കുങ്കുമസന്ധ്യകള്‍

Pagerank

2013, ഡിസംബർ 26, വ്യാഴാഴ്‌ച

വിള തിന്നുന്ന വേലികളുടെ കാലം'വിരിയും മുമ്പു വാടല്ലേ '-
എന്നൊരു പ്രാർത്ഥനയിലാണ് 
ഉദ്യാനത്തിലെ പൂമൊട്ടുകൾ

കാവൽവേലിയുടെ
കൂർത്ത മുള്ളുകളേറ്റു
ചോര വാർന്നു
കിടപ്പുണ്ടൊരു കുഞ്ഞുപൂവ് 

വേലിയുടെ അട്ടഹാസങ്ങളിൽ 
പതഞ്ഞു തീരുന്ന 
ഉദ്യാനനിലവിളികൾ 
അശാന്തിയുടെ മാനത്തു
കരിമുഖിലുകളായി ഉരുണ്ടു കൂടുന്നുണ്ട് ....


പൂമ്പാറ്റകളും പൂത്തുമ്പികളും
നൃത്തമാടുന്ന ഉദ്യാനം
മരിച്ചു പോയ 
ഏതോ കവിയുടെ സ്വത്താണ് 

മുകളിൽ
വട്ടമിട്ടാർക്കുന്ന ശവംതീനിപ്പക്ഷികൾ
താഴെ 
അതിജീവനത്തിനായുള്ള ചിറകടികൾ 

ഇനിയും മരിക്കാത്ത പൂക്കളുടെ 
നെഞ്ചിനുള്ളിലെ തിളയ്ക്കുന്ന ദ്രവം 
ഭീതി നിറഞ്ഞൊരു ഓർമപ്പെടുത്തലാണ് ...

നഗ്ന കവിത
'ഗീബൽസിന്റെ'
സർവകലാശാലയിൽ നിന്നൊരു ബിരുദം

'ഞഞ്ഞാ പിഞ്ഞാ'പറയാനുള്ള
പ്രായോഗികജ്ഞാനം

'കഴുതക്കാലുകൾ' നക്കാനും
നക്കിയ കാലുകൾ വെട്ടാനുമുള്ള
ഒടുക്കത്തെ ചങ്കൂറ്റം

വളർന്നതൊരു'ഗുണ്ടാ
 തെരുവിലാണെങ്കിൽ'
ബഹു കേമം

ഇതയും മതി
'സ്റ്റേറ്റ് കാറിൽ'
നൂറെ നൂറിൽ പറപറക്കാൻ...

ജനറേഷൻ ഗ്യാപ്പ്മുള്ളിനെ
മുള്ളുക്കൊണ്ടെടുക്കണമെന്നു
'ഓൾഡ്ജനറേഷൻ '

മുള്ളിനെ
മുള്ളു കൊണ്ട ഭാഗം മുറിച്ചെടുത്തു
'മുള്ളു കൊള്ളുക എന്ന ഭീഷണി'
ഒഴിവാക്കണമെന്ന്
'ന്യൂ ജനറേഷൻ '

ജനറേഷൻ ഗ്യാപ്പിനുള്ളിൽപ്പെട്ടു
വാലു മുറിഞ്ഞൊരു സത്യം
വേദനയോടെ ചിലച്ചുകൊണ്ടിരുന്നു

2013, ഡിസംബർ 9, തിങ്കളാഴ്‌ച

പരിശുദ്ധ പ്രേമപീയൂഷം തേടി ...

ഏതൊരു ശക്തിയാണെന്നെയും നിന്നെയുമി-
ക്കാണുംരൂപത്തിൽ കോർത്തിണക്കി ?
എന്തിന്നുവേണ്ടിയാണീവിതം നമ്മളെ
കരളും കരളുമായ്‌   ചേർത്തിണക്കി ?
സുരതത്തിനൊടുവിൽ വിരിയും  മഴവില്ലിൻ
ക്ഷണവിജൃംഭണത്തിനായ് മാത്രമോ ?
യൗവനം തന്നൊരു വരദാനമല്ലയോ
മാംസനിബദ്ധാനുരാഗം മണ്ണിൽ !
യൗവനം വിട്ടേച്ചുപോവുകിൽ തൽക്ഷണമി-
ക്കാണുംരാഗവും   മായുമെന്നൊ  ?
എങ്കിലനവദ്യസുന്ദര പ്രേമമൊ-
രൂതിവീർപ്പിച്ച ബലൂണ്‍ മാത്രമോ ?
പാവന  പ്രേമമൊന്നില്ലേയീഭൂവിതിൽ
എല്ലാം വെറും മാംസദാഹമെന്നൊ ?
മാംസനിബദ്ധമല്ലാത്തൊരു   രാഗത്തെ
കാണാൻ  കഴിഞ്ഞതില്ലെങ്ങുമെങ്ങും ...
തുടരട്ടെ ഞാനെന്റെയീത്രയേകനായ്
പരിശുദ്ധ  പ്രേമപീയൂഷം തേടി  ...

2013, ഡിസംബർ 4, ബുധനാഴ്‌ച

ശവക്കുഴിയൊരുക്കി കാത്തിരിക്കുന്നവർ ...

ദുര മൂത്ത മർത്യനീ
ധരണിയിൽ കാട്ടുന്ന 
പേക്കൂത്തുകൾക്കൊരറുതിയില്ലേ ?

