കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014 ഡിസംബർ 25, വ്യാഴാഴ്‌ച

മാടമ്പികളുടെ നാട്


മാടമ്പികൾ വാഴും നാട്ടിലെനിക്കൊരു
മാടപ്രാവിൻ മനമെന്തിനു തന്നു നീ ?
തീറ്റുവാനായിട്ടീ  ദുഷ്ടജന്മങ്ങളെ
തീറെഴുതിപ്പോയെൻ കഷ്ടജന്മം പ്രഭോ !

കുന്നും വിഴുങ്ങിവർ കാടും വിഴുങ്ങിവർ
കാട്ടാറിൻ ചോര കുടിച്ചു മദിച്ചിവർ
പാഴാക്കി പാടങ്ങൾ നാശാക്കി നാടുകൾ
പാവങ്ങളെയിട്ടിട്ടെന്നും കറക്കുന്നു

നിയമം പടക്കുന്നിവർക്കായിവരെന്നും
നീതിതൻ ദേവത നിദ്രയെ പൂകുന്നു
ബുദ്ധിയില്ലാത്തൊരു ബുദ്ധിജീവിക്കൂട്ടം
അധികാരഗർവ്വിൻ കുഴലൂതിയാർക്കുന്നു

ചന്ദ്രനിൽപോയാലും ചൊവ്വയിൽപോയാലും
'പട്ടിണിക്കൂട്ടം'കടങ്കഥയാകുമോ ?
പട്ടിണിയില്ലെന്നു നാക്കു വളക്കുമ്പോൾ
'വിൻഡോ ഗ്ലാസ്സൊന്നു' തുറന്നിട്ടുനോക്കണം

ദുഷ്ടന്മാരെ പനപോലെ വളർത്തുകിൽ
കഷ്ടത്തിലായിടുമീ തുച്ഛജന്മങ്ങൾ
അഷ്ടിക്കില്ലാ വക തുഷ്ടിക്കില്ലാ വക
ലജ്ജിക്കയെങ്കിലും ചെയ്യുക നാടേ നീ !

----------------------------------------------------
പത്രവാർത്ത:65 സമ്പന്നർ
(മാറി മാറി വരുന്ന ഭരണങ്ങളെയിട്ടു അമ്മാനമാടുന്നവർ)
നികുതി കൊടുത്താൽ 9 കോടിയുടെ പട്ടിണി മാറ്റാം 

2014 ഡിസംബർ 16, ചൊവ്വാഴ്ച

ശ്മശാനത്തിലെ ദൃശ്യങ്ങൾ

ദൃശ്യം ഒന്ന്

ആർത്തി മൂത്തു അന്ധത ബാധിച്ച
കൊടിയ ചെന്നായവിശപ്പുകൾ
കടിച്ചു ചവച്ചു തുപ്പിയതാണീ
വർണ്ണച്ചിറകുകളുള്ള കുഞ്ഞുടൽസ്വപ്നങ്ങൾ.
ഇന്നവൾക്കു കൂട്ടിനായുണ്ട് ഇരുട്ടും
ചില്ലകളിലൊന്നും ഇടം കിട്ടാതെ അലയുന്ന
കുഞ്ഞുകാറ്റിന്റെ നേർത്ത തേങ്ങലും
കിനാക്കൾക്കു ഇടമില്ലാത്തൊരു കൊച്ചു കല്ലറയും

ദൃശ്യം രണ്ട്

നല്ല കാലത്തു തന്നെ
നല്ല പാതി യാത്രയായപ്പോൾ
ജീവിത സുഖങ്ങൾക്കു അവധി കൊടുത്തു
എന്നേക്കുമായി .
വേർപ്പിന്റെയുപ്പിൽ വിരിഞ്ഞിറങ്ങിയ
മക്കൾക്കു ചിറകു മുളച്ചപ്പോൾ
അയാൾക്കു ഇടം കിട്ടിയത് തെരുവിൽ .
ഒടുവിൽ,പൊരുതി തോറ്റവരെ
ശയ്യ വിരിച്ചു കാത്തിരിക്കുന്ന പച്ചമണ്ണിൽ .
കുഴിമാടത്തിന്നരികിലുള്ള കുറ്റിച്ചെടി
വിശറിയാക്കി കൊണ്ടൊരു കാറ്റ്
അയാൾക്കു മേൽ വീശിക്കൊണ്ടിരുന്നു

ദൃശ്യം മൂന്ന്

അമ്മിഞ്ഞപ്പാൽ മണത്തിൽ
അവൻ കൈകാലിട്ടടിച്ചപ്പോൾ
ആർക്കോ വേണ്ടി ആരുടെയോ കത്തിമുനയിൽ
ഒടുങ്ങിയതാണ് അച്ഛന്റെ ജന്മം.
നല്ല യൗവനമൊക്കെ
കണ്ടവന്റെ പറമ്പിലും പാടത്തും അടുക്കളയിലുമൊക്കെ
പെയ്തു തീർത്തു അമ്മ.
പഠിപ്പും പത്രാസും
ഭാര്യയും മക്കളുമൊക്കെയായപ്പോൾ
അമ്മയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന മകൻ
നന്ദികേടിലേയ്ക്കു പടിയിറങ്ങി .
ഭിക്ഷപ്പാത്രത്തിനും
ഊട്ടിയുറക്കാനാവില്ല എന്നായപ്പോൾ
അവർക്കും ശയ്യയൊരുക്കി മണ്ണ് .
മുറിവേറ്റ ആത്മാവിന്റെ അപദാനങ്ങൾ
വാഴ്ത്തികൊണ്ടിരുന്നു
കാറ്റിന്റെ മൃദുമർമ്മരം .

2014 ഡിസംബർ 13, ശനിയാഴ്‌ച

യന്ത്രം


    
കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു യന്ത്രം വാങ്ങി -
പൊന്നി തീത്തത് .
കടലോളം കണ്ണീ ചൊരിഞ്ഞു
അതൊരു സ്വഗ്ഗം തീത്തു
അവനു വേണ്ടി .
കുന്നോളം നന്ദി കൊടുക്കാനുണ്ടായിട്ടും
കുന്നിക്കുരുവോളം കൊടുക്കാതെ
അവനതിനെ ശപിച്ചു കൊണ്ടേയിരുന്നു ..


         

നരച്ച കാലത്തിലെ വറുതിക്കാഴ്ചകൾ


രണാങ്കണം  ശൂന്യം
രണഭേരികൾ നിലച്ചുവോ !
ചോര കുടിച്ചു ചീർത്ത മണ്ണിനെ
ഇല പൊഴിച്ച ശിശിരത്തിലേയ്ക്കു
വിവർത്തനം ചെയ്യുന്നു
അറുതിയില്ലാത്ത വറുതിയെ
നെഞ്ചേറ്റിയ നരച്ച കാലം .
കരിഞ്ഞ കിനാക്കളുടെ
കണ്ണാടിദൃശ്യങ്ങൾ
ഉണക്കമരങ്ങളിൽ ഉയിരും തേടിയുറങ്ങുന്നു.
തൊണ്ടയിൽ പതയുന്ന
ജീവന്റെ അവസാന തുള്ളിയും കാത്തു
വേതാളമണ്ണിലൂടെ ഇഴയുന്നു
ഭൂമിയിലെ ദൈവപ്രതിനിധി .
ആളൊഴിഞ്ഞിട്ടും ആരവമൊടുങ്ങിയിട്ടും
തൊട്ടടുത്ത കുറ്റിക്കാട്ടിൽ
വക്രബുദ്ധികളുടെ ദംഷ്ട്രങ്ങൾ നീണ്ടു വരുന്നു .
വളഞ്ഞ കൊക്കും കൂർത്ത നഖങ്ങളുമായി
അസ്ഥിപഞ്ജരങ്ങൾക്കു മുകളിൽ വട്ടമിടുന്നു
നരഭോജിക്കണ്ണുകൾ.
ശിശിര ജഡത്തിൽ ചവിട്ടി
വസന്തസമൃദ്ധികൾ വരുമായിരിക്കും!
ചില കണ്ണുകൾക്ക്‌
അവ അഗോചരമായിരിക്കും ..

2014 ഡിസംബർ 10, ബുധനാഴ്‌ച

കടം കൊണ്ട തലച്ചോറുകളോട് ...

ആത്മ സംസ്കരണത്തിനു 
വെള്ളച്ചിറകുകൾ വിരിച്ചിറങ്ങിയ 
മഹിത മതചിന്തകൾ 
ആത്മ ശുദ്ധിയില്ലാത്തവന്റെ 
അണിയറത്തടങ്കലിൽ 
പഴി കേട്ടുറങ്ങുന്നു.

അരങ്ങിൽ രുധിരോത്സവം നടത്തുന്നു 
ത്രിശൂലങ്ങളും കുരിശുകളും ചന്ദ്രക്കലകളും 
ചുമലിലേന്തിയ കോലങ്ങളുടെ 
ശൂന്യ ഗോത്രജന്യ സംസ്കൃതികൾ .

ശിലായുഗ ഗോത്ര രീതികൾ 
ചവച്ചു തുപ്പുന്ന പച്ച മാംസത്തിനു 
മതത്തിന്റെ ആത്മീയരുചിയെന്നു 
പഠിച്ചു വെച്ച കടം കൊണ്ട തലച്ചോറുകളേ ..
മതാന്ധത 
മതത്തിന്റെതല്ല 
മതനിന്ദകരുടെതാണ് 
-----------------------------------------------------------
വ്യക്തികളുടെ ചെയ്തികൾ അവരവരുടെ മതത്തിന്റെ 
കണക്കിൽ വരവു വെക്കുന്ന(ഇവിടെയും വിവേചനം ഉണ്ട്)
നവ മാധ്യമ സംസകാരത്തോടുള്ള പുച്ഛം .

