കുങ്കുമസന്ധ്യകള്‍

Pagerank

2013, ഏപ്രിൽ 27, ശനിയാഴ്‌ച

കാലം

കാലം
അഗ്നിച്ചിറകുകള്‍ വീശി 
പറന്നകലുന്നതു 
ആത്മാക്കളുടെ ഭൂമികയില്‍ 
അനന്തനിദ്ര കൊള്ളുവാനാണ്.
പുറമേക്കു ശാന്തമായി
അകത്തു തിളച്ചു മറിയുന്ന 
പ്രഹേളികയുടെ ലാവയുമായി
ഇനിയെത്ര നാള്‍..?

കാലം
ഇന്നലെകളിൽ നിന്നും കണ്ടെടുത്ത
അത്യപൂര്‍വ്വ രത്നങ്ങളും
ചീഞ്ഞു നാറിയ
സസ്കൃതികളും പേറി
ഇന്നിന്റെ വൈരൂപ്യ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പി
നാളെകളാകുന്ന
ചൂണ്ടയില്‍ കൊരുത്ത ഇര കാട്ടി മോഹിപ്പിച്ചു
ഒഴുകിക്കൊണ്ടിരുക്കുന്നു

കാലം
നിഴലും വെളിച്ചവും
ഇണ ചേർന്നുണ്ടാക്കിയ സസ്കൃതികളുടെ,
ഉത്ഥാന പതനങ്ങളുടെ
ശവഘോഷയാത്രകള്‍ കണ്ടു മടുത്തു;
ചരിത്രത്തിന്റെ
അഴുക്കുചാലില്‍ വെന്തെരിഞ്ഞവരുടെ
ചാരത്തിൽ ചവിട്ടി,
ഇന്നലെകളിലെ
യാഗഭൂമികളില്‍ നിന്നും കിട്ടിയ ദീപശിഖ
തലമുറകളിലൂടെ പകര്‍ന്നു കൊണ്ടിരിക്കുന്നു

കാലം
ക്ഷീണിച്ചു ,ശോഷിച്ചു പോയി
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു വരുന്നു ..
പൂജ്യമായി തീരുന്ന
അനര്‍ഘ നിമിഷവും സ്വപ്നം കണ്ടു,
ഇഴഞ്ഞിഴഞ്ഞു... വീണ്ടും ....

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...