കുങ്കുമസന്ധ്യകള്‍

Pagerank

2016, ജൂലൈ 31, ഞായറാഴ്‌ച

ലില്ലിപ്പൂക്കളെ സ്നേഹിച്ച പെൺകുട്ടി

4 pm ന്യൂസിന്റെ സസ്നേഹം ആഴ്ചപ്പതിപ്പിൽ വന്ന കഥ

പ്രവാസിക്കു മാത്രം മനസ്സിലാകുന്ന ആർദ്രവും,ശോകമൂകവുമായ താളമുണ്ട് രാത്രികൾക്ക് .
ജീവന്റെ പച്ച ഞരമ്പുകളിലൂടെ ഇഴയുന്ന പുഴുക്കു നീറ്റലുകൾ കടന്നു വരാറുള്ള ചില രാത്രികളിൽ വിളിപാടകലെ നിന്ന് കൊഞ്ഞനം കുത്താറുണ്ട് ഉറക്കം.
എത്തും പിടിയുമില്ലാത്ത ചിന്തകളുടെ ഏകാന്ത തുരുത്തുകളിലൂടെ തനിയെ നടന്നപ്പോൾ സമയബോധം തട്ടിയുണർത്തി .
രാത്രി രണ്ടു മണി .
ഇനിയും ഉറങ്ങിയില്ലെങ്കിൽ ....രാവിലെ ആറു മണിയ്ക്ക് എഴുന്നേൽക്കാനുള്ളതാണ്.
പുറത്തു നിഗൂഢവൃത്താന്തവുമായി ഒരു പൊടിക്കാറ്റ് അലഞ്ഞു നടപ്പുണ്ട് ..
ബ്ലാങ്കെറ്റു കൊണ്ട് മൂടി,മെല്ലെ കണ്ണടച്ചു ,ഉറക്കത്തെ മാത്രം ധ്യാനിച്ച്‌ കിടന്നപ്പോൾ മൊബൈൽ റിംഗ് ചെയ്യുന്നു ..
കിടന്നു കൊണ്ട് തന്നെ ഞാൻ മൊബൈൽ എടുത്തു .
'ഹലോ ,ആരാണ്' ?
'ഞാനാണ്, മിലാന '
ഈ രാത്രിയിൽ മിലാന എന്തിനു വിളിക്കുന്നു .ഇവൾക്കും ഉറക്കമില്ലേ..!എനിക്കു ജിജ്ഞാസയായി .
'എന്താണ് മിലാന കാര്യം ?'
'നാളെ....നാളെ ഞാൻ ഈ ഭൂമിയിൽ ഉണ്ടാകില്ല ! '
പതറിയ ശബ്ദത്തോടെ മൊബൈൽ നിലയ്ക്കുന്നു .
അതിന്റെ ഒരായിരം പ്രതിദ്ധ്വനികൾ എന്റെ കൊച്ചു മുറിയിൽ അലയടിക്കുന്നു.
ഞാൻ തരിച്ചിരുന്നു .ആദ്യമായിട്ടാണ് അവളിൽ നിന്ന് ഇങ്ങനെ .ഇവൾക്കു ഇതെന്തു പറ്റി ?
മരുഭൂമിയിലെ ആദ്യ നാളുകള്‍.
വിഷാദവും വിരസതയും നിഴല്‍ വിരിച്ച ദിനരാത്രങ്ങള്‍ .അതായിരുന്നല്ലോ എന്നെ ചാറ്റ് ലോകത്തേക്ക് എത്തിച്ചതും ,ഇംഗ്ലീഷ് ചാറ്റ് റൂമില്‍ വെച്ച് അവളെ കണ്ടു മുട്ടാന്‍ ഇടയാക്കിയതും .പതിയെ വളർന്നു വന്ന ഒരു സൌഹൃദം എത്ര പെട്ടന്നാണ് വേരോടിയതും ,സൌഹൃദത്തിന്റെ അദൃശ്യ നൂലുകളാല്‍ ആത്മാക്കള്‍ ബന്ധനത്തിലായതും ..
പിണക്കമെന്ന ആയുധം കാട്ടി എന്റെ ഫോണ് നമ്പറും ,ഇ മെയില്‍ അഡ്രസ്സും ഫോട്ടോയും അവൾ കൈക്കലാക്കി . അത്ര വിശ്വാസമായിരുന്നല്ലോ അവളെ .