2014 ഡിസംബർ 6, ശനിയാഴ്‌ച

കുതിപ്പുകൾക്കൊടുവിൽ

പറന്നു പോയ ഇന്നലെകളുടെ 
വീണുപോയ തൂവലുകളാം ഓർമ്മകളും ചൂടി 
പ്രചണ്ഡവാതത്തിലും കെടാതെയുണ്മയെ 
കത്തിച്ചു നിർത്തുമീ  ജൈവവിളക്കും പേറി 
കിതപ്പുകൾ മറന്നൊരു കുതിപ്പാണിത് 

മഞ്ഞിൽപുതഞ്ഞ ഇരുൾവഴികളിൽ തപ്പിത്തടഞ്ഞു,
ദേഹത്തെ ദേഹിയിൽ നിന്നും ഇറുത്തു മാറ്റാൻ 
ഒളിവിരുതുകൾ നെയ്ത വലക്കെണികളിൽ വീഴാത,
ചണ്ഡവാതങ്ങളിൽ തകരാതെ, 
മരണാഗ്നിവർഷങ്ങളിൽ പതറാതെ 
ഇത്തിരി ജീവനും കൊക്കിൽ വെച്ചൊരോട്ടമാണിത് 

രണാങ്കണത്തിൽ നിലനിൽപ്പിനായൊരു 
പോരാട്ടം മാത്രമാണീ ജീവിതം 

ഓർമ്മകളുടെ മങ്ങിയ ചൂട്ടും മിന്നിച്ചു 
നാളിത്രയും കാത്തു പോന്നൊരീ ജീവൻ 
ഒടുവിൽ,നിന്റെ കൈകളിൽ ഭദ്രമാകുന്നു...

2014 ഡിസംബർ 2, ചൊവ്വാഴ്ച

തണൽ കിട്ടാത്ത തണൽമരങ്ങൾ

ചില തണൽമരങ്ങളുണ്ട് 
വേർപ്പിന്റെയുപ്പിൽ കിളിർത്തു 
കണ്ണീർനനവിൽ തഴച്ചു വളരുന്നവ.
ഓർമ്മകളുടെ പൂമുഖ പടിയിൽ നിന്നും 
ഇന്ധനം സ്വീകരിച്ചു 
ഉഷ്ണശൈത്യങ്ങളെ ആട്ടിയകററി 
ഏതു ഊഷരഭൂവിലും വേരോടുന്നവ.
സ്ഥലദേശങ്ങൾക്കപ്പുറത്തേയ്ക്കു 
ചില്ലകൾ പടർത്തി 
സാന്ത്വനത്തണലായി മാറുന്നവ. 
സ്നേഹപ്പൂക്കൾ പൊഴിച്ചു 
ഊഷ്മളബന്ധങ്ങളെ താലോലിക്കുന്നവ 

സുഖാലസ്യത്തണലുകളിൽ മയങ്ങുന്നവർ 
മരത്തിന്റെ മരതകസ്വപ്‌നങ്ങൾ അറിയാറില്ല 
അതിന്റെ,വിഷാദ മൃദുമർമ്മരങ്ങൾ കേൾക്കാറില്ല 
ദ്രവിച്ച വേരുകളുടെ 
മരവിച്ച ഞരമ്പുകളിലെ 
പുഴുക്കുനീറ്റലിനെ കുറിച്ചോർക്കാറില്ല 

ഒടുവിലൊരു നാൾ 
എല്ലാവർക്കും കേൾക്കാവുന്ന നിലവിളിയോടെ 
മരം മണ്ണിലേയ്ക്ക്...
അതവശേഷിപ്പിച്ച വലിയ ശൂന്യത 
പൊരിവെയിലായി മാറുമ്പോൾ 
ചിലർ അസ്വസ്ഥരാകുന്നു 

അപ്പോൾ മാത്രം 
അപ്പോൾ മാത്രം അവർ 
സ്വയം തണലു തേടാതെ
തണലേകിയ മരങ്ങളെക്കുറിച്ചോർക്കും 

ഒരു തണൽ നഷ്ടപ്പെടുമ്പോൾ 
ഒരു രാജ്യം തന്നെ നഷ്ടപ്പെടുന്നവരുണ്ട്‌ !
വേറെ ചിലർക്കു നഷ്ടം
ഒരു ലോകം തന്നെയായിരിക്കും!!

2014 നവംബർ 29, ശനിയാഴ്‌ച

അറിവേകിയ മുറിവിനു നന്ദി


മടിക്കുത്തിലുണ്ടായിരുന്നതിന്റെ അർത്ഥശൂന്യത  
പച്ചബോധത്തിൽ എഴുതിച്ചേർത്തു 
ഉടുതുണി തന്നെ പോയി !

ഭീതി കുടിപ്പിച്ചെന്നെ ഷണ്ഡീകരിച്ച 
നിദ്രാവിഹീന രാവുകൾക്കിനി 
പിണ്ഡമൊരുക്കാം 

വെട്ടിപ്പിടിക്കലുകൾക്കു വെട്ടം തെളിച്ച 
തേറ്റപോയ ആർത്തിമൃഗത്തെ നോക്കി 
ഇനിയൊരു പുച്ഛച്ചിരിയാകാം 

മടിക്കുത്തിലെ നാണയക്കിലുക്കങ്ങൾക്കൊപ്പിച്ചു 
താളം ചവുട്ടിയ സൗഹൃദക്കൂട്ടങ്ങൾക്കു നേരെ 
ഇനി കാർക്കിച്ചു തുപ്പാം 

എന്നാലും 
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കു 
കരുത്തുപകർന്നത് നാണയത്തിളക്കങ്ങളായിരുന്നു 
എന്ന അറിവേകിയ  മുറിവിനു നന്ദി !

2014 നവംബർ 28, വെള്ളിയാഴ്‌ച

അമ്മ


അമ്മിഞ്ഞപ്പാല്‍മണത്തില്‍
നിഷ്കളങ്ക,നിസ്സഹായതയുടെ
കൈകാലിട്ടടികള്‍ക്കിടയില്‍
ശൂന്യമായ തലച്ചോറില്‍ പ്രസരിച്ച
ആദ്യാറിവിന്റെ പൊന്നമ്പിളിപ്രഭ-അമ്മ


ഇരുളിലെ നിഴല്‍നൃത്തങ്ങളും
കിനാവുരുകിയ കണ്ണീരും
തുടലിലിട്ട ആയുസ്സിന്റെ
ജന്മപത്രിക നെയ്തവരുടെ കൈക്കരുത്തും
പ്രതിഫലിപ്പിച്ച കണ്ണാടി-അമ്മ

പിന്നെയെപ്പോഴോ
ആധിയുടെ ശ്യാമവാനില്‍
വ്യാധിയുടെ മിന്നല്‍പ്പിണറായും
ഒടുവില്‍,എന്നിലൊരു
വെള്ളിടിയായും ഒടുങ്ങി-അമ്മ

മധുരനൊമ്പര നീറ്റലായ്
മൂളിപ്പറക്കുന്നു ഓര്‍മ്മകള്‍..


'അമ്മയെക്കുറിച്ചേറെ പറഞ്ഞിരിക്കുന്നു' ...
സുഹൃത്തേ,
എത്ര പറഞ്ഞാലും തീരാത്തതായി
ഒന്നേയൊന്നു മാത്രം-അമ്മ

2014 നവംബർ 21, വെള്ളിയാഴ്‌ച

സ്നേഹരാഗം


രൂപാന്തരീകരണം

കുതിച്ചും കിതച്ചും പിന്നെ വേച്ചു വേച്ചും
 വെളിച്ചവുമിരുളും  അതിർത്തി പങ്കിടുന്നൊ-
രേകാന്ത വിജന തീരത്തിലേയ്ക്കെത്തുന്നു ഞാൻ.
കാല ഖജനാവിൽ നിന്നവസാന മണി മുഴങ്ങുമ്പോ-
ളെന്റെ വാച്ച് നിലയ്ക്കുന്നു,ഇരുളിൻ അടരുകൾ
മാന്തിപ്പൊളിച്ചൊരാൾ പുറത്തു വന്നെന്റെ
കൈപ്പിടച്ചി,തേവരെയനുഭവിച്ചിട്ടില്ലാത്തൊരു
കാറ്റിൻ കൈകളിലേൽപ്പിക്കുന്നു-സ്വസ്ഥം,ശാന്തം.
വാപിളർന്നു കിടക്കുന്ന കുഴിയിലേയ്ക്ക് 

കാലം ചവച്ചുതുപ്പിയ മാംസം  വീഴുന്നു, ഋതുഭേദങ്ങൾ തുടരുന്നു...

2014 നവംബർ 17, തിങ്കളാഴ്‌ച

മരണത്തിന്റെ രണഭേരികൾ


ഇല്ലിനി പാടുവാൻ ഒരു പാട്ടു പോലുമെൻ 
അഴലിന്റെ നിഴൽ വീണ കരൾവീണയിൽ 
ഒരു ഗാന പല്ലവി പോലുമിന്നെൻ ചുണ്ടിൽ 
ഉറയുന്ന മഞ്ഞിന്റെ മരവിപ്പുകൾ 

അലയുന്ന കാറ്റിലിന്നലിയുന്നു മോഹങ്ങൾ 
അകലെയാക്രോശത്തിൻ  രണഭേരികൾ 
അറിയുന്നുവരികിലെ കാഴ്ചകൾ മങ്ങുന്നു 
അന്യമാകുന്നുവെൻ പരിസരങ്ങൾ 

പൂവണിയാത്തൊരു മോഹങ്ങൾ തൻ ജഡം 
കുതിർമണ്ണിലലിയുന്നതോ മരണം ?
പുത്തൻപ്രതീക്ഷ തൻ വ്യോമപഥം തേടി 
ആത്മാവിന്നാരംഭമോ മരണം ?

ജീവിക്കുവാൻ പോന്ന ഭുവനമിതെന്നെന്നെ 
അറിയിച്ച മുഖമേ നീ തേങ്ങുന്നുവോ ?
നിന്നെ വെടിഞ്ഞെനിക്കെത്തുവാൻ മറ്റേതു 
സ്വർഗ്ഗമീയുലകത്തിലുണ്ടു് വേറെ ?!

പെരുകുന്ന നിൻ ദുഃഖമറിയുന്നു ഞാൻ സഖീ 
തീരത്തു തലതല്ലി കരയും കടലു നീ 
ആകുമോ നിന്നെ മറന്നു കൊണ്ടെന്റെയീ 
മുറിവേറ്റയാത്മാവിന്നന്ത്യ യാത്ര..

തകരല്ലേ..തളരല്ലെയൊരു നാളിൽ നിശ്ചയം 
മണ്ണിലൊടുങ്ങണം ജീവിതങ്ങൾ...
കടലാണു  ലക്ഷ്യമെന്നറിയാതെയലയുന്ന 
നദി തന്റെ ജീവിതം വ്യർത്ഥമെല്ലേ...

