കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ജൂലൈ 31, ബുധനാഴ്‌ച

ഇരുളും വെളിച്ചവും

അസ്നിഗ്ദ്ധമാമൊരീ രാവിന്റെ കൈകളിൽ
സ്നിഗ്ദ്ധമാം ദ്യോതനം മാഞ്ഞീടവേ,
സംഭീതി പൂണ്ട വിഹംഗങ്ങളൊക്കെയും
സംഭ്രാന്തിയോടെയൊതുങ്ങി നിശ്ശബ്ദരായ്‌!

രാവിന്റെ നേർത്ത സ്വനങ്ങളെൻ ശ്രോതസ്സിൽ
പിന്നിട്ട വിരഹാർദ്ര കാലത്തിൻ തേങ്ങലായ്..
പാരിതിലെങ്ങും തമസ്സിന്റെ കോട്ടകൾ
ഇനി,നിശ്ചയം,നിഷ്ഫലം കർമ്മകാണ്ഡം !

പോയി മറഞ്ഞെല്ലാ ജ്ഞാനോദയങ്ങളും
അന്യമായ് ബൌദ്ധിക വൃക്ഷത്തണലുകൾ..
മേവുന്നു ചുറ്റിലും വൈചിത്ര്യ പൂർണ്ണമായ്
അഖിലചരാചര സ്പന്ദങ്ങളൊക്കെയും..

പെറ്റു വളർന്നോരീ മണ്ണിതിലന്യനായ്
തീർന്നിടും നേരമെൻ ഉണ്മ വെടിയുന്നു !
ഉണ്മയില്ലാത്തൊരു അസ്ഥിത്വം പേറിയീ
മന്നിതിലന്യനായ് മേവിടാമോ ?

മന്ത്രിച്ചിടുന്നാരോ കാതുകളിൽ പേർത്തും
സമയമായ് ഈ വീണാ നാദം നിലയ്ക്കുവാൻ ..
നിദ്ര തഴുകാത്തൊരീ രാത്രി ഞാനെന്റെ
തുച്ഛമാം ജീവിതഭാണ്ഡമഴിച്ചിടാം !

ആരോരും കാണാത്തൊരാ സ്വപ്നഭൂമിക
കനിവോടെയീയെന്നെ കാത്തു നിൽപ്പൂ..
ആരാമ ശാദ്വല തീര്‍ത്ഥസ്ഥലികളിൽ
അവിരാമമവിരാമം മേളിച്ചിടാം ..

മുട്ടിടുന്നാരോയെൻ പൂമുഖവാതിലിൽ !
അറിയാമതാരെന്നെനിക്ക് മാത്രം ..
ഝടിതിയില്‍ ചെന്നു ഞാൻ വാതിൽ തുറക്കവേ
നിഴൽരൂപം കേറിയകത്തു വേഗം !

ആരുനീയാരുനീയെന്നൊരു ചോദ്യത്തി-
നൊട്ടും പ്രസക്തിയില്ലെന്നാകിലും ,
ആരുനീയെന്നു ഞാൻ ചോദിച്ച മാത്രയിൽ
‘ നിഴലാണ് ഞാൻ നിന്റെയെന്നുത്തരം ‘ !

‘ ഇക്കണ്ട കാലമതൊക്കെയും ഞാൻ നിന്റെ
നിഴലായി കൂടിയെൻ കൂട്ടുകാരാ ..
വയ്യെനിക്കേവം മടുത്തു ഞാനീയാത്ര
പഞ്ചാത്മകം വിട്ടു കൂടെ വരൂ ..

ഭൌതികഭാണ്ഡങ്ങളെല്ലാമഴിച്ചു ഞാൻ
ഇരുളീലിറങ്ങിയനുഗമിച്ചു ..
ഞങ്ങളനന്തനിശീഥിനിക്കപ്പുറം
നിത്യനിതാന്ത മയൂഖം പൂകി ..!


