കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2016 ഏപ്രിൽ 28, വ്യാഴാഴ്‌ച

അറിഞ്ഞിരുന്നില്ല



ഉച്ഛ്വാസനിശ്വാസങ്ങളിൽ പതിയിരുന്നിട്ടും
മുടിയിഴകളില്‍ ശാസനപത്രം പതിച്ചിട്ടും
പോകാമെന്ന് തോളില്‍ തട്ടുന്നതു വരെ
സാന്നിദ്ധ്യമറിഞ്ഞതേയില്ല 


മറവിയുടെ കന്മതില്‍ക്കെട്ടുകള്‍
നമ്മുക്കിടയിൽ നിന്ന് ഇറുത്തുമാറ്റിയത്
ഉണ്മയുടെ കാട്ടുപൂക്കള്‍
മറച്ചു കളഞ്ഞത്
ജ്ഞാനത്തിന്റെ കടല്‍ലക്ഷ്യങ്ങള്‍
നട്ടു മുളപ്പിച്ചത്
ഭയത്തിന്റെ വിഷച്ചെടികൾ

എത്ര പെട്ടന്നാണ്
ഉയരത്തിന്റെ ശൂന്യമണ്ഡലത്തില്‍ നിന്ന്
ചിറകുകള്‍ തളര്‍ന്ന്
താഴേക്കു പതിച്ചത്

സ്നേഹിതാ...
അറിഞ്ഞിരുന്നില്ല
വഴിവിഭ്രമങ്ങളില്‍ കുരുങ്ങിയ
കണ്ണുകള്‍ പറിച്ചെടുത്ത്
മുതുകൊടിച്ച ഭാരക്കെട്ടുകൾ
ഇറക്കി വെക്കുമ്പോഴുള്ള ആശ്വാസം

2016 ഏപ്രിൽ 19, ചൊവ്വാഴ്ച

നീയില്ലെങ്കിൽ ഞാനില്ല

പൂവായിരുന്നപ്പോഴൊക്കെ
കാറ്റായ് വന്നു തഴുകിയതല്ലേ

നനയാൻ കൊതിച്ചപ്പോഴൊക്കെ
മഴയായ് വന്നു പെയ്തതല്ലേ

തീരമായിരുന്നപ്പോഴൊക്കെ
തിരക്കൈകൾ നീട്ടി ചേർത്തണച്ചതല്ലേ

അവ്യക്തമാം ആഴത്തിന്റെ
നീലനാഭിച്ചുഴിയിലേയ്ക്കു പെയ്തൊഴിയാൻ
വെമ്പിനിന്ന മേഘമായപ്പോൾ
കോരിയെടുത്തു പറന്ന്
കുന്നിന്മടക്കിലെ
വള്ളിക്കുടിലിലൊളിപ്പിച്ചു ലാളിച്ച
തെന്നൽകൈകളായിരുന്നില്ലേ

ശാഖികൾ കൊണ്ട് തൊട്ടുരുമ്മാൻ
കഴിയാത്ത മരങ്ങളായിരുന്നപ്പോൾ
വേരുകളിലൂടെ പ്രണയതീർത്ഥം പകർന്നതല്ലേ

വേരുകൾ ജീർണ്ണിച്ച്
ചില്ലകൾ ശോഷിച്ച്
മഞ്ഞിലകൾ പൊഴിഞ്ഞുവീണ്
മരം മണ്ണിൽ പതിക്കുന്ന കാലം വരും
അപ്പോൾ ഞാൻ വരും
ചിതലായി
നിന്റെ വാർഷികവലയ മുറിവുകളിൽ
കൂടു പണിയാൻ...
കാരണം
നീയില്ലെങ്കിൽ ഞാനില്ല

2016 ഏപ്രിൽ 17, ഞായറാഴ്‌ച

എന്റെ കുഞ്ഞനുജത്തിക്കായ്

 സസ്നേഹം ആഴ്ചപ്പതിപ്പില്‍ വന്ന കവിത

നിങ്ങൾക്കെന്റെ മൗനതിരസ്കാരങ്ങൾ

തീപ്പെട്ട പകലിൽ നിന്ന്
ധ്യാന നിലാരാത്രിയും
ഘോരവനികയിൽ നിന്ന്
ഉണ്മയുടെ കാട്ടുതേനും
കടഞ്ഞെടുത്തു തന്ന മഹാമാന്ത്രികത
ജീവിതത്തിന്റെ കരിന്തേൾക്കുത്തുകളെ
തൂവൽത്തലോടലാക്കി മാറ്റാതിരിക്കില്ല

