കുങ്കുമസന്ധ്യകള്‍

Pagerank

2013, ജൂൺ 29, ശനിയാഴ്‌ച

നന്ദി...നന്ദി

പൊരിയുന്ന മനസ്സിലെ എരിയുന്ന കനവുകള്‍
ചൊരിയുന്ന നോവുകള്‍ ഇടറുന്ന തൊണ്ടയില്‍
തകരുന്ന വാക്കായി തളരുന്ന നോവായി
വിളറിയ നാക്കിലെ പതറുന്ന താരാട്ടായ്
കരയുന്ന കുഞ്ഞിനു സാന്ത്വന ഗീതിയായ്
അല്ലലാല്‍ നീറിപ്പിടഞ്ഞുള്ളോരമമ തന്‍
പിടയുന്ന മനസ്സിന്റെ വ്യാപ്തിയറിയുവാന്‍
ഉതകുന്ന മാപിനിയുണ്ടോയീ ഭൂവിതില്‍..!?
അങ്ങിനെയുള്ളോരാ,അമ്മതന്‍ മുന്നില്‍ ഞാന്‍
ആദരാല്‍ നന്ദി തന്‍ പൂത്താലമേകുന്നു...

ഉരുകുന്ന സൂര്യനില്‍ ജ്വലിക്കുന്ന നെഞ്ചോടെ
ഒഴുകും വിഴര്‍പ്പിനെ അപ്പമായ്‌ മാറ്റിയെന്‍
ജഠരാഗ്നിയെന്നും ശമിപ്പിച്ചോരച്ഛനും
ആദരാല്‍ നന്ദി തന്‍ പൂത്താലമേകുന്നു...

ജീവിത വഴികളില്‍ യാതനയാലെ ഞാന്‍
നീങ്ങിടും നേരമില്‍ തണലായി ,താങ്ങായി
വന്നൊരാ മാലോകര്‍ക്കൊക്കെയുമിന്നു ഞാന്‍
ആദരാല്‍ നന്ദി തന്‍ പൂത്താലമേകുന്നു...

2013, ജൂൺ 26, ബുധനാഴ്‌ച

തരുമോയെന്‍ ബാല്യം

തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍


തിരികെ ലഭിക്കുകില്‍ ആ നല്ല നാളുകള്‍
വീണ്ടുമെന്‍ ചേതസ്സിന്‍ അങ്കണം പൂത്തിടും
തിരികെ ലഭിക്കുകില്‍ ശാന്തി തന്‍ നാളുകള്‍
വീണ്ടുമീ പാഴ്മരം ചൂടിടും മലരുകള്‍
ഒരു കൊച്ചു സുപ്തി പോലെന്മനോദർപ്പണ-
വീഥിയില്‍ വിരിയുന്നു ആ നഷ്ട കൈശോരം

തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ

പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍

ഞാവല്‍പ്പഴംത്തേടി ബാലകന്മാരൊത്തു
കുന്നിന്‍മുകളിലലഞ്ഞു നടന്നതും

ചറ പറ പെയ്യുന്ന മഴയില്‍ നനഞ്ഞതും
തുരു തുരെ വീഴുന്ന മാങ്ങ പെറുക്കിയും
കണ്ണന്‍ച്ചിരട്ടയില്‍  മണ്‍പുട്ടു ചുട്ടതും
മിന്നി മറയുന്നുവെന്‍മനോവീഥിയില്‍

തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ

പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍

മുറ്റത്ത് ചെളിവെള്ളമണ കെട്ടി നിര്‍ത്തിയ
കാഴ്ച കാണ്‍കെയുമ്മ വടി കൊണ്ട് വന്നതും
തോട്ടുവക്കില്‍പ്പോയി പൂക്കളീറുത്തതും
ഞാറ്റു കണ്ടത്തില്‍ പരലുകള്‍ തപ്പിയും

അല്ലലതൊട്ടുമലട്ടിയില്ലേവര്‍ക്കും
സുന്ദരമായൊരാ നാളുകള്‍ മാഞ്ഞു പോയ്‌

തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍


ഇന്നൊരു ലോകമെന്‍ കൈകളില്‍ തന്നാലും
ഇല്ലെനിക്കാകുമേ സന്തോഷമായിടാന്‍
പൊള്ളുന്ന പകലിന്റെ പൊള്ളത്തരങ്ങളില്‍
ഇന്നിതാ മരണത്തിന്‍ ശയ്യയില്‍ മൂല്യങ്ങള്‍

