കുങ്കുമസന്ധ്യകള്‍

Pagerank

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

പിച്ചച്ചട്ടിയില്‍ പൂക്കുന്ന ജീവിതം...


എന്തുണ്ട് ഭൂവിതില്‍ മറ്റൊരു പാതകം
മണ്ണിലെ വാഴ്വ് തടയുന്നതില്‍പ്പരം !
സംരക്ഷകര്‍ തന്നെ ആയുധമേകുന്നു
പ്രജകളെ മുച്ചൂടും കൊന്നിടാനായ് !

പ്രായം കൊണ്ടിവള്‍ യൗവനമാണിന്നു
കാഴ്ചയിലോ വെറും കുഞ്ഞു തന്നെ !
ഒരു ചോദ്യചിഹ്നമായ് വേച്ചു വേച്ചങ്ങിനെ
നീങ്ങിടുമിവളും മനുഷ്യ പുത്രി ...

നെഞ്ഞുന്തി മുന്നോട്ട്,നട്ടെല്ലു പിന്നോട്ട്
വിരലില്ലാ കാലുകള്‍,കൈകളുമതുപോലെ !
കുനിഞ്ഞു വളഞ്ഞിവള്‍, ചിന്തിക്കും മര്‍ത്യന്റെ
മുന്നിലിതാ വെറും ചോദ്യമായി !

കൊടിയ വിഷം പേറും 'എന്‍ഡോസള്‍ഫാന്‍ '
ഏകിയതാണീ തലക്കുറികള്‍ !
ആരിലും പരിതാപം ഉണ്ടാക്കിടും
ശാപം പേറുമീ ഭൌതികപിണ്ഡം ...

അന്യമിവള്‍ക്കിന്നു മധുരം നിറഞ്ഞൊരാ
സുന്ദര ജീവിത പുഷ്പ വാടി !
പിച്ചച്ചട്ടിയില്‍ പൂക്കുമീ ജീവിതം
ആരും കാണാതെ പോയിടല്ലേ !

ആയിരമായിരം മനുഷ്യപ്പുഴുക്കളീ-
കൊടിയ വിഷത്തിന്നിരകളായി !
ചീറ്റും വിഷം നിലച്ചെങ്കിലു,മിപ്പോളും
ദുരിതക്കയത്തില്‍ മരിക്കുന്നു മാലോകര്‍ ...

കുഞ്ഞുങ്ങളേറെ പിറന്നിടുന്നു
ജനിതക വൈകല്യമോടിവിടം ...
പട്ടിണിപ്പാവങ്ങള്‍ പയ്യാരക്കാര്‍
ജീവിതം ചോദ്യമായ് തൊട്ടു മുന്നില്‍ ...

ആരു സംരക്ഷിക്കുമീ കോലങ്ങളേ
അധികാര വര്‍ഗ്ഗങ്ങള്‍ കയ്യൊഴിഞ്ഞാല്‍ ?
ദുരിതം വിതക്കുവാന്‍ കൂട്ടു നിന്ന
അധികാര വര്‍ഗ്ഗമേ സഹതപ്പിക്കൂ !

ജനകീയ സര്‍ക്കാരിന്‍ ഉന്നമെന്നും
മോക്ഷത്തിനാകണം പീഡിതന്റെ ...
കുത്തകകളെ താങ്ങീടുമ്പോള്‍
തകര്‍ന്നടിയും ജനാധിപത്യം !

പ്രിയരേ..സഹതപ്പിക്കാം നമുക്കും
കൊടിയ വിഷത്തിന്‍ ഇരകളോട് ...
നീതിക്കു വേണ്ടി പൊരുതുന്നവര്‍
പിന്തുണയേകി നാം കൂടെ വേണം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...