കുങ്കുമസന്ധ്യകള്‍

Pagerank

2014, ജൂൺ 6, വെള്ളിയാഴ്‌ച

യമുനേ,ആരാണു നിന്നെ അശുദ്ധയാക്കിയത്?


യമുനേ...
യമുനോത്രിയുടെ മാനസപുത്രീ...
കളിക്കൂട്ടുകാരികളായ
ഋശിഗംഗ,ഹനുമാൻഗംഗ,ഉമ-
എന്നിവരോടൊത്തു ആനന്ദനൃത്തം ചവിട്ടി,
വൃന്ദാവനത്തിലെ
പ്രണയനിലാവുകളിലൂടെ
ഒഴുകുന്ന ഓടക്കുഴലിന്റെ
നാദമാധുരിയിലലിഞ്ഞു,
താജ്മഹലിന്റെ പ്രണയാതുര-
മനസ്സിനെ നെഞ്ചിലേറ്റി,
ഭക്തിയുടെ മഥുരാതിലകം ചാർത്തി,
നിഷ്കളങ്കമനസ്സുകളിലൂടെ
ഒഴുകുകയായിരുന്നു നീ


യമുനേ...
കിട്ടിയതെല്ലാം  മാറോടുചേർത്തു
സഹനത്തിന്റെ അമ്മമനസ്സുമായി
നന്മയുടെ മൃദുതൂവൽസ്പർഷമായി
അഭയാർത്ഥികളുടെ ആത്മാവുകളിലേക്ക്
ഒഴുകിയ  കുളിരായിരുന്നു നീ


യമുനേ ...
നിന്നിലേക്കൊഴുകിയെത്തിയ
ടോണ്സ്,ബെത്വ
എന്നിവരെ മാറോടടക്കിപ്പിടിക്കുമ്പോൾ,
അവരുടെ  സംസ്കൃതികൾ
നിന്റെ കരളേറ്റു വാങ്ങുമ്പോൾ
ഒരു സ്വപ്നമുണ്ടായിരുന്നില്ലേ?
ത്രിവേണിസംഗമത്തിൽ
നിന്നെ നീയാക്കുന്ന
ആ ധന്യ മുഹൂർത്തം !
പിന്നെ,സംസ്കൃതികളുടെ പറുദീസയായ
അനന്തസാഗരത്തിൽ ലയിക്കൽ...


യമുനേ...
കറുത്തുതുടുത്തു ഭീതിദമായി
പകയുടെ ഘോരാഗ്നി ഉള്ളിലൊളിപ്പിച്ചു
ശാന്തമെന്ന വ്യാജേന
ഈ ഒഴുക്ക് എങ്ങോട്ടാണ് ?


യമുനേ ...
ആരാണു  നിന്നെ അശുദ്ധയാക്കിയത് ?
ഹിംസയുടെ  കാടൻമനസ്സുമായി വന്ന
ചമ്പൽ നദിയാണോ?
ഇന്ദ്രപ്രസ്ഥത്തിൽ നിന്നും എറിയപ്പെടുന്ന
കുടിലമനസ്സുകളുടെ  വിസർജ്ജ്യങ്ങളാണോ?
അതോ,അഭിനവ കാളീയമർദ്ദനത്തിന്റെ
(നന്മയുടെ മേലുള്ള തിന്മയുടെ ആധിപത്യം)
വിഷലിപ്തമായ നീല ജലാശയമാണോ ഇത് ?


യമുനേ...
നിന്നെ നീയാക്കിയവരുടെ
അസ്തിത്വം നിഷേധിക്കുമ്പോൾ,
നിത്യനിതാന്ത ശൂന്യതയുടെ
മരുഭൂമിയിലേക്കാണ് നിന്റെ യാത്ര !
നഷ്ടപ്പെടുന്ന  അവയവങ്ങൾ
നിന്റെ അസ്തിത്വത്തെ
ചോദ്യം ചെയ്തു കൊണ്ടേയിരിക്കും...


യമുനേ ...
നന്മയുടെ സരസ്വതീനദി
വിസ്മൃതിയിലേക്കൊഴുകിയപോലെ,
നിന്റെ ഹൃദയരക്തത്തിലലിഞ്ഞു ചേർന്നവരും
അനന്തവിസ്മൃതിയിലേക്കൊഴുകുമ്പോൾ,
സായാഹ്നത്തിൽ
നിന്റെ ഓർമകളിൽ നിറയുക
കുറെ അശാന്ത ആത്മാക്കളുടെ
വിലാപം മാത്രമായിരിക്കും 

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...