കുങ്കുമസന്ധ്യകള്‍

Pagerank

2017, മാർച്ച് 21, ചൊവ്വാഴ്ച

മരിച്ച നീയാണ് എന്നോട് കൂടുതൽ നീതിപുലർത്തുന്നത്

മൊരിപിടിച്ച ആണ്ടുകളുടെ
പിടലിഭാരമിറക്കാൻ
ചുമടുതാങ്ങി തിരഞ്ഞു തളരുമ്പോൾ
'മേലോട്ടെടുക്കുന്നതൊക്കെ ചെറുപ്പക്കാരെ'
എന്ന വാർത്തയിൽ അസ്വസ്ഥപ്പെടുന്നത്
മനസ്സിലിപ്പോഴും
നിനക്ക് ചെറുപ്പമായത് കൊണ്ടാകണം
എന്നിരുന്നാലും
മനസ്സിലെ കുറ്റിക്കാട്ടിൽ കുഴിച്ചുമൂടി
മൈലാഞ്ചിക്കൊമ്പ്‌ നാട്ടാതെ പിരിഞ്ഞത്
ഇനി നിനക്കൊരു പുനർജ്ജനി
ആഗ്രഹിക്കാത്തത് കൊണ്ടും
ഒരു മരണം പലവുരു
കാണാനാകാത്തത് കൊണ്ടും
മരിച്ച നീയാണ്
എന്നോട്
കൂടുതൽ നീതിപുലർത്തുന്നത് എന്നതുകൊണ്ടും...

സ്നേഹച്ചുഴി

നിന്റെ സ്നേഹച്ചുഴിൽ പെട്ടു
ഒഴുക്കു മറന്നവർ ഉണ്ട്
നിനക്കു ചുറ്റും ഭ്രമണംചെയ്തു
ലക്ഷ്യം പിഴച്ചവരുണ്ട്
നിന്റെ വിഷചൂണ്ടയിൽ നൊട്ടിനുണഞ്ഞ്‌
രുചിഭേദങ്ങൾ തിരിച്ചറിയാതെ പോയവരുണ്ട്
പതഞ്ഞു തീരും മുമ്പെങ്കിലും
അവർ ആരെന്ന്
അവരെ അറിയിക്കണേ ...

2017, മാർച്ച് 18, ശനിയാഴ്‌ച

പ്രത്യാശകൾകവിത
പ്രത്യാശകൾ
**********
പിഴുതെറിഞ്ഞിട്ടും
ചണ്ഡവാതങ്ങളിൽ പതറാതെ
ഘോരവർഷങ്ങളിൽ തളരാതെ
വീണിടത്തു വേരോടി
പുഷ്പ്പിച്ചു നിന്നു

നിശ്വാസങ്ങൾ കാറ്റായ് അയച്ചു
നിന്റെ തളിരിലകളെ തലോടി
മോഹച്ചിമിഴിൽ നിന്നു ലാളിച്ചെടുത്ത
ചുംബനത്തരികളുടെ
മഞ്ഞുമ്മകൾ കൊണ്ടു മൂടി
തണ്ടുകൾക്കു തീണ്ടാപ്പാടകലം
കല്പിക്കപ്പെട്ടപ്പോഴും
ആത്മബന്ധത്തിന്റെ കാണാധൂളികൾ
നമ്മുക്കിടയിൽ പണിത അദൃശ്യപാലം
വരത്തുപോക്കുകളുടെ ദേവവീഥിയായി

വാർഷികവളയങ്ങൾ
അർബുദം പോലെ പെരുകുന്നതിന്റെ
രോഗനിദാന പരീക്ഷാഫലം
മഞ്ഞിലകളിലൂടെ വെളിപ്പെട്ടിട്ടും
ഊഷര മണ്ണിന്റെ പുഴുക്കുമനസ്സിലൂടെ
പ്രതീക്ഷാനിർഭര മനസ്സോടെ
വേരുകൾ തെളിച്ചു വിട്ടു
മറ്റേതോ ലോകത്തിൽ
മറ്റേതോ കാലത്തിലെ
കിനാവാടങ്ങളിൽ പൂത്തു നിന്നു

ചിതലെടുത്തേറെയും
വാഴ്‌വിൻ നടപ്പാലം !
ദൃഷ്ടിപഥങ്ങൾക്കപ്പുറത്തു നിന്ന്
ഏതോ വെളിച്ചം പെയ്തു വരുന്നുണ്ടാകാം...

