കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ജൂൺ 29, ഞായറാഴ്‌ച

അടച്ച പുസ്തകം


വിഷപ്പാമ്പുണ്ട് 
മാംസഭോജിയുണ്ട് 
നിങ്ങൾക്കു മുന്നിൽ 
കൊട്ടിയടച്ച ഈ മനസ്സിൽ.
അടച്ച പുസ്തകമാണു ഞാൻ 
സ്തുതിക്കുന്നു 
നിങ്ങളെന്റെ പകലുകളെ 
രാത്രികൾ അന്യം 
ഒരാത്മകഥയെഴുതണം
എന്റെ പകലുകളെക്കുറിച്ച് 
രാത്രികളെക്കുറിച്ചുള്ള ആത്മകഥകൾ
ലോകത്തു പിറക്കാറില്ല

2014, ജൂൺ 18, ബുധനാഴ്‌ച

ഓർമപ്പുഴയിലെ മായുന്ന വർണ്ണമത്സ്യങ്ങൾ

കാലത്തിൻ താഡനമേറ്റൊരു യൗവനം
കോലം കെട്ടിന്നൊരുണക്ക മരം  
വറ്റിത്തുടങ്ങിയൊരോർമപ്പുഴയിലെ 
വർണ്ണമത്സ്യങ്ങളും മാഞ്ഞിടുന്നു 

പൊള്ളിയ പാദത്തിൻ വേവുകളാറ്റണം
വെന്തൊരു ഹൃത്തും തണുപ്പിക്കേണം
ശിരസ്സിന്നകത്തെപ്പുകയുന്ന ചൂളയി-
ലിത്തിരി വെള്ളമൊഴിച്ചിടേണം 

ഉണ്മയിൽ തൻ സ്വത്വം തേടിയലയുന്ന 
ഗതിയിന്നൊരുത്തനു വന്നുവെങ്കിൽ 
എത്രയോ ഭേദമൊരന്ത്യമയക്കമാ 
ശാന്തി തൻ പൂമടിത്തട്ടിലായി 

അവനും യന്ത്രവും

പൂർണതയ്ക്കു വേണ്ടിയുള്ള 
ഒരലച്ചിലായിരുന്നു 
അവനു  ജീവിതം 


കടുകുമണിത്തൂക്കം പൊന്നുകൊടുത്തു 
പൊന്നിൽ പൊതിഞ്ഞൊരു 'യന്ത്രം'
വാങ്ങിയതങ്ങനെയാണ് 

ജീവന്റെ വിത്തുകൾ മുളപ്പിക്കാനും
അവന്റെ സ്വപങ്ങൾ നെയ്തെടുക്കാനും 
രാപകൽ ചലിച്ച യന്ത്രം,നിശ്ചലമായി 


അവന്റെ നെഞ്ചിലെ 
ഇരുണ്ട ശൂന്യത 
വീണ്ടും പൂർണത തേടുകയായിരുന്നു ...





2014, ജൂൺ 14, ശനിയാഴ്‌ച

മരണത്തിന്‍ ചിലമ്പൊലികള്‍


മരണത്തിന്‍ നൂപുര ധ്വനികളടുക്കുന്നു 
മധു മന്ദഹാസമായരികിലിരിക്കൂ  നീ ..
കനവിന്റെ കടലാസ്സുതോണികള്‍ നിഷ്ഫലം 
കനിവോടെയിത്തിരി മൊഴിയൂ നീയെന്‍ സഖി ! 

കാലം വരുത്തിയ മാറ്റങ്ങള്‍ താങ്ങുവാൻ
ആവാതെ ദേഹം  പിടഞ്ഞിടുമ്പോള്‍ 
ആനന്ദമാമോദം  ദേഹിയകലുന്ന
രംഗമീമരണമെന്നറിയുക നീ ! 

നീല നയനങ്ങളിലശ്രു പൊടിഞ്ഞുവോ ?
നനവാര്‍ന്ന കണ്‍ത്തടം കാഴ്ച മറച്ചുവോ ?
കദനത്തിന്‍ മഞ്ഞൊന്നുരുകുമെങ്കിൽ പ്രിയേ 
കരയുകയിത്തിരിയെങ്കിലും തനിയേ നീ !   

മമ ഗാത്രം ഒരു വേള മാഞ്ഞിടാമെങ്കിലും
അവസാനമല്ലതെന്നൊർക്കുക നീ 
സന്തോഷമാകിലും സന്താപമാകിലും 
ജീവന്‍ കൊഴിഞ്ഞിടുമൊരു വേള നിശ്ചയം 
ആരുനാമാകിലും എന്തുനാമാകിലും 
എല്ലാം വെടിഞ്ഞൊരു യാത്ര സുനിശ്ചയം 
ഇത്തിരിനേരമീ തണലിലിരിക്കുവാന്‍ 
വന്നനാം ചുറ്റിലും കൌതുകം പൂണ്ടുപോയ്‌ 
യാത്രയാകും നേരം  മായികക്കാഴ്ചകള്‍ 
പിടിച്ചു വലികുന്നദൃശ്യ കരങ്ങളാല്‍ 

ഉണരില്ല ഞാനിനി  ദൃശ്യപ്രപഞ്ചത്തിൽ 
അറിയുകയീ സത്യമെന്‍പ്രിയേ,സാദരം ! 

