കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2018, ജനുവരി 21, ഞായറാഴ്‌ച

പുളിമരം







 സസ്നേഹം ആഴ്ചപ്പതിപ്പ് 2018 ജനുവരി

പുളിമരം
മുറ്റത്തെ പുളിമരം കിട്ടിയ വിലയ്ക്കു വിറ്റു.മുറിക്കാൻ നാളെ ആളുകൾ വരുമായിരിക്കും.ഭാര്യയ്ക്ക് പണ്ടേപരാതിയാ...കാറ്റടിക്കുമ്പോള്‍ പുരയ്ക്ക് മുകളിലേയ്ക്കെങ്ങാനും മറിഞ്ഞു വീണാലോ എന്ന ഭയം.മക്കൾക്ക് അത് വെറുമൊരു മരം.അതിന്റെ ചരിത്രം,കേട്ടുമറക്കാനുള്ള ഒരു മുത്തശ്ശിക്കഥ മാത്രം .എനിക്കങ്ങനെയല്ലല്ലോ... മനസ്സിന്റെ ചെളിക്കുണ്ടില്‍ ഘനീഭവിച്ചു കിടക്കുന്ന ഇത്തിരി കാലത്തെ വീണ്ടെടുത്തു പൊടിതട്ടി വെക്കാന്‍ മറ്റൊരു സഹായി ഇല്ലല്ലോ!
ഇന്നുകളില്‍ ജീവിക്കുന്നതിന്റെ ഒരു ലക്ഷണവും എന്നില്‍ കാണാനില്ലെന്ന് പലരും പറയുന്നു.ചോര വാർന്നു ഇന്നിന്റെ രണാങ്കണത്തില്‍ മരിച്ചു കിടക്കുന്നവര്‍, ജീവിക്കുന്നതായി കാണുന്ന ബീഭത്സ സ്വപ്നത്തെക്കാളും ഉത്തമം, പച്ചയായ ഒരു കാലത്തില്‍ ജീവിച്ചു വരണ്ടുണങ്ങിയ കാലത്തില്‍ മരിച്ചു കിടക്കുന്നതാണ് .അഭിനയമികവുകൾ മാറ്റുരയ്ക്കുന്ന മത്സരവേദിയിൽ വേഷപ്പകർച്ചകളുടെ രസതന്ത്രമറിയാത്തവൻ ചത്തവരുടെ കൂട്ടത്തിലാണ് !
ഇന്നലെകളിലെ വെന്തുവെന്തു പാകമായ പച്ചജീവിതങ്ങൾ ഇന്നിന്റെ സുഭിക്ഷപരിസരങ്ങളിൽ ജീവിക്കുന്നവർക്ക് നുണക്കഥകള്‍ ആവാം.അതിന്റെ തുടർച്ചയാണ് അവരെന്ന അറിവ് അനിഷ്ടമാവാം..പടർന്നു പന്തലിച്ച ഓർമ്മകൾ, മഴുമൂർച്ചമയിൽ മുറിഞ്ഞു വീഴുമ്പോൾ ഒരു തേങ്ങൽ ഉയരാതിരിക്കില്ല.
ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അമ്മിഞ്ഞപ്പാൽ മണമുള്ള ഫോട്ടോ, ഓർമ്മകളുടെ രാജ്യത്തിലേയ്ക്കുള്ള കവാടം തുറന്നു, ഉടലോടെ പ്രവേശിക്കാനുള്ള മാന്ത്രികത്താക്കോലാണ് എനിക്ക്.അതുപോലെ പുളിമരം ഇടയ്ക്കെന്റെ കൈകൾ പിടിച്ചു ഇന്നലെകളിലേയ്ക്ക് നടക്കാറുണ്ട് ..
ഞാൻ പുളിമരച്ചുവട്ടിലേയ്ക്ക് കസേര വലിച്ചിട്ടു .വൈകുന്നേരങ്ങളിൽ സ്വയം മറന്നു അങ്ങനെ ഇരിക്കുക പതിവാണ്. .ഇനിയൊരിക്കലും ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലല്ലോ...കൂട്ടിലേയ്ക്കു മടങ്ങുന്ന പക്ഷികൾ അങ്ങ് വിദൂരതയിൽ മായുന്നു;തിരിച്ചെടുക്കാനാകാത്ത ഓർമ്മകള്‍ പോലെ . പീത പരിസരങ്ങൾ പതിയെ മങ്ങുന്നു .ചിലർക്കു മാത്രം കാതങ്ങള്‍ പിറകിലെന്ന് തോന്നാവുന്ന മറ്റൊരു സമയരാശിയിലേയ്ക്ക് പുളിമരം എന്റെ കൈകള്‍ പിടിച്ചോടുന്നു...