2017, മാർച്ച് 9, വ്യാഴാഴ്‌ച

പ്രിയ ബുദ്ധൻ ...മടങ്ങി പോകുക


പ്രിയ ബുദ്ധൻ ...മടങ്ങി പോകുക
****************************

വിട്ടിറങ്ങാന്‍ കൊട്ടാരപ്രലോഭനങ്ങളില്ല
ഉപേക്ഷിക്കാന്‍ സുന്ദരി ഭാര്യയില്ല,കുഞ്ഞില്ല
പ്രതീക്ഷിക്കാന്‍ കിരീടത്തിളക്കമില്ല,ചെങ്കോല്‍ഗര്‍വ്വില്ല
ആളുന്ന വിഷയാഗ്നിയില്‍ ചാടി തൃഷ്ണാപീഢകള്‍ തന്‍
പൊള്ളലേറ്റു പിടയുന്ന കായമില്ല,മനസ്സില്ല
അനുഗമിക്കാന്‍ ആള്‍ക്കൂട്ടം പിന്നിലില്ല

ജീവിതമുരുട്ടി കൊണ്ടുപോകാന്‍
തീ തുപ്പുന്ന പകലുകള്‍
സൂര്യന്‍ ചെരിഞ്ഞ നേരം
തളര്‍ച്ചയാറ്റാന്‍ കൊതുകുത്തും കടത്തിണ്ണകള്‍
ജഠരാഗ്നിയില്‍ വെന്തിട്ടും വെണ്ണീറാകാചിന്തകള്‍
പെയ്യുന്ന വെയിലെല്ലാം കുടിച്ചു വറ്റിക്കുന്നോര്‍
തേടണം ബോധി തന്‍ തണലെന്നോ ?
യന്ത്രഗര്‍ജ്ജനങ്ങള്‍ കേട്ടു പുണ്ണായ കാതുകള്‍
കേള്‍ക്കണം കാട്ടാറിന്‍ ഗീതമെന്നോ ?

ദുഷ്ടരാം ആത്മാക്കളെ ആവാഹിച്ചിരുത്തി
പണിത അധികാര ഖഡ്ഗത്തിന്‍ കീഴെ
പഴകി പുളിച്ചു നിസ്സംഗതയായി ഭയം !
കാലം ഘനീഭവിച്ച വഴികളില്‍
മരണം പതിയിരിക്കുന്ന ഇരുളടഞ്ഞ കുഴികളില്‍
നിസ്സംഗതയിട്ടു മൂടി സമയശൂന്യരഥത്തിലേറണം

ഗോളങ്ങളിലേയ്ക്കു കുതിയ്ക്കുന്ന
പുരോഗതിയുടെ മിന്നലാട്ടത്തില്‍
തെളിയാതെ പോകുന്ന കാഴ്ചകളുണ്ട്‌;
ആമാശയത്തില്‍ നിന്നുയര്‍ന്നു പട്ടടയിലൊതുങ്ങുന്ന
നിഴലുകളുടെ നെടുവീര്‍പ്പുകള്‍

അതുകൊണ്ട്
പ്രിയ ബുദ്ധൻ ....മടങ്ങി പോകുക
മോക്ഷം കിട്ടിയോര്‍ക്കല്ല മോക്ഷം വേണ്ടൂ
അങ്ങേയ്ക്ക് തെറ്റിയിരിക്കുന്നു...
ഇനിയൊരു ദിക്കില്‍ നിന്ന്
ആരും വരേണ്ടതില്ലാത്തവരിലേയ്ക്ക്
ഇനിയൊരു നക്ഷത്രം
വഴി കാട്ടേണ്ടതില്ലാത്തവരിലേയ്ക്ക്
വഴി തെറ്റി വന്നതാണ് നിങ്ങള്‍
ഞങ്ങളെന്നേ നിര്‍വ്വാണം പ്രാപിച്ചവര്‍..!

