കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ജനുവരി 27, തിങ്കളാഴ്‌ച

വിടരാതെ പോയ പൂക്കളോട്




ഞെട്ടറ്റു വീണൊരീ പൂവു ഞാനിന്നലെ
ഒരുകാറ്റിന്നാലോലമേറ്റുകൊണ്ടങ്ങനെ

നെഞ്ചിൽകിനാക്കൾ തൻ താലവുംപേറിയീ-

വല്ലിയിലഴകോടെ വാണിരുന്നു





ആരുവാണെന്നെയീധരണിയിലേവ-

മടിച്ചുവീഴ്ത്തിക്കൊണ്ടകന്നു പോയി ?

ആരുവാണെന്നുടെ താരുണ്യമൊക്കെയും

ക്കവർന്നുകൊണ്ടെന്നെത്തകർത്തെറിഞ്ഞു ?





വല്ലിതൻതാരാട്ടു കേട്ടുകൊണ്ടങ്ങനെ

അല്ലലില്ലാതെ കഴിഞ്ഞൊരന്നാളുകൾ

ഓർമ്മയിൽപൂത്ത വസന്തത്തിൻനാളുകൾ

മാത്രമാണിന്നെന്റെ കൈമുതൽകൂട്ടുകൾ





വിടരാതെപോയപ്പരശ്ശതംപ്പൂക്കളേ

നിങ്ങൾ സുകൃതികൾ,നന്മയുള്ളോർ !

വിടർന്നതുമാത്രമാണെന്നുടെ കുറ്റ-

മതുമാത്രമാണെന്റെ വേദനയും !





ഇനിയുമൊരുജന്മമുണ്ടെങ്കിൽ മണ്ണിതിൽ

ഇല്ല, പിറക്കില്ല പൂവായി ഞാൻ !

ഇനിയുംപിറക്കാത്ത പൂക്കളേ മിഥ്യ-

യാണില്ലാവസന്തത്തിൻ മായികക്കാഴ്ചകൾ ....

പിറക്കാതെ പോയ മകളേ...നന്ദി

പിറക്കാതെ പോയ മകളേ,നന്ദി :
നെഞ്ചിലെ ഇടിമുഴക്കങ്ങളുടെ പെരുമ്പറയിൽ
പിടഞ്ഞു ചത്തൊരു ഹൃദയം സമ്മാനിക്കാത്തതിന്ന് 

നീയെന്ന ചിതയിൽ ചാടി ആത്മാഹുതി ചെയ്തു 
ചാരമാകാത്ത മനസ്സു തന്നതിന്ന്  

നിന്നെ ചന്തയിൽ വെച്ചു വിൽക്കുമ്പോൾ 
'നോക്കുകൂലിയായി' നൽകേണ്ട 
ഒരു പുരുഷായുസ്സിന്റെ വേർപ്പിന്റെയുപ്പ്
തിരികെ തന്നതിന്ന്   

പിറക്കാതെ പോയ മകളേ,നന്ദി :
വ്യാഘ്രത്തിന്റ ദംഷ്ട്രങ്ങളിൽ നിന്നും
ഇറ്റിറ്റു വീഴുന്ന ചെഞ്ചോരത്തുള്ളികൾക്ക്
നിന്റെ മണമാണെന്നറിയുമ്പോൾ,
ബോധാബോധങ്ങൾക്കിടയിലെ 
അരണ്ട വെളിച്ചത്തിൽ 
ഓർമവിളക്കു തെളിക്കാനാകാതെ പോയ 
ഒരു പിതാവാക്കി എന്നെ മാറ്റാത്തതിന്ന് 

മകളേ ....ഈ  നന്ദിപ്രകാശനം
ഒരച്ഛന്റെ നെഞ്ചിനുള്ളിലെ 
വറ്റാത്ത സ്നേഹക്കനിയിൽ നിന്നാണെന്നറിയുക 
അഥവാ
സമൂഹം ഭീരുവാക്കിയവന്റെ  
കുമ്പസാരക്കുറിപ്പുകളാണ്...

