പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള
വെളിച്ചപ്പെയ്ത്തുകൾ
*************************************************
കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്.
ഉയരങ്ങളിലേക്ക് കുതിക്കവേ
നിശ്ചലമായ പറവകള്‍പോലെ
കിനാചിതറുകളുടെ
വന്ധ്യമേഘത്തുണ്ടുകൾ
തീമഴയപ്പെയ്ത്തിനുള്ള
ഒരുക്കത്തിനിടയിൽ ആയിരുന്നിരിക്കണം
കൺകോണുകളിൽ അടിഞ്ഞുകൂടിയ
ശോണമേഘങ്ങൾ ചലനമറ്റു പോയത്
കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
കൊടുങ്കാറ്റിനോടു പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ
കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത
നൃത്തമുദ്രകൾ
ഏതോ അജ്ഞാതരാഗത്തിൻ
തുടക്കത്തിലായിരുന്നിരിക്കണം
ചുണ്ടുകൾ കോടി വിറങ്ങലിച്ചത്
പൂക്കൾ വിതറിയ മെത്തയിൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ
വേർപ്പെട്ടു കിടക്കുന്ന
പൂമ്പാറ്റച്ചിറകുകൾ പോലെ
കീറി പറിഞ്ഞ ഉടയാടകൾ
അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകളിൽ വർഷപാതങ്ങൾ
നിലവിളികളുടെ ഇടിമുഴക്കങ്ങൾ
നിസ്സഹായതയുടെ കടപുഴകിവീഴ്ചകൾ
ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
വരണ്ട കാറ്റിന്റെ എത്തിനോട്ടം
മണിയൻ ഈച്ചകളുടെ
വായ്ക്കുരവകൾ
വരച്ചു പൂർത്തിയാക്കാത്ത
ഒരു രാജ്യത്തിന്റെ
ഭൂപടം പോലെ
ചിതറികിടക്കുന്ന
ചെന്നിണപ്പാടുകളിൽ നിന്ന്,
കൊടുങ്കാറ്റുകൾ ഉള്ളിലൊളൊപ്പിച്ച
പുതുമുളകള്‍ കിളിര്‍ക്കുന്നു...
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ നിന്ന്
വെളിച്ചപ്പെയ്ത്താരവങ്ങൾ...
ചില കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു...
----------------------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്
ശുക്കൂര്‍ മമ്പാടിന്റെ 'സിന്ധൂര പ്പെയ്ത്തുകള്‍' ,,,,കാറ്റുണ്ട് ,നിലാതേങ്ങലുകലുണ്ട് ,,,,,ശീര്‍ഷകമടക്കം എല്ലാം കവിതയാണ് .....
മറുപടിഇല്ലാതാക്കൂ'പുഴുക്കു' കാറ്റി'നെപ്പറ്റി ഒരു നിമിഷം ചിന്തിച്ചു നോക്കൂ !!
സ്നേഹം ഇക്കാ
മറുപടിഇല്ലാതാക്കൂ