നൈതിക മൂല്യങ്ങളെല്ലാം കൊഴിഞ്ഞു പോയ്‌
നരകമായ്‌ തീർന്നല്ലോ ജീവിതം മണ്ണിതില്‍

തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍


ആർക്കിന്നു വേണമീയുരുകുന്ന ജീവനം
ആർക്കിന്നു വേണമീ കാഞ്ചനത്തളികകള്‍
ആർക്കിന്നു വേണമീയെരിയുന്ന നെഞ്ചകം
ആർക്കിന്നു വേണമീ പൊരിയുന്ന മാനസം

ആർക്കിന്നു വേണമഴലിന്‍ കിരീടങ്ങള്‍
ആർക്കിന്നു വേണമീ മായികക്കാഴ്ചകള്‍

തരുമോ നീ കാലമേ തിരികെയെന്‍ ബാല്യത്തെ
പകരം ഞാനേകിടാമിന്നിന്‍ സമൃദ്ധികള്‍

2013, ജൂൺ 24, തിങ്കളാഴ്‌ച

ആയുസ്സു പുസ്തകത്തിലെ ഏടുകള്‍ അപഹരിക്കപ്പെട്ടപ്പോള്‍

ആത്മാവിലേക്ക് തുളച്ചു കയറുന്ന
കോണ്ക്രീറ്റ് കാടിന്റെ
ചൂട് താങ്ങാനാകാതെ പുറത്തു ചാടി
വെറുതെ കണ്ണും നട്ടിരിക്കുമ്പോള്‍,
മുന്നിലുള്ള റോഡിലൂടെ
കുന്നും കാടും പുഴയും
ലോറികളില്‍ കയറിപ്പോകുന്നു !
അപ്പോള്‍,.നാളെത്തെ മരുഭൂമിയില്‍ നിന്നും,
അന്യഗ്രഹങ്ങള്‍ തേടി പരക്കം പായുന്ന
ഐന്‍സ്റ്റീന്റെ പിന്മുറക്കാരുടെ
ആരവങ്ങള്‍ക്കിടയില്‍ നിന്നും,
തൊണ്ട വരണ്ട ഒരു പക്ഷിയുടെ ആര്‍ത്ത നാദം
എന്റെ കാതുകളില്‍ വന്നലച്ചു !
തിരിച്ചു കോണ്ക്രീറ്റ് കാടിലേക്ക് കയറിയപ്പോള്‍ ,
എന്റെ ആയുസ്സു പുസ്തകത്തിലെ
ഏടുകള്‍ പകുതിയും
ആരോ അപഹരിച്ചത് കണ്ടു ഞെട്ടി ..!

2013, ജൂൺ 21, വെള്ളിയാഴ്‌ച

നീയും ഞാനും
അലയുന്ന കടലിന്റെ
പതറുന്ന ചുണ്ടിലെ
തകരുന്ന പാട്ടായി നീ 


പൊരിയുന്ന വെയിലിന്റെ
എരിയുന്ന മനസ്സിലെ
കരിയുന്ന കനവായി ഞാന്‍

ഉരുകുന്ന മഞ്ഞിന്റെ
പിടയുന്ന ഓർമയിൽ
ഉണരുന്ന കുളിരായി നീ

ചൊരിയുന്ന തേന്മഴ
പകരുന്ന ഹർഷങ്ങൾ
തിരയുന്ന വേഴാമ്പൽ ഞാൻ

ഇടറുന്ന നെഞ്ചിലായ്
പടരുന്ന ചിന്തയിൽ
പുകയുന്ന കാറ്റായി നീ

ഒഴുകുന്ന പുഴയിലെ
അഴുകാത്ത ശവമായി
തുഴയുന്നു പിന്നെയും ഞാന്‍

ചുവക്കുന്ന സന്ധ്യയില്‍
കുതിക്കുന്ന മോഹമായ്
കിതക്കുന്ന രാത്രികള്‍ നീ

തിളക്കുന്ന ലാവയില്‍
തുടിക്കുന്ന നെഞ്ചുമായ്
തകരുന്ന പര്‍വ്വതം ഞാന്‍.

