കുങ്കുമസന്ധ്യകള്‍

Pagerank

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ഇനിയും അസ്തമിച്ചിട്ടില്ലാത്ത പ്രത്യാശകള്‍

മുഹബ്ബത്തിന്റെ
മൊഞ്ചുള്ള ഇസല്‍പ്പൂക്കള്‍ വിരിയിച്ച്,
ആര്‍ദ്രനോട്ടങ്ങള്‍ കൊണ്ട്
ഇരുമ്പിനെ  കരിമ്പാക്കുന്ന
ഇന്റെ താരുണ്യത്തേയും
കാറ്റും കാറ്റാടിയും തിരിച്ചറിയാത്ത
ഓന്റെ കുഞ്ഞു പ്രായത്തേം തനിച്ചാക്കി
വേറെ  സൊഖം തേടി പോയി
ഓന്റെ ബാപ്പ


അന്നന്നെ
മോഹങ്ങളെ കബറടക്കി
കള്ളിച്ചെടി പോലും നാട്ടാതെ
കാലച്ചുഴീലേയ്ക്ക് എടുത്തു ചാടി

കുഞ്ഞീദ് ഹാജീന്റെ
അടുക്കളേലും പറമ്പേലും
ജന്മം എരിച്ചു തീർത്തത്
ഓന്റെ പഠിപ്പിനും പത്രാസിനും വേണ്ടി

വറുതീന്റെ വേനൽനിശ്വാസങ്ങളിൽ
കിനാവിന്റെ വെറക് കത്തിച്ചു
കണ്ണീരുപ്പു ചേർത്തു
ചക്കരപ്പായാസം ഇണ്ടാക്കി
ഓനെ കുടിപ്പിച്ചു
മാറി നിന്നു കരഞ്ഞത്
ഓൻ കണ്ടിട്ടുണ്ടാവില്ല

ഒരു പെണ്‍ജന്മമാണ്
ഓനു വേണ്ടി
പെയ്തു തീർന്നത് ...

...ന്നാലും
ഈ വൃദ്ധസദനത്തിന്റെ
നാലു ചുവരുകൾക്കുള്ളിൽ
ശ്വാസം മുട്ടി പിടയുമ്പോൾ
തിമിരക്കണ്ണുകളില്‍
പ്രത്യാശയുടെ  ചെറുനാളം-
ഇന്നോ നാളെയോ
ഓൻ വരായിരിക്കും
ഈ ഉമ്മാനേം കൂട്ടി കൊണ്ടോവാൻ ..


4 അഭിപ്രായങ്ങൾ:

 1. പ്രതീക്ഷകളാണ് ജീവിതത്തെ നയിക്കുന്നത് .. നന്നായി ..!

  മറുപടിഇല്ലാതാക്കൂ
 2. ജീവിതം മകന്‍റെ ഭാവിക്കുവേണ്ടി ഹോമിച്ച ഉമ്മയുടെ കാത്തിരിപ്പ് കാണുമ്പോള്‍ വേദന തോന്നുന്നു..
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. വായനയ്ക്കും അഭിപ്രായത്തിനും നന്ദി സാര്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...