കലി മൂത്ത ഭൂമിയൊ-
രുനാളിൽ സർവ്വതും
തകിടംമറിക്കുകില്ലാരറിഞ്ഞു !

ഇത്തിരിപ്പോന്ന
വയറിനായൊത്തിരി
വെട്ടിപ്പിടിച്ചോരശുഭയാത്ര

എങ്കിലുമൊട്ടും 
കുറയുകില്ലാർത്തിക-
ളാറടിമണ്ണിലൊതുങ്ങുവോളം

കടലിൻ നടുവില-
കപ്പെട്ട തോണിയിൽ
ദ്വാരങ്ങൾ തീർക്കുവോനാണ്‌,മർത്യൻ

ഇന്നിന്റെയാർത്തികൾ
തീരുമ്പോൾ  നാളെയീ
ഭൂമിയിൽ  ജീവൻ തുടിച്ചീടുമോ ?

സ്വന്തം  ശവക്കുഴി
വെട്ടിക്കൊണ്ടുള്ളൊരീ
കാത്തിരിപ്പിന്നെന്റെ ജീവിതവും !

2013, ഡിസംബർ 2, തിങ്കളാഴ്‌ച

ഞാൻ കീഴാളൻ

ശിരസ്സിലൂടൂർന്നിറങ്ങിയ
വിയർപ്പുത്തുള്ളികൾ,
കനവിന്റെ ദീപ്തിയും
കനിവിന്റെ ഉര്‍വ്വരതയും
മഴവില്ലുകൾ  തീർത്ത
കുഴിഞ്ഞ കണ്ണുകളെ ആശ്ലേഷിച്ചുക്കൊണ്ട്
വദനത്തിലൂടെ ചാലിട്ടൊഴുകുമ്പോൾ,
ജഠരാഗ്നിയുടെ ആളലിൽ
മടക്കുകൾ വീണ
വയറിനെ സമാശ്വസിപ്പിക്കാൻ
ഉടുമുണ്ടു പിന്നെയും മുറുക്കിക്കുത്തി,
ചേറിലും ചെളിയിലും
പതിഞ്ഞമർന്നു
വരണ്ടു വിണ്ട കാലടികൾ
അതിദ്രുതം ചലിപ്പിച്ചത്
സുഭിക്ഷമായി ഭക്ഷണം കഴിച്ചു
നിനക്കു ഏമ്പക്കമിടാനായിരുന്നു ...

അന്നും ഇന്നും, നീ
സുഖശീതളശയ്യയിൽ
അർദ്ധസുഷുപ്തിയിലാണ്...
എനിക്കു നഷ്ടമായത്‌-
എന്റെ ഓജസ്സും തേജസ്സും ഏറ്റുവാങ്ങി
ജീവൻ നുരകുത്തിയ മണ്ണും
നരവംശചരിത്രത്തിന്റെ അടിത്തട്ടിലേക്ക്
പടർന്നിറങ്ങിയ വേരും...

എന്റെ പൂതലിച്ച ശരീരത്തിലൂടൊഴുകി
വറ്റി വരണ്ട വിയർപ്പുനദികളുടെ 
ഉപ്പടയാളങ്ങളും,
വിണ്ടുണങ്ങിയ ഉപ്പൂറ്റികളും,
നിന്നെ ഊട്ടിയുറക്കിയ,
തിരുശേഷിപ്പുകളുടെ
ദുരന്തസ്മാരകങ്ങളാണ്...

ഞാൻ
നിന്നെ നീയാക്കാൻ
ഒന്നുമല്ലാതായ
കീഴാളൻ !
ആയുസ്സിന്റെ വിത്തിറക്കാൻ വേണ്ട;
ആയുസ്സൊടുങ്ങുമ്പോൾ
അടക്കാനുള്ള മണ്ണെങ്കിലും
കിട്ടിയിരുന്നെങ്കിൽ ....
 

നീലക്കുയിലേ നീയില്ലെങ്കിൽനീലക്കുയിലേ നീയില്ലെങ്കിൽ
മരുഭൂവാകും എന്നുടെ ജന്മം
മായല്ലേ ......മറയല്ലേ
പൊൻക്കിനാവിലെ താരകമേ
എന്നും എന്നിൽ പൂത്തീടാൻ
വരുമോ നീയെൻ പ്രാണസഖീ (നീലക്കുയിലേ)

ഊഷരമീ ഭൂവിതിൽ  പെയ്ത
കുളിർമഴ നീ  ഓമൽക്കിനാവേ
ഉർവ്വരമാക്കി നീയെന്റെ
ഒമാൽക്കിനാവിൻ തീരങ്ങൾ
ഒരു നവ  സ്വർഗ്ഗം തീർക്കാൻ
ഒരു രാഗഹർഷമായ്
വരൂ ...വരൂ ...നീയോമലേ(നീലക്കുയിലേ)

പൂന്തിങ്കൾക്കല മാനത്തു മെല്ലെ
ഗസൽമഴയായ് പൊഴിയാൻ നേരം
താരകങ്ങൾ കണ്ണുകൾ ചിമ്മും
നീലരാവിൽ ഞാൻ കാത്തു കിടപ്പൂ
ഒരു നവ  സ്വർഗ്ഗം തീർക്കാൻ
ഒരു രാഗഹർഷമായ്
വരൂ ...വരൂ ...നീയോമലേ(നീലക്കുയിലേ)