കുങ്കുമസന്ധ്യകള്‍

Pagerank

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

അയ്യോ.... ഡോക്ടര്‍ ..

പുത്തന്‍പ്പുരയില്‍ ഇട്ടിക്കോരന്‍
കവലയില്‍ നിന്നും വേല കഴിഞ്ഞു
വീട്ടില്‍ വന്നു മയങ്ങുമ്പോള്‍
വയറ്റിന്നുള്ളില്‍ 'പളപള' ശബ്ദം !
'അയ്യോ'എന്നൊരു നിലവിളിയോടെ
കിടന്നു പിരിഞ്ഞുമുരുണ്ടും തറയില്‍
നിലവിളിയായി ഇട്ടിക്കോരന്‍ ...
അതു കണ്ടിട്ടു ഭാര്യയും മക്കളും
കൂടെച്ചേര്‍ന്നു കൂട്ടനിലവിളി ...
കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി
ഇട്ടിക്കോരനെ താങ്ങിയെടുത്ത്
കിട്ടിയൊരോട്ടോയില്‍ തിക്കിക്കേറി
എത്തി ആതുരശാലയിലൊന്നു ...
ഇട്ടിക്കോരനെ കണ്ടൊരു മാത്രയില്‍
കുടവയറുള്ളൊരു ഡോക്ടര്‍ സാറ്
ചാടിയെണീറ്റൊരു കുഴലുമെടുത്തു !
ഇരുത്തിയും കിടത്തിയും നിര്‍ത്തിയുമൊക്കെ
പരിശോധനകള്‍ തകൃതിയായി ...
'സര്‍ജറിയൊന്നു ഉടനെ വേണം
ആദ്യം എക്സറേ,സ്കാനുമെടുക്കു
ഇസിജിയുമെടുത്തീടണം,ഇഇജിയും കൂടെ വേണം
രക്തം എല്ലാം നോക്കീടണം
കുറിപ്പടിയിലുള്ള മരുന്നുകളെല്ലാം
ഉടനടി തന്നെ വാങ്ങീടണം
ആദ്യംതന്നെ കൌണ്ടറില്‍ പോയി
കാശെല്ലാമടച്ചീടണം '...
ഇരയെക്കണ്ടൊരു പാമ്പിനെ പോലെ
ഡോക്ടര്‍ സാറിന്‍ കണ്‍കളില്‍ തിളക്കം !
'എത്രയാകും മൊത്തം കാശ് ?
ഡോക്ടര്‍ സാറേ ചൊല്ലിടു വേഗം'
വേദന കൊണ്ടു പുളയുമ്പോളും
ഇട്ടിക്കോരന് സംശയം ബാക്കി !
'ഏറിയാല്‍ ലക്ഷത്തിന്‍ മുകളില്‍ പോകും
നിങ്ങള്‍ക്കിത്തിരി ഡിസ്കൌണ്ടുണ്ടേ!'
ഡോക്ടര്‍ ചൊന്നത് കേട്ടൊരു മാത്രയില്‍
ഇട്ടിക്കോരന്റെ ബോധവും പോയി !
ബോധം തിരികെ വന്നൊരു നേരം
ഇട്ടിക്കോരന്‍ ഇങ്ങിനെ ചൊല്ലി:
'പൊന്നു സാറേ, ഡോക്ടര്‍ സാറേ
വെള്ളമിത്തിരി തന്നീടണം
കഴുത്തറുപ്പ്‌ തുടങ്ങുംമുമ്പ് !
ടെസ്റ്റുകളൊന്നും ചെയ്തീടാതെ
അടിയന്‍ പറയാമെന്താണസുഖം
കവലയിലുള്ളൊരു കടയില്‍ നിന്നും
'ഷവര്‍മ' വാങ്ങി കഴിച്ചതില്‍ പിന്നെ
തുടങ്ങിയാതാണീ വയറു വേദന !
അതിനെന്തെങ്കിലും മരുന്നുണ്ടെങ്കില്‍
തന്നിടു വേഗം...തന്നിടു വേഗം '...
അന്തംവിട്ടു നിന്നൊരു ഡോക്ടര്‍
കുന്തംവിഴുങ്ങിയ പോലെയായി !
പുച്ഛത്തോടെ ഇങ്ങിനെ ചൊല്ലി:
'നീയോ ഡോക്ടര്‍ ? ഞാനോ ഡോക്ടര്‍ ?
പഠിപ്പിക്കാനിങ്ങോട്ട് വരല്ലേ !
'ഫ്രീ'യായ് വേണം ചികിത്സയെങ്കില്‍
പോയിടു സര്‍ക്കാര്‍ ആശുപ്പത്രികളില്‍ '...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...