2014 നവംബർ 16, ഞായറാഴ്‌ച

ഞാനും എന്റെ മക്കളും


എനിക്കുണ്ട് നാലു മക്കൾ- 
നാലും വ്യവസായികൾ 
തൊലിക്കട്ടിയുള്ള ചുണക്കുട്ടന്മാർ  
പഠിക്കാത്തവർ 
പഠിച്ചവരെ പഠിപ്പിക്കുന്നവർ 

മൂത്തവന്   റിയൽഎസ്റ്റേറ്റ് വ്യവസായം 
രണ്ടാമന്  ആരോഗ്യം 
മൂന്നാമന് വിദ്യാഭ്യാസം
നാലാമൻ-അവനാണ് കേമൻ,
ആത്മീയ വ്യവസായ കുലപതി 

ഞാനിത്തിരി രാഷ്ട്രസേവനം 
നടത്തി കഷ്ടപ്പെട്ടതു കൊണ്ട് 
മക്കളൊക്കെ ഒരു നിലയിലെത്തി..!

2014 നവംബർ 2, ഞായറാഴ്‌ച

ചൊവ്വായാനം സ്വപ്നം കാണുന്നവൻ


കരിഞ്ഞ ഭൂമിയുടെ തിമിരക്കണ്ണുകൾ 
വെളിച്ചത്തിന്റെ 
ലാളന കൈകൾ  തേടി അലയുന്നു 

മഞ്ഞിച്ച ശിഖരങ്ങൾ 
ഭൂമിയിലേയ്ക്കു പടർത്താനാകാാതെ 
കറുത്ത ആകാശത്തൊരു 
വിളർത്ത സൂര്യൻ തളരുന്നു 

പൂതലിച്ച മരവേരുകൾ-
വസന്തോർമ്മകളുടെ താക്കോലുകൾ 
അമ്ലമഴയുടെ പരിരംഭണത്തിൽ അമരുന്നു 

വല്ലാതെ നോവിക്കുന്നു-
ഓർമ്മകളുടെ 
നാട്ടുമാവിലിരുന്നു ചിലയ്ക്കുന്ന അണ്ണാറകണ്ണന്മാർ..
വേലിപ്പത്തലിരുന്നു പൂത്താങ്കിരികൽ..
ആഞ്ഞിലിലിരുന്നു ചെമ്പോത്തുകൾ..
തോട്ടിൻ കരയിലെ കുളക്കോഴികൾ..
മര കോടരങ്ങളിൽ നിന്നും 
പുറത്തേയ്ക്കു നോക്കുന്ന പേടിക്കണ്ണുകൾ 

കാൽകീഴിലെ മണ്ണിനെ 
കുനിഞ്ഞൊന്നു നോക്കാത്തവൻ 
ചൊവ്വായാനം സ്വപനം കാണുന്നു 

വാസയോഗ്യ ഗ്രഹം തിരയുന്നവന്നു ചുറ്റും 
ഘനീഭവിച്ചു കിടക്കുന്നു മൗനം 
കുറെ ചോദ്യങ്ങളുമായി ...

2014 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

കേട്ടോളിൻ കൂട്ടരേ

കേട്ടോളിൻ കൂട്ടരേ മരിച്ചോരാരും 
ഇമ്മളെ ബന്ധത്തിൽ പെട്ടോരല്ലാ 
അപകടം വേറേതോ ജില്ലേലല്ലേ 
ഇമ്മളെ ജാതിയിൽ പെട്ടോരില്ലാ..
ഇജ്ജൊന്നു മാറ്റെടോ ചാനൽ വേറെ 
അടിപൊളി പാട്ടൊന്നു വെക്ക് വേഗം 
എവിടേലുമാരേലും ചത്തു പോയാൽ 
ഇമ്മക്കതോണ്ടെന്തു ചേതം വരും ?

ഒരു ചുംബനത്തിന്റെ ആത്മഹത്യ

ചന്ദ്രപ്രഭ തിളങ്ങേണ്ടത് രാത്രി തന്നെ !
പകലതിനെ കണ്ടിട്ടില്ല തൂലികകൾ..
നിശബ്ദതയുടെ രജത കമ്പളത്തിനുള്ളിലാണ് 
പ്രണയഹർഷങ്ങൾ അമരത്വം നേടുന്നുത് 
ശബ്ദഘോഷങ്ങളുടെ ചുടലത്തീയിൽ 
അതിന്റെ മാലാഖച്ചിറകുകൾ കരിഞ്ഞു പോകും 
സ്വ്വകാര്യതയുടെ മഴവിൽ കൂടാരത്തിൽ 
ആയിരമിതളായ് വിരിയേണ്ട 
ഒരു ചുംബനം 
തെരുവിൽ വന്നു ആത്മഹത്യ ചെയ്യുന്നു...

2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

ഞാൻ മാപ്പുകൊടുക്കേണ്ടവരുടെ പട്ടിക

മുഷിഞ്ഞ ഉടുപ്പിനോടും
മൂട് പിഞ്ഞിയ നിക്കറിനോടും
പുച്ഛം തോണി
ബാല്യത്തിന്റെ ഊടുവഴിയിൽ
തനിച്ചാക്കി പോയ കൂട്ടുകാരന്ന്



കാലിക്കീശയ്ക്ക്
വസന്തസമൃദ്ധികളൊരുക്കാൻ
ആകില്ലെന്നറിഞ്ഞു
പ്രണയത്തെ പഴിചാരി  രക്ഷപ്പെട്ടവൾക്ക്

പച്ചനോട്ടിൽ കണ്ണു മഞ്ഞളിച്ചു
രക്തബന്ധത്തിന്റെ ഊഷ്മളതയിൽ
വിഷം കലർത്തിയ കൂടപ്പിറപ്പിന്ന്

തന്റെ ദുഃഖദുരിതങ്ങളെ മാത്രം
ഭൂതക്കണ്ണാടിയിലൂടെ
നോക്കിക്കാണുന്ന  ഭാര്യയ്ക്ക്

ആവശ്യപൂർത്തീകരണത്തിനുള്ള
യന്ത്രത്തിന്റെ പേരാണ്
അച്ഛനെന്നു മനസ്സിലാക്കി വെച്ച മക്കൾക്ക്‌

അഭിനയമികവുകൾ മാറ്റുരയ്ക്കുന്ന
മത്സരവേദിയിലേയ്ക്കു 
വേഷപ്പകർച്ചകളുടെ
രസതന്ത്രമറിയാത്തവനെ തള്ളിവിട്ടു
അണിയറയിലിരുന്നു പൊട്ടിച്ചിരിക്കുന്ന കാലത്തിന്ന്

2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

മരണത്തിലേയ്ക്കൊരു ജനനം


ഒരു ഗാഢ നിദ്രയിൽ നിന്നുമായി 
ഞെട്ടിയുണർന്ന പോൽ തോണുന്നിതാ 
ചുറ്റിലും ശബ്ദങ്ങളില്ല വേറെ 
നേർത്ത വിലാപത്തിൻ തേങ്ങൽ മാത്രം 

വീടിൻ പുറകിൽ ഞാൻ ചെന്ന നേരം 
ചെറു പന്തലൊന്നങ്ങുയർന്നു നിൽപ്പൂ 
ചുറ്റും മറച്ചൊരാ പന്തലിന്റെ തറ 
സോപ്പുവെള്ളത്തിൽ കുതിർന്നിരിപ്പൂ 

ഒന്നും മനസ്സിലായില്ലെനിക്ക് 
ആരുടെ വീടിതെന്നാർക്കറിയാം 
മുൻവശത്താളുകളേറെയുണ്ട് 
എങ്ങുമടക്കിപ്പറച്ചിലുകൾ 

എല്ലാ മുഖങ്ങളും ദുഃഖമയം 
തെന്നലിൻ നിശ്വാസം ശോകമൂകം 
കിളികളിന്നില്ലല്ലോ പാട്ടുമായി 
കതിരവനില്ലാ വെളിച്ചവുമായ് 

കർപ്പൂര-ചന്ദനത്തിരി ഗന്ധത്തിൽ 
മുങ്ങി കുളിച്ച നടുവകത്തിൽ 
മെല്ലെ ഞാൻ ചെന്നപ്പോൾ കാണുന്നൊരു 
വെള്ളത്തുണിയിൽ പൊതിഞ്ഞ രൂപം 

നിശ്ചലമാ രൂപത്തിന്നരികിൽ 
നിശ്ചേഷ്ടയായൊരു പെണ്ണിരിപ്പൂ 
വ്യർത്ഥവ്യാമോഹത്തിന്നർത്ഥ ശൂന്യ 
ജീവൽ തുടിപ്പുകൾക്കന്ത്യ മായി 

എന്തു കഥയിതെന്നറിവീലല്ലോ 
എല്ലാം വെറും സ്വപ്നദൃശ്യങ്ങളോ 
ആരോരുമെന്നെയറിയുന്നീല 
ആരെയും ഞാനുമറിയുന്നീല 

ആരോ മുഖത്തുണി നീക്കിടുന്നു 
ജീവൻ വെടിഞ്ഞൊരാ ദേഹത്തിന്റെ 
സ്തബ്ധനായ് നിന്നു ഞാൻ,നിർന്നിമേഷം 
അജ്ജഡത്തിൻ മുഖമെന്റെതല്ലോ...!

2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

ജീവിക്കുകയെന്നാൽ..

ജീവിതം 

ജീവിക്കുകയെന്നാൽ 
മരണത്തിലേയ്ക്കു  വളരുക 
പിന്നെ,കാലക്കോടാലിയ്ക്കിരയാവുക 
******************************************
മരണം 

മരിക്കുകയെന്നാൽ 
പുതുനാമ്പു മുളയ്ക്കുക 
പിന്നെ,കാലത്തിന്റെ മൂടുപടം മാറ്റി 
അനന്തതയിലേയ്ക്കു ചിറകു വിരിക്കുക 
******************************************
സന്തോഷം 

സന്തോഷമെന്നാൽ 
ദുഃഖത്തിൽ നിന്നും 
ദുഃഖത്തിലേയ്ക്കു  നീളുന്ന 
ചെറു പാലം 
******************************************
ദുഃഖം 

ദേഹവുമായി കൂട്ടു കൂടി 
ഹിതങ്ങൾക്കപ്പുറം ചെയ്യേണ്ടി വന്ന 
ആത്മാവിന്റെ തേങ്ങൽ 
******************************************

ഓർമ്മ 

ഓർക്കുകയെന്നാൽ 
ക്ലാവു പിടിച്ച ഓർമ്മ ഭിത്തികൾ 
തുടയ്ക്കുക 

******************************************
വീഴ്ച 

കേറ്റി വിട്ടവനായിരിക്കും 
വീണവനേക്കാൾ 
വീഴ്ചയുടെ ആഘാതം 
******************************************
പറ്റിപ്പ്‌ 

മനസ്സിനെപ്പറ്റിച്ചു 
കാര്യം നേടുകകയെന്നാൽ 
ഓർക്കേണ്ടവ മറക്കാനും 
മറക്കേണ്ടവ ഓർക്കാനുമുള്ള ശ്രമമാണ് 

2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

ഭക്ഷണവും കാത്തു വിശപ്പുകൾ



ചിലയിടങ്ങളിൽ
വിശപ്പുകളെ കാത്തു മടുത്ത്
മയക്കത്തിലേയ്ക്കു  വഴുതുന്നു
തുടലിലിട്ട ഭക്ഷണം ...