2013, ജൂൺ 9, ഞായറാഴ്‌ച

പരിശുദ്ധ യാമിനി

പൂമാനം പൂത്തു തളിർത്തൊരു രാത്രിയിൽ
പൂന്തിങ്കൾ മെല്ലെയണഞ്ഞു പാരിൽ
പൂഞ്ചോല മഞ്ജീരധ്വനികൾ മുഴക്കവേ
പാതിരാപക്ഷികൾ പാട്ടു പാടി
പൂമുറ്റം പൂമുല്ല സൗഗന്ധപൂരിതം
പൂങ്കാറ്റിൻ ചുണ്ടിൽ മധുരഹാസം
പൂമെത്ത നീളെ വിരിച്ചു കൊണ്ടങ്ങിനെ
                                          പൂമ്പൊയ്കയാരെയോ കാത്തു നിൽപ്പൂ
പൂന്തേൻനിലാക്കച്ച ചുറ്റി മഹിയൊരു
പുതുനാരിയായി ചമഞ്ഞീടുന്നു
പാരിതിലെങ്ങുമനുരാഗ ദ്യോതിസ്സിൻ
പൊൻപ്രഭയേവം പരിലസിപ്പൂ
പുളകം ചൊരിയുമീ സ്വർഗ്ഗീയകാഴ്ചകൾ
പുതു പുതു സ്വപ്നങ്ങളേകീടുന്നു

പാവന ശോഭന സ്നേഹാമൃതത്തിന്റെ
പുഷ്പാസവം ഞാൻ നുകർന്നീടുന്നു
പൂങ്കാറ്റിലാടുന്ന ഭൂമി തൻ പൂഞ്ചായൽ
പുളകോദ്ഗമം മമ മാനസ്സത്തിൽ
പരിശോഭയേകുമീ പരിശുദ്ധ യാമിനി
പുലരാതിരുന്നെങ്കിലെന്നു മോഹം
പുളകിതമാക്കുമീ കാഴ്ചകളൊക്കെയും
പ്രജാമയൻ തന്ന വരപ്രസാദം

പുംഗവൻ തന്നുടെ പാദാംബുജങ്ങളിൽ
പ്രാർത്ഥനയാലെ ഞാൻ നീങ്ങിടട്ടേ
പൊള്ളുന്ന പകലിന്റെ പൊള്ളത്തരങ്ങളെ
പ്രാപിക്കാനൊട്ടുമെനിക്കു വയ്യാ
പരിശോഭയേകുമീ പരിശുദ്ധ യാമിനി
പുലരാതിരുന്നെങ്കിലെന്നു മോഹം...

2013, ജൂൺ 8, ശനിയാഴ്‌ച

അമ്മയുടെ വാക്കുകൾ

മകനേ...

എന്റെ  അവയവങ്ങൾ 

ഒന്നൊന്നായി   നീ പിഴുതു മാറ്റിയപ്പോൾ,

സകല ചരാചരങ്ങൾക്കുമായി 

ഭാഗിക്കപ്പെട്ട കാലമനസ്സിന്റെ 

സഹനത്തിന്റെ ശാദ്വലങ്ങളിലാണ് 

അഴലിന്റെ നിഴൽത്തുളകൾ വീണത്‌ 


മകനേ...

എന്റെ ശരീരത്തിലേയ്ക്കുള്ള 

ആർത്തിയുടെ ഓരോ അധിനിവേശവും 

കാലത്തിന്റെ തളിർക്കൂമ്പുകളിൽ 

നിന്റെ ദുരയേൽപ്പിച്ച പുഴുക്കുത്തുകളാണ് ...

കാലവളർച്ച മുരടിയ്ക്കും മുമ്പ് 

വെള്ളരിപ്രാവുകളെല്ലാം ചത്തു വീഴും  

ആട്ടിൻത്തോലണിഞ്ഞ 

പഴയ ചെന്നായ പുനർജ്ജനി നേടും ...


മകനേ ...

അമ്മ തീവ്രപരിരക്ഷാ വിഭാഗത്തിൽ 

ജീവനു വേണ്ടിയുള്ള അവസാന കുതിപ്പിലാണ് ..

ഒന്നോർക്കുക ...

നിത്യനിതാന്ത ശൂന്യതയുടെ തമോഗർത്തങ്ങൾ 

ആദ്യം വിഴുങ്ങുന്നതു വെളിച്ചത്തെയായിരിക്കും 

പ്രഹേളികയുടെ പ്രളയ ജലത്തിൽ 

ജീവനു വേണ്ടി ഒന്നു പിടയുവാനുള്ള 

അവകാശം പോലും നിനക്കുണ്ടാവില്ല ..

