കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

പൈങ്കിളിപ്പെണ്ണ് കരയുകയാണ്

ബോധോദയങ്ങള്‍ തന്‍ ബോധിവൃക്ഷങ്ങളേ
ബൗദ്ധിക വിത്തുകളന്യമായോ ?
സംസ്കാര സമ്പന്ന സൗവര്‍ണ്ണ മുദ്ര തൻ 
സംഹാരമൊക്കെ കഴിഞ്ഞുവെന്നോ ?

ആര്‍ഷസംസ്കാര മഹിമകളെമ്പാടും
കേട്ടു തഴമ്പിച്ച കാതുകളില്‍
ആസുര താണ്ഡവ ഹുങ്കാരം കേട്ടിന്നു 
പൊട്ടി വൃണമായി തീര്‍ന്നുവല്ലോ !

കാതരയാമൊരു പക്ഷിതന്‍ ഗദ്ഗദം
കേള്‍ക്കുവാനാകാത്ത കാതുകളേ ...
വേടന്റെ ശൗര്യമോടമ്പെയ്തു വീഴ്ത്തുന്നു
പൈങ്കിളിപ്പെണ്ണിനെ,യെന്തു കഷ്ടം !

ഭോഗാലസ്യത്തിലങ്ങാണ്ടു കിടക്കുന്നു
ആർത്തി പിടിച്ചൊരു കാട്ടുമൃഗം
അമ്മയും പെങ്ങളും തനുജയും പത്നിയും
കാമശമനത്തിനായുള്ള യന്ത്രങ്ങള്‍

ചിറകിലൊളിപ്പിച്ചൊരിത്തിരി ചൂടേകി
പോറ്റേണ്ട പൈതലിന്‍ കുഞ്ഞിളം മേനിയെ
ആര്‍ത്തിയാല്‍ ഭക്ഷിക്കാനാഞ്ഞിടും താതന്‍,നീ
മാനവരാശിക്കു ശാപമല്ലേ !

അജ്ഞാനകാലത്തെയന്ധകാരം മണ്ണിൽ
വീണ്ടും പുനര്‍ജ്ജനി നേടുന്നുവോ ?
അജ്ഞാനാന്ധകാര ഘോരവനങ്ങളില്‍
വീണ്ടും തെളിയുമോ നേർവെളിച്ചം ?

പാഴ്കള തിങ്ങി നിറഞ്ഞൊരു മണ്ണിതി-
ലെങ്ങിനുയർന്നിടും ശാന്തിമന്ത്രം ?
പാഴ്കളയെല്ലാം പിഴുതു മാറ്റീടുവാൻ
ഒട്ടും മടിക്കല്ലെൻ സോദരരേ...

3 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...