കുങ്കുമസന്ധ്യകള്‍

Pagerank

2015, മാർച്ച് 25, ബുധനാഴ്‌ച

ആഗ്നേയശിലകൾ ഉണ്ടാകുന്നത്..

അഭിനയമികവുകൾക്കു മാത്രം
പച്ചപ്പരവതാനി
വിരിക്കുന്ന ഇടങ്ങളിൽ
വേഷപ്പകർച്ചകളുടെ
രസതന്ത്രമറിയാത്തവൻ
ജീവനിൽ ഒട്ടിയ
തിളയ്ക്കുന്ന ബോധത്തിന്റെ
ദ്രവശില ഉരുകി
ഒരു ആഗ്നേയശിലയായ് മാറുന്നു.
നിതാന്തമൗനത്തിന്റെ കൊക്കൂണിനുള്ളിൽ
ഒരിക്കലും പുറത്തു വരാത്ത
ഒരു പ്യൂപയായി
ശിഷ്ടദിനങ്ങൾ എണ്ണി തീർത്തു
അടിയറവു പറഞ്ഞു
യുഗമൗനങ്ങളിലേയ്ക്കു ഒരു മടക്കം...
മൗനത്തിന്റെ  മഹാമേരുക്കൾ
ചിലപ്പോൾ
ആയിരം നാവുള്ള വ്യാളികളായ്
തീ തുപ്പാറുണ്ട് ...

2015, മാർച്ച് 21, ശനിയാഴ്‌ച

അഗ്നിഭാഷ

അഗ്നിക്കറിയാവുന്നത്
ഒരേയൊരു ഭാഷ മാത്രം
അഗ്നിഭാഷ .
കറുത്ത നിശ്വാസങ്ങളിലൂടെ പടരും
വെളുത്ത പ്രതലങ്ങളിൽ കരി വീഴ്ത്തും
ഹൃദയങ്ങളിൽ ചാവുനിലങ്ങൾ പണിയും

നാക്കിൻതുമ്പിൽ നിന്നും
തെറിച്ചുവീഴുന്ന തീ ലാർവകൾ
ഇരുണ്ട സ്ഥലികളിൽ വിരിയും
അശാന്തിയുടെ കാറ്റിൽ പടരും
ഹൃദയങ്ങളിൽ  അരക്ഷിതത്വത്തിന്റെ
മലയിടുക്കുകൾ തീർക്കും

മരുന്നുകൾക്കു  ഉണക്കാനാകാത്ത  മുറിവുകളുണ്ട്‌!
മുറിവുകൾ ഉണ്ടാകാതെ നോക്കണമെങ്കിൽ
പ്രജ്ഞയിൽ നിലാവിന്റെ നീരൊഴുക്കു വേണം
ജനാധിപത്യത്തിന്റെ പച്ചമരത്തണൽ
അഗ്നിയുത്പാദകർക്കുള്ളതല്ല..

2015, മാർച്ച് 17, ചൊവ്വാഴ്ച

ജ്ഞാനവൃക്ഷം(നുറുങ്ങുകൾ)

ശിശിരത്തിന്റെ പട്ടടയിൽ നിന്നുയിർകൊണ്ടു
ഗ്രീഷ്മത്തിന്റെ മടിയിൽ തല വെച്ചു മരിച്ചു
ആർക്കോ വേണ്ടി പിറന്നൊരു വസന്തം
******************************

പ്രപഞ്ചനിഗൂഢതകളിലേയ്ക്കു ചില്ലകൾ പടർത്തി
സ്വപ്നങ്ങളുടെ ബലിപീഠത്തിൽ നിന്നും കിളിർത്ത
പരമാർത്ഥങ്ങളുടെ ജ്ഞാനവൃക്ഷം
******************************

വസന്തം വന്നിട്ടും പൂവിരിഞ്ഞിട്ടും
പൂക്കാലമാറിയാതെ പോയ
പൂമ്പാറ്റജന്മം

2015, മാർച്ച് 14, ശനിയാഴ്‌ച

അവനെന്റെ ശത്രു

സംഘട്ടനം തന്നെയീ ജീവിത-
മെനിയ്ക്കവനുമായെന്നും...
ചിലപ്പോളവനെനിയ്ക്കെജമാനന്‍
മറ്റു ചിലപ്പോളടിമയും!

'കായേന്റെ' സിരകളിലുറഞ്ഞു തുള്ളിയ
ഉന്മാദവിഭ്രമായെന്നില്‍ പെയ്തിറങ്ങി
തിമിരക്കാഴ്ചകളേകി,ചരിത്രനഗരികളിൽ
ചോരകൊണ്ടു ചോദ്യാവലി തീർപ്പിച്ചവൻ

പകയുടെ തീജ്വാലകളിലെന്നെ
രക്തസ്നാനം ചെയ്യിച്ചു ക്രോധാലുവാക്കി
പിന്നെ,ദിഗന്തങ്ങൾ നടുങ്ങും
രണഭേരിമുഴക്കങ്ങളിൽ
ചരിത്രപഥങ്ങളിലൂടലഞ്ഞുറഞ്ഞു തുള്ളിച്ചു
ചോരക്കൊയ്ത്തിനെൻ പിന്നിൽ നിന്നു
തളരാതെ ചൂട്ടു പിടിച്ചു...

