കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ഒക്‌ടോബർ 18, ശനിയാഴ്‌ച

ജീവിതത്തിലെ ഏറ്റവും വലിയ മറവി


തന്ന അമ്മിഞ്ഞപ്പാലിന്റെ കണക്കു 
വെട്ടിത്തിരുത്തലുകൾ ഇല്ലാതെയുണ്ട് 
അമ്മയുടെ സഹനപുസ്തകത്തിൽ 

ഒഴുക്കിയ വിയർപ്പിനെ അപ്പമായ് മാറ്റിയ 
മാന്ത്രികവിസ്മയ കഥകളുണ്ട് 
അച്ഛന്റെ യാതനാപുസ്തകത്തിൽ 

തപ്ത യൗവനമേനിയിൽ 
കുളിർക്കാറ്റായ് വീശിയ നാളുകൾ 
എണ്ണി പറയുന്നുണ്ടു കാമിനിയുടെ കുറിപ്പുകളിൽ 

പ്രാരബ്ധവീഥികളിൽ പകച്ചു നിന്നപ്പോൾ 
കണ്ണീർനനവിന്റെ വിളറിയ പുഞ്ചിരികൾ കൊണ്ടു 
കിതപ്പുകളില്ലാത്ത കുതിപ്പുകൾക്കു 
ആക്കം പകർന്ന കഥകളുണ്ട്‌ 
ഭാര്യയുടെ തടിച്ച പുസ്തകത്തിൽ 

എല്ലാം കൊടുത്തിട്ടും 
ഒന്നും കൊടുത്തില്ലെന്ന 
പരാതിക്കെട്ടുകളുണ്ടു മക്കളുടെ കയ്യിൽ 

എല്ലവർക്കുമുണ്ടു 
സന്ദർഭത്തിനനുശരിച്ചു എടുത്തു കാണിക്കാൻ 
ചെയ്തു കൊടുത്ത സേവനക്കെട്ടുകൾ 

പകരമെന്തു തന്നു ?
എന്ന ചോദ്യത്തിനുള്ള മറുപടി 
എഴുതി വെക്കാത്തതായിരുന്നു 
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മറവി 

ഉരുകി തീർന്ന ഒരു പുരുഷായുസ്സു 
ചോദ്യങ്ങൾക്കൊന്നും ഉത്തരമല്ലാതിരിക്കെ, 
അന്ത്യവിശ്രമം തരുന്ന മണ്‍ശയ്യയെങ്കിലും 
കണക്കുകൾ ഓർത്തു വെക്കാതിരുന്നെങ്കിൽ ..

2 അഭിപ്രായങ്ങൾ:

  1. ജീവിതത്തില്‍ കണക്കെഴുതാത്തവരുടെ വിധി
    പരലോകത്ത് നിര്‍ണ്ണയിക്കാതിക്കില്ല!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അതെ സാര്‍ ...സത്യം .വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി സാര്‍

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...