കുങ്കുമസന്ധ്യകള്‍

Pagerank

2013, മേയ് 29, ബുധനാഴ്‌ച

അശ്രുപൂജ

പൂനിലാ പുഞ്ചിരി മാഞ്ഞൊരു രാത്രിയിൽ
താമരപ്പൊയ്ക മയങ്ങുന്ന രാത്രിയിൽ
ശീതക്കാറ്റെങ്ങുമലയുന്ന രാത്രിയിൽ

എന്നുടെ നിദ്രയെ ഭംഗിച്ചു കൊണ്ടൊരു
കുഞ്ഞിളം പൈതലിൻ കുഞ്ഞിളം തൊണ്ടയിൽ
നിന്നു,മുതിരുന്ന രോദനം വന്നെത്തി !


മന്മനമാകെയശാന്തി വിതറിയോ-
രാരോദനം വന്ന വഴി തേടിയെത്തവേ
അമ്മ തൻ നിശ്വാസ ചൂടിൽ മയങ്ങേണ്ട

പിഞ്ചിളം കുഞ്ഞൊന്നഴുക്കുചാലിൽ കാണ്മൂ !
ചോരയും ചെളിയും പുരണ്ടൊരാ മേനിയിൽ
നൃത്തമാടീടുന്നുറുംമ്പുകളെമ്പാടും ...

 
എന്തെന്തു പാപം, നീ,ചെയ്തു പൂമ്പൈതലേ ?
ഏതു ശിലകളാൽ നിർമ്മിത ഹൃദയനും
അലിവു ചുരത്തിടുമീക്കാഴ്ച നിശ്ചയം !

ജീവന്റെ വിത്തേകി മാഞ്ഞൊരാ അച്ഛനും
അത് നൊന്തു താങ്ങി നടന്നൊരാ അമ്മയും
മേവുന്നു മാന്യരായാമോദത്താൽ ...!


പ്രഹർഷം തേടിയ ശുഭയാത്രയിൽ
അശുഭമായ്‌ വന്നൊരു പഞ്ചാത്മകം !
ഒരു നറും സ്വപ്നവുമായ് വന്ന കുഞ്ഞിനെ

കാലമെതിരേറ്റഴുക്കുചാലിൽ ...
പണിയട്ടെ സമ്പന്ന സംസ്കാര മുദ്രകൾ
തെളിയട്ടെയിങ്ങിനെ സംസ്ക്രിതികൾ !


നിശ്ചേഷ്‌ടൻ,ഈ എന്നെ ദൃഷ്ടനാക്കി
പൈതലിൻ ജീവൻ പറന്നു പോയി !
സംവത്സരങ്ങൾ കൊഴിഞ്ഞു പോയെങ്കിലും

മനസ്സിലൊരു കുഞ്ഞിൻ തേങ്ങൽ കേൾപ്പൂ..!
തപിക്കും മനസ്സാലൊരശ്രുപൂജ
ബാഷ്പാംബു മഷിയാക്കി ഈ വരികൾ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...