കുങ്കുമസന്ധ്യകള്‍

Pagerank

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

വെള്ളിനക്ഷത്രത്തേയും കാത്ത്


'ബവേറിയ'യിൽ വേരോടിപ്പടർന്ന
പോടുവൃക്ഷത്തിൽ വിരിഞ്ഞതു
വംശീയതയുടെ ചുടുകാട്ടുമുല്ലകളായിരുന്നു


'വംശശുദ്ധിയും ഐക്യവും'ഉന്മത്തരാക്കിയ
ആത്മബോധശൂന്യരുടെ ഹൃദയങ്ങളിലെ
നീലരക്തമൂറ്റിയായിരുന്നു അതിന്റെ വളർച്ച


സ്വേച്ഛാധിപത്യഭീകരതകൾ മയങ്ങിക്കിടന്നതു
ദേശസ്നേഹ മുദ്രാവാക്യങ്ങളുടെ
പുറന്തോടിനുള്ളിലായിരുന്നു


'ഹോളോകോസ്റ്റ് 'നിർമ്മിച്ച
വേരറുക്കൽപ്രത്യയശാസ്ത്രത്തിന്നു കിട്ടയത്
'ന്യൂറംബർഗ്'വിചാരണകൾ മാത്രം..!


ഈ  ആഗോളഗ്രാമവീഥിയിൽ
വംശവിച്ഛേദപ്രത്യയശാസ്ത്രങ്ങളുടെ കൊലവിളികൾ
നമ്മുടെ കണ്ഠനാഡിക്കും അടുത്താണ്


ആത്മബോധശൂന്യർ പെറ്റുപെരുകുന്ന ഇക്കാലത്തു
'ന്യൂറംബർഗ്' വിചാരണകൾപോലുമില്ലാത്ത
'ഹോളോകോസ്റ്റുകളും'പെരുകിക്കൊണ്ടിരിക്കും


ശവങ്ങളും പച്ചച്ചോരയും മണക്കുന്ന
അന്യതാബോധത്തിന്റെ ഈ ഇരുൾവഴികളിൽ
ഇനിയെന്നാണൊരു വെള്ളി നക്ഷത്രം ഉദിക്കുന്നത്?

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...