മറ്റു ചിലയിടങ്ങളിൽ
ഭക്ഷണവും കാത്തു
തളർന്ന വിശപ്പുകൾ
മൗനവിലാപത്തിന്റെ അകമ്പടിയോടെ
മയക്കത്തിലേയ്ക്ക് ...

തുടൽ പൊട്ടിച്ചു
ഭക്ഷണം സ്വതന്ത്രമാകുന്ന നാളുകൾ
സ്വപനം കണ്ടൊരു വിശപ്പിന്റെ പഞ്ജരം
വേച്ചു വേച്ചു ...
ഒരു കഴുകൻ
ആർത്തിക്കണ്ണുകളുമായ്‌
താഴ്ന്നിറങ്ങുന്നു ..

2014 ഒക്‌ടോബർ 18, ശനിയാഴ്‌ച

ആറടി മണ്ണ്


ജീവിതത്തിലെ ഏറ്റവും വലിയ മറവി


തന്ന അമ്മിഞ്ഞപ്പാലിന്റെ കണക്കു 
വെട്ടിത്തിരുത്തലുകൾ ഇല്ലാതെയുണ്ട് 
അമ്മയുടെ സഹനപുസ്തകത്തിൽ 

ഒഴുക്കിയ വിയർപ്പിനെ അപ്പമായ് മാറ്റിയ 
മാന്ത്രികവിസ്മയ കഥകളുണ്ട് 
അച്ഛന്റെ യാതനാപുസ്തകത്തിൽ 

തപ്ത യൗവനമേനിയിൽ 
കുളിർക്കാറ്റായ് വീശിയ നാളുകൾ 
എണ്ണി പറയുന്നുണ്ടു കാമിനിയുടെ കുറിപ്പുകളിൽ 

പ്രാരബ്ധവീഥികളിൽ പകച്ചു നിന്നപ്പോൾ 
കണ്ണീർനനവിന്റെ വിളറിയ പുഞ്ചിരികൾ കൊണ്ടു 
കിതപ്പുകളില്ലാത്ത കുതിപ്പുകൾക്കു 
ആക്കം പകർന്ന കഥകളുണ്ട്‌ 
ഭാര്യയുടെ തടിച്ച പുസ്തകത്തിൽ 

എല്ലാം കൊടുത്തിട്ടും 
ഒന്നും കൊടുത്തില്ലെന്ന 
പരാതിക്കെട്ടുകളുണ്ടു മക്കളുടെ കയ്യിൽ 

എല്ലവർക്കുമുണ്ടു 
സന്ദർഭത്തിനനുശരിച്ചു എടുത്തു കാണിക്കാൻ 
ചെയ്തു കൊടുത്ത സേവനക്കെട്ടുകൾ 

പകരമെന്തു തന്നു ?
എന്ന ചോദ്യത്തിനുള്ള മറുപടി 
എഴുതി വെക്കാത്തതായിരുന്നു 
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മറവി 

ഉരുകി തീർന്ന ഒരു പുരുഷായുസ്സു 
ചോദ്യങ്ങൾക്കൊന്നും ഉത്തരമല്ലാതിരിക്കെ, 
അന്ത്യവിശ്രമം തരുന്ന മണ്‍ശയ്യയെങ്കിലും 
കണക്കുകൾ ഓർത്തു വെക്കാതിരുന്നെങ്കിൽ ..

2014 ഒക്‌ടോബർ 15, ബുധനാഴ്‌ച

ഞങ്ങളുടെ അഹമ്മതികൾ


വാൾമൂർച്ചയിൽ ഗള നാളം മുറിയുമ്പോൾ 
ആർത്തനാദത്തിന്റെ ചെന്നിണപ്പൂക്കളാ-
ലഭിശപ്ത ജന്മത്തിൻ പ്രാണൻ പിടയുമ്പോൾ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

പ്രാക്തന മഹിമ തൻ വേരുകളാഴത്തി-
ലള്ളി,പ്പിടിച്ചൊരീ,യുർവ്വര മണ്ണിന്റെ 
കന്യകാത്വം കാക്കാൻ ചുടു ചോരയേകുമ്പോൾ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

ഭിക്ഷുവായ് വന്ന നീയിച്ഛിച്ചതെൻ മണ്ണ് 
പിന്നെ,യാഴത്തിൽ പതിഞ്ഞൊരെൻ സംസ്കൃതി 
കാലടിക്കീഴിലെ മണ്ണിനെ പ്രണയിച്ചാൽ 
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

അതിജീവനത്തിന്റെയീ മരുഭൂമിയിൽ 
പ്രാണൻ പറക്കാതെ നോക്കട്ടേ ഞങ്ങളും 
മാനുജരായി പിറന്നില്ലേ മണ്ണിതിൽ !
അഹമ്മതി,യെന്നതി,ന്നോതുന്നുവോ നിങ്ങൾ ?

---------------------------------------------------------
നിൽപ്പു സമരം സിന്ദാബാദ് !

കടങ്കഥ



 കടങ്കഥ 

മണ്ണിൽ വെച്ചാലൊരു പിടി  മണ്ണ്‌ 
അഗ്നിയിൽ  വെച്ചാലൊരു പിടി ചാരം 
കല്പാന്തം വരെ വാഴുമെന്നൊരു ഹുങ്ക് 


പട്ടം

ഉയർത്തി വിട്ട പട്ടം 
കാറ്റിലൊഴുകുന്നു അലസം 
പിന്നെ,തിരിച്ചിറക്കുന്നു 

തോണി 

നിലാവിന്റെ തങ്കക്കമ്പളം പുതച്ചു കടൽ 
തുറിച്ചു നോക്കുന്നൊരു നക്ഷത്രം 
ആരെയോ കാത്തൊരു തോണി തീരത്ത് 

2014 ഒക്‌ടോബർ 12, ഞായറാഴ്‌ച

മെഴുകുതിരി



ആത്മാവിലൊരു തേങ്ങലുയരുമ്പൊഴും 
   ജീവൻ ചിറകടിച്ചണയുമ്പൊഴും 
  നെറുകയിൽ കത്തുമീ തീയുമായി 
    ഉരുകട്ടേയന്യർക്കു വെട്ടമേകി..
      എങ്കിലുമിത്തിരിയന്ധകാരം 
മായ്ക്കുവാനായതിൽ തൃപ്തനായ്‌ ഞാൻ 

     കെ ടി എ ഷുക്കൂർ 

2014 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

ഒരു സ്വപ്നം കൂടി കാണട്ടേ ഞാന്‍...


നീ ആഹ്ലാദിക്കുന്നത്...

ശിഥില വര്‍ണ്ണക്കൂട്ടുകളുടെ
നിരര്‍ത്ഥക നിഗൂഢതകളില്‍
പ്രജ്ഞയുടെ വിശുദ്ധ പടമഴിച്ചു
പ്രപിതാക്കളെ വഞ്ചിച്ചു കൊണ്ട്..

സിരകളില്‍ നുരയുന്ന
മദിരയുടെ ഉന്മാദവിഭ്രമങ്ങളില്‍
ബോധാബോധത്തിന്റെ അതിര്‍ത്തിയിലെ
അരണ്ട വെളിച്ചത്തില്‍
അന്തകവിത്തു മുളപ്പിച്ചു കൊണ്ട്..

ശിശിരത്തിന്റെ മണ്‍കുടില്‍ മുറ്റത്തു
മണല്‍മെത്തയില്‍ മലര്‍ന്നു കിടന്നു
നിലാവീഞ്ഞൂറ്റി കുടിച്ചു
വസന്തത്തിലെ
വിദൂര നക്ഷത്രങ്ങളെ കുറിച്ചു
ഒരു സ്വപ്നം കൂടി  കാണട്ടേ ഞാന്‍...

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഭൂതകാലത്തിലേയ്ക്കു തുറക്കുന്ന വാതിലുകള്‍

എന്റെ ശേഖരത്തിൽ
ചിലതിനു വില പറയുന്നു
ആക്രിക്കച്ചവടക്കാര്‍

അവര്‍ക്കറിയില്ലല്ലോ
തിട്ടപ്പെടുത്താനാകാത്ത
അതിന്റെ മൂല്യം !

ഭൂതകാലത്തിലേയ്ക്കു തുറക്കുന്ന
വാതിലുകളുടെ
താക്കോലുകളാണവ

കവിളിലൂടെ കണ്ണീരൊഴുകുന്ന
സ്ത്രീയുടെ ലോഹപ്രതിമ
എന്നെ അമ്മയുടെ മടിത്തട്ടിലെത്തിക്കുന്നു

ക്ലാവു പിടിച്ച വെറ്റിലച്ചെല്ലം
കഥകളുടെ ഭണ്ഡാരം സൂക്ഷിപ്പുകാരി
മുത്തശ്ശിയുടെ അരികിലെത്തിക്കുന്നു

ഇരുമ്പു വട്ടുരുട്ടി ഞാന്‍ പോകുന്നു
ബാല്യത്തിന്റെ
നിഷ്കളങ്ക ഊടുവഴികളിലേയ്ക്ക്

പൊട്ട സ്ളേറ്റെന്റെ കൈ പിടിച്ചോടുന്നു
ഉപ്പുമാവെന്ന അറിവു ജഠരാഗ്നിയെ സാന്ത്വനിപ്പിച്ച
കലാലയ മുറ്റത്തേയ്ക്ക്

വര്‍ണ്ണ വളപ്പൊട്ടുകള്‍
മണിയറയിലേയ്ക്ക്
ഒപ്പനത്താളത്തില്‍ എതിരേല്‍ക്കുന്നു

നാളെ
എന്റെ മക്കള്‍ക്ക്‌ എന്നിലേക്കെത്താന്‍
എന്തവശേഷിപ്പിക്കണം ?

