കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ജൂലൈ 22, ചൊവ്വാഴ്ച

ശരണാര്‍ത്ഥികളുടെ ആത്മാക്കൾ


സ്വേച്ഛയാ ഉണ്ടാകുന്നതല്ല വിശപ്പ്‌ 

വിശപ്പടക്കുന്നതൊരു പാപവുമല്ല 

എന്നിട്ടും, 'കള്ളത്തിപ്പൂച്ച 'യെന്നു മുദ്ര കുത്തി 

ആരോ  അതിനെ തല്ലിക്കൊന്നു  

അമ്മായീന്റെ വീട്ടുമുറ്റത്തു കൊണ്ടേയിട്ടു 


അമ്മായീന്റെ  തീറ്റേം  കുടീം 

കെടത്തോം  ഒറക്കോം  ഒക്കെ  ഒറ്റമുറിയിൽ .

സ്വാധീനമില്ലത്തൊരു കാൽ .

മറ്റേ കാലിലെ സർക്കസ്സായിരുന്നു 

അവർക്കു  ജീവിതം .

നിറങ്ങൾ തിരിച്ചറിയും മുമ്പേ 

അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .

കണ്ടവന്റെയൊക്കെ അടുക്കള നെരങ്ങീം 

എച്ചിലെടുത്തും  പുരുഷ ഗന്ധമറിയാതേം 

യൗവനം പെയ്തു തീർന്നു .

വൈകുന്നേരങ്ങളിൽ 

ലോകത്തെ പ്രതിക്കൂട്ടിലാക്കി 

വിചാരണ നടത്തും .

അപ്പോ അമ്മായീന്റെ മുറ്റം 

ഒരു കോടതി മുറിയാകും  


ആ വിചാരണകളുടെ 

ന്യായാനായങ്ങൾ അറിയുന്ന 

ഒരേ ഒരു ജീവി പൂച്ചയായിരുന്നു .

അമ്മായീന്റെ കണ്‍ചലനങ്ങൾ വരെ 

പൂച്ചയ്ക്കറിയാന്നു നാട്ടാര് .

സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ട 

ശരണാർത്ഥികളുടെ ആത്മാക്കൾ 


പൂച്ച ചത്തന്നു വൈകുന്നേരം 

അമ്മായി  മിണ്ടീല  .

രാത്രിയെപ്പോഴോ, 

കനൽവർഷങ്ങളിൽ വെന്തു പോയ 

തന്റെ ശരീരത്തെ ഉറക്കി കിടത്തി 

അവർ ഇറങ്ങി നടന്നു,

പൂച്ചയെത്തേടി ....



2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...