എങ്കിലും, മാനുജനായി പിറന്നില്ലേ ...
കണ്ണിൽ  കുരുങ്ങിയ മായികക്കാഴ്ചയെ
വിട്ടു  ഞാൻ പോകുന്ന വെപ്രാളം കണ്ടു നീ 
കരയല്ലേ കണ്മണി...കരയല്ലേ കണ്മണി !

2014, ജൂൺ 11, ബുധനാഴ്‌ച

മകളേ..ഉണരേണ്ട നീ

മകളേ ...
നുണയുകെൻ 
നെഞ്ചിലെ തീർത്ഥം.
മയങ്ങുകെൻ ഹൃദയച്ചൂടിൽ.
വർണ്ണക്കിനാക്കണ്ടിടയ്ക്കിടെ 
മോണ കാട്ടിച്ചിരിക്കുക

മകളേ ...
ഇരുൾ പെറ്റുകൂട്ടിയ 
നിഴലുകളെന്നിലുറഞ്ഞു തുള്ളി 
തിമിർത്താടിയതാണു
നിന്റെയീ ഹതജന്മം !

മകളേ ...
ആധിപത്യത്തിന്നിരുൾവനങ്ങളിൽ 
തനിച്ചു മേവേണ്ടവൾ നീ. 
തുറിച്ചുനോട്ടങ്ങളിൽ 
വിവസ്ത്രയാക്കപ്പെടുന്ന 
പെണ്ണുടൽ നീ .
വിഴുപ്പലക്കാൻ മാത്രമായൊരു ജന്മം 
തീറെഴുതി കിട്ടിയവൾ  നീ 

മകളേ ...
ഇനിയുണരേണ്ട നീ !
അറിയേണ്ട നീ 
ഉണർവിലെ
അവിരാമമാം 
കനൽപെയ്ത്തുകൾ .
അമർത്തട്ടേ
ഈ പൊന്മുഖമെൻ  മാറിൽ .
ഇനിയുറങ്ങുക,
ഭയപ്പെടാതെന്നേക്കുമായ്!
ഒറ്റയ്ക്കല്ല നീയോമനേ
വരുന്നമ്മയും കൂടെ ...

പിറ്റേ ദിവസത്തെ 
ദിനപത്രത്തിലെ 
അവസാന പേജിലൊരു വാർത്ത:
'കുഞ്ഞിനെക്കൊന്നൊരമ്മ
സ്വയം ജീവനൊടുക്കി '

2014, ജൂൺ 7, ശനിയാഴ്‌ച

നിനക്കു ഞാനാരായിരുന്നു ..?

നിന്റെ വാക്കു പൊട്ടിത്തെറിച്ചു
മാരകമായി മുറിവേൽക്കും മുമ്പു
ഈ നാക്കു ഞാൻ പിഴുതെടുക്കട്ടേ

നിന്റെ ഒളികണ്ണിട്ടു നോട്ടങ്ങളിൽ
നഗ്നയാക്കപ്പെടും മുമ്പു
ഈ കണ്ണുകൾ ചൂഴ്ന്നെടുക്കട്ടേ

തേൻപുരട്ടിയ പുഞ്ചിരിമുള്ളുകളേറ്റു ശിലയായുറയ്ക്കും മുമ്പു
ഈ ചുണ്ടുകൾ അരിഞ്ഞെടുക്കട്ടേ


അവസാനം, ചേതനയറ്റ
നിന്റെ നെഞ്ചിൻകൂടിന്മേൽ
ഞാനൊരു  മെഴുകുതിരി കത്തിച്ചു വെക്കും

നിന്റെ ആത്മാവു
വന്നതു  കൊത്തിപ്പറന്നു
കെട്ടുപോയ നക്ഷത്രങ്ങൾക്കു പകരട്ടേ


നിന്റെ കാലടികൾക്കുള്ളിൽ 
ഞെരിഞ്ഞമരുന്ന ചവറാകും മുമ്പു
ഇത്രയെങ്കിലും ഞാൻ ചെയ്തിരിക്കണം

കാരണം,
നിന്നെ ഞാൻ അത്ര മേൽ സ്നേഹിക്കുന്നു





2014, ജൂൺ 6, വെള്ളിയാഴ്‌ച

യമുനേ,ആരാണു നിന്നെ അശുദ്ധയാക്കിയത്?


