ടാന്നൊരിടവും ബാക്കിയില്ല !
മേഘത്തിന്‍ കണ്ണീരായിറ്റി വീഴും
പരിശുദ്ധമായ മഴത്തുള്ളികള്‍
പോലുമിന്നമ്ല ഗുണം പേറുന്നു !
ഭൂമിതന്‍ സംരക്ഷിത കവചം

ദ്വാരങ്ങള്‍ വീണു കിടന്നിടുന്നു ...
സൂര്യനില്‍ നിന്നുമൊഴുകിടുന്ന
മാരക രശ്മികള്‍ ഭൂതലത്തെ
നക്കിത്തുടച്ചു കടന്നു പോകും !
സ്വന്തം ശവക്കുഴി തോണ്ടിടുന്ന
വിഡ്ഢികളാണല്ലോ നമ്മെളെന്നും !
മരണവും കാത്തു കിടക്കുന്നോരമ്മക്ക്
ഇത്തിരി വെള്ളം നാമേകിടണം !
ഇരുന്നിടും കൊമ്പു മുറിക്കുന്ന നാമെല്ലാം

നിശ്ചയം വിഡ്ഢികളാണ് സത്യം !
ഇത്തിരിപ്പോന്ന മനുജര്‍ നമ്മള്‍
ഒത്തിരിയങ്ങു വളള്‍ര്‍ന്നുവല്ലോ !

പിച്ചച്ചട്ടിയില്‍ പൂക്കുന്ന ജീവിതം...


എന്തുണ്ട് ഭൂവിതില്‍ മറ്റൊരു പാതകം
മണ്ണിലെ വാഴ്വ് തടയുന്നതില്‍പ്പരം !
സംരക്ഷകര്‍ തന്നെ ആയുധമേകുന്നു
പ്രജകളെ മുച്ചൂടും കൊന്നിടാനായ് !

പ്രായം കൊണ്ടിവള്‍ യൗവനമാണിന്നു
കാഴ്ചയിലോ വെറും കുഞ്ഞു തന്നെ !
ഒരു ചോദ്യചിഹ്നമായ് വേച്ചു വേച്ചങ്ങിനെ
നീങ്ങിടുമിവളും മനുഷ്യ പുത്രി ...

നെഞ്ഞുന്തി മുന്നോട്ട്,നട്ടെല്ലു പിന്നോട്ട്
വിരലില്ലാ കാലുകള്‍,കൈകളുമതുപോലെ !
കുനിഞ്ഞു വളഞ്ഞിവള്‍, ചിന്തിക്കും മര്‍ത്യന്റെ
മുന്നിലിതാ വെറും ചോദ്യമായി !

കൊടിയ വിഷം പേറും 'എന്‍ഡോസള്‍ഫാന്‍ '
ഏകിയതാണീ തലക്കുറികള്‍ !
ആരിലും പരിതാപം ഉണ്ടാക്കിടും
ശാപം പേറുമീ ഭൌതികപിണ്ഡം ...

അന്യമിവള്‍ക്കിന്നു മധുരം നിറഞ്ഞൊരാ
സുന്ദര ജീവിത പുഷ്പ വാടി !
പിച്ചച്ചട്ടിയില്‍ പൂക്കുമീ ജീവിതം
ആരും കാണാതെ പോയിടല്ലേ !

ആയിരമായിരം മനുഷ്യപ്പുഴുക്കളീ-
കൊടിയ വിഷത്തിന്നിരകളായി !
ചീറ്റും വിഷം നിലച്ചെങ്കിലു,മിപ്പോളും
ദുരിതക്കയത്തില്‍ മരിക്കുന്നു മാലോകര്‍ ...

കുഞ്ഞുങ്ങളേറെ പിറന്നിടുന്നു
ജനിതക വൈകല്യമോടിവിടം ...
പട്ടിണിപ്പാവങ്ങള്‍ പയ്യാരക്കാര്‍
ജീവിതം ചോദ്യമായ് തൊട്ടു മുന്നില്‍ ...

ആരു സംരക്ഷിക്കുമീ കോലങ്ങളേ
അധികാര വര്‍ഗ്ഗങ്ങള്‍ കയ്യൊഴിഞ്ഞാല്‍ ?
ദുരിതം വിതക്കുവാന്‍ കൂട്ടു നിന്ന
അധികാര വര്‍ഗ്ഗമേ സഹതപ്പിക്കൂ !

ജനകീയ സര്‍ക്കാരിന്‍ ഉന്നമെന്നും
മോക്ഷത്തിനാകണം പീഡിതന്റെ ...
കുത്തകകളെ താങ്ങീടുമ്പോള്‍
തകര്‍ന്നടിയും ജനാധിപത്യം !

പ്രിയരേ..സഹതപ്പിക്കാം നമുക്കും
കൊടിയ വിഷത്തിന്‍ ഇരകളോട് ...
നീതിക്കു വേണ്ടി പൊരുതുന്നവര്‍
പിന്തുണയേകി നാം കൂടെ വേണം ...