അക്ഷര ശോഭ കൊണ്ടൊരു
മഞ്ജുള ഹാരം
പണിയാന്‍ കഴിഞ്ഞെങ്കില്‍..!

2014 ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ജീവിതം അറിയിക്കാതെ പോയത് ...







http://news.keralakaumudi.com/news.php?nid=65972c11013df812f6160e7c4726326e#.VAQ0uiuhm8I

 ജീവിതം അറിയിക്കാതെ പോയത്
അബ്ദുൾ ഷുക്കൂർ കെ. ടി
Posted on: Monday, 01 September 2014

പാരിലിജ്ജീവിത ശോകാന്ത നാടക -
മാടി ഞാൻ തീർക്കണം മൂകമായീവിധം
മോഹത്തിൻ വെണ്‍നുരസ്സൗധങ്ങൾ മാത്രമി-
ക്കാണുന്ന ജീവിതം,മായികസൗരഭം

ജീവിത വല്ലകീ തന്ത്രികൾ മീട്ടുവാൻ
അറിയാതെ പോയതാണെന്നുടെ സങ്കടം
മൃത്യുവിൻ നിസ്വനം,പിന്നിട്ട പാതയില്‍
കാണാതെപോയൊരു ജ്ഞാനത്തിന്‍ തുണ്ടുകള്‍

മൂല്യമറിയാതെ സ്വര്‍ണ്ണഭാണ്ഡം പേറി
മരുവിലലഞ്ഞൊരു ഗര്‍ദ്ദഭം ഞാന്‍
മുത്തിന്റെ മൂല്യമറിയാതെ മുത്തിനെ
നാളുക,ളുള്ളില്‍ ചുമന്നൊരു ചിപ്പി ഞാന്‍

എല്ലാമറിയാമെന്നുള്ളില്‍ നിനച്ചു ഞാ-
നൊന്നുമറിയില്ല,ന്നാസത്യമെന്‍ മുന്നില്‍
ലോകത്തിന്‍ സ്പന്ദനമെന്‍കയ്യിലെന്നൊരു
മൂഢസ്വര്‍ഗ്ഗത്തില്‍ വസിച്ചൊരു വിഡ്ഢി ഞാന്‍

മരണമേ നിന്‍കര,ലാളനമേറ്റെന്റെ-
യാത്മാവു കോരിത്തരിക്കുന്ന വേളയില്‍
ജീവിത,തത്ത്വത്തി,നര്‍ത്ഥ തലങ്ങളെന്‍
മുന്നില്‍ വിരിയുന്നു പച്ച പകലുപോല്‍

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

ചരിത്രം ഉണ്ടാകുന്നത് ...


ദൂരെ,യെന്നൊർത്തവയെല്ലാം പൊടുന്നനെ 
ചാരെയണയുന്നു,മങ്ങുന്നു കാഴ്ചകൾ 
ഭൂതമായ് ഞാൻ കാണുന്നതെല്ലാം,ചിലരുടെ 
ഭാവിയാം  സ്വപ്നങ്ങളായിരുന്നു 
ഇന്നിലെ ഞാനുമെൻ ചുറ്റുപാടും നാളെ 
ശിഥിലമൊരോർമ്മയായ് പൂത്തു നിൽക്കും 
സ്വപ്നശതങ്ങൾ ചവിട്ടി മെതിച്ചു കൊ-
ണ്ടോടുന്നു കാല,മിണങ്ങാത്തൊ,രശ്വമായ് 
അവ്യക്തമാം നിഴലോർമ്മകൾ മാഞ്ഞിടാം 
കത്തുന്ന ബോധമൊരു നാളിൽ കെട്ടിടാം 
കാലപ്രളയത്തിൽ മുങ്ങി മരിക്കുന്ന 
ഇന്നിൻ കബന്ധം ചരിത്രമായ് നാളെത്തെ 
കുരുതി,ചതി നെറികേടിൻ ചരിത്രത്തെ 
നിർമ്മിക്കും യന്ത്രമാണിന്നുകൾ നിശ്ചയം 
വങ്കത്തരങ്ങളെ ഗർഭത്തിൽ പേറുന്ന 
വഞ്ചനകൾ തൻ പുരാവൃത്തമാണിത്...

2014 സെപ്റ്റംബർ 30, ചൊവ്വാഴ്ച

നുറുങ്ങുവെട്ടങ്ങൾ


കുന്നോളം തീ ഉള്ളിലേറ്റിയവനോടല്ല                                  
കടുകോളം തീ പുറത്തേറ്റിയവനോടാണ് 
ക്യാമറക്കണ്ണുകൾക്കു പ്രണയം

------------------------------------------------
നായകനാണെന്നായിരുന്നു വെപ്പ് 
സ്വന്തത്തെ കാണുന്ന  പ്രേക്ഷകനാണിപ്പോൾ                     
കൈയ്യടിക്കാനും കൂവാനും മറന്നു .....
--------------------------------------------------

നിലാവുറങ്ങാത്ത മനസ്സ് 
പകൽപ്പിറവി സ്വപ്നം കാണുന്നു 
രാത്രി 

--------------------------------------------------

കടുകുമണിയോളം പൊന്നു കൊടുത്തു
അവനൊരു 'യന്ത്രം'വാങ്ങി-
പൊന്നിൽ തീർത്തത്

--------------------------------------------------

ആയുധമില്ലാതെ
പോരാടേണ്ടി വന്നവന്റെ കഥയുംപറഞ്ഞു
രുധിരപാനം നടത്തുന്നതിനിടെ ഈച്ചകൾ 

--------------------------------------------------
'മതിമുഖി' എന്നവൻ 
മോന്തയ്ക്കൊന്നു കൊടുത്തവൾ 
മതി മതി-അപമാനിക്കുന്നോ ?

--------------------------------------------------

പാമ്പ് 
പടമഴിച്ചു വനനിഗൂഢതകളിലേയ്ക്കു മറഞ്ഞപ്പോൾ
പടവും ചുമലിലേന്തി പുളിയുറുമ്പുകൾ

--------------------------------------------------

കാത്തിരിപ്പുണ്ടു ശ്മശാനത്തിൽ 
ശവത്തെ കുഴിയിലേക്കെടുക്കുന്നതും കാത്തു 
പുഴുക്കൾ 
--------------------------------------------------

വറ്റിവരണ്ട വേനൽപാടങ്ങളിലേക്കു നീയൊരു 
ഇടവപ്പാതിയായ് പെയ്തിറങ്ങുന്നതും കാത്തു 
മോഹങ്ങൾ 

--------------------------------------------------
കടലാണെന്റെ ലക്‌ഷ്യം 
മരുഭൂവഴികളിലൂടൊഴുകുന്നതെൻ 
നിയോഗം 

--------------------------------------------------
കീഴടക്കിയ രാജ്യത്തേക്കാൾ
കീഴടക്കാനുള്ള രാജ്യമാണ്
ചക്രവർത്തിക്ക് ഇഷ്ടവും,കൌതുകവും

--------------------------------------------------
സമ്പൽ സമൃദ്ധിതന്നാകാശവീഥിയിൽ
പാറിപ്പറക്കുമ്പോൾ കാണാതെ പോകുന്ന
ധരണിതൻ കരളിന്റെ കുളിരാണ് സൗന്ദര്യം 

--------------------------------------------------
മറവി തന്നാഴിയിൽ മുങ്ങിടുന്നേര-
മണയും സ്മൃതിവിളക്കിന്നലെകൾ
കെട്ടവിളക്കിൻ നിലവിളിയിന്നുകൾ
ഒരുനാളും കത്താവിളക്കാണ് നാളെകൾ

--------------------------------------------------

നീയെന്ന തംബുരു മീട്ടാതെ പോയൊരു
ഗാനമായെന്നും കഴിഞ്ഞിടാം ഞാൻ
എന്തിന്നപശ്രുതിയായിപ്പിറന്നുക്കൊ-
ണ്ടേറെ വെറുപ്പുഞാനേറ്റീടണം

--------------------------------------------------

ഓർമ്മകൾ പൂക്കുന്നൊരീമാവിൻ ചോട്ടിൽ
തിരയട്ടേ പൊയ്പ്പോയ മധുരക്കിനാക്കൾ
വെറുതെ,യെന്നറിവിൻ മുറിവുമായ്‌ ഞാൻ

--------------------------------------------------

പാടാത്ത പാട്ടിൻ ജനിക്കാത്ത നാദത്തെ
വാടാത്ത പൂവിൻ നെഞ്ചിലൊളിപ്പിച്ചു
സ്മൃതികളിൽ മധുരമായൊഴുകിടാം ഞാൻ !    

2014 സെപ്റ്റംബർ 27, ശനിയാഴ്‌ച

ശവഗന്ധമന്ത്രങ്ങൾ


ജീവനിൽ അർബുദമായ് പടർന്നു കയറി,
ഉച്ഛ്വാസനിശ്വാസങ്ങൾക്കിടയിലെ 
ചെറുനിമേഷങ്ങൾ പെറുക്കിയൊതുക്കി 
ആയുസ്സിന്റെ ജന്മപത്രിക നെയ്തു,
വാഴ്‌വിന്റെ നിരർത്ഥകതയെ തുറന്നു കാട്ടി നീ...
ശര ലക്ഷ്യത്തിനു മുന്നിൽ മതിമറന്നാടിയ എന്റെ 
പച്ചബോധത്തെ പൊതിഞ്ഞ മേഘമാറാപ്പിൽ 
പൊള്ളുന്ന അറിവിന്റെ ആലക്തിക പെരുമ്പറയായി 
നീ പകർന്നാടിയിട്ടും,അറിയാതെ പോയതെന്തേ ഞാൻ ?
പിന്നിട്ട ശത ദൂരങ്ങൾ മുങ്ങിപ്പോയ സ്വപ്നനൗകയെന്നും 
ഉയർത്തി കൊണ്ടിരിക്കുന്ന പുതുസ്വപ്നമാളികകൾ 
ക്ഷണപ്രഭയുടെ മായിക മേനിയിലെന്നുമറിയാത്ത 
വേട്ടാളവിഷം മയക്കിയ പുഴുജന്മമാണു ഞാൻ..
നീണ്ട രാത്രിയെ ഉറക്കി ചുരുട്ടി ചെറുതാക്കി 
വെളുത്ത പകലിനെ പാപത്തിൽ കുഴച്ചു കറുപ്പിച്ചു 
കാൽകീഴിൽ പിടഞ്ഞമർന്നു ഇല്ലാതായവന്റെ 
പട്ടടച്ചാരം കൊണ്ടെഴുതി ഞാൻ 
നിലനില്പ്പിന്റെ പുതു ശവഗന്ധമന്ത്രങ്ങൾ.
ആത്മ വറുതിയുടെ കനൽകാറ്റേറ്റു പിടയുമ്പോൾ 
ബൗദ്ധിക വെളിപാടുകളുടെ നിഴൽവെളിച്ചവുമായി 
നീ ഉണ്ടായിരുന്നു;ഞാനൊരു വിഡ്ഢി !