വാക്കർത്ഥങ്ങൾ
(ഇവിടെ ഉദ്ദേശ്യം)

അസ്നിഗ്ദ്ധ-സ്നേഹമില്ലാത്ത
ദ്യോതനം-പ്രകാശം
വിഹംഗങ്ങൾ-പക്ഷികൾ
ശ്രോതസ്സ്-ചെവി
(സ്രോതസ്സ് -ഉറവിടം)
പഞ്ചാത്മകം-ശരീരം

2013, ജൂലൈ 22, തിങ്കളാഴ്‌ച

ഇനിയെത്ര നാൾ-ഹൈക്കു കവിതകൾ




പിണക്കീടൊല്ലൊരുമ്പെട്ട പെണ്ണിനേയും
ചാനൽ മുതലാളിയേയും
രണ്ടും തകർത്തിടും നിൻ ജീവിതം !
................................................
കനവിന്റെ കടലാസ്സു തോണിയിൽ
മിഥ്യയാകുന്ന പങ്കായവുമായി
ഇല്ലാത്ത സമുദ്രത്തിലൂടെ..ഇനിയെത്ര നാൾ !?
................................................
രാവ് ആഘോഷിക്കാൻ അയാൾ കാട്ടിൽ..
മാനുകളിലൊന്നിനു,മുമ്പ് കുടിച്ച അമ്മിഞ്ഞയുടെ മണം
ചില മാനുകൾ പൊക്കിളുമായി ബന്ധിപ്പിച്ചിരുന്നു ..
................................................
സൂര്യൻ ചോര തുപ്പി മരിച്ചത്
ചന്ദ്രന് വഴിയൊരുക്കാനായിരുന്നു..
എന്നിട്ടും ചന്ദ്രന്റെ അഹങ്കാരം കണ്ടില്ലേ !
................................................
അവൾ ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള പഠനത്തിൽ..
അവൻ: ‘ എത്ര സുന്ദരിയാണ് നീ;പൂർണേന്ദു മുഖി ‘
അവൾ മുഖമടച്ചൊരടി കൊടുത്തു: ‘ അപമാനിക്കുന്നോ ‘ !?
...............................................
ഇന്നലെ-ആടി തിമർക്കുകയായിരുന്നു ..
ഇന്ന്-വെള്ളത്തുണിയിൽപ്പൊതിഞ്ഞു;നിശ്ചലമായി..
നാളെ-പുഴുക്കളുടെ ഭക്ഷണം..
..............................................
മേഘങ്ങളിൽ അണകെട്ടി നിർത്തിയ കണ്ണുനീർ
മഴയായ് താഴേക്കു പതിച്ചത്
ഭൂമിയുടെ ദാഹം കണ്ടിട്ടായിരുന്നു..
..............................................
ഭൂമിയുടെ കറക്കമറിയാൻ അതിനു പുറത്ത് പോകണം
പ്രണയരാഹിത്യത്തിൽ നിന്നാണ് പ്രണയമറിയുന്നത്
അനുഭവിക്കുന്നവൻ ഒന്നും അറിയുന്നില്ല ...!
..............................................
കീഴടക്കിയ രാജ്യത്തേക്കാൾ
കീഴടക്കാനുള്ള രാജ്യമാണ്
ചക്രവർത്തിക്ക് ഇഷ്ടവും,കൌതുകവും..
.............................................
അറിവ് തിരിച്ചറിയാത്ത ബുദ്ധിമാനും
അജ്ഞത തിരിച്ചറിയാത്ത വിഡ്ഢിയും സമം !
വിഡ്ഢിയെന്ന തിരിച്ചറിവുള്ളവൻ ബുദ്ധിമാൻ
...............................................
പാടാത്ത പാട്ടിൻ ജനിക്കാത്ത നാദത്തെ
വാടാത്ത പൂവിൻ നെഞ്ചിലൊളിപ്പിച്ചു
സ്മൃതികളിൽ മധുരമായൊഴുകിടാം ഞാൻ !