എന്റെ വീട്ടിൽനിന്ന് നോക്കിയാല്‍ കാണുന്ന അകലത്തില്‍ ആയിരുന്നു ആമിയുടെ വീട് .പുല്ലുമേഞ്ഞ കൊച്ചുവീട് .മുറ്റത്തൊരു പുളിമരം നീണ്ടുനിവർന്നങ്ങനെ നിൽപ്പുണ്ടായിരുന്നു .കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി സ്ക്കൂളിലേയ്ക്കെന്നും അവൾ ചുട്ട പുളിങ്കുരു കൊണ്ടുവരുമായിരുന്നു .അവർ സ്നേഹത്തോടെ അവളെ 'പുള്യാമിന' എന്നു വിളിച്ചുപോന്നു .ഞാൻ മാത്രം അവളെ ആമി എന്നുവിളിച്ചു .
അവളുടെ വീട്ടുപടിക്കൽ കൂടിയായിരുന്നു ഓത്തുപള്ളിയിലേക്ക് പോയിരുന്നത്.ഞാൻ ചെല്ലുമ്പോൾ കണ്ണുംതിരുമ്മി അക്ഷമയോടെ കാത്തുനിൽക്കാറുള്ളതാണ് അവൾ .അന്ന് ഏറെ വൈകിയാണ് അവള്‍ എത്തിയത് ..മുഖത്തു് ഒത്തിരി സന്തോഷം .
വഴിയിൽ കണ്ട കല്ലിനോടും പുല്ലിനോടും ഒന്നുംരണ്ടും പറഞ്ഞു ,മഞ്ഞുചൂടി കിടക്കുന്ന പുതുപൂക്കളെ ചുംബിച്ചു ഞങ്ങള്‍ ചെമണ്‍ നിരത്തിലൂടെ ഒഴുകി .
'അല്ല കുട്ട്യേ ..ഇന്നെന്തേയിനു ചായക്ക് കടി ..?'
അത്തൻകാക്കയുടെ കുശലാന്വേഷണം .അയാൾ വഴിയിൽ കാത്തു നിൽക്കുകയായിരുന്നു .ചോദ്യം ആമിയോടാണ് .
'കപ്പ' ഏറെ സന്തോഷത്തോടെയാണ് അവളതു പറഞ്ഞത് .
ആമിയുടെ സന്തോഷത്തിന്റെ കാരണം എനിക്ക് പിടികിട്ടി .പാവം ..! ഇന്നവൾക്ക് വയറുനിറഞ്ഞു കാണും .വെറും ചക്കരച്ചായ മോന്തിയാണ് എന്നും ഓത്തുപള്ളിയിലേക്ക് വരാറുള്ളത്. മുളക് ചുട്ടരച്ചതും കഞ്ഞിയും രണ്ടുനേരം ഉണ്ടെങ്കിലായി .ബാപ്പാക്ക് പണിയൊന്നും ഇല്ലാത്ത കള്ളക്കർക്കി ടകത്തില്‍ ആ വീട്ടിലെ അടുക്കള അപൂർവ്വമേ പുകയാറുണ്ടായിരുന്നുള്ളൂ.കൊല്ലത്തിലൊരിക്കൽ ആരെങ്കിലും ഔദാര്യത്തിൽ എറിഞ്ഞു കൊടുക്കുന്ന സക്കാത്തരി കൊണ്ട് എന്താവാനാണ്.
ആമി മറുപടിപറഞ്ഞതും അത്തൻകാക്കയുടെ കണ്ണുകൾ ചുവന്നു.പല്ലു ഞെരിച്ചുകൊണ്ട് 'ഹറാംപറന്നോനെ' എന്നലറികൊണ്ട് അയാൾ ശരവേഗത്തിൽ പാഞ്ഞു .
പെട്ടന്ന്, ആമിയുടെ മുഖം വിളറിവെളുത്തു.ആ വട്ടക്കണ്ണുകളിൽ നിസ്സഹായത അലയടിച്ചു .കൺകോണുകളിൽ നിന്ന് കണ്ണുനീർ എത്തിനോക്കുന്നുണ്ടായിരുന്നു .അവൾ എന്തൊക്കെയോ ഭയപ്പെടുന്നതുപോലെ തോന്നി .
