കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഭൂതകാലത്തിലേയ്ക്കു തുറക്കുന്ന വാതിലുകള്‍

എന്റെ ശേഖരത്തിൽ
ചിലതിനു വില പറയുന്നു
ആക്രിക്കച്ചവടക്കാര്‍

അവര്‍ക്കറിയില്ലല്ലോ
തിട്ടപ്പെടുത്താനാകാത്ത
അതിന്റെ മൂല്യം !

ഭൂതകാലത്തിലേയ്ക്കു തുറക്കുന്ന
വാതിലുകളുടെ
താക്കോലുകളാണവ

കവിളിലൂടെ കണ്ണീരൊഴുകുന്ന
സ്ത്രീയുടെ ലോഹപ്രതിമ
എന്നെ അമ്മയുടെ മടിത്തട്ടിലെത്തിക്കുന്നു

ക്ലാവു പിടിച്ച വെറ്റിലച്ചെല്ലം
കഥകളുടെ ഭണ്ഡാരം സൂക്ഷിപ്പുകാരി
മുത്തശ്ശിയുടെ അരികിലെത്തിക്കുന്നു

ഇരുമ്പു വട്ടുരുട്ടി ഞാന്‍ പോകുന്നു
ബാല്യത്തിന്റെ
നിഷ്കളങ്ക ഊടുവഴികളിലേയ്ക്ക്

പൊട്ട സ്ളേറ്റെന്റെ കൈ പിടിച്ചോടുന്നു
ഉപ്പുമാവെന്ന അറിവു ജഠരാഗ്നിയെ സാന്ത്വനിപ്പിച്ച
കലാലയ മുറ്റത്തേയ്ക്ക്

വര്‍ണ്ണ വളപ്പൊട്ടുകള്‍
മണിയറയിലേയ്ക്ക്
ഒപ്പനത്താളത്തില്‍ എതിരേല്‍ക്കുന്നു

നാളെ
എന്റെ മക്കള്‍ക്ക്‌ എന്നിലേക്കെത്താന്‍
എന്തവശേഷിപ്പിക്കണം ?

അക്ഷര ശോഭ കൊണ്ടൊരു
മഞ്ജുള ഹാരം
പണിയാന്‍ കഴിഞ്ഞെങ്കില്‍..!

2 അഭിപ്രായങ്ങൾ:

  1. കവിത മനോഹരമായിരിക്കുന്നു.
    ഉള്ളില്‍ത്തട്ടുന്ന വരികള്‍
    ഇന്ന് സ്വന്തം സുഖംമാത്രം നോക്കുന്നവര്‍ക്കെവിടെ ഇതൊക്കെ ചിന്തിക്കാന്‍ സമയം?!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...