...............................................
 
ഉടുതുണിയഴിഞ്ഞു വീണ
രാത്രിയുടെ നാണം മറക്കാൻ
പ്രഭാതമൊരു കോടമഞ്ഞിൻ വസ്ത്രമേകി

2013, ജൂലൈ 19, വെള്ളിയാഴ്‌ച

പ്രണയവും മരണവും





ഹൃത്തിൻ  അഗാതമാം താഴ്വരയിൽ
നട്ടു നനച്ചോരാ സ്വപ്നങ്ങളെ,
പ്രാണനിൽ നിന്നും പിഴുതു മാറ്റി
പിരിയുന്ന നേരമിലാത്മാവുകൾ
ചൊരിയുന്ന കണ്ണുനീർ തുള്ളികളാൽ
അറിയുന്നു പ്രണയം പ്രണയമെന്നു

ജീവിന്റെ കേദാര ഭൂവിൽ സ്വയം
വേരുകളാഴത്തിലാഴ്‌ത്തിക്കൊണ്ട്
അള്ളിപ്പിടിച്ചോരാ  പ്രാണവൃക്ഷം
തുള്ളിപ്പിടഞ്ഞു പൊരിഞ്ഞുക്കൊണ്ട്
അല്ലലാൽ നീറിപ്പിടഞ്ഞീടുമ്പോൾ
അറിയുന്നു മരണം മരണമെന്ന്

പകൽ മാഞ്ഞിടുംന്നേരം രാത്രിയെത്തും
പ്രണയം നിലക്കുകിൽ മരണമെത്തും
കൂരിരുൾ വീഥിയിൽ ദീപമായി
മിന്നിത്തിളങ്ങിടും പ്രണയമെന്നും
തുടികൊട്ടുമിടനെഞ്ചിൻ താളമായി
പ്രണയമേ,വാഴ്ക നീ,എന്നുമെന്നും

2013, ജൂലൈ 18, വ്യാഴാഴ്‌ച

അറിവുകളും പൊരുളുകളും



ഒരു വേള വണ്ടുകളെല്ലാം
ചത്തൊടുങ്ങിയാല്‍
സൗന്ദര്യവര്‍ദ്ധക വസ്തുക്കളെല്ലാം
തീര്‍ത്ഥാടനത്തിനു പോകും .
വരാത്ത വണ്ടുകള്‍ക്കു വേണ്ടി
സൗരഭ്യം പൊഴിച്ചു നില്‍ക്കാന്‍ മാത്രം
വിഡ്ഢികളാണോ പൂക്കള്‍!
**************************************
പരിണാമത്തെ കൊന്നു ജീവിപ്പിക്കുന്ന                                                      സ്റ്റീഫെന്‍ ജെയ് ഗൌള്‍ഡ്‌ ' .                                                                   'കണ്ടെത്താ കണ്ണി'  തേടി ചന്തക്കു പോകുന്നു
  റിച്ചാര്ഡ് ഡോക്കിന്‍സ് !
കണ്ണ് കൊണ്ട് കേള്ക്കുകയും
കാതു കൊണ്ട് കാണുകയും
ചെയ്യുന്നത് മറ്റൊരു ഉല്പരിവര്‍ത്തനം .
ഇങ്ങനെ തിരുത്താം :                                                                    'കണ്ണുണ്ടായാല്‍ പോര കേള്ക്കണം
കാതുണ്ടായാല്‍
പോര കാണണം'  *************************************
ആമ ഒരിക്കല്‍ ചക്കയിട്ടപ്പോള്‍
മുയലിനെ കിട്ടി
എന്ന് വെച്ച്
ഓട്ടമൽസരത്തില്‍ വിജയിച്ച                                                                  'കേവല യാദൃശ്ചികത'                                                                ഒരവകാശമാക്കാമോ ?
***********************************
പവിഴത്തൂലിക പൂന്തേനില്‍ മുക്കി
പനിനീര്‍ദളങ്ങളിലെഴുതിയ പ്രണയം
മരണത്തിന്റെ നിഴലായി മാറുന്നു ..
മരണത്തിന്റെ മരണം പ്രണയത്തിന്റെ ജനനം !
മരണത്തിന്റെ ജനനം പ്രണയത്തിന്റെ മരണം !
************************************
കാലം
ഒരു പോക്രിച്ചെക്കനാണ് !
ചിലരെ കൊഞ്ഞനം കാട്ടി
ചിലരെ നോക്കി കണ്ണുരുട്ടി ...
കാലം
പ്രണയ പാരവശ്യത്തോടെ
പുല്‍കുന്ന ഒരു കാമുകിയാണ് ..
കാലം
ചിലപ്പോള്‍ രാഷ്ട്രീയക്കാരെപ്പോലെ
ചിലര്ക്കൊക്കെ തണല്‍വിരിക്കും ..
അവിഹിതമായി പലതും കൊടുക്കും ...
************************************
സ്നേഹം ഒരു അണുബാധയാണ് ..
പെട്ടെന്ന് പെരുകിപ്പെരുക്കും ..
അതിനെ ചെറുക്കാനുള്ള
അണുനാശിനിയാണത്രേ വെറുപ്പ്‌ ..!