ലാഭക്കണക്കുകളുടെ അവിശുദ്ധസമവാക്യങ്ങൾ
ഇല്ലായ്മകളിൽ പെറ്റുപെരുകുമ്പോൾ
രക്തസാക്ഷിയെ മോഹിച്ച
ലജ്ജാശൂന്യ വ്യാമോഹങ്ങളേ...
നിങ്ങൾക്കു മുന്നിൽ
ജീവിതപ്പെട്ടു പക വീട്ടുന്നു ഞാൻ

ആത്മംഭരികളുടെ ആജ്ഞാനുഗാമികൾ
വ്യർത്ഥ ഹസ്തഘോഷങ്ങളിലൂടെ
ശ്യാമരാത്രികളെ ആവാഹിക്കുമ്പോൾ
ഞാനെന്റെ പുൽകുടിൽമുറ്റത്ത്‌
നിലാവീഞ്ഞൂറ്റിക്കുടിച്ച്
പിറക്കാനിരിക്കുന്ന പൂക്കൾക്ക്
പുല്ലാങ്കുഴൽ വായിക്കുകയാണ്

ആത്മതത്ത്വങ്ങളുടെ
ആകാശഭാഷിതങ്ങളിലേയ്ക്ക്
ചെവി തിരിക്കുകയാണ്  ഞാൻ
ആത്മരതികളുടെ ധാരാവർഷങ്ങളേ...
ധർമ്മചക്രത്തെ ഹനിക്കുന്ന
മേഘനിർഘോഷങ്ങളേ...
നിങ്ങൾക്കെന്റെ
അവജ്ഞയിൽ പൊതിഞ്ഞ
മൗനതിരസ്കാരങ്ങൾ 

2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

ഓർമ്മകൾ

ഓർമ്മകൾ .

കുന്നോളം
ഓർമ്മകളാണ്
ഇന്നലെകൾ .

മറവിക്കാട്ടിൽ മറമാടിയിട്ടും
മൈലാഞ്ചിച്ചെടി നാട്ടാതിരുന്നിട്ടും
ഗതകാല ഗഹ്വരങ്ങളിൽ നിന്ന്
ഇറങ്ങി വന്ന്
ഇന്നിന്റെ ആലക്തികബോധങ്ങളിൽ
ഭയബീജങ്ങൾ വിതയ്ക്കാറുണ്ട്
മരിച്ചിട്ടും മരിക്കാത്ത
ചില ഓർമ്മകൾ .


ചില ഓർമ്മകളുണ്ട്
ഇലച്ചാർത്തുകൾക്കിടയിലൂടെ
മൃദുല നിലാക്കൈകൾ നിണ്ടു വന്ന്
രജതരൂപിണിയെ മുന്നിൽ വരച്ചിടും.
ഹൃദയ കുടീരത്തിൽ അടക്കം ചെയ്ത
സുന്ദരാത്മാവിനെയെടുത്ത് അതിലേയ്ക്കൂതുമ്പോൾ
അപ്സരസ്സായ്
നിലാപ്പട്ടിൽ  നൃത്തം വെച്ചു തുടങ്ങും

ചില ഓർമ്മകളുണ്ട്‌
വഴിവക്കിൽ പതിയിരുന്ന്
പെട്ടന്നു ചാടി വീണ്
ജരാനരാ ദുഃഖത്തിന്റെ
മൂടുപടമഴിപ്പിച്ച്
സമയശൂന്യ സ്ഥലികളിലേയ്ക്ക്
എടുത്തു കൊണ്ട് പറന്നു പോകും .


സ്മൃതിപഥങ്ങളിൽ
നിഴൽ പടരുന്നതു വരെ
ഉപബോധത്തിന്റെ
പൊട്ടക്കിണറാഴങ്ങളിൽ നിന്ന്
ചില നിലയ്ക്കാത്ത നിലവിളികൾ
പിന്തുടർന്നു കൊണ്ടേയിരിക്കും .


