കുങ്കുമസന്ധ്യകള്‍

Pagerank

2014, ഡിസംബർ 16, ചൊവ്വാഴ്ച

ശ്മശാനത്തിലെ ദൃശ്യങ്ങൾ

ദൃശ്യം ഒന്ന്

ആർത്തി മൂത്തു അന്ധത ബാധിച്ച
കൊടിയ ചെന്നായവിശപ്പുകൾ
കടിച്ചു ചവച്ചു തുപ്പിയതാണീ
വർണ്ണച്ചിറകുകളുള്ള കുഞ്ഞുടൽസ്വപ്നങ്ങൾ.
ഇന്നവൾക്കു കൂട്ടിനായുണ്ട് ഇരുട്ടും
ചില്ലകളിലൊന്നും ഇടം കിട്ടാതെ അലയുന്ന
കുഞ്ഞുകാറ്റിന്റെ നേർത്ത തേങ്ങലും
കിനാക്കൾക്കു ഇടമില്ലാത്തൊരു കൊച്ചു കല്ലറയും

ദൃശ്യം രണ്ട്

നല്ല കാലത്തു തന്നെ
നല്ല പാതി യാത്രയായപ്പോൾ
ജീവിത സുഖങ്ങൾക്കു അവധി കൊടുത്തു
എന്നേക്കുമായി .
വേർപ്പിന്റെയുപ്പിൽ വിരിഞ്ഞിറങ്ങിയ
മക്കൾക്കു ചിറകു മുളച്ചപ്പോൾ
അയാൾക്കു ഇടം കിട്ടിയത് തെരുവിൽ .
ഒടുവിൽ,പൊരുതി തോറ്റവരെ
ശയ്യ വിരിച്ചു കാത്തിരിക്കുന്ന പച്ചമണ്ണിൽ .
കുഴിമാടത്തിന്നരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കി കൊണ്ടൊരു കാറ്റ്
അയാൾക്കു മേൽ വീശിക്കൊണ്ടിരുന്നു

ദൃശ്യം മൂന്ന്

അമ്മിഞ്ഞപ്പാൽ മണത്തിൽ
അവൻ കൈകാലിട്ടടിച്ചപ്പോൾ
ആർക്കോ വേണ്ടി ആരുടെയോ കത്തിമുനയിൽ
ഒടുങ്ങിയതാണ് അച്ഛന്റെ ജന്മം.
നല്ല യൗവനമൊക്കെ
കണ്ടവന്റെ പറമ്പിലും പാടത്തും അടുക്കളയിലുമൊക്കെ
പെയ്തു തീർത്തു അമ്മ.
പഠിപ്പും പത്രാസും
ഭാര്യയും മക്കളുമൊക്കെയായപ്പോൾ
അമ്മയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന മകൻ
നന്ദികേടിലേയ്ക്കു പടിയിറങ്ങി .
ഭിക്ഷപ്പാത്രത്തിനും
ഊട്ടിയുറക്കാനാവില്ല എന്നായപ്പോൾ
അവർക്കും ശയ്യയൊരുക്കി മണ്ണ് .
മുറിവേറ്റ ആത്മാവിന്റെ അപദാനങ്ങൾ
വാഴ്ത്തികൊണ്ടിരുന്നു
കാറ്റിന്റെ മൃദുമർമ്മരം .

6 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2014, ഡിസംബർ 16 6:05 AM

  ഇതുപോലെ എത്രയെത്ര ദൃശ്യങ്ങൾ.??!!

  മറുപടിഇല്ലാതാക്കൂ
 2. ജീവിത യാഥാര്‍ത്യങ്ങളുടെ ശ്മശാനക്കാഴ്ചകള്‍ ...
  നന്നായി മാഷേ ...

  മറുപടിഇല്ലാതാക്കൂ
 3. ശ്മശാനത്തിലെ ദൃശ്യങ്ങള്‍...
  കണ്ണേ മടങ്ങുക.................!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...