ജന്മനിയോഗങ്ങള്‍

സൈകതഭൂവിലെന്‍ സ്വപ്നങ്ങളൊക്കെയും
പിന്‍വിളി കാക്കാതെ പോയിയെങ്ങോ...
പോയി മറഞ്ഞൊരാ വാസന്ത സ്വപ്‌നങ്ങള്‍
നിശ്ചയം വീണ്ടും വരില്ല പാരില്‍ ...
കൂരിരുള്‍ മുറ്റുമഴലിന്‍ നടുവില്‍ ഞാന്‍
ഏകാന്ത വാസം തുടര്‍ന്നിടട്ടെ !
ശോഭിക്കും പൂന്തിങ്കള്‍ പൊന്‍മുഖം കാണുവാന്‍
ശോഷിച്ച കണ്ണുകള്‍ക്കാവതില്ല !
നീറുമുള്‍ത്താപത്തിന്‍ ചിതയിലെന്‍ ഗാത്രത്തെ
ഇട്ടേച്ചു പോയൊരു കാലമേ,നീ !
തീരാത്ത മൌനത്തിന്‍ കേള്‍ക്കാത്ത സ്പന്ദനം
അറിയാതെ പോകുന്നനന്തമായി ...
ഉപജീവനം തേടി ദേശങ്ങള്‍ താണ്ടുന്ന
മക്കളെയോര്‍ക്കാത്ത ഭാരതാംബേ !
കുന്നോളം സമ്പത്തുണ്ടാകിലെന്തു കാര്യം
കുഞ്ഞുങ്ങളെപ്പോറ്റാന്‍ ആവതില്ല !
ആരെപ്പഴിച്ചാലുമാരെ ശപിച്ചാലും
മാറ്റിടാനാകുമോ ദുര്‍വിധികള്‍ ...!
മായ്ച്ചാലും മാറാത്ത ജന്മനിയോഗങ്ങള്‍
തടയുവാന്‍ നമ്മളശക്തരല്ലോ ...
വാടാത്ത പൂവിന്റെ നെഞ്ചിലൊളിപ്പിച്ച
സൗര്‍വണ്ണ സ്വപ്നമേ മാഞ്ഞിടുക
കാലത്തിന്‍ ചിറകടിയൊച്ചകള്‍ മായുന്നു ....
കൈക്കൊട്ടി മരണം വിളിച്ചിടുന്നു ....!

2013, ഏപ്രിൽ 17, ബുധനാഴ്‌ച

സ്ത്രീ...


മാരിവില്‍ മഞ്ജിമ പൂത്തു തളിര്‍ത്തുള്ള 
മാന്‍മിഴിയെന്തേ നിറഞ്ഞു പോയി ?

മോഹനകാന്തി വിളങ്ങിയ പൊന്മുഖം

മൂകമിരുളും പടര്‍ന്നു പോയി  !



ആരാണീയാരാമ ലാവാണ്യ ഭഞ്ജ കന്‍ ?

ആത്മാഭിമാനം കളഞ്ഞുവെന്നോ !

ആണിന്‍ പ്രഭാവമിരിപ്പതു നാരിതന്‍

ആത്മാനുരാഗത്തിന്‍ ബാന്ധവത്താല്‍ !



സീമന്തിനിയവള്‍ ഹേമന്ത മലരായി 

സുരലോകം തീര്‍ക്കും നിന്‍ പാതകളില്‍...

സായൂജ്യമേകിടും നിന്നാത്മ വീഥിയില്‍

സൌവര്‍ണ്ണമാക്കും സുഭാഷണത്താല്‍ ..



പൌരുഷമേറെ തിളങ്ങിടും പാരിതില്‍

പൂര്‍ണേന്ദു പോലവള്‍ പുഞ്ചിരിച്ചാല്‍

പാഷാണമേകിത്തളര്‍ത്തല്ലേയാമുഖം

പനിമതിയായി വിളങ്ങിടട്ടെ  !



വിങ്ങി കരഞ്ഞിടും കുഞ്ഞു നാളൊന്നില്‍ നിന്‍

വറ്റി വരണ്ടോരാ ചുണ്ടുകളില്‍

വീറോടെ സോമജം ഏകിയോരമ്മയെ

വിസ്മരിച്ചീടാന്‍ കഴിയുമെന്നോ ?



നാരിയവളനുനാദം നിന്‍ ഹൃത്തിന്റെ

നിരാമയന്‍ തന്ന വരപ്രസാദം !

നീറുമുള്‍ച്ചൂടിന്റെ വേപഥു നുകരുമ്പോള്‍

നിരാമയമാക്കീടും പാതകളെ ..



കനകം വിളയിക്കാനവള്‍ വേണം കൂടെ നിന്‍

കത്തുമീ പ്രാരാബ്ധ  വീഥികളില്‍...

കുഞ്ഞിളം പെങ്ങളായമ്മയായ് സഹജയായ് 

കാന്തി ചൊരിയുന്ന ദീപമായി !



തരളിത മോഴിയാലെ വന്നിടും 'സീത'യായ് 

തേന്‍മൊഴിയാല്‍ വരും 'ആയിഷ'യായി  

തിക്തത നീക്കിടും 'കന്യാ മറിയ'മായ്

തീര്‍ക്കല്ലേ 'കണ്ണകി'യാക്കിവളെ ...!