ഫോണ്‍ വിളികള്‍ ,ഇ മെയില്‍ സന്ദേശങ്ങള്‍-വിലക്കിയിരുന്നു ഞാന്‍ പലപ്പോഴും .ലിത്വാനിയയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍.നീണ്ട മൊബൈല്‍ സന്ദേശങ്ങള്‍ .അവൾക്കു നഷ്ടപ്പെട്ടുക്കൊണ്ടിരുന്ന യൂറോയുടെ കണക്കുകള്‍ ഞാന്‍ അടിക്കടി ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.അപ്പോഴൊക്കെ അവൾ പറയുമായിരുന്നു : ‘ ഉപയോഗിക്കുമ്പോള്‍ മൂല്യമുണ്ടാകുന്ന ഒരു വസ്തു മാത്രമാണ് കാശെന്നും, അല്ലെങ്കില്‍ അതിന്റെ മൂല്യം വെറും പൂജ്യമാണെന്നും ‘ .നാളെകളെക്കുറിച്ചുള്ള ചിന്തകളല്ല;കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചായിരുന്നു അവളുടെ വേവലാതി മുഴുവന്‍ .ആയുസ്സില്‍ നിന്നും തുള്ളിത്തെറിച്ചുക്കൊണ്ടിരിക്കുന്ന നിമിഷങ്ങള്‍..അന്യമാകുന്ന നിമിഷങ്ങളെ സ്നേഹിച്ചവള്‍ ...
ലില്ലി താഴ് വാരങ്ങളിലൂടെ വട്ടമിട്ടു പറന്നുക്കൊണ്ടിരുന്ന ഒരു പൂമ്പാറ്റയായിരുന്നു അവൾ .പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക.പപ്പയുടേയും മമ്മിയുടേയും ഒരേയൊരു മോള്‍ .മഞ്ഞുമലകളെ ഇഷ്ടപ്പെട്ടിരുന്ന..ലില്ലിപ്പൂക്കളെ ഇഷ്ടപ്പെട്ടിരുന്ന..പൂമ്പാറ്റകളെ ഇഷ്ടപ്പെട്ടിരുന്ന ...കവിത ഇഷ്ടപ്പെട്ടിരുന്ന ... വിശേഷണങ്ങൾ ഏറെ .
ഓർമ്മകളുടെ ശാദ്വല തീരങ്ങളെ നിത്യശ്യാമളമാക്കുന്ന സൌഹൃദപ്പൊൻപ്പൂക്കൾ ആവോളം വിരിയിച്ചെടുത്തു ഞങ്ങൾ .
ദേശഭാഷകൾക്കതീതമായി,ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേയ്ക്ക് പടർന്ന ഈ ദിവ്യവികാരത്തിന്റെ തിരുശേഷിപ്പുകൾ മായ്ക്കുവാൻ കാലമേറെ കഷ്ടപ്പെടാതിരിക്കില്ല !
എല്ലാം പറഞ്ഞിരുന്നു അവൾ .പപ്പ റഷ്യന്‍ പട്ടാളത്തിലായിരുന്നപ്പോള്‍ മമ്മിയെ കണ്ടു മുട്ടിയതും, പ്രണയത്തിലായതും, വിവാഹം കഴിച്ചതുമൊക്കെ .അന്ന്, റഷ്യയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ലിത്വാനിയ-കുട്ടിയായ മിലാന റഷ്യയില്‍ ആയിരുന്നു വളർന്നത് . ഉക്രെയിന്‍-ബലാറസ് അതിർത്തിയിലെ ചെർണോബിൽ ആണവ റിയാക്ടര്‍ ചോർന്നപ്പോൾ ,വളരെയേറെ കിലോമീറ്ററുകൾക്കപ്പുറം വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മിലാന ബോധരഹിതയായിത്തീരുകയും , ദിവസങ്ങളോളം ആശുപത്രിയിലെ തീവ്രപരിരക്ഷാ വിഭാഗത്തില്‍ മരണത്തോട് മല്ലടിച്ചുക്കൊണ്ട് കിടക്കുകയും ചെയ്തു .
ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ വെറും ഇരുപതു ശതമാനമായിരുന്നു .പപ്പയുടെയും മമ്മിയുടെയും കരളുരുകിയുള്ള പ്രാർത്ഥനയാകണം അവൾ തിരിച്ചു വരിക തന്നെ ചെയ്തു .
