കുങ്കുമസന്ധ്യകള്‍

Pagerank

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

ചില അസത്യങ്ങളായ സത്യങ്ങൾ

മലമുകളിൽ നിന്നും താഴേക്ക്‌ നോക്കി
'ഇറക്കമെന്ന' സത്യത്തെക്കുറിച്ച്
ഘോരഘോരം പ്രസംഗിക്കുന്നുണ്ടൊരാൾ
അപ്പോൾ താഴെ നിന്നു
മലമുകളിലേക്ക് നോക്കി
'കയറ്റമെന്ന'സത്യത്തിനു
അടിവരയിടുകയായിരുന്നു മറ്റൊരാൾ
ഇതിനിടയിലൂടെ,ആരും കാണാതെ
ആപേക്ഷികതയുടെ മുണ്ടും തലയിലിട്ടു
ഒരു യഥാർത്ഥ സത്യം
നടന്നു പോകുന്നുണ്ടായിരുന്നു

പകലിന്റെ ചിതയിൽ നിന്നും
രാത്രി ഉയർത്തെഴുന്നേറ്റപ്പോൾ
ചില അശുഭനക്ഷത്രങ്ങൾ
ചിരിക്കുന്നുണ്ടായിരുന്നു;
അതേ രാത്രിയുടെ ചിതയിൽ നിന്നു
വീണ്ടും പകൽ
ഉയർത്തെഴുന്നേൽക്കുമെന്ന സത്യമറിയാതെ

തൊണൂറ്റി ഒമ്പത് ആളുകൾ ചേർന്നു
ഒരു അസത്യത്തെ സത്യമാക്കിയപ്പോൾ
എതിർത്ത ഒരു നിഷേധിയുടെ വായിലേക്ക്
നുണക്കൊട്ടാരത്തിലെ കിങ്കരന്മാർ
വിഷചഷകം നീട്ടുന്നുണ്ട്

ഭ്രാന്താശുപത്രിയിലെ
തടവറയിൽ നിന്നും മുഴങ്ങുന്ന
ഭ്രാന്തില്ലാത്ത ഭ്രാന്തന്റെ
അർത്ഥഗർഭമായ ചിരികളിൽ
പുറത്തുള്ള പല ഭ്രാന്തന്മാരുടെയും
ഉടുതുണികൾ അഴിഞ്ഞു വീഴുന്നുണ്ട്‌

ഇതാ ഒരാൾ....
കൂട്ടിക്കിഴിച്ചു ,മനനം ചെയ്തു
നഷ്ടലാഭങ്ങളുടെ തുലാസ്സിൽ
തൂക്കി നോക്കി മാത്രം
ചില കടിഞ്ഞൂൽ  സത്യങ്ങൾ
വിളിച്ചു പറയുന്നു ...
അതേ സമയം
തൊട്ടടുത്ത്‌ ആളി കത്തുന്ന
ഒരു വലിയ
സത്യത്തിന്റെ ചിതയിൽ
കൈ പൊള്ളാതിരിക്കാൻ
അയാൾ ആവതും ശ്രമിക്കുന്നുണ്ട്  ...

ഈ നീണ്ട രാത്രികൾക്ക്  അവസാനമില്ലേ ?
ഒരു അരുണോദയമുണ്ടാകില്ലേ ?
ആവോ ...
ചിലരൊക്കെ അങ്ങനെ പ്രതീക്ഷിക്കുന്നുണ്ട് ...
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...