കുങ്കുമസന്ധ്യകള്‍

Pagerank

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

എന്റെ കുഞ്ഞനുജത്തിക്കായ് ...


ചാറ്റൽമഴയുളളൊരു കുളിർസന്ധ്യയിൽ
ശാന്തിനിറഞ്ഞൊരു പള്ളിപ്പറമ്പിലെ
തപ്തഹൃദയരാം മീസാൻകല്ലുകൾ
പ്രാർത്ഥനയാൽ കൈകൾനീട്ടീടുന്നു

കുറ്റിച്ചെടികൾ വകഞ്ഞുമാറ്റിക്കൊണ്ടൊ-
രുകൊച്ചു മണ്‍കൂനക്കരികെ ഞാൻ ചെന്നെത്തി
വിപ്രവാസം വിട്ടെൻ ജന്മഗേഹംത്തേടി
അണയുമ്പോളൊക്കെയും തേടുമിക്കല്ലറ


പള്ളിക്കൂടംവിട്ടിട്ടന്നു തിരിക്കുമ്പോൾ
തോട്ടിൻകരയിലെ ഞാവൽമരംക്കേറി
ഞാൻശേഖരിച്ചോരാ ഞാവൽപ്പഴങ്ങളെ
വാങ്ങാതെ വന്നു കിടക്കുന്നിക്കബറിൽ നീ


വെള്ളത്തുണിയിൽ പൊതിഞ്ഞനിൻദേഹത്തിന-
ര്‍ത്ഥമറിഞ്ഞീല ബാലാനാം ഞാനന്ന്
ഇന്നറിയുന്നു, നീ വിട്ടേച്ചുപോയതു
അന്തമില്ലാത്തൊരു ശൂന്യതമാത്രമാം !

തൊട്ടടുത്തുളളൊരു കള്ളിച്ചെടിയുടെ
കൊമ്പിലൊരു  കുഞ്ഞുകാറ്റിൻചെറുചിരി
അറിയാമതു നിന്റെയോമൽചിരിയെന്നു
സംവദിക്കാൻ മറ്റുമാർഗ്ഗമില്ലല്ലോ,ഹാ !


വർഷങ്ങൾതന്നുടെ മലവെള്ളപ്പാച്ചിലിൽ
കുഞ്ഞനുയത്തീ  നീയെന്നെ മറന്നുവോ?
ഇല്ല,കഴിയില്ലൊരിക്കലുമീസ്നേഹ -
പാശം മുറിക്കുവാനാർക്കുമൊരുനാളും


അല്ലലാണെങ്കിലുമുള്ളതിൽമോദത്താൽ
ജീവിതംപൂത്തൊരാ ബാല്യംമറക്കുമോ?
പൊടുവണ്ണിക്കൊമ്പിൽ ഞാൻകെട്ടിയ ഊഞ്ഞാലിൽ
ആടിക്കൊതിയൊട്ടും തീരാതെപോയി നീ


ഓർമ്മയിൽവാടാതെ നിൽക്കുന്ന പൂവു നീ
കാലത്തിന്നാകില്ലൊരിക്കലും മായ്ക്കുവാൻ
ഓർമ്മയിൽനിന്നും നീയെന്നുമായുന്നുവോ
നിശ്ചയം,അന്നുനീയെന്നിൽ മരിച്ചീടും


ഇത്തിരിക്കണ്ണീരിന്നുപ്പുനിറക്കട്ടേ
ഇപ്പുണ്യഗ്ഗേഹത്തിൻ മേല്‍ക്കൂരയില്‍
കത്തുന്ന ശിരസ്സിലലയുന്ന ചിന്തയിൽ
മൗനമായ്ത്തേങ്ങുമെന്‍  പ്രാര്‍ത്ഥനകള്‍

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...