2014 സെപ്റ്റംബർ 20, ശനിയാഴ്‌ച

മഹാകവി


നുറുങ്ങ്


നുറുങ്ങ്


2014 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ഇനിയും അസ്തമിച്ചിട്ടില്ലാത്ത പ്രത്യാശകള്‍

മുഹബ്ബത്തിന്റെ
മൊഞ്ചുള്ള ഇസല്‍പ്പൂക്കള്‍ വിരിയിച്ച്,
ആര്‍ദ്രനോട്ടങ്ങള്‍ കൊണ്ട്
ഇരുമ്പിനെ  കരിമ്പാക്കുന്ന
ഇന്റെ താരുണ്യത്തേയും
കാറ്റും കാറ്റാടിയും തിരിച്ചറിയാത്ത
ഓന്റെ കുഞ്ഞു പ്രായത്തേം തനിച്ചാക്കി
വേറെ  സൊഖം തേടി പോയി
ഓന്റെ ബാപ്പ


അന്നന്നെ
മോഹങ്ങളെ കബറടക്കി
കള്ളിച്ചെടി പോലും നാട്ടാതെ
കാലച്ചുഴീലേയ്ക്ക് എടുത്തു ചാടി

കുഞ്ഞീദ് ഹാജീന്റെ
അടുക്കളേലും പറമ്പേലും
ജന്മം എരിച്ചു തീർത്തത്
ഓന്റെ പഠിപ്പിനും പത്രാസിനും വേണ്ടി

വറുതീന്റെ വേനൽനിശ്വാസങ്ങളിൽ
കിനാവിന്റെ വെറക് കത്തിച്ചു
കണ്ണീരുപ്പു ചേർത്തു
ചക്കരപ്പായാസം ഇണ്ടാക്കി
ഓനെ കുടിപ്പിച്ചു
മാറി നിന്നു കരഞ്ഞത്
ഓൻ കണ്ടിട്ടുണ്ടാവില്ല

ഒരു പെണ്‍ജന്മമാണ്
ഓനു വേണ്ടി
പെയ്തു തീർന്നത് ...

...ന്നാലും
ഈ വൃദ്ധസദനത്തിന്റെ
നാലു ചുവരുകൾക്കുള്ളിൽ
ശ്വാസം മുട്ടി പിടയുമ്പോൾ
തിമിരക്കണ്ണുകളില്‍
പ്രത്യാശയുടെ  ചെറുനാളം-
ഇന്നോ നാളെയോ
ഓൻ വരായിരിക്കും
ഈ ഉമ്മാനേം കൂട്ടി കൊണ്ടോവാൻ ..


2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിസ്സകളാകുന്ന ഇസങ്ങൾ

ഉറങ്ങുന്നവരിൽ ചിലരെ 
ഉണർത്താൻ കഴിയാത്തതു 
മരിച്ചവരായതു കൊണ്ടാകണം 
ഇരുട്ടിനെ 
പ്രണയിക്കുന്നതു കൊണ്ടാകണം 
വെളിച്ചത്തെ ചിലർ വെറുക്കുന്നത് 
സത്യം തഴച്ചു വളരുന്നതു 
കാഴ്ചവട്ടങ്ങൾക്കു പുറത്താണെങ്കിലും,
അതിനുള്ളിലെ നുണകൾക്കു 
മുകളിൽ അടയിരുന്നു,
തെന്നി നീങ്ങുന്ന 
കാലക്കണ്ണാടിയിലേയ്ക്കു നോക്കി 
മുഖം മിനുക്കാറുണ്ട് ചിലർ 
ചില നുണവൃക്ഷങ്ങൾ 
കാലക്കാറ്റിനെ 
കുറച്ചെങ്കിലും അതിജീവിക്കുന്നതു 
സത്യവിത്തിൽ 
കുരുത്തതു കൊണ്ടാകണം 
സത്യാടിത്തറയില്ലാത്ത 
ഇസങ്ങളായിരിക്കണം 
കിസ്സകളായി മാറി 
ചിതൽഭക്ഷണമായി തീരുന്നത്..

2014 സെപ്റ്റംബർ 13, ശനിയാഴ്‌ച

മണങ്ങളുടെ അടച്ച പുസ്തകം

അമ്മിഞ്ഞ മണത്തിൽ 
കൈകാലിട്ടടിച്ചത് 
പശുപ്പാൽ മണത്തിൽ 
പിച്ച വെച്ചത് 
വെറ്റില മണത്തിൽ 
കഥകളുടെ മാന്ത്രികലോകത്തിലേയ്ക്കു 
നടന്നു പോയത് 
കണ്ണിമാങ്ങാ മണത്തിൽ 
നിഷ്കളങ്കതയുടെ 
കനവപ്പം ചുട്ടത് 
പനിനീർ മണത്തിൽ 
സ്വപ്നത്തിരമാലകൾ കൊണ്ടു 
ഊഞ്ഞാൽ കെട്ടിയത് 
മുല്ലപ്പൂ മണത്തിൽ 
മണിയറയിൽ 
മധുരം പെയ്തത് 
എല്ലാം 
ഇനിയൊരിക്കലും തുറക്കാനാകാത്ത 
മണങ്ങളുടെ 
ഓർമ്മപുസ്തകത്തിലെ 
ജീവനുള്ള അദ്ധ്യായങ്ങൾ ...
മുന്നോട്ടു കുതിക്കുന്ന വാഹനത്തിന്റെ 
പിന്നോട്ടു പായുന്ന ലതാദികൾ-
ഓർമ്മയുടെ മണങ്ങൾ ..
ഇപ്പോൾ 
അന്യതാ ബോധത്തിന്റെ 
പുഴുക്കു മണമാണ് 
അലയുന്ന കാറ്റിലെങ്ങും 
മുന്നിൽ തുറക്കുന്നു 
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത 
മണത്തിന്റെ പുതുവഴികൾ 

2014 സെപ്റ്റംബർ 11, വ്യാഴാഴ്‌ച

യന്ത്രപ്പക്ഷി

യന്ത്രപ്പക്ഷി 
ഇരമ്പിപ്പാഞ്ഞു കൊണ്ടിരിക്കുന്നു 
അനന്ത ശൂന്യതയിലൂടെ...
രണ്ടു മാന്ത്രിക എലികൾ-
കറുപ്പും വെളുപ്പും 
അതിനെ കരണ്ടു തിന്നു കൊണ്ടിരിക്കുന്നു 
തീ-അതിനെ                                                                           
നക്കിത്തുടച്ചു കൊണ്ടിരിക്കുന്നു 
മേഘ പ്രതിരോധങ്ങൾ 
മാർഗ്ഗ വിഘ്നങ്ങളാകുമ്പോൾ 
ഉയർന്നും താഴ്ന്നും ചെരിഞ്ഞും 
കുതിപ്പുകൾക്കിടയിൽ 
കിതപ്പുകൾ മറച്ചു വെച്ചു 
അതു  മുന്നോട്ട്...മുന്നോട്ട് ...
യാത്രികർ 
ആഘോഷത്തിലാണ് 
അവരൊന്നുമറിയുന്നില്ല !
അന്ത്യമുണ്ടാകാതിരിക്കില്ല 
പ്രാണൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള 
കനൽ നൃത്തങ്ങൾക്ക് 

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

സുകൃതികൾ

സജലമീ കണ്‍കൾ 
തുടയ്ക്കുവാനാകില്ല 
കരുണ വറ്റി കര-
ളിരുൾ മൂടിയോർക്കൊന്നും 

ഇക്കണ്ണിലിഴയുന്നൊ-
രീ ദയനീയത 
ആവില്ലൊരു തൂലിക-
യ്ക്കും പകർത്തുവാൻ 

വാക്കുകൾ പെറ്റു 
പെരുകുന്ന വ്യാഖ്യാന-
ങ്ങൾക്കൊന്നുമാകില്ലി-
തിനെ വർണ്ണിക്കുവാൻ 

ചിതൽ കാർന്നു തിന്നുന്നോ-
രിത്തിരിയോർമ്മക-
ളാണു നാമെന്നതോ 
ദുഃഖ സത്യം 

കരളിലെയിരുളിലൊരു 
കൊച്ചു  നെയ്ത്തിരി 
വെട്ടം തെളിച്ചോരേ...
നിങ്ങൾ സുകൃതികൾ 

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

രക്തമഹോത്സവങ്ങൾ

പണ്ടത്തെ ഗുരുവിനു 
ദക്ഷിണ പെരുവിരലെങ്കിൽ 
ഇന്നത്തെ ഗുരുവിനു വേണ്ടതു 
നമ്മുടെ ഉണ്മ.
ഇന്ന് 
ഇ-ലോകത്തിന്റെ 
ഇര മാത്രമാണ് 
ഈ ലോകം. 
യന്ത്ര മനുഷ്യോത്പാദനത്തിൽ 
മത്സരത്തിലാണ് 
വ്യവസായശാലകൾ.
കരുണ കടന്നു വരുന്ന കരളും 
സ്നേഹം ശ്രുതി മീട്ടുന്ന മനസ്സും 
ലോഹശരീരത്തിനു അന്യം .
സ്നേഹം ചാരമാകുമ്പോൾ 
ഉയരുന്ന അന്യതാബോധത്തിന്റെ 
പുഴുക്കുഗന്ധമാണ് 
കുളിരണിയിക്കാതെ കടന്നു പോകുന്ന 
ഉപ്പുകാറ്റിലെങ്ങും.
അകലെ നിന്നും കേൾക്കുന്നത് 
കരുണ പടിയിറങ്ങി പോയ 
കാടൻ മനസ്സുകളുടെ 
രക്തമഹോത്സവങ്ങൾ ...

