കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2019 ഒക്‌ടോബർ 23, ബുധനാഴ്‌ച

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ









 പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള
വെളിച്ചപ്പെയ്ത്തുകൾ
*************************************************

കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്.
ഉയരങ്ങളിലേക്ക് കുതിക്കവേ
നിശ്ചലമായ പറവകള്‍പോലെ
കിനാചിതറുകളുടെ
വന്ധ്യമേഘത്തുണ്ടുകൾ

തീമഴയപ്പെയ്ത്തിനുള്ള  
ഒരുക്കത്തിനിടയിൽ ആയിരുന്നിരിക്കണം
കൺകോണുകളിൽ അടിഞ്ഞുകൂടിയ
ശോണമേഘങ്ങൾ ചലനമറ്റു പോയത്  

കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
കൊടുങ്കാറ്റിനോടു  പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ

കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത
നൃത്തമുദ്രകൾ

ഏതോ അജ്ഞാതരാഗത്തിൻ
തുടക്കത്തിലായിരുന്നിരിക്കണം
ചുണ്ടുകൾ കോടി വിറങ്ങലിച്ചത്

പൂക്കൾ വിതറിയ മെത്തയിൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ

വേർപ്പെട്ടു കിടക്കുന്ന 
പൂമ്പാറ്റച്ചിറകുകൾ പോലെ 
കീറി പറിഞ്ഞ ഉടയാടകൾ 

അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകളിൽ വർഷപാതങ്ങൾ
നിലവിളികളുടെ ഇടിമുഴക്കങ്ങൾ
നിസ്സഹായതയുടെ കടപുഴകിവീഴ്ചകൾ

ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
വരണ്ട കാറ്റിന്റെ എത്തിനോട്ടം
മണിയൻ ഈച്ചകളുടെ
വായ്ക്കുരവകൾ

വരച്ചു പൂർത്തിയാക്കാത്ത
ഒരു രാജ്യത്തിന്റെ
ഭൂപടം പോലെ
ചിതറികിടക്കുന്ന
ചെന്നിണപ്പാടുകളിൽ നിന്ന്,
കൊടുങ്കാറ്റുകൾ ഉള്ളിലൊളൊപ്പിച്ച
പുതുമുളകള്‍ കിളിര്‍ക്കുന്നു...
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ നിന്ന്
വെളിച്ചപ്പെയ്ത്താരവങ്ങൾ...
ചില  കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു...
----------------------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്



2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

സ്വപ്നങ്ങളുടെ രൂപാന്തരണം

'ആയിരം പ്രണയകവിതക'ളുടെ സമാഹാരത്തിൽ നിന്ന്  

അച്ഛൻ

മാധ്യമം


 അച്ഛൻ


നടന്ന വഴികളിലെല്ലാം
മുള്ളുകളായിരുന്നിട്ടു കൂടി
ചെരുപ്പിടാറില്ലായിരുന്നു അച്ഛൻ

വഴി അവസാനിച്ചെന്ന്
തോന്നിയിടത്തു നിന്ന്
പുതുവഴി വെട്ടി മുന്നോട്ടു നടന്നതല്ലാതെ
പിന്തിരിഞ്ഞിട്ടില്ല അച്ഛൻ

ഒലിച്ചിറങ്ങുന്ന വിയർപ്പിനെ
അപ്പമാക്കി മാറ്റുന്ന മാന്ത്രികവിദ്യ
അച്ഛനു വശമുണ്ടായിരുന്നതു കൊണ്ട്
വെയിലും നിലാവും എത്തി നോക്കുന്ന
വീടിന്റെ അകത്തളങ്ങളില്‍ നിന്ന്
നിലവിളികൾ ഉയർന്നില്ല

തോടും പാടവും നിറച്ച്
കുന്തിരിമറിഞ്ഞെത്തിയ മഴയെ
വീട്ടിൽ കേറാൻ
അച്ഛൻ സമ്മതിക്കാത്തത് കൊണ്ട്
തുള്ളികൾ അകത്തേയ്ക്കെറിഞ്ഞു
പരിഭവത്തോടെ മടങ്ങുകയായിരുന്നു

അച്ഛൻ പോയി...
വെയിലും നിലാവും കൂടെപ്പോയി
ഇന്ന്
വയറ്റിൽ അഗ്നിനിയെരിയുന്നില്ല
തൊണ്ടക്കുഴിയിൽ ദാഹം കൂടുകൂട്ടുന്നില്ല
മഴ അവസാനിക്കുന്നില്ല!
അകവും പുറവും നനയ്ക്കുന്ന
നിലയ്ക്കാത്ത മഴ...

-------------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്

2019 ജനുവരി 31, വ്യാഴാഴ്‌ച

ജീവിതചക്രം


വാരാദ്യ മാധ്യമം

നിഴലുകള്‍ സംസാരിക്കാറുണ്ട്



എഴുത്ത്  മാസിക

നിഴലുകള്‍



രിസാല മാസിക