2013, ജൂലൈ 7, ഞായറാഴ്‌ച

പൂച്ചകള്‍ കരയുന്നതിലെ ഗുട്ടന്സ്

മ്യാവൂ ...മ്യാവൂ ...
പരമ്പരാഗത രീതിയില്‍ കരഞ്ഞ പൂച്ചയുടെ
തലമണ്ടക്കിട്ടൊരടി കൊടുത്തു കൊച്ചുമോന്‍;
അവനു ന്യായീകരണമുണ്ട് :
പൂച്ചക്കരച്ചിലിനു വേണ്ടത് താളമല്ല ,
ആധുനിക രീതിയില്‍
ഭാവുകത്വത്തോടെ കരയാന്‍ കഴിയണം ...
അങ്ങനെ, ചാള കണ്ടപ്പോള്‍
ഭാവുകത്വത്തോടെ കരയാന്‍ തുടങ്ങിയ
പൂച്ചയുടെ തലമണ്ടക്കിട്ട് ഭാര്യയും കൊടുത്തു ;
അവള്ക്കും ന്യായീകരണമുണ്ട് :
മുമ്പൊക്കെ പൂച്ചയുടെ കരച്ചില്‍ കേട്ടാല്‍
ചാള ഒന്നല്ല ;
രണ്ടെണ്ണം കൊടുക്കാന്‍ തോണുമായിരുന്നു !
ഇപ്പോള്‍ അതിന്റെ ആക്രാന്തം മൂത്ത
കരച്ചില്‍ കേള്‍ക്കുമ്പോള്‍
എറിഞ്ഞോടിക്കാന്‍ തോണുന്നു..!
അങ്ങനെ ,
സ്വയരക്ഷക്കു വേണ്ടി പൂച്ച ,
നവഭാവുകത്വത്തോടെ,ദുര്ഗ്രാഹ്യമായി
ആധുനിക്കോത്തര രീതിയില്‍ കരയാന്‍ തുടങ്ങി ..!
മ്യോഹൂയ് ...മ്യോഹൂയ്...
മനസ്സിലാകാത്തതുക്കൊണ്ട്
ഇപ്പോള്‍ ആര്ക്കും പരാതിയില്ല !
പിന്ക്കുറിപ്പ് :
ഇങ്ങനെ കരയുന്ന പൂച്ചകളുടെ എണ്ണം
കേരളത്തിലെ ഡിഗ്രിക്കാരേക്കാളും കൂടുതലായി ..!