2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

നില്പു സമരം

ഹേയ് വാമനാ ..
എന്റെ നിഷ്കളങ്കതയുടെ 
ശാദ്വല തീരത്തിലേയ്ക്കു 
കപട സ്നേഹത്തിന്റെ 
വിഷവേരുകളിറക്കി കൊണ്ടായിരുന്നു 
നിന്റെ അധിനിവേശം .
മണ്ണും മാനവും കവർന്നെടുത്തു 
ചതിയുടെ പാതാളത്തിലേയ്ക്കെന്നെ 
ചവിട്ടി താഴ്ത്തുമ്പോൾ 
അറിഞ്ഞിരുന്നില്ല നീ
ചതിയുടെ ചരിത്രം 
നാലാളെ അറിയിക്കാൻ 
ഞാനെത്തുമെന്ന് ;
ഒരു നില്പുസമരവുമായി 

2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

ആത്മഹത്യ ചെയ്തതു ഞാനായിരുന്നു


കരൾക്കൂട്ടിലിട്ടു താരാട്ടി 
കാലങ്ങളോളം പോറ്റി വളർത്തി 
എന്നിട്ടും 
എന്റെ പേരെഴുതി വെച്ചായിരുന്നു 
കിനാക്കളുടെ കൂട്ടആത്മഹത്യ  !
ശവമടക്കം 
കഴിഞ്ഞന്നു മുതലാണ്‌ 
 ഉറക്കമെന്റെ ശത്രുവായത് .
മനസ്സിന്റെ പുറമ്പോക്കിൽ 
സ്വപ്നങ്ങളുടെ ശ്മശാനഭൂവിൽ 
ഗതി കിട്ടാത്ത ആത്മാക്കളുടെ 
നിലയ്ക്കാത്ത തേങ്ങലുകൾ 
ചോദ്യശരങ്ങളായി 
നിറംമങ്ങിയ ഇന്നിന്റെ വഴികളിൽ .
ഇപ്പോൾ 
ഉണ്മയുടെ പ്രതിക്കൂട്ടിലാണ് ഞാൻ 
ആത്മഹത്യ ചെയ്തതു ഞാനായിരുന്നു 
എന്നൊരു വിധിവാചകം 
എന്റെ മുന്നിൽ വായിക്കുന്നു ...

2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

കടമകളുടെ ഊരാക്കുടുക്കുകൾ

എന്റെ വാരിയെല്ലില്‍ നിന്നും
സ്വാതന്ത്ര്യാസ്തിത്വത്തിലേയ്ക്ക്
വിരിഞ്ഞിറങ്ങുമ്പോള്‍
നിന്റെ ജനിതകരഹസ്യ ഫലകത്തില്‍
ആരോ കോറിയിട്ട
ചില കടമകളുടെ
ഊരാക്കുടുക്കുകളുണ്ട്....

എന്റെ കണ്ണീര്‍പാടത്തില്‍
കുരുക്കുന്ന കദനമുല്ലയാകണം
കനല്‍ക്കാറ്റേറ്റു കരിയാതിരിക്കാൻ
എനിക്കു ചുറ്റും രക്ഷാകവചമാകണം

ആയുസ്സിന്റെ ഇരുണ്ട ഭൂവിൽ
കണ്ണെത്താഗർത്തങ്ങൾക്കു മുകളിൽ
ഭാഗ്യനൂലിലൂടെ മറുകര തേടുന്ന
നിഴലിനെ പിന്തുടരുന്ന
മറ്റൊരു നിഴലായി മാറണം

ആത്മീയവറുതിയുടെ രാത്രിവഴികളിൽ
ചൂട്ടുമായി മുന്നിൽ നടക്കണം

ബീജശേഖരണിയായി
പകർപ്പുകളെ പെറ്റു കൂട്ടണം

എന്നെ
അവസാന കടത്തു വരെ അനുഗമിച്ചു
തിരിച്ചു പോയി
ഭൂതകാലത്തിൽ അടയിരിക്കുമ്പോൾ
പിഞ്ഞിയ ആയുസ്സിന്റെ വക്കിലിരുന്നു
സ്വജന്മം സാർത്ഥകമെന്നു
പാടിപ്പുകയ്ത്തണം...
പിന്നെ,പതുക്കെ
ഓർമ്മകളിലേയ്ക്ക് മരിക്കണം


2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

മധുരക്കിനാക്കൾ



ഓർമ്മകൾ പൂക്കുന്നൊരീമാവിൻ ചോട്ടിൽ
തിരയട്ടേ പൊയ്പ്പോയ മധുരക്കിനാക്കൾ
വെറുതെ,യെന്നറിവിൻ മുറിവുമായ്‌ ഞാൻ
**********************************

തുറന്നിടും വായനക്കാർക്കു മുന്നിൽ
അടച്ചിടും അക്ഷരവിരോധികൾക്കു മുന്നിൽ
വായിച്ചു തീരാത്ത പുസ്തകം
***********************************

തപ്തനിശ്വാസങ്ങളിൽ കുരുത്ത കൊടുമുടി
ഹൃദ്രക്തം അണകെട്ടി നിർത്തുന്നു ...
അറിയുന്നില്ല അവനെയാരും 

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഈ മരത്തണലില്‍ അല്പനേരം ..

ഇന്നലെയീ,മരച്ചോട്ടിലിരുന്നൊരാ
യാത്രികരൊക്കെയും യാത്രയായി
ഇന്നീത്തണലിലിരിക്കെ നാം കേൾക്കുന്നു 
നാളെയിങ്ങെത്തുവോർ തൻ രവങ്ങൾ

പാഴ്മുളം തണ്ടിന്റെ ചുണ്ടിലൊരു കാറ്റിൻ
കുഞ്ഞുമ്മകൾ തീർക്കും ഗാനാമൃതം
പാരിലിജ്ജീവിത വേളയിൽ ദേഹി തൻ
ആശ്ലേഷത്തിൻ രാഗവീണ ദേഹം

കർമ്മഫലങ്ങൾ തൻ ഭാണ്ഡങ്ങൾ മാത്രമേ
പാടുള്ളൂ കൂടെ തുടർയാത്രയിൽ
എന്നിട്ടുമെന്തേ നാം കർമ്മത്തിൻ വീഥിയിൽ
മൂല്യങ്ങളൊക്കെയും കൈവിട്ടു പോയ്‌

കൂടെക്കരുതേണ്ടൊ,രഞ്ചു  
മുഴംതുണി
രക്തക്കറകള്‍ പുരട്ടിടൊല്ലാ
സ്നേഹത്തിന്‍ പൂങ്കുളിര്‍ക്കാറ്റേറ്റു തന്നെയീ
പൂമരം വിട്ടേച്ചു പോവുക നാം

2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മരണമില്ലാത്ത ഓർമ്മകൾ

മറവി തൻ ശ്മശാനത്തി-
ലാരും കാണാതോർമ്മകളെ-
ത്രയോ കുഴിച്ചു മൂടി ഞാൻ !

എന്നിട്ടുമെന്തേയവ
നേടുന്നു പുനർജ്ജനികൾ ?

എന്നിട്ടുമെന്തേയവ
വിതറുന്നു മുള്ളുകളെൻ
വഴിത്താരകളിൽ ?

ഇരുളിന്റെ
മറവിലൊളിഞ്ഞിരിക്കും
കരളിന്റെ മുറിവിൽ
മുളക് തേക്കും
ഉറക്കമെനിക്കെന്നും
അന്യമാക്കും

എന്റെയേകാന്ത
വഴികളിലൊക്കെ വന്നു നിൽക്കും
ഇന്നലെകളിലേയ്ക്കൊരു
കൈചൂണ്ടിയുമായ്

ചിലതൊക്കെ വരും
പൂനിലാരാത്രിയിലൊരു
കുളിർക്കാറ്റിനോടൊപ്പം-
കിന്നാരം മൂളുവാൻ

ഓർമ്മളുടെ മരണമെന്റെ
മരണമായിരിക്കു,മെന്നൊരോർമ്മ
വന്നു കാതിൽ ...

2014 ഓഗസ്റ്റ് 16, ശനിയാഴ്‌ച

പൂക്കാത്ത സ്വപ്നങ്ങളേ ...മംഗളങ്ങൾ


എരിയുന്ന കനലിലും 
വിരിയുന്നു മണ്ണിന്റെ 
മനസ്സിൽ മലരുകൾ 

തപ്തമെൻ ഹൃദയത്തിൻ 
മുക്തിക്കായലരുക 
പൂക്കാതെ പോയൊരു വാസന്തമേ 

പറയാതെ നീ പോയ 
വാക്കിൻ പൊരുളില-
ടയിരുന്നീ ജന്മം തീർന്നുപോയി 

പാടാതെ നീ പോയ 
പാട്ടിന്റെയാത്മാവ് 
തേടുവാനായൊരു കൊച്ചുജന്മം 

പൂക്കാമരത്തിന്റെ 
വാടിയ ചില്ലകളെ -
ങ്ങിനെ  പൂക്കാലം കനവു കാണും ?

സ്വപ്നങ്ങളിൽ ചിലതാ-
വിധം   തന്നെയീ 
മണ്ണിലിഴഞ്ഞു നടന്നീടണം 

സ്വപനങ്ങളേ നിങ്ങൾ 
സ്വപ്‌നങ്ങൾ മാത്രമാ-
യെന്നുമീ ജീവനിൽ പെയ്തീടുക 

എല്ലാം തികഞ്ഞെങ്കി-
ലെന്തർത്ഥശൂന്യമീ 
ജീവിതം തന്നെ മടുത്തു പോകും !

2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍...




അമ്മമാരായിരം,സ്നേഹം ചൊരിഞ്ഞാലും 
ആകില്ലൊരിക്കലും പെറ്റമ്മയാകുവാൻ .
മറ്റേതു രാജ്യങ്ങ,ളന്നം പകർന്നാലും 
ഭാരതാംബേ,നിന്റെ പൂമടിത്തട്ടിലാ-
യേകണം ആറടി മണ്ണെനിക്കമ്മേ നീ ..
ഇമ്മരുഭൂവിലും ഉള്ളിൽ നിറയുന്നു
എന്നെ ഞാനാക്കിയെൻ രാജ്യമേ നിന്മുഖം .
പിഴുതു മാറ്റീടുക തിന്മ തൻ വേരുകൾ
ഇത്തെളിനീർപ്പുഴ മലിനമാക്കീടുകിൽ .
ഹൃദയത്തിൻ കയ്യൊപ്പാലേവർക്കുമിന്നു ഞാൻ
സ്വാതന്ത്ര്യത്തിൻ ദിനാശംസകൾ നേരുന്നു ..