ഇത്,സ്വയം എഴുതിയുണ്ടാക്കിയ ജന്മപത്രിക !
2013, ജൂൺ 2, ഞായറാഴ്‌ച

മേഘകുസുമങ്ങൾ

പൂക്കൾ വിതറി വഴികൾ നീളെ -എന്നെ
എതിരേറ്റതെന്തിനു വാസന്തമേ
മോഹങ്ങളേകി മനസ്സകമിൽ -വീണ്ടും
സ്വപ്‌നങ്ങൾ പൂത്തു തളിർത്തതെന്തേ

ഞെട്ടിയുണർത്തുന്നു ചിലയോർമ്മകൾ -എന്നെ
തട്ടിയുണർത്തുന്നു നൊമ്പരങ്ങൾ
പൊട്ടിപ്പോയൊരു ബാന്ധവങ്ങൾ -ഇനിയും
ഒട്ടിച്ചു ചേർക്കുവാനാവതില്ല

'ഇന്നലെ' കണ്ടൊരാ രമ്യഹർമ്മ്യങ്ങൾ -ഇന്ന്
കണ്ണീരിൻ ഭൂവിലെ തടവറകൾ
'ഇന്നെന്ന' സത്യത്തിൻ മുള്ളുകളാൽ-ദേഹം

നൊന്തു പിടയുന്നുവാസകലം
'നാളെ'യൊരോമൽ പ്രതീക്ഷ മാത്രം-വാഴ്വ്
മണ്ണിൽ ശ്വാശ്വതമല്ല ,സത്യം

കനവേ..നീയിനി പോയീടുക -കനിവാൽ
മന്മനം ശാന്തമായ് തീർത്തീടുക
ചിന്തിക്കും മർത്യനു തുഷ്ടിയേകാൻ -ഇവിടെ

എന്തുണ്ട്? പാരിതിലൊന്നുമില്ല
ദുഃഖം പ്രപഞ്ചത്തിൻ സ്ഥായിഭാവം -ഇടയിൽ
മേഘകുസുമങ്ങൾ,സന്തോഷങ്ങൾ

കൊതുകു ജയിക്കും കൊതുകു ഭരിക്കും

 

 

 

 

 

 

 

 


എരിപിരി കൊണ്ട വേനൽക്കാലം 

പല്ലുമിളിച്ചു നിന്നൊരു നേരം 
വെള്ളം! വെള്ളം! മന്ത്രത്താൽ ജനം 
തളർന്നു കിടന്നു മയങ്ങും നേരം 
ശറപറ പെയ്തു മണ്‍സൂണെത്തി ! 

ഇനി തുടങ്ങാമാഘോഷങ്ങൾ
പതിവിൻ പടിയുള്ളാചാരങ്ങൾ

എലിപ്പനി, കോഴി, തക്കാളിപ്പനി
ചിക്കൻ ഗുനിയ, ഡെങ്കിപ്പനിയും
വ്യാധികളാധികൾ മാറാവ്യാധികൾ
താങ്ങി കൊണ്ടീ പാവം കൈരളി
കിടുകിടെ നിന്നു വിറച്ചീടുന്നു ...

ബാറിൻ മുന്നിലെ തിക്കിത്തിരക്കുകൾ
ഇപ്പോൾ ആതുരശാലക്ക് മുന്നിൽ !

കേട്ടു മടുത്തൊരു കോമഡി വീണ്ടും
കേട്ടു കോൾമയിർക്കൊണ്ടു അടിയൻ
മാലിന്യമുക്ത കേരളമെന്നൊരു
കോമഡി കേട്ടു കരയാനാകുമോ ?

കുറ്റം പരയരുതൊട്ടും തന്നെ
പാവം നമ്മുടെ അധികാരികളെ
ഗ്രൂപ്പ് വഴക്കും തമ്മിൽത്തല്ലും
രതിരഹസ്യ വിഴുപ്പുമലക്കി
നേരം വേണ്ടേ നാട് ഭരിക്കാൻ !

അഖില ലോക കൊതുകു സംഗമം
കൊച്ചിയിൽ തന്നെ നടന്നീടട്ടെ
ഇതര പട്ടണ കൊതുകുകളെല്ലാം
ഏറ്റു പാടി നടന്നീടട്ടെ ...
കൊതുകു ജയിക്കും കൊതുകു ഭരിക്കും
ചോര കുടിച്ചു മദിച്ചു നടക്കും !