2014, ജനുവരി 24, വെള്ളിയാഴ്‌ച

പാഴ്വൃക്ഷജന്മങ്ങൾ

ചിതറിയ ചിന്തയിൽ
അലയുന്നു മോഹങ്ങൾ
ഇടറിയ തൊണ്ടയിൽ
ഇഴയുന്നു വാക്കുകൾ
പതറിയ ചുണ്ടുകൾ
പകരുന്നു നോവുകൾ
നിറമിഴിക്കോണുകൾ
കനൽചിന്തും പാടങ്ങൾ
ഇല്ലിനിയൊരു പകൽ
ഒരുനാളുമീമണ്ണിൽ
വളരില്ല തളിരുകൾ
വിരിയില്ല പൂവുകൾ
നിറയുംക്കിനാക്കളിൽ
പാഴ്ചെടിക്കാടുകൾ
അലയും വഴികളിൽ
പാഴ്വൃക്ഷജന്മങ്ങൾ

2014, ജനുവരി 18, ശനിയാഴ്‌ച

അവൾ

അവളൊരു നീലാകാശം.
അനന്തതയുടെ ആത്മാവിനുള്ളിൽ
അടയിരിക്കുന്നവൾ.
അവളൊരു മേഘം.
കടലിന്റെ
അജ്ഞാത ഇരുൾക്കയങ്ങളിൽ നിന്നും
ശൂന്യതയിലേക്കുയർന്നു,
ഏതോ കാറ്റിനാൽ                                                      ആട്ടിത്തെളിച്ചു കൊണ്ടുപോകുന്ന,
ഇഷ്ടാനുസരണം രൂപം കൊടുക്കാവുന്ന
ഒരു ശിഥിലബിംബം.
അവളൊരു മഴവില്ല് .
ഒരു ക്ഷണവിജൃംഭണത്തിന്റെ
മായികപ്രഭാവത്തിനൊടുവിൽ
ശൂന്യതയിൽ വിരിയുന്ന സമസ്യ .
ഹൃദയത്തിന്റെ ആർദ്രതകളിലേക്ക്
ഒരു കുളിർക്കാറ്റായ് പെയ്തിറങ്ങുമ്പോൾ
അവൾക്കുതുല്യം അവൾ മാത്രം !
അവളുടെ 
കയ്യിലൊരു മാന്ത്രികദണ്ഡുണ്ട്!
ജഡത്വത്തിൽ നിന്നും
ഉണ്മയുടെ നറുംനിലാവിലേക്കു
എന്നെ നയിച്ച
ദേവിയാണ് അവളെന്നും ....

2014, ജനുവരി 7, ചൊവ്വാഴ്ച

സ്മൃതിവിളക്ക് (നുറുങ്ങു കവിതകൾ )

സ്മൃതിവിളക്ക് 

മറവി തന്നാഴിയിൽ മുങ്ങിടുന്നേര-
മണയും സ്മൃതിവിളക്കിന്നലെകൾ
കെട്ടവിളക്കിൻ നിലവിളിയിന്നുകൾ
ഒരുനാളും കത്താവിളക്കാണ് നാളെകൾ



മീട്ടാത്ത ഗാനം

നീയെന്ന തംബുരു മീട്ടാതെ പോയൊരു
ഗാനമായെന്നും കഴിഞ്ഞിടാം ഞാൻ
എന്തിന്നപശ്രുതിയായിപ്പിറന്നുക്കൊ-
ണ്ടേറെ വെറുപ്പുഞാനേറ്റീടണം


വേണ്ടാത്ത കാഴ്ചകൾ

കണ്ണും കരളും കനിയാത്ത നേരത്തു
മുന്നിൽത്തിളങ്ങും വസന്തത്തിൻ കാഴ്ചകൾ
ചേതനയറ്റ തനുവിന്റെ മുന്നിലായ്
അർപ്പിച്ച സ്വാദിഷ്ഠബ്ഭക്ഷണമല്ലയോ

ഓർമ്മപ്പൂക്കൾ (നുറുങ്ങു കവിതകൾ)




മായുവാൻ വെമ്പുന്ന പൂമഴവില്ലിനെ
സ്നേഹിച്ചതെന്നുടെ കുറ്റമെങ്കിൽ
മായാത്തോരോർമ്മ തൻ പൂമരച്ചില്ലയിൽ
ഇല്ലിനിവിടരില്ലയോർമ്മപ്പൂക്കൾ



സൗന്ദര്യം

സമ്പൽ സമൃദ്ധിതന്നാകാശവീഥിയിൽ
പാറിപ്പറക്കുമ്പോൾ കാണാതെ പോകുന്ന
ധരണിതൻ കരളിന്റെ കുളിരാണ് സൗന്ദര്യം