എനിക്കൊന്നും മനസ്സിലായില്ല .ചോദിച്ചിട്ട് അവളൊന്നും പറഞ്ഞതുമില്ല .സമയം ഏറെ വൈകിയിരുന്നു .ഞങ്ങൾ വേഗം നടന്നു;പരസ്പരം ഒന്നും മിണ്ടാതെ ....
ഓത്തുപള്ളി വിട്ടു തിരികെ വന്നപ്പോൾ അവളുടെ വീട്ടുമുറ്റത്തെ പുളിമരച്ചുവട്ടിൽ ആരൊക്കെയോ നിൽക്കുന്നു .
'ന്നാലും ഇങ്ങന്യൊന്നും ചെയ്യരുത് .കണ്ണിൽചോര ഇല്ലാത്ത മനുസന്മാരാ ദുനിയാവ് മുഴുവൻ'
ആരോ പിറുപിറുക്കുന്നു .
അവളുടെ ബാപ്പ ഉമ്മറത്തിണ്ണയിൽ തലതൂക്കി ഇരിക്കുന്നു .കീഴ്ച്ചുണ്ട് വീങ്ങിയിട്ടുണ്ട് .നെറ്റിയിൽ അവിടെയിവിടെ മുറിവുകൾ ....
ആമി ഓടിച്ചെന്നു ബാപ്പാനെ കെട്ടിപ്പിടിച്ചു കരഞ്ഞു .ഒരു കൊച്ചുകുട്ടിയെ പോലെ അയാളും കരയാൻ തുടങ്ങി .
എനിക്കു സഹിച്ചില്ല .ഞാൻ വീട്ടിലേയ്ക്കോടി .
അയലത്തെ ശാരദേടത്തി ഉമ്മയോട് പറയുന്നത് കേട്ടു:
'അത്തൻമാപ്ലേടെ പാടത്തൂന്ന് ഇന്നലെ രാത്രി ഒരു മൂട് കപ്പ കാണാതായീത്രെ ...ആ പേരും പറഞ്ഞാ ആ പാവത്തിനെ ഇങ്ങനെ അച്ചാലും മുച്ചാലും തല്ലിയത് '
അപ്പോഴാണ് അത്തൻകാക്കയുടെ ഹാലിളക്കത്തിന്റെയും ആമി ഭയപ്പെട്ടതിന്റെയും കാരണം എനിക്കു പിടികിട്ടിയത് .കപ്പ മോഷണം പോയിട്ടുണ്ടെങ്കിൽ അതെടുത്തത് ആമിയുടെ ബാപ്പയായിരിക്കും എന്നതിൽ അത്തൻകാക്കയ്ക്ക് സംശയം ഒന്നുംതന്നെ ഉണ്ടാകുമായിരുന്നില്ല .നാട്ടിൽ അത്രയ്ക്ക് ദാരിദ്ര്യം മറ്റാർക്കും ഇല്ലായിരുന്നല്ലോ .അതൊന്ന് ഉറപ്പിക്കാനായിരിക്കണം രാവിലെ ആമിയെ തടഞ്ഞു നിർത്തിയുള്ള ആ അന്വേഷണം .അയാളെ കൊല്ലണമെന്ന് തോന്നി .പക്ഷേ ,ഭയം കാരണം അയാളെ കണ്ടപ്പോഴൊക്കെ ഒഴിഞ്ഞു മാറിനടന്നു .
പിന്നീട്, ഏറെ ദിവസം ആമി ഓത്തുപള്ളിയിലേക്കോ സ്ക്കൂളിലേയ്ക്കോ വന്നില്ല .നാണക്കേട് ഓർത്തായിരിക്കണം .അത്രയ്ക്ക് അഭിമാനിയായിരുന്നല്ലോ അവൾ . ഓത്തുപള്ളിയിലേക്കു വന്നിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല .ഫീസ് കൊടുക്കാത്തത് കൊണ്ട് മാസാവസാനങ്ങളിൽ മിക്കപ്പോഴും ക്ലാസിന് പുറത്തായിരിക്കും .സ്ക്കൂൾ അവൾക്കൊരു ഉത്സവമായിരുന്നു .കളിയും ചിരിയും വഴക്കും വക്കാണവുമായി ആ ദിനങ്ങൾ അവൾ ഏറെ ആസ്വദിച്ചു .അല്ലെങ്കിലും ,ഉപ്പുമാവെന്ന അറിവ് ജഠരാഗ്നിയെ സാന്ത്വനിപ്പിച്ച കലാലയമുറ്റം അവൾക്ക് മറക്കാൻ കഴിയുന്നത് എങ്ങനെ ..!