2017, മാർച്ച് 7, ചൊവ്വാഴ്ച

ഗുരുദക്ഷിണ

എല്ലാം മനസ്സിലായിക്കാണും
പെരുവിരലൊന്നും അറുത്തുതരേണ്ടാ.!
പഠിപ്പിച്ചതൊക്കെ
പ്രായോഗികമാക്കുന്നതാകണം ഗുരുദക്ഷിണ
ബവേറിയയിൽ ഞാൻ നട്ടു മുളപ്പിച്ച
വൃക്ഷത്തിന്റെ വിത്തുകൾ
ലോകമാകെ വിതറി ശിഷ്യധർമ്മം നിറവേറ്റുക
നിന്നെ അനുഗ്രഹിച്ചിരിക്കുന്നു...
ഗുരു തിരിച്ചു പറക്കുമ്പോൾ
ആകാശവഴിയിൽ വെച്ച് കണ്ട
അലക്‌സാണ്ടർക്കും നെപ്പോളിയനും
ചിരിയടക്കാൻ കഴിഞ്ഞില്ല
ഇതൊന്നുമറിയാതെ
വെള്ളക്കൊട്ടാരത്തിൽ കേറിയിരുന്ന ശിഷ്യൻ
നാലുമണി സൂര്യനോളം ഉയരത്തിൽ
രക്തംപൊങ്ങുന്ന
നല്ല നാളുകളെ
സ്വപ്നം കാണുകയായിരുന്നു...

2017, മാർച്ച് 2, വ്യാഴാഴ്‌ച

ഒരു ഭ്രാന്തന്റെ അരുളപ്പാടുകള്‍

ഇനിയും അമാന്തിക്കരുതേ .....  സ്വന്തം നാശം വിളിച്ചു വരുത്തരുതേ ....നിലനിൽപ്പാണ്‌ ചോദ്യം ചെയ്യപ്പെടുന്നത് ...ഞാനും നിങ്ങളും കുറ്റക്കാർ ....  എന്റെ കാവ്യവഴികളിൽ പ്രചോദനമായേക്കാവുന്ന അംഗീകാരങ്ങൾ നേടി തന്ന ഈ കവിതയെ ഞാൻ നെഞ്ചേറ്റുന്നു ...സസ്നേഹം ....ഷുക്കൂർ ...

വളരുകയാണ് ഞാന്‍,
എന്നിലേയ്ക്കൊതുങ്ങിയൊതുങ്ങി
വളരുകയാണ് ഞാന്‍.
തളരുകയാണ് ഞാന്‍,
ശൂന്യതയുടെ പുറന്തോടിനുള്ളിലതിന്‍
കിട്ടാജന്മപത്രികയും തേടി
തളരുകയാണ് ഞാന്‍.
പ്രജ്ഞ വറ്റിയ നിലങ്ങളില്‍
കുരുക്കുന്നു വേരില്ലാമരങ്ങള്‍,
കനവില്ലാശാഖികള്‍. 
അതില്‍ വിടരുന്നു
സമൃദ്ധിയില്ലാമഞ്ഞിലകള്‍
മണമില്ലാപ്പൂവുകള്‍
മുളപൊട്ടാവിത്തുകള്‍.
പാപച്ചെളിക്കുണ്ടിലിഴയുന്നു
മഹാമാരികളും പേറിയണുക്കള്‍.
ഉത്ഥാനപതനനിരര്‍ത്ഥകതകള്‍
കണ്ടു ക്ഷീണിച്ച കാലം
ശോഷിച്ച കോലം 
പിടലിഭാരമൊന്നിറക്കാൻ
തേടുന്നു  പഴുതുകള്‍
  