ഒടുവിലൊരു നാൾ
തപിക്കുന്നൊരെൻ ബോധങ്ങളിലേയ്ക്കു
ബോധിക്കാറ്റേകിയ കുളിർമയിൽ
കുടിച്ചു വറ്റിച്ച ചെന്നിണോർമ്മകൾ
നിരർത്ഥകതയുടെ അനാദിമധ്യാന്തശൂന്യത
വിടർത്തുമ്പോൾ
ശത്രുവാണവനെന്നൊരു വെളിപാടിന്റെ
ആലക്തിക പ്രഹരമേറ്റു വീഴുന്നു ഞാൻ

ജീവൽനദികളുടെ കടൽലക്ഷ്യങ്ങളെ
അണകെട്ടി നിർത്തിയോൻ ഞാൻ
ഏതു പാപനാശിനിയിൽ കഴുകുമീ
പാപപങ്കിലമാർന്ന ജന്മച്ചുമടു ഞാൻ...

2015, മാർച്ച് 11, ബുധനാഴ്‌ച

മരണമില്ലാത്ത നിലവിളികൾ

ഓർമ്മകളുടെ,
വെള്ളവും വെളിച്ചവുമില്ലാത്ത
പൊട്ടക്കിണറാഴങ്ങളിൽ
ഉപേക്ഷിക്കപ്പെട്ട
നിലവിളികളും പ്രത്യാശകളും
ദഹിക്കാതെ കിടക്കുന്നതു കൊണ്ടാകാം
ഇടയ്ക്കിടെ തേട്ടി തേട്ടി വരുന്നു
പുളിച്ച നാറ്റവുമായ്...
മറക്കുന്തോറും ജീവൻ നുരഞ്ഞു വരുന്ന
മരണമില്ലാത്ത നിലവിളികളുണ്ട്
ഓർമ്മകളുടെ കിഴുക്കാംതൂക്കുകളിൽ
രക്ഷകനേയും കാത്തു...
ഞാനെന്ന ആലക്തികബോധത്തെ
കല്പനയുടെ മിന്നൽകൈകൾ
തോണ്ടി തോണ്ടിയെടുക്കുന്നതു വരെ
ചില മുറിവുകളിലൊക്കെ മുളകു തേച്ചു
രസിച്ചു കൊണ്ടിരിക്കും
മുറിവേറ്റു പിടയുന്ന വേട്ടമൃഗത്തെ നോക്കി
ആർത്തട്ടഹസിക്കുന്ന വേടൻമനസ്സുമായ് കാലം..

2015, മാർച്ച് 1, ഞായറാഴ്‌ച

ആത്മാവുള്ള നിഴലുകള്‍


ശരീരചേഷ്ടകള്‍ അനുകരിക്കും
ശബ്ദമില്ലെന്നേയുള്ളൂ  
പറയുന്നതേറ്റു പറയും
സന്തോഷസന്താപങ്ങളില്‍ പങ്കു ചേരും
കഠിനപാതകള്‍ താണ്ടുമ്പോള്‍
ജിജ്ഞാസുവായി മുന്നില്‍ നടക്കും
മറ്റു ചിലപ്പോള്‍
അനുസരണയുള്ള  ഒരു പട്ടിയെ പോലെ
കിതച്ചു കൊണ്ടു പിന്തുടരും

ഓര്‍മ്മയുടെ തേഞ്ഞ വരമ്പില്‍ നിന്നും
എന്നോ ഒപ്പം കൂടിയതാവണം
'വയ്യെന്നു' ഇതു വരെ പറഞ്ഞിട്ടില്ല
തളര്‍ച്ചയറിയിച്ചിട്ടില്ല
സ്വപ്നങ്ങളുണ്ടെന്നോ
ഇല്ലെന്നോ പറഞ്ഞിട്ടില്ല

നിഴലുകളങ്ങിനെയാണ്
നോവുകളൊക്കെ മറന്നു
സ്വന്തത്തെ മറന്നു
ദര്‍പ്പണജന്മം ഏറ്റു വാങ്ങുന്നവ
എത്ര ചവിട്ടിയാലും
തിരിഞ്ഞു കടിക്കാത്തവ
'കുഴിമാടം വരെ കൂടെ കാണും'
എന്നൊരു പ്രതിജ്ഞ
അതിന്റെ നിതാന്തമൗനങ്ങളില്‍
തിളയ്ക്കുന്നുണ്ടാകും