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

കടൽമനം


ആകാശത്തിന്റെ 
തപ്തനിശ്വാസങ്ങളേറ്റു 
ഉരുകി ഉയരും..
അതിന്റെ സ്നേഹക്കണ്ണീരിൽ 
മനസ്സു നിറയും 

പുറമേ ശാന്തം 
അകമേ രൗദ്രം 
തീരത്തോട് ഇടയ്ക്കിടെ 
സല്ലാപം; സംഘർഷം 

ഗർഭത്തിൽ മറഞ്ഞിരിക്കുന്നത് 
ഒരു ലോകം തന്നെയാണ് 
ഗർഭഭിത്തികളിലെ ഇടിമുഴക്കങ്ങൾ 
അവളെയൊരു യക്ഷിയാക്കുമ്പോൾ 
തീരത്തെ വന്നു 
ആർത്തിയോടെ  വിഴുങ്ങും 
പിന്നെ 
താൻ വെട്ടിയറുത്തിട്ട തലകളെ നോക്കി 
മനസ്താപത്തോടെ മടങ്ങുന്ന 
ഒരു പോരാളിയാകും 
അർത്ഥശൂന്യമായ 
നിശ്ശബ്ദമടക്കം 

2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച

കുരുടന്മാരുടെ സാമ്രാജ്യം

രുധിരപാനം നടത്തി 
ചുവന്നു തുടുത്ത സൂര്യൻ 
ചെമ്മഴ പെയ്യിക്കുന്ന ചെമ്മാനം 
ചെങ്കടലിൽ ചിറകറ്റ തുമ്പികൾ 
വറുതിക്കാറ്റിൽ 
തകരുന്ന അതിജീവനമന്ത്രങ്ങൾ 
മരണാരവങ്ങളിൽ 
നടുങ്ങുന്ന ദിഗന്തങ്ങൾ 
ശിശിരയുദ്ധങ്ങളിൽ 
സ്മാരകങ്ങളായ ഉണക്കമരങ്ങൾ 
വസന്താഗമനത്തെ തടയുന്ന 
നിഗൂഢഭാഷ്യങ്ങളുടെ വെപ്പുചിരികൾ 
നക്ഷത്രവെളിച്ചത്തെ 
മുക്കിക്കൊല്ലുന്ന മേഘക്കടൽ 
ശൂന്യമായ വേദഗ്രന്ഥങ്ങളിൽ 
ചെകുത്താന്റെ മുട്ടകൾ 
കുരുടന്മാരുടെ സാമ്രാജ്യത്തിൽ 
കാഴ്ചയുള്ളവർ അപമാനിതരായിരിക്കും 

2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

അനാഥ ജഡം


അനാഥ ജഡം 
എറണാകുളം റെയിൽവേസ്റ്റേഷനിൽ.
കോഴിക്കോട്ടു നിന്നും 
തിരുവനനന്തപുരത്തേക്കുള്ള 
റെയിൽവേ ടിക്കറ്റ് പോക്കറ്റിൽ  ഭദ്രം.
മരണം 
വാർദ്ധക്യ സഹജമെന്നും 
രോഗകാരണമെന്നും 
അപകടമെന്നും സംസാരങ്ങൾ.
മരണഹേതു 'ജനന'മെന്നു 
ഓർമയുടെ ബോധിവൃക്ഷത്തണലിൽ 
ചിതറിക്കിടക്കുന്ന ലിഖിതങ്ങളിലൊന്ന് .
ലക്ഷ്യങ്ങൾ സ്വപ്നങ്ങളാണ്, 
നിയന്ത്രണവിധേയമല്ലാത്ത മോഹങ്ങൾ ...
ആയുസ്സിൽ നിന്നും 
ഇറ്റിറ്റി വീഴുന്ന സമയത്തുള്ളികൾ 
നെയ്തെടുക്കുന്നതാണ് ജന്മപത്രികകൾ .
ഏതു സമയവും ഉടഞ്ഞു തകരാം ...
അതാണു ജീവിതത്തിന്റെ സൗന്ദര്യവും 

2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

തമ്പ്രാക്കന്മാരേ...

തന്തിനം താരോ തന്തിനം താരോ 
തന്തിനം തന്തിനം തന്തിനം താരോ 

തമ്പ്രാക്കന്മാരേ..തമ്പ്രാക്കന്മാരേ 
എന്തൊരു തൊന്തരവാണിതെന്റയ്യോ 
കാടും മുടിച്ചേ നാടും മുടിച്ചേ 
കാട്ടാറിലൊത്തിരി നഞ്ചും നിറച്ചേ 

മേലാളന്മാരേ..മേലാളന്മാരേ 
മാമല നാടിന്റെ രാജക്കന്മാരേ 
പാടങ്ങളില്ലാ പഴമ്പാട്ടുമില്ലാ 
പണ്ടത്തെ മണ്ണിന്റെ  ഈണങ്ങളില്ലാ 

തമ്പ്രാക്കന്മാരേ..തമ്പ്രാക്കന്മാരേ 
നേരം വെളുത്തപ്പോ നാടും വെളുത്തേ 
ആ മല ഈ മല എല്ലാം മറഞ്ഞേ 
ലോറി  ഞരക്കങ്ങളെങ്ങും നിറഞ്ഞേ 

മേലാളന്മാരേ..മേലാളന്മാരേ 
നട്ടുച്ച നേരമിരുട്ടിയതെന്തേ 
പേടിയാണയ്യോ ഓടിവരണേ 
നാട്ടുമൃഗങ്ങളെ പേടിയാണയ്യോ 

2014 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ആടുജീവിതം

കുന്നിൻതാഴ്‌വാരത്തിലെ 
ഇളം പുല്ലുകൾക്കും                       
തീൻമേശയ്ക്കും 
ഇടയ്ക്കുള്ള ദൂരമാണ് 
ആടുജീവിതം .
കശാപ്പുകാരന്റെ 
വാൾമൂർച്ചയിലേയ്ക്കു 
വളരുന്ന ജീവിതം 
തീൻമേശയിലെ 
ഇഷ്ടവിഭവമാകുന്നതോടെ ധന്യമായി .
പിന്നെ,തുറക്കുകയായി 
മോക്ഷത്തിന്റെ 
അജ്ഞാതകവാടങ്ങൾ.
കഴുത്തിൽ കുരുക്കിയ 
കയറിന്റെ മറ്റേയറ്റം 
പിടിച്ചയാൾ നടക്കുമ്പോൾ 
അനുശരണക്കേടു കാണിക്കരുത്.
കൈകാലുകൾ ബന്ധിച്ചതിനു ശേഷം 
കഴുത്തിലേയ്ക്കു നീണ്ടു വരുന്ന 
കൊലക്കത്തിക്കു മുന്നിൽ 
പിടയുന്നതു പോലും പാപം .

2014 ജൂലൈ 30, ബുധനാഴ്‌ച

മധ്യവര്‍ഗ്ഗം

പുകയാത്ത അടുപ്പുകള്‍
പറയാത്ത കഥകള്‍
പുറംലോകമറിയാതെ
പ്രാരബ്ധപ്പെട്ടിയില്‍...
ആളുണ്ട് അര്‍ത്ഥമില്ലാത്തവന്
കോളുണ്ട്‌ അര്‍ത്ഥമുള്ളവന്
ഇടയ്ക്കുണ്ട് മധ്യവര്‍ഗ്ഗം
ആളുമില്ല കോളുമില്ല
വീടിന്റെ  പുറംമോടിയ്ക്കുള്ളില്‍
കണ്ണീരുപ്പു കൊണ്ടു
അടുപ്പു പുകയ്ക്കുന്നവര്‍..
നനഞ്ഞ കണ്ണുകള്‍
കണ്ണടകള്‍ക്കുള്ളില്‍
മറയ്ക്കുന്നവര്‍..
എല്ലായിടത്തുമുണ്ടവര്‍
എവിടേയുമില്ലവര്‍


2014 ജൂലൈ 28, തിങ്കളാഴ്‌ച

ജീവിതം അറിയിക്കാതെ പോയത്


പാരിലിജ്ജീവിത ശോകാന്ത നാടക -
മാടി ഞാൻ തീർക്കണം മൂകമായീവിധം
മോഹത്തിൻ വെണ്‍നുരസ്സൗധങ്ങൾ മാത്രമി-
ക്കാണുന്ന ജീവിതം,മായികസൗരഭം

ജീവിത വല്ലകീ തന്ത്രികൾ മീട്ടുവാൻ
അറിയാതെ പോയതാണെന്നുടെ സങ്കടം
മൃത്യുവിൻ നിസ്വനം,പിന്നിട്ട പാതയില്‍
കാണാതെപോയൊരു ജ്ഞാനത്തിന്‍ തുണ്ടുകള്‍

മൂല്യമറിയാതെ  സ്വര്‍ണ്ണഭാണ്ഡം പേറി
മരുവിലലഞ്ഞൊരു ഗര്‍ദ്ദഭം ഞാന്‍
മുത്തിന്റെ മൂല്യമറിയാതെ മുത്തിനെ
നാളുക,ളുള്ളില്‍ ചുമന്നൊരു ചിപ്പി ഞാന്‍

എല്ലാമറിയാമെന്നുള്ളില്‍ നിനച്ചു ഞാ-
നൊന്നുമറിയില്ല,ന്നാസത്യമെന്‍ മുന്നില്‍
ലോകത്തിന്‍ സ്പന്ദനമെന്‍കയ്യിലെന്നൊരു
മൂഢസ്വര്‍ഗ്ഗത്തില്‍ വസിച്ചൊരു വിഡ്ഢി ഞാന്‍

മരണമേ നിന്‍കര,ലാളനമേറ്റെന്റെ-
യാത്മാവു കോരിത്തരിക്കുന്ന വേളയില്‍
ജീവിത,തത്ത്വത്തി,നര്‍ത്ഥ തലങ്ങളെന്‍
മുന്നില്‍ വിരിയുന്നു പച്ച പകലുപോല്‍