കേട്ടിരുന്നു ദീനരോദനങ്ങള്‍
ചണ്ഡാരവങ്ങള്‍,സങ്കടപ്പെരുമഴകള്‍.
അവളുടെ നിലയ്ക്കാത്ത നിലവിളികളെന്‍
പച്ച ബോധത്തിലേയ്ക്കാഞ്ഞു വീശി-
യശാന്തി വിതറിയ പ്രചണ്ഡവാതങ്ങള്‍.
കണ്ടിരുന്നവളുടെ പച്ചച്ചേലയുരിഞ്ഞതും
നഗ്നമാം തളിര്‍മേനിയില്‍ നിന്നിറ്റിറ്റി വീണ 
ചോര ചാലിട്ടൊഴുകി മണ്ണിന്നാ-
ര്‍ദ്ര മനസ്സിലേയ്ക്കിറങ്ങി
പിന്നെ, നെടുവീര്‍പ്പായുയര്‍ന്നെന്‍
തപിക്കും ബോധത്തിലേയ്ക്കൊരു
ചോദ്യശരം തൊടുത്തതും,
ഓര്‍മ്മകള്‍ പേറുന്ന വാര്‍ഷികവളയത്തിന്‍
തിളയ്ക്കുന്ന ഹരിതബോധത്തിലേയ്ക്ക്
കാമത്തിന്‍ മഴുമൂര്‍ച്ചകള്‍ സ്ഖലിച്ചതും,
ഉന്മാദികളുടെ നിരര്‍ത്ഥകാട്ടഹാസങ്ങളിലേയ്ക്കൊരു 
പൊള്ളുന്ന നോട്ടമെറിഞ്ഞ്,
ചിറകടികള്‍ നേര്‍ത്തു നേര്‍ത്തു
നിശ്ചലമായൊരു  കാലത്തെ പെറ്റിട്ട്,
പിടഞ്ഞു പിടഞ്ഞവളൊടുങ്ങി
അവ്യക്തമാമനന്തയിരുളില്‍
വിറയ്ക്കുന്നൊരു മങ്ങിയ താരകമായതും...


സമയത്തിന്‍ തപ്തനിശൂന്യപഥങ്ങളില്‍
തീത്തുപ്പിക്കുതിച്ചും പിന്നെ കിതച്ചും
തളരുന്ന വാഴ് വെന്നയറിവിന്റെ
മുറിവേറ്റു പിടയുന്ന ജ്ഞാനിയൊരുത്തന്‍-
മൂഢനാം വൃദ്ധന്‍,ഭ്രാന്തന്‍-
ജരാനരകള്‍ തന്‍ ചിതലരിച്ചൊരു ചോദ്യചിഹ്നം
പ്രതിക്കൂട്ടില്‍നിര്‍ത്തി ലോകത്തെ
വിചാരണചെയ്തു വിധിച്ചതിന്നു 
ശിക്ഷ മരണം...ആസന്നമരണം 


അന്നേ പറഞ്ഞിരുന്നയാള്‍,
പുറമ്പോക്കിലുണ്ണിയുറങ്ങുവോന്‍-ഭ്രാന്തന്‍
വരുമവള്‍ച്ചോരക്കണ്ണുമായി
അരിഞ്ഞു വീഴ്ത്തുവാന്‍
സ്ഖലനം കാത്തു കിടക്കും
ഉദ്ധൃത പുരുഷഗര്‍വുകള്‍. 
വരുമവളെക്ഷിയായി,
നടുങ്ങും ദിഗന്തങ്ങള്‍,
കര്‍ണ്ണം തകര്‍ക്കും വെള്ളിടിനാദങ്ങള്‍,
കത്തിയെരിഞ്ഞിറങ്ങി പെയ്യുമാദിത്യന്‍,
ചുടുമണ്ണിലിഴയും  പാതാളനാഗങ്ങള്‍,
അവളൂതിപ്പറത്തും,
ജലസ്വപ്നങ്ങള്‍
കാണാനുറക്കം കനിയാത്തുഷ്ണ ജഡരാത്രികള്‍.
പടരും പുഴുക്കുകാറ്റെങ്ങും,
വിതയ്ക്കും ദാഹം തൊണ്ടക്കുഴികളില്‍,
കിതയ്ക്കും വേച്ചോടും കാലിക്കുടങ്ങള്‍,
തണ്ണീര്‍ക്കിനാക്കാണും കിണറുകള്‍,
തവളക്കിനാക്കളില്‍ താമരക്കുളങ്ങള്‍,
മരുമനസ്സിന്‍ കിനാവില്‍ 
മരവും പച്ചിലച്ചന്തങ്ങളും
നുര കുത്തും ജീവന്റെ പച്ചത്തുടിപ്പും.
ഉമിനീരു വറ്റിയ കിളിത്തൊണ്ടയിലൊരു
പാട്ടുതേങ്ങും ,തളരും ...