പപ്പ റഷ്യൻ പട്ടാളത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍ ,പപ്പയുടെ നാടായ ലിത്വാനിയയിലേക്ക് താമസം മാറ്റി .1991 ഏപ്രില്‍ 4 നു ലിത്വാനിയ സ്വതന്ത്ര റിപബ്ലിക് ആയി .
ഒരിക്കല്‍, താങ്ങാനാകാത്ത ഒരു വലിയ ചുമട് തലയില്‍ വെച്ച് തന്നു അവൾ .അതിന്റെ ഭാരം താങ്ങാനാകാതെ പതറി പോയി ഞാൻ . ഒരു രഹസ്യവും ബാക്കി വെക്കുന്നില്ലെന്ന മുഖവുരയോടെയായിരുന്നു അവൾ ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിച്ചത് .മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു ! വർഷങ്ങളായി ശരീരം കാർന്നു തിന്നുക്കൊണ്ടിരിക്കുന്ന ലൂക്കേമിയ .ആശുപത്രികള്‍ ...മരുന്നുകള്‍...ടെസ്റ്റുകള്‍ ...രക്തം ഇടയ്ക്കിടെ മാറ്റണം .
ദൈവമേ,ഞാനെന്താണ് കേട്ടത് !.ഒരു പൂത്തുമ്പിയായി ലില്ലി താഴ് വാരങ്ങളിലൂടെ പാറി പറക്കാന്‍ കൊതിച്ച ,കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ച മിലാന മരിച്ചുക്കൊണ്ടിരിക്കുന്നു .അസ്തപ്രജ്ഞനായി ഞാന്‍ .ഉറങ്ങാത്ത രാത്രികള്‍ .ഉണർവിൽ അനുഭവിക്കുന്ന തീവ്രവേദനകൾ .വയ്യ ...താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വെളിപ്പെടുത്തൽ .
ഇപ്പോഴിതാ ജീവിതം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു ഫോണ്‍ ചെയ്തിരിക്കുന്നു .
ഞാൻ അവളുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു .
മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു !
നിശ്ചലം ..സകലതും നിശ്ചലമായതു പോലെ .
ഞാൻ പുറത്തിറങ്ങി .വിജനമായ തെരുവ്.
മിലാനാ..നീയില്ലാത്ത ഭൂമിയാണോ ഈ കറങ്ങി കൊണ്ടിരിക്കുന്നത് ..
നീയില്ലാത്തൊരു പ്രഭാതത്തിലേയ്ക്കാണോ രാത്രി നടന്നു നീങ്ങുന്നത് ...
ഈ രാത്രിയില്‍
ആകാശപ്പരപ്പില്‍ കാണുന്ന ഏകാന്ത നക്ഷത്രം അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമാണ് .
കാറ്റു കൊണ്ടു വരുന്ന പൂക്കളുടെ ഗന്ധം ലില്ലിപ്പൂക്കളുടേതാണെന്നു ഞാന്‍ തിരിച്ചറിയുന്നു...
********************************************
കെ ടി എ ഷുക്കൂർ മമ്പാട്

4 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...