കുങ്കുമസന്ധ്യകള്‍

Pagerank

2018, ഏപ്രിൽ 3, ചൊവ്വാഴ്ച

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾമിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ എഴുത്തുകാരുടെ കവിതകള്‍ കൂട്ടിച്ചേര്‍ത്തു, ബഹ്‌റൈന്‍ മലയാളി സമാജം പുറത്തിറക്കിയ 'പവിഴമുത്തുകള്‍' എന്ന കവിതാസമാഹാരത്തില്‍ വന്നത്

പുഴുക്കുകാറ്റുകൾക്കക്കരെ നിന്നുള്ള വെളിച്ചപ്പെയ്ത്തുകൾ
*******************************************************************

കണ്ണിൽ ഒരാകാശം
അങ്ങനെത്തന്നെ ചത്തുകിടപ്പുണ്ട്
ഉയരത്തിലേക്ക് കുതിക്കവേ
നിശ്ചലമായ പക്ഷികൾപോലെ
മങ്ങിയ കിനാചിതറുകളുടെ
വിളറിയ മേഘത്തുണ്ടുകൾ
സ്വപ്നങ്ങളുടെ ഉണക്കിലകളോടൊപ്പം
തീമഴയായ് പെയ്യാൻ കാത്തുനിന്നതാകണം
കൺകോണുകളിൽ നിന്ന്
പടർന്നുയരാൻ വെമ്പിനിൽക്കവേ
നിശ്ചലമായ കരിമേഘങ്ങൾ
കുഞ്ഞു ഞെട്ടുകൾ കൊണ്ട്
കൊമ്പുകളിൽ തൂങ്ങി
മരത്തെ പിരിയാൻ കൂട്ടാക്കാതെ
പ്രചണ്ഡവാതങ്ങളോട് പൊരുതുന്ന
പച്ചിലക്കൂട്ടങ്ങൾ പോലെ മുടിയിഴകൾ
കൈവിരലുകളിൽ മരവിച്ചുകിടക്കുന്നു
തിരിച്ചറിയപ്പെടാനാകാത്ത നൃത്തമുദ്രകൾ
ഏതോ അസാധാരണരാഗത്തിൻ
തുടക്കത്തിലായിരിക്കണം
ചുണ്ടുകൾ വിറങ്ങലിച്ചു പോയത്
പൂക്കൾ വിതറിയ മെത്തയ്ക്ക് മേൽ
തളർന്നുറങ്ങുന്നതായേ തോന്നൂ
ചിതറിയ ചോരത്തുള്ളികൾക്ക് മേൽ
നിർജ്ജീവമായി കിടക്കുമ്പോൾ
അവളെ ആംബുലൻസിലേയ്ക്ക്
എടുത്തു കിടത്തുമ്പോൾ
ചില കണ്ണുകൾ ജലാർദ്രങ്ങളാകുന്നു
നിലവിളികളുടെ മേഘനാദങ്ങൾ
നിസ്സഹായതയുടെ വരണ്ടകാറ്റുകൾ
ചോരപ്പാടുകളിൽ നിന്ന്
ഉറുമ്പുകളുടെ ഘോഷയാത്രകൾ
അപ്പോൾ
ദൂരെ,പുഴുക്കു കാറ്റുകൾക്കക്കരെ
നിന്നുള്ള വെളിച്ചപ്പെയ്ത്താരവങ്ങൾ
കവിയുടെ കാതുകൾ പിടിച്ചെടുക്കുന്നു
അയാളുടെ കണ്ണുകളിൽമാത്രം സൂര്യനുദിക്കുന്നു

2 അഭിപ്രായങ്ങൾ:

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...