യമുനേ...
യമുനോത്രിയുടെ മാനസപുത്രീ...
കളിക്കൂട്ടുകാരികളായ
ഋശിഗംഗ,ഹനുമാൻഗംഗ,ഉമ-
എന്നിവരോടൊത്തു ആനന്ദനൃത്തം ചവിട്ടി,
വൃന്ദാവനത്തിലെ
പ്രണയനിലാവുകളിലൂടെ
ഒഴുകുന്ന ഓടക്കുഴലിന്റെ
നാദമാധുരിയിലലിഞ്ഞു,
താജ്മഹലിന്റെ പ്രണയാതുര-
മനസ്സിനെ നെഞ്ചിലേറ്റി,
ഭക്തിയുടെ മഥുരാതിലകം ചാർത്തി,
നിഷ്കളങ്കമനസ്സുകളിലൂടെ
ഒഴുകുകയായിരുന്നു നീ


യമുനേ...
കിട്ടിയതെല്ലാം  മാറോടുചേർത്തു
സഹനത്തിന്റെ അമ്മമനസ്സുമായി
നന്മയുടെ മൃദുതൂവൽസ്പർഷമായി
അഭയാർത്ഥികളുടെ ആത്മാവുകളിലേക്ക്
ഒഴുകിയ  കുളിരായിരുന്നു നീ


യമുനേ ...
നിന്നിലേക്കൊഴുകിയെത്തിയ
ടോണ്സ്,ബെത്വ
എന്നിവരെ മാറോടടക്കിപ്പിടിക്കുമ്പോൾ,
അവരുടെ  സംസ്കൃതികൾ
നിന്റെ കരളേറ്റു വാങ്ങുമ്പോൾ
ഒരു സ്വപ്നമുണ്ടായിരുന്നില്ലേ?
ത്രിവേണിസംഗമത്തിൽ
നിന്നെ നീയാക്കുന്ന
ആ ധന്യ മുഹൂർത്തം !
പിന്നെ,സംസ്കൃതികളുടെ പറുദീസയായ
അനന്തസാഗരത്തിൽ ലയിക്കൽ...


യമുനേ...
കറുത്തുതുടുത്തു ഭീതിദമായി
പകയുടെ ഘോരാഗ്നി ഉള്ളിലൊളിപ്പിച്ചു
ശാന്തമെന്ന വ്യാജേന
ഈ ഒഴുക്ക് എങ്ങോട്ടാണ് ?


യമുനേ ...
ആരാണു  നിന്നെ അശുദ്ധയാക്കിയത് ?
ഹിംസയുടെ  കാടൻമനസ്സുമായി വന്ന
ചമ്പൽ നദിയാണോ?
ഇന്ദ്രപ്രസ്ഥത്തിൽ നിന്നും എറിയപ്പെടുന്ന
കുടിലമനസ്സുകളുടെ  വിസർജ്ജ്യങ്ങളാണോ?
അതോ,അഭിനവ കാളീയമർദ്ദനത്തിന്റെ
(നന്മയുടെ മേലുള്ള തിന്മയുടെ ആധിപത്യം)
വിഷലിപ്തമായ നീല ജലാശയമാണോ ഇത് ?


യമുനേ...
നിന്നെ നീയാക്കിയവരുടെ
അസ്തിത്വം നിഷേധിക്കുമ്പോൾ,
നിത്യനിതാന്ത ശൂന്യതയുടെ
മരുഭൂമിയിലേക്കാണ് നിന്റെ യാത്ര !
നഷ്ടപ്പെടുന്ന  അവയവങ്ങൾ
നിന്റെ അസ്തിത്വത്തെ
ചോദ്യം ചെയ്തു കൊണ്ടേയിരിക്കും...


യമുനേ ...
നന്മയുടെ സരസ്വതീനദി
വിസ്മൃതിയിലേക്കൊഴുകിയപോലെ,
നിന്റെ ഹൃദയരക്തത്തിലലിഞ്ഞു ചേർന്നവരും
അനന്തവിസ്മൃതിയിലേക്കൊഴുകുമ്പോൾ,
സായാഹ്നത്തിൽ
നിന്റെ ഓർമകളിൽ നിറയുക
കുറെ അശാന്ത ആത്മാക്കളുടെ
വിലാപം മാത്രമായിരിക്കും 

2014, ജൂൺ 4, ബുധനാഴ്‌ച

ഉത്തരങ്ങളുടെ മാത്രം ലോകം

കുറെ ഉത്തരങ്ങളുടെ 
കല്പിതശരികളിൽ 
ചോദ്യങ്ങൾ 
താളഭംഗങ്ങളായേക്കാം

ചോദ്യങ്ങളുടെ 
നൂനമര്‍ദമുണ്ടാകുമ്പോഴാണ്
ആക്രോശങ്ങളുടെ തിരമാലകൈകൾ
എല്ലാം ഹനിക്കാനൊരുമ്പെടുന്നത് 

ഉത്തരങ്ങളിൽ മാത്രം 
അഭിരമിക്കുന്ന ലോകത്തിന്റേതു 
കടലുപരിതലങ്ങളുടെ 
ശാന്തത മാത്രമാണ് 

തലച്ചോറിൽ നിന്നും 
ചോദ്യശരങ്ങൾ തൂത്തെറിഞ്ഞു 
ഇരുട്ടിനെ വെളിച്ചമാക്കാൻ പഠിക്കുന്നിടത്തു
വന്ധ്യലോകം പിറവി കൊള്ളുന്നു