ചത്തിട്ടും
ചാവടിയന്തിരം കഴിഞ്ഞിട്ടും
ചത്തതറിയാത്ത ഇന്നുകളാണ്
ഓർമ്മകൾ

2016 ഏപ്രിൽ 4, തിങ്കളാഴ്‌ച

വീടിനുമില്ലേ മോഹങ്ങൾ...

നട്ടപ്പാതിരയ്ക്ക് കാറ്റിന്റെ കൂടെ
ഇറങ്ങിപ്പോകുകയായിരുന്നു
സ്വമേധയാ  പോകുകയായിരുന്നെന്നും
പിടിച്ചുകൊണ്ട് പോയതെന്നും ശ്രുതി

അയല്പക്കത്തെ അദ്രുമാന്റെ പറമ്പിൽ
കമിഴ്ന്നു കിടന്നു കരയുകയായിരുന്നെന്ന്
വയറൊട്ടിയ ബാല്യകൗതുകങ്ങൾ
മുറ്റത്ത്‌ കൊണ്ട് വന്നു കിടത്തുമ്പോൾ
ആസകലം കണ്ണീരിൽ മുങ്ങിയിരുന്നു


മഞ്ഞിന്റെ തട്ടമണിയിച്ച്
ചെമ്മാനപ്പട്ടു കൊണ്ട് പുതയ്ക്കാമെന്നു
പ്രലോഭിപ്പിച്ചിട്ടുണ്ടാകാമെന്നു
വെറ്റിലമണമുള്ള നെടുവീർപ്പുകൾ

ചുറ്റുമുള്ളവരൊക്കെ ആടയാഭരണങ്ങളണിഞ്ഞു
പത്രാസ് കാട്ടുമ്പോൾ,എങ്ങനെ സഹിക്കാനാ...
തലയിൽ  മറാച്ചുണങ്ങുമേറ്റി
മേനിയിൽ  വട്ടച്ചൊറിയും ചുമന്നു കാലമിതെത്രയായി..!
പാവം! അതിനുമില്ലേ മോഹങ്ങളെന്ന്
അടുക്കളയിലെ കരിയും കണ്ണീരുപ്പും കലർന്ന ആധികൾ


ആയുസ്സ് കൊണ്ട് പടവെട്ടി  നേടിയതെല്ലാം
വേർപ്പിന്റെയുപ്പ് പുരളാത്തവന്റെ
പത്തായപ്പുര നിറയ്ക്കുന്നത് കണ്ട്
മെയ്യും മനസ്സും മരവിച്ചു പോയവനെങ്ങനെ
രാജകുമാരിയാക്കി വാഴിക്കാൻ കഴിയുമെന്ന്
ജരാനരകളുടെ ചിതലരിച്ചൊരു ചോദ്യചിഹ്നം

പോകാനിറങ്ങിയത് തന്നെയാണ്
തിരിച്ചു വരികയുമില്ലായിരുന്നു,പക്ഷേ
കൂടെക്കരഞ്ഞ സങ്കടങ്ങളേയും
കൂടെച്ചിരിച്ച നിലാവുകളേയും
ഗിരിഗഹ്വരങ്ങളിലെ ഇരുട്ടിലുപേക്ഷിച്ച്
എത്തുന്നതേത് സ്വർഗ്ഗത്തിലേക്കായാലും
അവിടം നരകമായിരിക്കുമെന്ന്
മുറ്റത്തു കിടന്നൊരു  ആത്മഗതം




പ്രണയനിഗൂഢതകൾ

അമരത്വത്തിന്റെ
നീലനാഭിച്ചുഴികളിൽ നിന്ന്
നിഗൂഢതയുടെ വീഞ്ഞും
മഴവിൽവർണ്ണങ്ങൾ ഒളിപ്പിച്ചു കടത്തിയ
കാണാനിറങ്ങളിലൊന്നും
എനിക്കായ് ഒരുക്കി
നീ കാത്തിരിക്കുകയാണോ ?
പ്രണയത്തിന്റെ വിലോലഭാവങ്ങളെ
മരണത്തിന്റെ അനന്ത സ്ഥലികളിലേയ്ക്കല്ലാതെ
പരാവർത്തനം ചെയ്യുമ്പോൾ
കിട്ടുന്ന പിശകുകളാണ് ജീവിതമെന്നോ..!