ചോദ്യമൊന്നുയരുന്നിനിയെത്രനാള്‍!
വാഴ് വിതീ  മണ്ണിലിനിയെത്ര നാള്‍...
ബ്രഹ്മാണ്ഡപൊരുളിന്നകത്തു നിന്ന്
ഒരു വിരല്‍ ചൂണ്ടുന്നെനിക്കു നേരെ
ഗതി കിട്ടാതോടുമീ ഭൂഗോളത്തെ
നിലതെറ്റി പായുമീ തീഗോളത്തെ
പ്രപഞ്ചമൊരു നാള്‍ തുടച്ചു മാറ്റും
അന്നു ഞാനില്ലയീ നീയുമില്ല
മാനുജാഹന്തകളൊന്നുമില്ല...


‘അരുതെന്ന്’ചൊല്ലുവാനെന്തേ
നിനക്കായില്ല നാക്കേ...
നീ തന്നെ..! നീ തന്നെ..!
നീ മാത്രമെന്റെ ശത്രു...!

2017, മാർച്ച് 1, ബുധനാഴ്‌ച

ഒരു വാക്ക്...

രു വാക്കു മതി.. !
ഇന്ദ്രിയങ്ങൾക്കു കുളിരു പകരുന്നത്...
ദുഃഖഭാരങ്ങൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നതായി
വിസ്മയപ്പെടുത്തുന്നത്...
നിർഭയത്വത്തിന്റെ മേൽപ്പുതപ്പണിഞ്ഞു കൊണ്ട്
മരണത്തിന്റെ മാന്ത്രികസുരത വേളകൾക്ക്
ശരീരത്തെ വിട്ടുകൊടുക്കാൻ
പ്രലോഭിപ്പിക്കുന്നത്...
ഭയം ഗർഭമൊഴിയാൻ
കാത്തു കിടക്കുന്ന വഴികളിലൂടെയുള്ള
ഈ ചെറുയാത്രയിൽ
ഇന്ദ്രിയങ്ങൾക്കു അനുഭൂതി പകരുന്ന
അല്‌പനിമിഷങ്ങളല്ലാതെ
ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നിരിക്കെ
പറയൂ...
ലിപിഭാരമില്ലാത്ത
വ്യാകരണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത
ആ വാക്കു പറയാൻ
ആരാണുള്ളത്..?

ഇതൊന്നും ഇപ്പോ ആരും വെക്കാറില്ലത്രേ...

ർമ്മകൾ പോലെ മഞ്ഞിച്ച
അച്ഛന്റെ ഫോട്ടോ
ചുമരിൽ നിന്ന് എടുത്തു മാറ്റിയത്
പെയിന്റടിക്കാരൻ പയ്യനാണ്
അവനറിയില്ലല്ലോ...
കരിയിലകൾ കണക്കെ
കൂട്ടിയിട്ടിട്ടുണ്ട് മനസ്സിൽ
പാതിയും മങ്ങിയ
ജീവിതമെന്നു പേരിട്ടു വിളിക്കുന്ന
കരിപിടിച്ച ഓർമ്മകൾ.!
മനസ്സിലെ ചെളിയിൽ
ആണ്ടു പോകരുതെന്നേ ഉണ്ടായിരുന്നുള്ളൂ
അച്ഛനെ ചുമരിൽ പ്രതിഷ്ഠിക്കുമ്പോൾ...
'ഇതൊന്നും ഇപ്പൊ ആരും വെക്കാറില്ലത്രേ'
ഞാനെന്ന ആലക്തികബോധം പോലും
കൊണ്ടു നടക്കാനാവാത്ത
ഞാനെങ്ങനെ അച്ഛനെ കൊണ്ടുനടക്കും..!