ഭൂതവും മാലാഖയും

പകലിന്റെ ചിതയിൽ നിന്നും ഇറങ്ങിയോടിയ
കറുത്ത ഭൂതത്തെ ചന്ദ്രൻ താരാട്ടി
രാത്രിയുടെ ചിതയിൽ നിന്നും ഇറങ്ങിയോടിയ
വെളുത്ത ഭൂതത്തെ സൂര്യനും



അവസാനത്തെ ചുംബനം

പ്രാണൻപ്പിടഞ്ഞെണീറ്റോടിടും മുമ്പെന്റെ
കവിളിലൊരുമ്മ നീ തന്നീടണേ
അന്തമെഴാത്തതാം കാലപ്രവാഹത്തി-
ലൊരു ബിന്ദുവായിനി ഒഴുകിടാം ഞാൻ 



2014, ജനുവരി 3, വെള്ളിയാഴ്‌ച

കൂറ്റൻ കാളകൾ




അന്യന്റെ തൊടിയിലെ പച്ചകൾ തിന്നുക്കൊ-
ണ്ടോടി നടക്കുന്നൊരുകൂട്ടം കാളകൾ
തളിരിടും  ചെറുപുതുനാമ്പുകളൊക്കെയും
ചവച്ചുതുപ്പിക്കൊണ്ടലറുന്നു കാളകൾ

വിടരുവാൻ വെമ്പുന്ന പൂക്കളിലിന്നില്ല
അരുമക്കിനാക്കൾ തന്നോമൽപ്രതീക്ഷകൾ
നിദ്രയിലെങ്ങും നിറയുന്നു ഭീതിതൻ
ഖഡ്ഗങ്ങ നീണ്ടു വരുന്നതാം സ്വപ്നങ്ങൾ

കാത്തിരിപ്പാണു വിടർന്ന മലരുകൾ 
ഒരുകാറ്റിന്നാശ്ലേഷമേറ്റു  പൊഴിയുവാൻ
ഭീതികൾ മേയുമീ  കൂരിരുൾവീഥിയിൽ
ചേതനയറ്റ തനു തന്നെ കാമിതം

കടലിന്റെ രാത്രിയിൽ കരയേതുമറിയാതെ
അലയിന്നിതാ വീണ്ടും പാഴ്വഞ്ചികൾ
ഒരുകൊച്ചു മിന്നാമിനുങ്ങിൻച്ചെറുവെട്ടം
പോലുമിന്നില്ലല്ലോ വഴികാട്ടുവാൻ

മുക്രയുമിട്ടു നടക്കുന്നൊരിക്കൂറ്റൻ-
കാളകളെക്കെട്ടാൻ ആർജവമാർക്കുണ്ട്
പുത്തൻപ്രതീക്ഷതൻ പാഴ്സ്വപ്നംപോലുമി-
ന്നന്യമായ്ത്തീർന്നയിരുളിൻക്കയത്തിൽ നാം

തീവണ്ടിയുടെ ചൂളംവിളികൾ




 പരശ്ശതം ലക്ഷ്യങ്ങളിലേക്ക്
കുതിച്ചുകൊണ്ടിരിക്കുന്ന
തീവണ്ടിയുടെ
ഹർഷോന്മാദമായ ചൂളംവിളികൾ,
അകലെ,
ഊഷരമായൊരു ഹൃദയത്തിലേക്ക്
നിലയ്ക്കാത്ത നിലവിളിയായി 
പെയ്തിറങ്ങുകയാണ്...
കമ്പാർട്ടുമെന്റിലേക്കു കേറും മുമ്പു
കാലിടറി  വീണ
ജീവിക്കുന്നൊരു ശരീരത്തിന്റെ
മരിച്ച  ആത്മാവും
ചക്രങ്ങൾക്കും പാളത്തിന്നുമിടയിൽപ്പെട്ടു
ചതഞ്ഞരഞ്ഞ ശരീരത്തിന്റെ
സ്വതന്ത്രമായ ആത്മാവും
ഒരു ബിന്ദുവിൽ അലിഞ്ഞു ചേരുന്നു
അകലെ,
നേർത്തു നേർത്തു വരുന്ന
തീവണ്ടിയുടെ ചൂളംവിളികൾ
നേർത്തു നേർത്തു വരുന്ന
കാലത്തിന്റെ
ചിറകടിയൊച്ചകൾ തന്നെയാണ്...