കുങ്കുമസന്ധ്യകള്‍

Pagerank

2017, ജനുവരി 19, വ്യാഴാഴ്‌ച

അരാഷ്ട്രീയം
'ചത്തത് കീചകനെങ്കിലും
കൊന്നത് ഭീമനല്ലെന്നു ഭാഷ്യം'
മുറിഞ്ഞു വീഴുന്ന
മരത്തിന്റെ ആർത്തനാദങ്ങൾ
തലമുറകളിലൂടെ പ്രതിദ്ധ്വനിച്ചു
ശാന്തിയുടെ ചിറകടികളെ നേർപ്പിക്കുമ്പോൾ
പ്രത്യയശാസ്ത്രസമസ്യകളുടെ
തടവറകൾ പൊളിച്ചു പുറത്തു വരും
നേരും നെറിയുമുള്ള ബോധങ്ങൾ.
വെട്ടി മാറ്റിയ മരശിഷ്ടങ്ങളിൽ നിന്ന്
വിഷവൃക്ഷങ്ങൾ വളരാതിരിക്കില്ല...


അദ്ധ്വാനമൂല്യങ്ങൾ
വേർപ്പിന്റെയുപ്പ് പുരളാത്തവന്റെ
മടിശ്ശീല  കനം വെപ്പിക്കുമ്പോൾ,
വാറോലകളെ കൂട്ടുപിടിച്ചു
തിന്മ ദിഗ്വിജയം മുഴക്കുമ്പോൾ
ഊഷരതയുടെ വിദൂരകടലിരമ്പങ്ങൾ
പ്രജ്ഞയെ മരവിപ്പിക്കുമ്പോൾ
മൗനം പുതച്ചു മൃതാവസ്ഥയിൽ ആകുക എന്നത്
അതിജീവന തന്ത്രം മാത്രം

ഉയിരു കൊടുത്തു പടുത്ത ദർശനങ്ങൾ
തിരശ്ചീനങ്ങളാകുമ്പോൾ
ലംബമാകാൻ കൊതിക്കുന്നവർ
വാളിനു മൂർച്ച കൂട്ടാൻ
വിഷനാശിനി നിർമ്മിക്കാൻ
ശിശിരനിദ്ര പ്രാപിക്കും

അവർ തിരിച്ചു വരും...
വലിയ ഗേഹത്തിലെ ചെറുപ്രാണികളെ
തുടച്ചു മാറ്റി
തലയുയർത്തിപ്പിടിച്ചു നടക്കാൻ
കാത്തിരിക്കുക...
ഞാനും നീയും നമ്മളാകുന്ന
ഇന്ദ്രജാലം കാണാൻ...
***********************************************

കെ ടി എ ഷുക്കൂർ മമ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...