കുങ്കുമസന്ധ്യകള്‍

Pagerank

2013, മേയ് 4, ശനിയാഴ്‌ച

കറുത്ത തോണിക്കാരൻ

കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....

കാലരഥങ്ങളങ്ങോടി മറഞ്ഞു പോയ്‌
ഒരു കൊച്ചസുപ്തിയിലെന്ന പോലെ !
തിരികെ ലഭിക്കാത്തൊരോർമ്മകൾ മാത്രമായ്
പിന്നിൽ മറഞ്ഞുവായിന്നലെകൾ...
ഇന്നിന്റെ കാഴ്ചകൾ കരിമുകിൽമാലകൾ
കനവുകളെല്ലാം കരിന്തിരികൾ ...
ഞെട്ടിയുണർന്നു കനവുകളിൽ നിന്നും
വന്നൊരദ്ദിക്കിൽത്തിരിച്ചേ പറ്റൂ !


സ്നേഹത്തിൻ വേരുകളാഴ്ന്നിറങ്ങിയെന്റെ
പ്രാണനിൽ കാഞ്ചനകാന്തി പരത്തുന്നു
പിഴുതുമാറ്റീടുമ്പോൾ രക്തം കിനിയുന്നു
ചേതസ്സിന്നങ്കണം  ശോണിതമാകുന്നു
ആയിരമായിരം പൂക്കളൊരുക്കിക്കൊ-
ണ്ടാമലർവാടികൾ മാടി വിളിക്കുന്നു !
ആനന്ദമാമോദം ചിത്രപതംഗങ്ങൾ,
പക്ഷികളുംച്ചേർന്ന് നർത്തനമാടുന്നു ...


ആകാശപ്പൂമരക്കൊമ്പിൽ വിരിഞ്ഞുള്ള
താരകപ്പൂക്കളിൽ കൌതുകം പൂണ്ടു പോയ്‌..
അനരാഗ മലരുകളകതാരിലർപ്പിച്ചു
മഞ്ജുളചന്ദ്രിക മന്ദഹസിക്കുന്നു ...
നിഴലുംനിലാവും വരച്ചിട്ടചിത്രങ്ങൾ ...
സ്പന്ദിക്കുന്നെനുടെ ആത്മാവിൻ ഹർഷങ്ങൾ ...
വരവർണ്ണശോഭ പരത്തുന്നുദയങ്ങൾ
കുങ്കുമസന്ധ്യകൾ സ്വപ്നസമാനങ്ങൾ...


ഐഹികജീവിത നാടകവേദിയിൽ
അസ്ഥാനത്തെത്തിയ കോമാളി ഞാൻ !
നല്ല നടൻമാർ തിളങ്ങിയവേദിയിൽ
കാണികൾ കൂവിയ  കോമാളി ഞാൻ !
എങ്കിലുമിത്തിരിനേരമരങ്ങിൽ ഞാൻ ...
എന്തൊരനുഭൂതിനിർവൃതികൾ
തിരശ്ശീലപ്പിന്നിൽക്കരഞ്ഞുതളർന്നോരെൻ
കണ്ണുകൾ മറ്റാരും കണ്ടിട്ടില്ല ...


എങ്കിലും തിരികെ ഞാനെങ്ങിനെ പോയിടും ?
ഒട്ടിപ്പോയദൃശ്യമേതോ പശയിൽ ഞാൻ !
വാഗ്ദാനം പാലിക്കാനായില്ലയൊട്ടുമേ
തേടിവരുന്നുണ്ടാവഞ്ചിക്കാരൻ !
കണ്ടതെല്ലാം വെറുംമായികസ്വപ്‌നങ്ങൾ !
ഉണരട്ടെ ഞാനിനി നിദ്രയിൽ നിന്നുമായി ...
ഇന്ദ്രജാലം കാട്ടും ഹ്രസ്വസ്വപ്നങ്ങളേ
പോകട്ടെ ,ഞാനെന്റെ ജന്മഗേഹം തേടി ...!


കാത്തുകാത്തെന്നെക്കടവിലിരിപ്പുണ്ട്
ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
'പെട്ടെന്ന് കാഴ്ചകൾകണ്ടു മടങ്ങണം'
എന്നരുൾച്ചെയ്തുവത്തോണിക്കാരൻ
വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
തേടിവരും മുമ്പങ്ങോടിയെത്താം ....

3 അഭിപ്രായങ്ങൾ:

 1. കാത്തു കാത്തെന്നെ കടവിലിരിപ്പുണ്ട്
  ചെഞ്ചോരക്കണ്ണുള്ളോരക്ഷമൻ,കാർവർണ്ണൻ !
  പെട്ടെന്ന് കാഴ്ചകൾ കണ്ടു മടങ്ങണം
  എന്നരുൾ ചെയ്തു ആ തോണിക്കാരൻ...
  വൈകിപ്പോയ് വൈകിപ്പോയെല്ലാം മറന്നു ഞാൻ
  തേടി വരും മുമ്പങ്ങോടിയെത്താം ....
  classic pole....nalloru kavitha....nalla oru bhaavi nerunnu bhai..

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...