ഒരിക്കൽ സ്ക്കൂളിൽ വെച്ച് കബഡി കളിച്ചപ്പോൾ അവളുടെ പുള്ളിപ്പാവാട കീറി വെള്ളത്തുട കണ്ടു കുട്ടികളൊക്കെ കളിയാക്കിചിരിച്ചു .അവൾ ഏങ്ങിയേങ്ങി കരഞ്ഞു എന്റെ അടുത്തുവന്നു കാതിൽ മന്ത്രിച്ചു:
'ന്റെ പഠിപ്പ് നിന്ന് '
എനിക്കും കരച്ചിൽ വന്നു .ആ പറഞ്ഞതിന്റെ അർത്ഥം മാറ്റരേക്കാളും എനിക്ക് മനസ്സിലാകുമായിരുന്നു.നാട്ടില്‍ പണിയില്ലാത്തത് കൊണ്ട് അവളുടെ ബാപ്പ വയനാട്ടിൽപോയി പണിയെടുക്കുന്ന സമയമായിരുന്നു അത് . .മാസത്തിലൊരിക്കൽ അരിയും വീട്ടുസാധനകളുമായി ആയാളെത്തുമ്പോൾ ആ വീട്ടിൽ വലിയപെരുന്നാളായിരുന്നു .മൂന്നോ നാലോ ദിവസം കഴിഞ്ഞു ബാപ്പ തിരിച്ചു പോകുന്നതുവരെ ആമി വലിയ സന്തോഷത്തിലായിരിക്കും .പിന്നെ അവളുടെ വെള്ളില പോലുള്ള മുഖത്തു ഇരുൾമേഘങ്ങൾ പരക്കുകയായി .എവിടെയും പെയ്തൊഴിയാനാകാതെ വീർപ്പടക്കി...കനലടക്കി ....
ആമിക്ക് ഒരു പാവാട മാത്രമേ ഉണ്ടായിരുന്നുള്ളൂ .അതാണ് കീറിയത് .അവളുടെ പഠിത്തം അങ്ങനെ അവസാനിച്ചു .
ഏറെ ദിവസം അവളെ പുറത്തേയ്ക്ക് കണ്ടില്ല .
ഒരു ദിവസം ഞാൻ ഓത്തുപള്ളിയിലേക്ക് പോകുമ്പോൾ പഴയപോലെ വീട്ടുപടിക്കൽ അവൾ കാത്തുനിൽപ്പുണ്ടായിരുന്നു .ആ മുഖത്തു ഒട്ടും പ്രസരിപ്പുണ്ടായിരുന്നില്ല .ആകെ കോലം കെട്ടുപോയിരുന്നു.
'ഞങ്ങളെ വീടും പറമ്പും വിറ്റു ! ഇനി ബാപ്പാന്റെ കൂടെ വയനാട്ടീ പോകാ .... ഇജ്ജ് ഇന്നെ മറക്കോ ..? '
അവൾ തേങ്ങിക്കൊണ്ട് ഓടിമറഞ്ഞു .
അതിനുശേഷം അവളെ കണ്ടിട്ടേയില്ല ....
ആ വീടും മുറ്റത്തെ പുളിമരവും എന്റെ മൂകസ്മരണകളുടെ അടയാളമായി ഏറെ നാൾ കണ്ണുകളിൽ നിറഞ്ഞു നിന്നു.പിന്നെ കൊട്ടാരസമാനമായ ഒരു കെട്ടിടം അവിടെ ഉയർന്നു വന്നു . അവളെ കുറിച്ചുള്ള ഓർമ്മ, എന്റെ വീട്ടുമുറ്റത്തു മറ്റൊരു പുളിമരമായി വളർന്നു വലുതായി .
അതെ, നാളെ അവർ വരും;മരം മുറിയ്ക്കാൻ ....മുറിയട്ടേ...ചില ഓർമ്മകൾ മുറിഞ്ഞു വീഴാനുള്ളതാണ് .... ഇരുകാലത്തിലും മരിച്ച ഒരാൾക്ക് വീണ്ടും മരണം ഉണ്ടാകുമോ ..!?
----------------------------------------------------
കെ ടി എ ഷുക്കൂർ മമ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...